സംരംഭങ്ങള്‍ തുടങ്ങണോ? 25 ലക്ഷം വരെ സര്‍ക്കാര്‍ തരും

സ്വന്തം സംരംഭങ്ങള്‍ തുടങ്ങി വിജയം നേടുന്നവര്‍ ഏറെയുണ്ട്. കൈയില്‍ പണമില്ലാത്തതിനാല്‍ സ്വപ്‌നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുമുണ്ട്. അത്തരം നവസംരംഭകരെ പിന്തുണയ്ക്കാന്‍ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് പല പദ്ധതികളും നടപ്പാക്കുന്നുണ്ട്.
പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി.)
ആദ്യമായി സംരംഭം തുടങ്ങുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സ്വയംതൊഴില്‍ വായ്പ സഹായത്തിനെത്തും. പതിനെട്ടുവയസ്സ് പൂര്‍ത്തിയായാല്‍ മതി. ഉയര്‍ന്ന പ്രായപരിധിയും വരുമാനപരിധിയുമില്ല. സഹകരണസംഘങ്ങള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവയ്ക്കും സഹായം ലഭിക്കും. നിര്‍മാണയൂണിറ്റിന് പത്തുലക്ഷത്തിനും സേവനമേഖലയില്‍ അഞ്ചുലക്ഷത്തിനും മുകളില്‍ ചെലവ് വരുന്നുണ്ടെങ്കില്‍, സംരംഭകര്‍ എട്ടാംക്ലാസ് പാസായിരിക്കണം. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും പദ്ധതിയില്‍ ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍, ഈ വായ്പ ലഭിക്കില്ല. നിര്‍മാണയൂണിറ്റുകള്‍ക്ക് ഇരുപത്തഞ്ചുലക്ഷം രൂപവരെയും സേവനസ്ഥാപനങ്ങള്‍ക്ക് പത്തുലക്ഷം രൂപവരെയും ലഭിക്കും.
എങ്ങനെ?
അംഗീകൃതബാങ്കുകള്‍ വഴിയാണ് ലഭിക്കുക. ആദ്യഗഡു ലഭിക്കുന്നതിനുമുന്‍പ് അപേക്ഷകര്‍ രണ്ടാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കണം. ഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, ജാതിസര്‍ട്ടിഫിക്കറ്റ് (പ്രത്യേക വിഭാഗമാണെങ്കില്‍), സ്ഥിരനിക്ഷേപത്തിന്റെ ക്വട്ടേഷനുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവയും വേണം. ജില്ലാ വ്യവസായകേന്ദ്രങ്ങള്‍, ഖാദി ബോര്‍ഡ് ഓഫീസുകള്‍, ഖാദി കമ്മിഷന്‍ ഓഫീസുകള്‍ എന്നിവ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kvic.org.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇ.എസ്.എസ്.സംരംഭകസഹായപദ്ധതി
ചെറുകിടസംരംഭങ്ങള്‍ക്ക് താങ്ങാണ് ഇ.എസ്.എസ് പദ്ധതി. ബാങ്ക് വായ്പയില്ലാത്ത സംരംഭങ്ങള്‍ക്കും ആനുകൂല്യമുണ്ട്. ഭൂമി, കെട്ടിടം, യന്ത്രസാമഗ്രികള്‍, ജനറേറ്റര്‍, വൈദ്യുതീകരണം ഇവയ്‌ക്കെല്ലാം സബ്സിഡി ലഭിക്കുന്നു. പൊതുവിഭാഗത്തിലെ സംരംഭകര്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിവര്‍ക്ക് പരമാവധി മുപ്പതുലക്ഷം രൂപവരെ(സ്ഥിരനിക്ഷേപത്തിന്റെ 15 ശതമാനം) ലഭിക്കും. വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, യുവാക്കള്‍ (45 വയസ്സില്‍ താഴെ) എന്നിവര്‍ക്ക് 25 ശതമാനവും ലഭിക്കും (പരമാവധി 40 ലക്ഷം രൂപ). ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, വയനാട് എന്നീ പിന്നാക്കജില്ലകള്‍ക്ക് പത്തുശതമാനം അധിക സബ്സിഡിയും ലഭിക്കും (പരമാവധി പത്തുലക്ഷം). റബ്ബര്‍, കാര്‍ഷിക ഭക്ഷ്യസംസ്‌കരണം, റെഡിമെയ്ഡ് വസ്ത്രനിര്‍മാണം, പാരമ്പര്യേതര ഊര്‍ജോത്പന്നങ്ങള്‍, ബയോടെക്നോളജി, മണ്ണില്‍ നശിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗസംരംഭങ്ങള്‍, ജൈവവളം എന്നിവയ്ക്ക് പത്തുശതമാനം അധിക സബ്സിഡിയുണ്ട്.
എങ്ങനെ?
മൂന്ന് ഘട്ടത്തിലായാണ് ലഭിക്കുക; സംരംഭമാരംഭിക്കുന്നതിനുള്ള സഹായവും ആരംഭിച്ചാല്‍ നിക്ഷേപസഹായവും മെച്ചപ്പെട്ട സാങ്കേതികവിദ്യ നേടിയാല്‍ സാങ്കേതികസഹായവും കിട്ടും. പുതിയ സംരംഭം തുടങ്ങാനുള്ള സഹായം ബാങ്ക് വായ്പ എടുക്കുന്നവര്‍ക്കുമാത്രമേ ലഭിക്കൂ. ഉത്പാദനം തുടങ്ങി അടുത്ത അഞ്ചുവര്‍ഷം കമ്പനി തുടരുമെന്ന സമ്മതപത്രം നല്‍കണം. ജില്ലാ വ്യവസായകേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവിടങ്ങളില്‍ അപേക്ഷിക്കാം.
കെസ്‌റു
ചെറിയ മുതല്‍മുടക്കില്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് ഈ പദ്ധതി സഹായത്തിനെത്തും. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതര്‍ക്കുള്ള വായ്പാപദ്ധതിയാണിത്. ചെറിയ ബേക്കറി യൂണിറ്റുകള്‍, തയ്യല്‍ കേന്ദ്രങ്ങള്‍, ആട്, പശു-കോഴി ഫാമുകള്‍, ഭക്ഷ്യ-കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍ എന്നിവയ്ക്ക് സഹായം ലഭിക്കും. കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപവരെ. ഒരുലക്ഷം രൂപവരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് 20 ശതമാനംവരെ സബ്സിഡി ലഭിക്കും.
എങ്ങനെ?
ഇരുപത്തൊന്നിനും അന്‍പതിനും മധ്യേ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന വിദ്യാഭ്യാസയോഗ്യത മതി. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ സെല്‍ഫ് എംപ്ലോയ്മെന്റ് ഓഫീസറുടെ മുന്നിലോ അപേക്ഷ സമര്‍പ്പിക്കാം.
ശരണ്യ പദ്ധതി
വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് ആനുകൂല്യം ലഭിക്കും. പതിനെട്ടിനും അന്‍പത്തഞ്ചിനുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇത് ലഭിക്കുക. കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. അടിസ്ഥാന വിദ്യാഭ്യാസയോഗ്യത മതി. സാങ്കേതികപരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
എങ്ങനെ?
50,000 രൂപവരെ സ്വയംതൊഴില്‍ സംരംഭങ്ങളാരംഭിക്കാന്‍ പലിശരഹിതവായ്പ നല്‍കും. ഇതിന്റെ 50 ശതമാനംവരെ സബ്സിഡിയുണ്ട്. പദ്ധതിച്ചെലവിന്റെ പത്തുശതമാനം സംരംഭകര്‍ കണ്ടെത്തണം. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ ജില്ലാ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം.
കൈവല്യ പദ്ധതി
സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ വഴിയുള്ള സഹായപദ്ധതിയാണിത്. ഇരുപത്തൊന്നിനും അന്‍പത്തഞ്ചിനും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്.
എങ്ങനെ?
ഒരാള്‍ക്ക് 50,000 രൂപവരെ അനുവദിക്കും. ആവശ്യമെങ്കില്‍ ഇത് ഒരുലക്ഷം രൂപയായി വര്‍ധിപ്പിക്കും. ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും വായ്പയുണ്ട്. 50 ശതമാനം സബ്സിഡി ലഭിക്കും. അപേക്ഷകര്‍ സംരംഭവികസന പരിശീലനപരിപാടിയില്‍ പങ്കെടുക്കണം. മൂന്നുമാസം കഴിഞ്ഞ് തിരിച്ചടവ് തുടങ്ങിയാല്‍ മതി.
നവജീവന്‍ പദ്ധതി
അന്‍പതിനും അറുപത്തഞ്ചിനും മധ്യേ പ്രായമുള്ള, എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പദ്ധതിയാണിത്. അപേക്ഷകന്റെ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപവരെ. വായ്പത്തുക പരമാവധി 50,000 രൂപയാണ്. ഗ്രൂപ്പ് സംരംഭങ്ങളും തുടങ്ങാം.
ആശ പദ്ധതി (ASHA)Assistant Scheme for Handicraft Artisans
കരകൗശലമേഖലയിലെ ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയാണിത്. ജനറല്‍ വിഭാഗത്തിന് രണ്ടുലക്ഷം രൂപയും (പദ്ധതിയുടെ 40 ശതമാനം), വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പരമാവധി മൂന്നുലക്ഷം രൂപയും (മൂലധനത്തിന്റെ 50 ശതമാനം) സഹായം ലഭിക്കും. അപേക്ഷകര്‍ കരകൗശലവിദഗ്ധതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിരിക്കണം.
സംരംഭത്തിന് ലൈസന്‍സ്
1. അഞ്ച് എച്ച്.പി.യില്‍ താഴെ വൈദ്യുതിയുപയോഗിക്കുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും വ്യവസായവകുപ്പിന്റെയും അനുമതിപത്രം വേണം. ഉദ്യം രജിസ്ട്രേഷനും നേടണം. ഭക്ഷ്യോത്പന്നങ്ങളുടെ സംരംഭങ്ങള്‍ക്ക് എടടഅക രജിസ്ട്രേഷന്‍ വേണം.
2. പുതുതായി ആരംഭിക്കുന്നതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് വിഭാഗത്തില്‍ ഉള്‍പ്പെടാത്തതുമായ സൂക്ഷ്മ ഇടത്തര ചെറുകിടസംരംഭങ്ങള്‍ക്ക് കെ-സ്വിഫ്റ്റ് വഴി അനുമതി നേടാം. ഓരോ ലൈസന്‍സും നേടാന്‍, ഓരോ ഓഫീസിലും പോകേണ്ടതില്ല. പകരം ഓരോ വകുപ്പിലേക്കും പ്രത്യേകം അപേക്ഷകള്‍ പോര്‍ട്ടല്‍ വഴി നല്‍കാം. അപേക്ഷാഫീസ് പ്രത്യേകമായി അടയ്ക്കണം.
3. കേന്ദ്രസര്‍ക്കാരിന്റെ സൂഷ്മ ചെറുകിടസംരംഭങ്ങള്‍ക്കായുള്ള രജിസ്ട്രേഷനാണ് ഉദ്യം. www.udyamregistration.gov.in എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഉത്പാദന-സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംരംഭങ്ങളും കച്ചവടസ്ഥാപനങ്ങളും ഇതില്‍ രജിസ്റ്റര്‍ ചെയ്യണം.
സംരംഭങ്ങള്‍ പലവിധം
മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംരംഭങ്ങളെ പല കാറ്റഗറികളിലായി തിരിച്ചിട്ടുണ്ട്.
വൈറ്റ്: സോഡാനിര്‍മാണം, അക്ഷയ സെന്റര്‍, വസ്ത്രനിര്‍മാണം, ഫോട്ടോസ്റ്റാറ്റ് പോലുള്ളവ.
ഗ്രീന്‍: ആയുര്‍വേദ ഉത്പന്നങ്ങള്‍, ബേക്കറി, ബ്യൂട്ടിപാര്‍ലര്‍, ഫ്‌ളോര്‍ മില്‍, പൗള്‍ട്ടറി ഫാം തുടങ്ങിയവ.
ഓറഞ്ച്: സ്പ്രേ പെയിന്റിങ്, ചിക്കന്‍ സ്റ്റാള്‍, പാലുത്പന്നങ്ങള്‍, മത്സ്യസംസ്‌കരണം, ഐസ്‌ക്രീം നിര്‍മാണം, പ്രിന്റിങ് പ്രസ് പോലുള്ള സംരംഭങ്ങള്‍.
റെഡ്: മാലിന്യസംസ്‌കരണം, പെയിന്റ് നിര്‍മാണം, കശാപ്പുശാല, കെമിക്കല്‍ നിര്‍മാണം പോലുള്ളവ.
കടപ്പാട്: www.industry.kerala.gov.in
Content Highlights: government loan for business startup