ഭവന വായ്പയ്ക്കുമുണ്ടോ പ്രായപരിധി? അറിയാം ഇക്കാര്യങ്ങള്‍

ബാങ്കുകള്‍ ഏറ്റവും സന്തോഷത്തോടെ നല്‍കുന്ന ഒന്നാണ് ഭവനവായ്പ. കാരണം, നല്‍കുന്ന പണത്തിനേക്കാള്‍ കൂടിയ മൂല്യമുള്ള ആസ്തിയാണ് ഈടായി കിട്ടുന്നത്. മാത്രമല്ല ദീര്‍ഘകാലത്തേക്കുള്ള വായ്പയാണിത്. പലിശ വരുമാനം വളരെയേറെ ലഭിക്കും. ഗവണ്‍മെന്റും ഭവനവായ്പയെ ഏറെ പ്രോല്‍സാഹിപ്പിക്കുന്നു. കാരണം ഭവന നിര്‍മാണ വ്യവസായം സമ്പദ് വ്യവസ്ഥയെ സക്രിയമാക്കുന്നു. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നു. ഇതൊക്കെ കൊണ്ടുതന്നെ പലതരത്തിലുള്ള ഭവനവായ്പകളാണ് ബാങ്കുകളും, മറ്റ് ധനകാര്യ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും നല്‍കുന്നത്.
വീട് വാങ്ങാനും പണിയാനും നിലവിലുള്ള വീട് വിപുലപ്പെടുത്താനും പുതുക്കാനും മോടി പിടിപ്പിക്കാനും നിലവിലുള്ള ഭവനവായ്പ ക്ലോസ് ചെയ്യാനും ഏറ്റെടുക്കാനും ഒക്കെ വായ്പ ലഭിക്കും. വായ്പ അനുവദിച്ചാല്‍ അത് തിരിച്ചടക്കാനുള്ള ശേഷി, വായ്പ എടുക്കുന്ന ആളിനുണ്ടോ, ഈടായി നല്‍കുന്ന വസ്തുവിന്റെ രേഖകള്‍ ആധികാരികവും കൃത്യവുമാണോ എന്നാണ് ബാങ്ക് പരിശോധിക്കുക. ശമ്പള വരുമാനക്കാരനാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാമ്പത്തികനില കൂടി വായ്പ അനുവദിക്കുന്നതിന് മുന്‍പ് പരിശോധിക്കും.
പ്രായം, വരുമാനം/ ശമ്പളം, വിദ്യാഭ്യാസം, ആശ്രിതര്‍, ആസ്തിബാധ്യതകള്‍, ക്രെഡിറ്റ് ഹിസ്റ്ററി, ജോലിസ്ഥിരത, വായ്പയിലെ പങ്കാളിയുടെ വരുമാനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വായ്പാ തുക തീരുമാനിക്കുന്നത്. തുടര്‍ച്ചയായി ജോലിമാറുന്ന ആളാണെങ്കില്‍ അതും ധനകാര്യസ്ഥാപനങ്ങള്‍ കണക്കിലെടുക്കും. തുടര്‍ച്ചയായി രണ്ടു വര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുവെങ്കില്‍ മാത്രമെ ചില സ്ഥാപനങ്ങള്‍ വായ്പ നല്‍കുകയുള്ളു.
ആര്‍ക്കൊക്കെ വായ്പ ലഭിക്കും
21 വയസ്സ് തികഞ്ഞ ആര്‍ക്കും ഭവനവായ്പയ്ക്ക് അപേക്ഷിക്കാം. എങ്കിലും 25-60 വയസ്സിനിടയിലുള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്. വായ്പാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 65 വയസ്സിന് താഴെയായിരിക്കണം വായ്പയെടുക്കുന്ന ആളുടെ പ്രായം. പ്രായം കൂടും തോറും വായ്പ കിട്ടാനുള്ള സാധ്യതയും വായ്പയുടെ അളവു കുറയാനും സാധ്യതയുണ്ട്. മുന്‍പ് എടുത്ത ഏതെങ്കിലും വായ്പയുടടെ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഭവനവായ്പ നിഷേധിക്കപ്പെടാനുള്ള സാധ്യതയേറെയാണ്.
ഏതു നിരക്ക് തിരഞ്ഞെടുക്കണം
ഭവന വായ്പ രണ്ടു തരത്തില്‍ പലിശ നിരക്ക് ഈടാക്കാറുണ്ട്. ഫ്‌ളോട്ടിങ് പലിശ നിരക്കിലും ഫിക്‌സഡ് പലിശ നിരക്കിലുമാണ് വായ്പ നല്‍കുന്നത്. രണ്ടിന്റെയും ഗുണദോഷങ്ങള്‍ അറിഞ്ഞശേഷം മാത്രം തീരുമാനം എടുക്കുക.
ഫ്‌ളോട്ടിങ് നിരക്കിലുള്ള പലിശ
ബാങ്കിന്റെ വായ്പാ നിരക്ക് എല്ലാം ബേസ് റേറ്റ് അടിസ്ഥാനമാക്കിയാണ്. ബേസ് റേറ്റിനേക്കാള്‍ കുറഞ്ഞ പലിശനിരക്കില്‍ ബാങ്കിന് വായ്പ നല്‍കാനാവില്ല. ഫ്‌ളോട്ടിങ് പലിശനിരക്ക് എപ്പോഴും ബേസ് റേറ്റുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. ബേസ് നിരക്കില്‍ മാറ്റം വരുത്തിയാല്‍ അതിനനുസരിച്ച് ഫ്‌ളോട്ടിങ് നിരക്കിലും മാറ്റം വരുന്നു. ബാങ്കുകള്‍ ഇടയ്ക്കിടയ്ക്ക് ബേസ് നിരക്ക് അവലോകനത്തിനു വിധേയമാക്കി ആവശ്യമെങ്കില്‍ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. ഇതിനനുസരിച്ച് ഫ്‌ളോട്ടിങ് പലിശ നിരക്കിലും വ്യത്യാസം വരും. ഫിക്‌സഡ് പലിശ നിരക്കിനേക്കാള്‍ 12 ശതമാനം കുറവാണ് ഫ്‌ളോട്ടിങ് നിരക്ക്.
ഫ്‌ളോട്ടിങ് നിരക്ക് ഫിക്‌സഡ് നിരക്കിനേക്കാള്‍ മുകളിലായാലും പിന്നീട് താഴേയ്ക്കുവരാനുള്ള സാധ്യതയുള്ളതിനാല്‍ ദീര്‍ഘകാലത്തില്‍ അതായിരിക്കും പ്രയോജനപ്പെടുക. പലിശനിരക്ക് ഉയര്‍ന്നാല്‍ നിശ്ചിതതുക ഗഡുവായി അടക്കുന്നില്ല എങ്കില്‍ വായ്പയുടെ കാലാവധി വര്‍ധിക്കും. കാലാവധി നീട്ടുന്നില്ല എങ്കില്‍ ഗഡു വര്‍ദ്ധിപ്പിയ്‌ക്കേണ്ടി വരും. ചില സ്ഥാപനങ്ങള്‍ ഒരിക്കല്‍ ഫ്‌ളോട്ടിങ് റേറ്റിലുള്ള വായ്പ എടുത്താല്‍ പിന്നീട് അതില്‍ നിന്ന് ഫിക്‌സഡ് റേറ്റിലേക്ക് മാറ്റാന്‍ അനുവദിക്കാറില്ല. എന്നാല്‍ ഫിക്‌സഡ് റേറ്റില്‍ നിന്ന് ഫ്‌ളോട്ടിങ്ങിലേക്ക് മാറ്റം അനുവദിക്കും.
ഫിക്‌സഡ് നിരക്ക്
വായ്പാ കാലയളവ് മുഴുവനും ഒരേ ഇ.എം.ഐ വരുന്ന വായ്പയാണ് ഇത്. വിപണിയില്‍ പലിശനിരക്ക് കൂടിയാലും കുറഞ്ഞാലും വായ്പയുടെ പലിശനിരക്കിലോ ഇ.എം.ഐയിലോ മാറ്റം വരില്ല. ഭവന വായ്പയില്‍ തിരിച്ചടയ്ക്കുന്ന മാസത്തവണയില്‍ കൂടുതലും പലിശയിലേക്കാണ് പോവുക. വര്‍ഷങ്ങള്‍ നിരവധി കഴിയുന്നതോടെയാണ് പലിശ കുറയുകയും മുതലിലേയ്ക്ക് കൂടുതല്‍ തുക അടവ് വരുകയും ചെയ്യുന്നത്. എന്നാല്‍ സാമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഗതിവിഗതികള്‍ക്ക് വിധേയമായി പലിശനിരക്കില്‍ കുറവുണ്ടായാലും അതിന്റെ ഗുണഫലം ഫിക്‌സഡ് റേറ്റ് എടുത്തവര്‍ക്ക് ലഭിക്കില്ല. ചിലപ്പോള്‍ ഫികസ്ഡ് നിരക്കിന് പരിധിയും വച്ചിട്ടുണ്ടാകും. നിശ്ചിത വര്‍ഷം കഴിയുമ്പോള്‍ ഫിക്‌സഡ് നിരക്കിലും മാറ്റം വരാം. സമീപഭാവിയില്‍ പലിശനിരക്ക് ഇനിയും കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഫ്‌ളോട്ടിങ് നിരക്കിലുള്ള വായ്പ എടുക്കുന്നതാണ് അഭികാമ്യം.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: home loan fixed and floating rate