കുഞ്ഞുവാവ ഭക്ഷണം കഴിക്കുന്നില്ലേ? അവര്‍ക്ക് നല്‍കാം പുതുരുചികള്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ഡോക്ടറെ, കുഞ്ഞൊന്നും കഴിക്കുന്നില്ല' പലപ്പോഴും രക്ഷിതാക്കളുടെ പരാതിയാണിത്. എന്നാല്‍ കുഞ്ഞിനുവേണ്ട ഭക്ഷണത്തെ പറ്റി ശരിയായ അറിവില്ലായ്മയാണ് ഈ പരാതിയുടെ അടിസ്ഥാനം. ഒരു കുഞ്ഞിന്റെ ശരീരവും ബുദ്ധിയും ഏറ്റവും അധികം വളര്‍ച്ച പ്രാപിക്കുന്ന ഘട്ടമാണ് അമ്മയ്ക്കുള്ളിലെ 10 മാസങ്ങളും അതിനു ശേഷമുള്ള രണ്ട് വര്‍ഷങ്ങളും. ഈ സമയങ്ങളിലാണ് കുഞ്ഞിന് കൃത്യമായ പോഷകാഹാരം ഉറപ്പാക്കേണ്ടത്. ജനിച്ച് ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ഈ കാലയളവില്‍ വെള്ളവും നല്‍കേണ്ട ആവശ്യമില്ല. അമ്മ കുടിക്കുന്ന വെള്ളത്തിലൂടെ കുഞ്ഞിന് ആവശ്യമായ ജലാംശം ലഭിക്കും. രണ്ട് വയസ്സ് വരെയെങ്കിലും മുലപ്പാല്‍ നല്കുന്നത് തുടരുക. പരമാവധി എത്ര വയസ്സ് വരെ നല്കാം എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങളില്ല. എന്നാല്‍ നാലുവര്‍ഷത്തേക്ക് മുലപ്പാല്‍ മാത്രം ആയിക്കൂടെ എന്ന് ചോദിക്കാം. അത് പറ്റില്ല. കാരണം, വളരുന്നതിനനുസരിച്ച് കുഞ്ഞിനുള്ള പോഷകങ്ങള്‍ മുഴുവന്‍ എത്തിക്കാന്‍ മുലപ്പാലിന് കഴിയില്ല. ആറുമാസംവരെ മുലപ്പാല്‍ മാത്രം കുടിച്ചിരുന്ന കുഞ്ഞിന് ആറുമാസം തികയുന്ന ദിവസംതൊട്ട് എന്തുകൊടുക്കുമെന്ന ആശങ്കയാണ് പലര്‍ക്കും. 

നിര്‍ബന്ധിതാവസ്ഥകളിലൊഴികെ ഒരുകാരണവശാലും ആറുമാസത്തിന് മുമ്പ് കോംപ്‌ളിമെന്ററി ഫീഡിങ് തെരഞ്ഞെടുക്കരുത്. അമ്മയുടെ ജോലി, ചികിത്സ, മാതൃമരണം തുടങ്ങിയ സാഹചര്യങ്ങളിലല്ലാതെ നേരത്തെ ഖരഭക്ഷണം നല്‍കുന്നത് പരിഗണിക്കേണ്ട. മുലയൂട്ടുന്ന നാളത്രയും കുഞ്ഞിനെക്കാള്‍ നന്നായി കഴിക്കേണ്ടത് അമ്മയാണ്. ഓരോ ദിവസവും അമ്മയുടെ സാധാരണ ഭക്ഷണത്തില്‍ 600 കിലോ കലോറി അധികം ഉണ്ടാകണം. കൂടാതെ, ആവശ്യത്തിന് ഇരുമ്പും കാത്സ്യവും മാംസ്യവും  വൈറ്റമിനുകളും അടങ്ങിയ ആഹാരമാകണം അവര്‍ കഴിക്കേണ്ടത്. ഇത് കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉപകരിക്കും.

എന്തൊക്കെ നല്‍കാം.

ഓരോ ദിവസവും ഓരോന്ന് എന്ന രീതിയില്‍ രുചികള്‍ പരിചയപ്പെടുത്തുക. എല്ലാ ദിവസവും കുഞ്ഞ് നന്നായി കഴിക്കണമെന്നില്ല. ആദ്യമൊന്നും കുഞ്ഞ് കഴിക്കുകയേ ഇല്ല.  തുപ്പുകയോ പാത്രം മറിച്ചിടുകയോ ചെയ്താവും ഇഷ്ടക്കേട് പ്രകടിപ്പിക്കുക. അവര്‍ രുചികള്‍ പഠിക്കട്ടെ. ഒരു ഭക്ഷണം പരിചയപ്പെടുത്തി പത്തോ പന്ത്രണ്ടോ ദിവസം കഴിഞ്ഞ് വേണം അടുത്ത ഭക്ഷണം പുതുതായി നല്‍കാന്‍. കുഞ്ഞുങ്ങള്‍ക്ക് ദഹനപ്രശ്‌നം, അലര്‍ജി ഇവയുണ്ടാകാനിടയുള്ളത് കൊണ്ടാണിത്. പുതുതായി ഏതെങ്കിലും ഭക്ഷണം നല്‍കുമ്പോള്‍ പകല്‍ സമയത്ത് നല്‍കാന്‍ ശ്രദ്ധിക്കുക.

  • ആദ്യം ഒരു ധാന്യംകൊണ്ടുള്ള കുറുക്ക് നല്‍കുക (റാഗി/അരി). റാഗിയില്‍ കുറച്ച് ശര്‍ക്കരകൂടി ചേര്‍ത്താല്‍ കാത്സ്യവും ഇരുമ്പുംകൊണ്ട് സമ്പുഷ്ടമായ വിഭവമായി. നേന്ത്രക്കായ കഴുകി അരിഞ്ഞ് ഉണക്കിപ്പൊടിച്ച് കുറുക്കു രൂപത്തിലാക്കി കൊടുക്കാം. പൊട്ടാസിയം, ഇരുമ്പ്, ബി വിറ്റാമിന്‍ ഇവയടങ്ങിയ കൂവപ്പൊടി ഏറെ ആരോഗ്യകരമാണ്. കൂവപ്പൊടി കുറുക്കായി നല്‍കുന്നത് ആരോഗ്യപ്രദമാണ്. കുറുക്ക് പോലെ തന്നെ കാരറ്റ്, കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍ വേവിച്ച് ഉടച്ച് നല്‍കുക.
  • രണ്ടാഴ്ചയ്ക്കുശേഷം അടുത്ത ധാന്യം പരിചയപ്പെടുത്താം. ചോറ് പരിചയപ്പെടുത്താന്‍ വൈകേണ്ട. ചോറൂണു ചടങ്ങ് വൈകുന്നതിന്റെ പേരില്‍ ചോറ് വൈകിക്കുന്നത് കുഞ്ഞിന് നന്നല്ല. 
  • പിന്നീട് ഒന്നിലേറെ ധാന്യങ്ങള്‍ ചേര്‍ത്ത് കുറുക്കി കൊടുക്കുക. കുഞ്ഞിന് ഭാരക്കുറവുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടുതുള്ളി ശുദ്ധമായ നെയ്യ് ചേര്‍ക്കാം. ഭാരമുള്ള കുട്ടികള്‍ക്ക് ഇത് ആവശ്യമില്ല. മധുരത്തിന് ശര്‍ക്കരയോ കല്‍ക്കണ്ടമോ ചേര്‍ക്കാം.
  • അണ്ടിപ്പരിപ്പോ നിലക്കടലയോ പൊടിച്ച്  കുറുക്കുന്ന ധാന്യത്തോടൊപ്പം ചേര്‍ക്കാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മതിയാകും. ഈ പൊടി സൂക്ഷിച്ചുവയ്ക്കുന്ന പാത്രം  കഴുകിവൃത്തിയാക്കി വെയിലത്തുവച്ച് ഉണക്കണം. പൂപ്പല്‍ സാധ്യത ഒഴിവാക്കാനാണിത്. 
  • വീട്ടിലുണ്ടായ പഴങ്ങള്‍ നന്നായി പഴുത്തശേഷം കൈകൊണ്ടുടച്ച് നല്‍കാം. ഭക്ഷണം ഇളംചൂടോടെ നേരത്തിന് പാകംചെയ്ത് കൊടുക്കുക. മൃഗപ്പാല്‍ ചേര്‍ക്കരുത്. ഇടനേരങ്ങളില്‍ പഴങ്ങള്‍ ഉടച്ചതോ ഉരുളക്കിഴങ്ങ്/നേന്ത്രപ്പഴം പുഴുങ്ങിയുടച്ചതോ നല്‍കാം. കുട്ടിക്ക് ഖരപദാര്‍ഥങ്ങള്‍ കൊടുക്കുമ്പോള്‍ വലിയ കഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • കഞ്ഞി നന്നായി വേവിച്ചുടച്ച് നല്‍കാം. വേണമെങ്കില്‍ കൂടെ പച്ചക്കറികളോ ചെറുപയറോ വീട്ടുവളപ്പിലുണ്ടായ ഇലക്കറികള്‍ അരിഞ്ഞിട്ടതോ ചേര്‍ത്ത് വേവിക്കാം. ചെറുപയര്‍ മുളപ്പിച്ചത് ഉണക്കിപ്പൊടിച്ച് കുറുക്കുകളിലും കഞ്ഞിയിലുമെല്ലാം ഇടയ്ക്ക് ചേര്‍ത്തുകൊടുക്കാം. 
  • ഏഴ് മാസത്തിന് ശേഷം അംഗന്‍വാടികളില്‍ നിന്ന് വിതരണം ചെയ്യുന്ന അമൃതംപൊടി നല്‍കാം. പല തരം ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ പൊടിയില്‍ ധാരാളം പോഷകങ്ങളുണ്ട്.
  • എട്ട് മാസത്തിനു ശേഷം മുട്ട മഞ്ഞ നല്‍കാം. അല്‍പാല്‍പമായി നല്‍കി അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തുക. സാവധാനം മുട്ട വെള്ള നല്‍കിത്തുടങ്ങാം. തുടര്‍ന്ന് ഇറച്ചിയും മീനുമെല്ലാം നല്‍കാം. ഒരു വയസ്സുമുതല്‍ വീട്ടില്‍ ഉണ്ടാക്കുന്ന എല്ലാം കൊടുത്തു തുടങ്ങാം (Family Pot Feeding)

ആഹാരം കഴിപ്പിക്കുവാന്‍

ഓരോ പ്രായത്തിലും കുട്ടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് വിശപ്പും വ്യത്യാസപ്പെട്ടിരിക്കും. കുഞ്ഞിനെ ആഹാരം കഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം അച്ഛനും കൂടണം.

  1. ഭക്ഷണം കഴിക്കുന്നതിന് സമ്മാനം വാഗ്ദാനം ചെയ്യരുത്. ഭക്ഷണം കഴിക്കുന്നത് കുഞ്ഞ് നമുക്ക് ചെയ്തു തരുന്ന ഒരു ഔദാര്യമല്ല, അത് കുഞ്ഞിന്റെ ആവശ്യം തന്നെയാകണം. വിശക്കുമ്പോള്‍ ഭക്ഷണം നല്‍കുക. വിശപ്പ് മാറിയാല്‍ കുഞ്ഞു സ്വയം നിര്‍ത്തിക്കൊള്ളും. ഭക്ഷണവുംകൊണ്ട് പിറകെ നടക്കുന്ന ശീലമുണ്ടാക്കരുത്. പകരം, വിശക്കുമ്പോള്‍ ചോദിച്ചു വാങ്ങി കഴിക്കുന്ന ശീലം വളര്‍ത്തുക. അതുപോലെ എല്ലാ സമയവും എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കുന്ന ശീലം ഉണ്ടാകാതെ നോക്കുക
  2. മുതിര്‍ന്നവരുടെ തെറ്റായ ഭക്ഷണശീലങ്ങള്‍ കുഞ്ഞുങ്ങളില്‍ അത് പിന്തുടരാന്‍ ഇടയാക്കും അമിതമായി പുറത്തുനിന്നുള്ള ഭക്ഷണവും ബേക്കറി പലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം നല്കുന്ന സമയം ശ്രദ്ധ തിരിക്കുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുക (ഉദാ: മൊബൈല്‍ ഫോണ്‍, ടി.വി)
  3. ഒരുവയസ്സോടെ ഒറ്റയ്ക്ക് വാരിക്കഴിച്ചു തുടങ്ങണം. കറിയിലെ പച്ചക്കറിയും ഇറച്ചിയുമെല്ലാം എരിവുണ്ടാകുമെന്നു പറഞ്ഞ് കഴുകിയും, കഞ്ഞി ജ്യൂസടിച്ചുമൊന്നും രുചി കളയരുത്. 
  4. കുട്ടിക്ക് ഇഷ്ടം എന്ന് കരുതി ഒരേ ഭക്ഷണം തന്നെ നല്‍കുന്നത് മടുപ്പുണ്ടാക്കും. ഓരോ തവണ ഭക്ഷണം മാറിമാറി നല്‍കുക.
  5. ആറു മാസം മുതല്‍ കുറുക്കുരൂപത്തില്‍ തുടങ്ങിയ ഭക്ഷണം സാവധാനം കട്ടി കൂട്ടുക. ഭക്ഷണം ഒരിക്കലും മിക്‌സിയില്‍ അരച്ച് കൊടുക്കരുത്. രാവിലെ ഉറക്കം എണീക്കുമ്പോള്‍ തന്നെ കുപ്പിപ്പാല്‍, ചായ മുതലായവ നല്‍കുന്നത് കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കും.
  6. ഭക്ഷണം കഴിക്കുന്ന പാത്രം കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന നല്ല നിറങ്ങളും ആകൃതിയും ഉള്ളവയാക്കാം. കുറച്ച് മുതിര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് അവര്‍ക്ക്  ഇഷ്ടമുള്ള പാത്രം നല്‍കാം. കുറച്ചു ഭക്ഷണമായാലും വലിയ പാത്രത്തില്‍ വേണം കൊടുക്കാന്‍. 
  7. ആഹാരം കഴിപ്പിക്കാന്‍ അടിയും വഴക്കും പ്രയോഗിക്കുന്നത് കുട്ടിക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകും. ഭക്ഷണത്തോടുള്ള മടുപ്പും പിന്നാലെയെത്തും. ഒരു ഭക്ഷണം കഴിക്കുവാന്‍ കുഞ്ഞ് മടി കാണിച്ചാല്‍ അതിന്റെ 'രൂപവും ഭാവവും' മാറ്റി വീണ്ടും നല്കാം. 
  8. ചില ഇഷ്ടക്കേടുകള്‍ അവര്‍ക്കും ഉണ്ടാകും. അവരുടെ ഇഷ്ടങ്ങളെയും ബഹുമാനിക്കണം. കുഞ്ഞെന്നാല്‍ നമ്മുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കാനുള്ളതല്ല.  ഉദാഹരണത്തിന് പാല്‍ ഇഷ്ടമില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ച് കുടിപ്പിക്കേണ്ട. കൊടുക്കാനായി എടുത്തത് മുഴുവന്‍ കൊടുത്തു തീര്‍ക്കും എന്ന വാശി പാടില്ല. കുഞ്ഞിന് മതിയായി എന്ന് തോന്നിയാല്‍ നിര്‍ത്തുക. ചില ഭക്ഷണങ്ങളുടെ രുചി കുഞ്ഞിന് ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലാക്കിയാല്‍ കൂടുതല്‍ നിര്‍ബന്ധിക്കരുത്. സ്‌നേഹത്തോടെ കണ്ണില്‍ നോക്കി സംസാരിച്ച് കൊണ്ട് ഭക്ഷണം നല്കുക. ഭക്ഷണസമയം യുദ്ധസമാനമാകരുത്
  9. കുഞ്ഞുങ്ങളുടെ നാവില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് അനേകമടങ്ങ് അധികം രസമുകുളങ്ങളുണ്ട്. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ പാകത്തിനുള്ള മധുരവും ഉപ്പും മതി. ഒട്ടും കൂടുതല്‍ വേണ്ട. 
  10. എട്ട്, ഒമ്പത് മാസം പ്രായമാകുമ്പോള്‍ മുതല്‍ കുഞ്ഞിനെ അനുയോജ്യമായ ഉയരമുള്ള ഒരു കസേരയില്‍ സുരക്ഷിതമായി ഇരുത്തി പാത്രം മേശപ്പുറത്ത് വെച്ചു വേണം ആഹാരം നല്‍കാന്‍. ഒരു വയസ്സ് ആയാല്‍ സ്വന്തമായി വാരിക്കഴിക്കാന്‍ (ആദ്യമാദ്യം ആദ്യത്തെ ഏതാനും ഉരുള ) അനുവദിക്കുകയും വേണം.
  11. ചെറിയ പ്രായം തൊട്ടു തന്നെ കുട്ടികള്‍ക്ക് ശാരീരികമായ അധ്വാനം വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കണം. കൊച്ചു കുട്ടികളെ ഏതു നേരവും എടുത്തുകൊണ്ട് നടക്കരുത്.  മുട്ടിലിഴയുന്നതിനും പിടിച്ചു നടക്കുന്നതിനും ഒക്കെ ധാരാളം സമയം ലഭിക്കണം. എന്ത് ചെയ്യുമ്പോളും അരുത് എന്ന് പറയാതെ അവരുടെ കൂടെ നിന്ന് സുരക്ഷിതമായി ചെയ്യാന്‍ ശീലിപ്പിക്കണം. അമിതലാളനയും അവഗണനയും ഒരുപോലെ അപകടമാണ്.
  12. ഒരു വയസ്സ് കഴിഞ്ഞാല്‍ ദിവസം മൂന്നു മണിക്കൂര്‍ നേരം ലളിതമായ ശാരീരികാധ്വാനം വേണ്ട കാര്യങ്ങള്‍ക്ക് മാറ്റിവെക്കണം. അതില്‍ മുക്കാല്‍ മണിക്കൂര്‍ അത്യാവശ്യം നല്ല രീതിയിലുള്ള വ്യായാമം ആകാം. മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അവസരം ഉണ്ടാകണം. രണ്ട് വയസ്സ് വരെ മൊബൈല്‍ , ടി.വി തുടങ്ങിയവ ശീലിപ്പിക്കരുത്.

അസുഖസമയത്ത്  ഭക്ഷണം

  • സുഖമില്ലാതെ ഇരിക്കുന്ന കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുന്നത് അല്പം കുറവായിരിക്കും. അവരെ നിര്‍ബന്ധിച്ച് കഴിപ്പിക്കാതിരിക്കുക.
  • അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണം അവര്‍ക്ക് കൊടുക്കാതിരിക്കുകയും വേണ്ട.
  • ജലാംശം കൂടുതലുള്ള ഭക്ഷണം നല്കുവാന്‍ ശ്രദ്ധിക്കുക.
  • കുട്ടികള്‍ക്ക് അസുഖങ്ങള്‍ക്ക് ശേഷം കുറച്ചുനാള്‍ വിശപ്പ് കുറവായിരിക്കും. മൂന്നാല് ആഴ്ച്ച എങ്കിലും എടുക്കും വിശപ്പ് പൂര്‍വ്വസ്ഥിതിയില്‍ എത്തുവാന്‍.

കുഞ്ഞുവയറ് നിറയ്ക്കാന്‍

ഓരോ ദിവസവും ഇവയില്‍ നാല് ഗ്രൂപ്പുകളിലുളള ഭക്ഷണങ്ങള്‍ എങ്കിലും കഴിക്കണം. എങ്കില്‍ മാത്രമേ ആഹാരം സമീകൃതമാകൂ. 

  1. ധാന്യങ്ങള്‍/കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ (പ്രധാനമായും അന്നജം അടങ്ങിയിരിക്കുന്നു): അരി, ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ്, കപ്പ, മധുരക്കിഴങ്ങ്
  2. പയറുവര്‍ഗ്ഗങ്ങള്‍ (മാംസ്യം കൂടുതല്‍ അടങ്ങിയിരിക്കുന്നു) : ചെറുപയറ്, ഉഴുന്ന്, കടല തുടങ്ങിയവ
  3. പാല്‍/ പാല്‍ ഉല്‍പ്പന്നങ്ങള്‍ (തൈര്, പനീര്‍ , വെണ്ണ, നെയ്യ് ): മാംസ്യം, കൊഴുപ്പ്
  4. മുട്ട : മാംസ്യം, കൊഴുപ്പ്
  5. മീന്‍ , ഇറച്ചി : മാംസ്യം, കൊഴുപ്പ്, ഇരുമ്പ് സത്ത്
  6. വിറ്റാമിന്‍ ഏ കൂടുതലുള്ള പഴങ്ങള്‍ : പപ്പായ, മാങ്ങ
  7. മറ്റു പഴങ്ങള്‍ : പേരക്ക, നെല്ലിക്ക, നാരങ്ങ, ആപ്പിള്‍, മുന്തിരി, കൈതച്ചക്ക, തക്കാളി (വിറ്റാമിനുകള്‍ , ധാതുലവണങ്ങള്‍, ഇരുമ്പ് സത്ത്, നാരുകള്‍)
  8. പച്ചക്കറികള്‍ : കോവക്ക, പാവയ്ക്ക, വള്ളിപ്പയര്‍, വഴുതന, ഉള്ളി, കാബേജ്, ബീന്‍സ്, അമര, വാഴക്കൂമ്പ്, വാഴയുടെ ഉണ്ണിപ്പിണ്ടി തുടങ്ങിയവ(വിറ്റാമിനുകള്‍ , ധാതുലവണങ്ങള്‍, ഇരുമ്പ് സത്ത്, നാരുകള്‍)

 അപകടങ്ങള്‍ ഒഴിവാക്കാന്‍

  • മുലയൂട്ടുമ്പോള്‍ കഴിവതും കിടന്നുകൊണ്ട് കൊടുക്കാതിരിക്കുക. ശ്വാസനാളത്തിലേക്ക് കടന്ന് ശ്വാസതടസ്സം ഉണ്ടാകുവാനും, ന്യൂമോണിയ ബാധ ഉണ്ടാകാനും സാധ്യതയുണ്ട്. അത് പോലെ ചെവിയില്‍ നീര്‍ക്കെട്ടിനും സാധ്യത കൂടുതലാണ്. പല്ല് കേടുവരാനും രാത്രി ദീര്‍ഘനേരം കിടന്ന് മുലയൂട്ടുന്നത് കാരണമാകാം.
  • ഫീഡിംഗ് ബോട്ടിലിനും ഈ പ്രശ്‌നങ്ങളൊക്കെയുണ്ട്. കൂടാതെ പോഷകാഹാരക്കുറവ് ( കൂടുതല്‍ നേര്‍പ്പിച്ച പാല്‍ കൊടുത്താല്‍) അമിത വണ്ണം ( കണക്കിലേറെ കുടിച്ചാല്‍ ) ന്യൂമോണിയ, വയറിളക്ക രോഗങ്ങള്‍ എന്നിവക്ക് കാരണമാകാം
  • കുറുക്ക് കൊടുക്കുമ്പോള്‍ മലര്‍ത്തിക്കിടത്തി നല്‍കരുത്. ഇരുത്തി വേണം നല്‍കാന്‍.  തല ഉയര്‍ന്നിരിക്കണം. ധൃതി കൂട്ടാതെ, ആദ്യം കൊടുത്തത് ഇറക്കി കഴിഞ്ഞ ശേഷം മാത്രം വീണ്ടും കൊടുക്കുക. വായ തുറന്ന് കിട്ടാനായി കരയിപ്പിച്ച് കൊടുക്കുന്ന രീതി അപകടമാണ്. വിശപ്പ് മാറിയാല്‍ കുഞ്ഞ് കഴിക്കുന്നത് നിര്‍ത്തും. പിന്നീട് നിര്‍ബന്ധിച്ച് കഴിപ്പിക്കരുത്
  • നിലക്കടല പോലുള്ള ആഹാരങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് അതേപടി കൊടുക്കരുത്. തൊണ്ടയില്‍ കുടുങ്ങുവാന്‍ സാധ്യതയുള്ള ഇത്തരം ഭക്ഷ്യവസ്തുക്കള്‍, കുഞ്ഞ് കുറച്ച് കൂടി വലുതായ ശേഷം മാത്രം നല്‍കുക.

കടപ്പാട്- ഡോ. മോഹന്‍ദാസ് നായര്‍,
ശിശുരോഗ വിഭാഗം മേധാവി, ഗവ.മെഡിക്കല്‍ കോളേജ്, ഇടുക്കി

Content Highlights: how to introduce solid food to babies