ബെഡ്ഷീറ്റും തലയണ ഉറയും എത്ര ദിവസത്തിനുള്ളിൽ കഴുകണം? ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം ശ്രദ്ധിക്കാം

ജീവിതത്തിന്റെ മൂന്നിലൊന്ന് ഭാഗവും മനുഷ്യർ കിടക്കയിൽ ചെലവഴിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. അത്രയും സമയം നമ്മുടെ ചർമം കിടക്കവിരികളുമായി നേരിട്ട് സമ്പർക്കത്തിലായിരിക്കും. ചർമത്തിന്റെ ശുചിത്വത്തിനും സംരക്ഷണത്തിനും നമ്മൾ ഒരുപാട് പ്രാധാന്യം നൽകാറുണ്ട്. എന്നാൽ ദിവസവും ഉപയോഗിക്കുന്ന ബെഡ്ഷീറ്റിന്റെയും പ്രത്യേകിച്ച് തലയണ ഉറയുടെയും വൃത്തിക്ക് വേണ്ടത്ര പ്രാധാന്യം നൽകാറുണ്ടോ?
തലയണ ഉറകളിലും ബെഡ്ഷീറ്റുകളിലും അടിഞ്ഞുകൂടുന്ന എണ്ണമയം, വിയർപ്പ്, മൃതകോശങ്ങൾ, ചർമസംരക്ഷണ ഉത്പന്നങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ പലവിധ ചർമപ്രശ്നങ്ങൾക്ക് കാരണമാകാനിടയുണ്ട്. ഇത് മുഖക്കുരു മുതൽ താരൻ വരെയുള്ള പ്രശ്നങ്ങളുണ്ടാക്കും. മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തെ ബാധിക്കുന്ന കിടക്കവിരികളുടെ ശുചിത്വത്തെപ്പറ്റി വിദഗ്ധർ പറയുന്നത് നോക്കാം.
എത്ര ഇടവേളകളിൽ കഴുകണം?
തലയണ ഉറകൾ: ആഴ്ചയിൽ രണ്ടുമുതൽ മൂന്നുതവണ വരെ കഴുകണം. എണ്ണമയമുള്ള മുടിയുള്ളവരും മുഖക്കുരു പ്രശ്നമുള്ളവരും ആഴ്ചയിൽ രണ്ടുതവണയെങ്കിലും തലയണ ഉറ മാറ്റണം. ഇടയ്ക്ക് ഉറയുടെ മറുവശവും ഉപയോഗിക്കാവുന്നതാണ്.
ബെഡ്ഷീറ്റുകൾ: ആഴ്ചയിലൊരിക്കലെങ്കിലും മാറ്റി കഴുകണം.
കഴുകേണ്ട രീതി: ബെഡ്ഷീറ്റുകൾ വീര്യം കുറഞ്ഞതും സുഗന്ധം ചേർക്കാത്തതുമായ ഡിറ്റർജന്റോ സോപ്പോ ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കഴുകാം. കഴുകിയശേഷം പൂർണമായും ഉണക്കണം. സാധിക്കുമെങ്കിൽ വെയിലത്തിട്ട് ഉണക്കുന്നതാണ് നല്ലത്.
ഉറങ്ങുന്നതിനു മുൻപ് മുഖം കഴുകുക, രാത്രി ഉപയോഗിക്കുന്ന ചർമസംരക്ഷണ ഉത്പന്നങ്ങൾ ചർമത്തിൽ നന്നായി ആഗിരണം ചെയ്യാൻ സമയം നൽകുക, മുടി ഉണക്കിയശേഷം മാത്രം കിടക്കുക തുടങ്ങിയ ചെറിയ ശീലങ്ങൾ നല്ലതാണ്. പട്ടുനൂൽ കൊണ്ടുള്ള തലയണ ഉറകൾ ഉപയോഗിക്കുന്നത് ചർമത്തിലെയും മുടിയിലെയും ഘർഷണവും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
രാത്രിയിലും ചർമത്തിൽ എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഉറക്കത്തിനിടെ ശരീരം തിരിയുമ്പോഴെല്ലാം ഈ എണ്ണയുടെ ചെറിയ അളവ് തലയണ ഉറയിൽ പറ്റിപ്പിടിക്കും. ഇതിനു പുറമേ ഉറങ്ങുന്നതിനു മുൻപ് ഉപയോഗിക്കുന്ന നൈറ്റ് ക്രീം, സെറം, മുടിയിൽ പുരട്ടുന്ന എണ്ണ എന്നിവയുടെ അവശിഷ്ടങ്ങളും ഉറയിൽ അടിഞ്ഞുകൂടും. പരുത്തിത്തുണി എണ്ണമയം ആഗിരണം ചെയ്യുന്നതിനാൽ തലയണ ഉറയിൽ അഴുക്ക് പ്രകടമായി കാണണമെന്നില്ല. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ അതിൽ എണ്ണമയവും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടുന്നുണ്ടാകും.
ഉറക്കത്തിനിടെ അറിയാതെ തന്നെ പലരും വിയർക്കാറുണ്ട്. വർഷം മുഴുവൻ ചൂടുള്ള കാലാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ കിടക്കവിരികളിലെ ഈർപ്പം, ചർമത്തിൽനിന്നുള്ള എണ്ണമയം, മൃതകോശങ്ങൾ എന്നിവ സൂക്ഷ്മജീവികൾ വളരുന്നതിന് അനുകൂലമായ സാഹചര്യമൊരുക്കും.
തലയണ ഉറകളിൽ വിയർപ്പും എണ്ണമയവും അടിഞ്ഞുകൂടുന്നത് മുഖക്കുരുവിനും ചർമത്തിലെ സുഷിരങ്ങൾ അടയുന്നതിനും കാരണമാകാറുമുണ്ട്. ചിലരിൽ മുഖത്തിന്റെ ഒരു വശത്തുമാത്രം മുഖക്കുരു കൂടുതലായി കണ്ടേക്കാം. അവർ ഉറങ്ങാൻ കൂടുതൽ ഇഷ്ടപ്പെടുന്ന വശത്തായിരിക്കും ഇത് പ്രധാനമായും ഉണ്ടാകുന്നത്. വൃത്തിയില്ലാത്ത തലയണ ഉറകളിൽ എണ്ണമയം, ബാക്ടീരിയകൾ, ചർമസംരക്ഷണ ഉത്പന്നങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടും. ഉറങ്ങുമ്പോഴുണ്ടാകുന്ന ഘർഷണവും കൂടിയാകുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ അടയാനും മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ട്. കൃത്യമായി ചർമസംരക്ഷണരീതി പിന്തുടരുന്നവരിലും ഇത് സംഭവിക്കാം. താടിയെല്ലിന്റെ ഭാഗത്തും മുടിയുടെ പിന്നിലുമായി ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുന്നതും ഇതിന്റെ ലക്ഷണങ്ങളാകാം.
വൃത്തിയില്ലാത്ത തലയണ ഉറയും തലയോട്ടിയുടെ ആരോഗ്യവും
മനുഷ്യന്റെ തലയോട്ടിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഫംഗസാണ് മലസീസിയ (Malassezia). ശരീരത്തിലെ എണ്ണമയം ഭക്ഷണമാക്കിയാണ് ഇത് വളരുന്നത്. എണ്ണയും വിയർപ്പും അടിഞ്ഞുകൂടിയ തലയണ ഉറ ഉപയോഗിക്കുമ്പോൾ ഈ ഫംഗസിന് വളരാൻ കൂടുതൽ അനുകൂല സാഹചര്യം ലഭിക്കുന്നു.
ഇത് താരൻ, ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകാം. ചിലരിൽ സെബോറിക് ഡെർമറ്റൈറ്റിസ് (Seborrheic dermatitis), തലയോട്ടിയിലെ മുഖക്കുരു പോലുള്ള കുരുക്കൾ എന്നിവയും ഉണ്ടാകാം. നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് പ്രശ്നം കൂടുതൽ വഷളാക്കും. കാരണം, മുടിയിലെ ഈർപ്പം രാത്രി മുഴുവൻ തലയണയിലും തങ്ങിനിൽക്കും. കിടക്കവിരികളിൽ അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ പൊടിച്ചെള്ളുകൾക്ക് (Dust mites) ആഹാരമാകുന്നു. ഈർപ്പവും ചൂടും ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയ്ക്കും അനുകൂല സാഹചര്യമൊരുക്കുന്നു. അതിനാൽ കിടക്കവിരികളുടെ ശുചിത്വം അവഗണിക്കരുതെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
പ്രത്യേകിച്ച് എക്സിമ, അലർജി, സെൻസിറ്റീവ് ചർമം എന്നിവയുള്ളവരിൽ വൃത്തിയില്ലാത്ത കിടക്കവിരികൾ കൂടുതൽ അസ്വസ്ഥതകൾക്ക് കാരണമാകാം. ചർമത്തിൽ ചുവന്ന പാടുകൾ, ചൊറിച്ചിൽ, തിണർപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ചർമസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും വിലകൂടിയ ഉത്പന്നങ്ങൾ മാത്രം മതിയാകില്ല. ദിവസവും ഉപയോഗിക്കുന്ന തലയണ ഉറകളുടെയും ബെഡ്ഷീറ്റുകളുടെയും ശുചിത്വത്തിനും അത്രതന്നെ പ്രാധാന്യം നൽകണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi