ലൈംഗികഹോർമോണിന്റെ ഉത്പാദനം കൂട്ടാൻ റോമാക്കാർ ഉപയോഗിച്ചിരുന്ന ബീറ്റ്റൂട്ട്; സൗന്ദര്യം വർധിപ്പിക്കാനും ബീറ്റ്റൂട്ട്

ആരോഗ്യഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അയൺ, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇതിൽ. അയൺ അടങ്ങിയിട്ടുള്ളതിനാൽ, രക്തക്കുറവുള്ളവർക്ക് ഏറെ നല്ലതാണ്. ബീറ്റ്റൂട്ട് തോരൻവെച്ച് കഴിച്ചുനോക്കൂ, രക്തക്കുറവിന്റെ പ്രശ്നം പെട്ടെന്ന് പരിഹരിക്കപ്പെടും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും.
കലോറി വളരെ കുറവായതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഉത്തമമാണ്. ഉയർന്ന രക്തസമ്മർദം നിയന്ത്രിച്ചുനിർത്താനും ബീറ്റ്റൂട്ട് സഹായിക്കും.
ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. അതുകൊണ്ട് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് കഴിക്കുന്നത് സഹായിക്കും. പഠനങ്ങൾ പ്രകാരം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ബീറ്റ്റൂട്ട് ഉപകരിക്കും.
അതിനൊപ്പം തന്നെ സൗന്ദര്യം വർധിപ്പിക്കാനും ബീറ്റ്റൂട്ട് നല്ലതാണ്. ബീറ്റ്റൂട്ടിന്റെ നീര് എടുത്ത് അതിലേക്ക് തൈര് ചേർത്ത് ഫേസ് പാക്കിടാം. ചർമത്തിന് തിളക്കം ലഭിക്കാനിത് സഹായിക്കും.
ബീറ്റ്റൂട്ട് നീരിൽ പെട്രോളിയം ജെല്ലി ചേർത്ത്, ഒരു ചെറിയ കുപ്പിയിൽ സൂക്ഷിച്ചുവെക്കുക. ഇത് ലിപ് ബാമായി ഉപയോഗിക്കാം. ചുണ്ടിന് സ്വാഭാവികനിറം കിട്ടാനും, വരൾച്ച തടയാനും ഇത് ഏറെ ഉപകാരപ്രദമാണ്. ബീറ്റ്റൂട്ടിന്റെ നീരെടുത്ത് രാത്രിയിൽ ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്.
ബീറ്റ്റൂട്ട് മിക്സിയിലിട്ട് അടിച്ച്, അത് നന്നായി അരിച്ചെടുക്കുക. എന്നിട്ട് മുടിയിലും തലയോട്ടിയിലും പുരട്ടി കുറച്ചുനേരം വെക്കുക. ശേഷം കഴുകിക്കളയാം. താരൻ കളയാൻ പറ്റിയൊരു മാർഗമാണിത്. ജ്യൂസ് അടിക്കുന്നതിനുപകരം ഒരു പകുതി ബീറ്റ്റൂട്ട് അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ചൂടാറുമ്പോൾ തലയിൽ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ബീറ്റ്റൂട്ട് മാത്രം കഴിക്കാൻ താത്പര്യമില്ലെങ്കിൽ, അതിൽ നാലോ അഞ്ചോ അല്ലി ഓറഞ്ച് കൂടി ചേർത്ത് ജ്യൂസാക്കാം.
പുരാതന റോമാക്കാർ സെക്സ് ഹോർമോണിന്റെ ഉത്പാദനത്തിനും ബീറ്റ്റൂട്ട് കഴിച്ചിരുന്നതായി പറയപ്പെടുന്നു. അതിന്റെ നീരാണത്രേ അവർ ഉപയോഗിച്ചിരുന്നത്. പോംപെയിലെ വേശ്യാലയങ്ങളുടെ ചുവരുകളിൽ ബീറ്റ്റൂട്ടിന്റെ ചുവർചിത്രങ്ങൾ വരച്ചിരുന്നുവെന്നത് ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. സൗന്ദര്യദേവതയായ അഫ്രോഡൈറ്റിനും ബീറ്റ്റൂട്ടുമായി ബന്ധമുണ്ട്. തന്റെ ആകർഷണീയത വർധിപ്പിക്കാനായി നിത്യവും അവർ ബീറ്റ്റൂട്ട് കഴിച്ചിരുന്നു. അതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് അവർ വിശ്വസിച്ചുപോന്നു.
(ആരോഗ്യവിദഗ്ധന്റെ ഉപദേശത്തോടെ മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: amazing health benefits of beetroot which is rich in iron and antioxidants