സമ്പാദ്യവും നിക്ഷേപവും പങ്കാളിയില്‍ നിന്ന് ഒളിച്ചുവയ്ക്കുന്നവരാണോ?

#കെ. കെ. ജയകുമാർ (പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റ് ആൻഡ് എന്‍ട്രപ്രണര്‍ഷിപ്പ് മെന്റര്‍)
പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

കുടുംബത്തിനായി നടത്തുന്ന സമ്പാദ്യങ്ങള്‍ ഭാര്യയും ഭര്‍ത്താവും അറിഞ്ഞിരിക്കണം. കാരണം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം നിക്ഷേപിച്ചിട്ടും അത് ആര്‍ക്കും പ്രയോജനപ്പെടാതെ പോകുന്ന സ്ഥിതി, വര്‍ഷം ചെല്ലുംതോറും വര്‍ധിക്കുകയാണ്. നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് തന്നെ മറന്നുപോകുന്നത്, രേഖകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അവകാശവാദം ഉന്നയിക്കാതെ പോകുന്നത്, രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഈ നിക്ഷേപതുക അണ്‍ക്ലെയിംഡ് ആയി തുടരുന്നത്. നിക്ഷേപകന്‍ മരണപ്പെടുകയും ജീവിതപങ്കാളിക്ക് നിക്ഷേപങ്ങളെക്കുറിച്ച് അറിവില്ലാതെ വരികയും ചെയ്താല്‍ അതുമുഴുവന്‍ പാഴായിപ്പോകുന്ന സ്ഥിതിവരും.

വിവിധ നിക്ഷേപസ്ഥാപനങ്ങളില്‍ അവകാശികളില്ലാത്ത നിക്ഷേപം കുമിഞ്ഞുകൂടുകയാണ്. ബാങ്കുകള്‍, കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പോസ്റ്റോഫീസ്, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങളിലായി കോടിക്കണക്കിന് രൂപയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കെട്ടിക്കിടക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാങ്കുകളില്‍ മാത്രം 42,700 കോടിയോളം രൂപയാണ് ഇത്തരത്തിലുള്ളത്. മ്യൂച്വല്‍ ഫണ്ടിലാകട്ടെ വാങ്ങാനാരും എത്താതെ 2640 കോടിയോളം രൂപയാണ് കിടക്കുന്നത്.

1. കുടുംബത്തിന് വേണ്ടി നടത്തുന്ന നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം ഒരു ഡയറിയില്‍ എഴുതി സൂക്ഷിക്കുക. നിക്ഷേപതുക, കാലാവധി എത്തുന്ന തീയതി, നിക്ഷേപ സ്ഥാപനത്തിന്റെ പേര്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഇതിലുണ്ടാകണം. ഭാര്യ/ഭര്‍ത്താവ് നടത്തുന്ന സ്വകാര്യ നിക്ഷേപങ്ങളില്‍ പങ്കാളികളെ അറിയിക്കാന്‍ താല്‍പര്യമില്ലാത്തവ പ്രത്യേകം എഴുതി രഹസ്യമായി സൂക്ഷിക്കുകയും ആകാം. മരണശേഷം ഇതിന്റെ പ്രയോജനം ആര്‍ക്കാണോ എത്തേണ്ടത് അവരെ യഥാസമയം ഇക്കാര്യങ്ങള്‍ അറിയിക്കാനും ഇതില്‍ രേഖപ്പെടുത്തി വയ്ക്കാം.

2. നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അടുത്തബന്ധുക്കളില്‍ ഒരാളെയെങ്കിലും ധരിപ്പിക്കുന്നത് ഉചിതമാണ്. അല്ലെങ്കില്‍ നിങ്ങളുടെ കാലശേഷം ബന്ധുക്കള്‍ക്ക് ആ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ അവ സൂക്ഷിക്കുക.

3. വിലാസം, ഫോണ്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ മാറിയാല്‍ അത് നിക്ഷേപ സ്ഥാപനങ്ങളെ യഥാസമയം അറിയിച്ച് പുതുക്കണം.  ഇങ്ങനെ ചെയ്തില്ലെങ്കില്‍ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നുള്ള അറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കാതെ വരും.

4. നിക്ഷേപ സര്‍ട്ടിഫിക്കേറ്റുകള്‍ നഷ്ടപ്പെട്ടാൽ യഥാസമയം അവയുടെ ഡ്യൂപ്ലിക്കേറ്റ് വാങ്ങിവയ്ക്കണം. നിക്ഷേപം കാലാവധി എത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ല.

5. എല്ലാ നിക്ഷേപ സര്‍ട്ടിഫിക്കേറ്റുകളും ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തണം.

6. ഡിവിഡന്റായി ലഭിക്കുന്ന ചെക്കുകള്‍ സമയത്ത് ഹാജരാക്കാത്തതുമൂലം പണം ലഭിക്കാറില്ല. ഇതെല്ലാം അണ്‍ക്ലെയിംഡ് ഡിവിഡന്റായി മാറും. ഇത് ഏതുസമയത്തും ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥമാണ്. ഇവ നേടിയെടുക്കുക തന്നെ വേണം. എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികളും അവയുടെ അസോസിയേഷനായ ആംഫിയും ഇതിന് ഓണ്‍ലൈന്‍ സൗകര്യം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തണം.

7. ഒരു നിക്ഷേപം പത്തുവര്‍ഷത്തില്‍ കൂടുതല്‍ അവകാശികളില്ലാതെ കിടന്നാല്‍ അത് നിക്ഷേപ ബോധവല്‍ക്കരണ ഫണ്ടിലേക്ക് സ്ഥാപനം മാറ്റണം. എങ്കില്‍ പോലും 10 വര്‍ഷം കഴിഞ്ഞാണെങ്കിലും അവകാശികളെത്തിയാല്‍ പണം തിരികെ നല്‍കാന്‍ സ്ഥാപനത്തിന് ബാധ്യതയുണ്ട്.

8. ഇന്‍ഷുറന്‍സ് കമ്പനികളും നിക്ഷേപകരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുന്നുണ്ട്.

9. നിങ്ങളുടെ നിക്ഷേപം തിരിച്ചുതരേണ്ട ബാധ്യത ഓരോ സ്ഥാപനത്തിനുമുണ്ട്. എവിടെ നിന്നാണോ അത് തിരികെ ലഭിക്കേണ്ടത് അതതു സ്ഥാപനങ്ങളെ തന്നെ നേരിട്ട് സമീപിക്കുക. അവര്‍ പറയുന്ന നടപടിക്രമങ്ങള്‍ കൃത്യമായി പിന്തുടരുകയും പാലിക്കുകയും ചെയ്യുക. നിങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട് എന്ന കാര്യം മറക്കാതിരിക്കുക.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716, email: jayakumarkk8@gmail.com )

Content Highlights: hide your savings from partner and family is good or bad habit