പണം നിക്ഷേപിക്കാൻ ധൈര്യം വേണോ? അളക്കാം ഫിനാന്‍ഷ്യല്‍ റിസ്‌ക്കിനുള്ള ശേഷി

#കെ.കെ ജയകുമാര്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

സ്ത്രീകള്‍ക്ക് ഫിനാന്‍ഷ്യല്‍ ഫ്രീഡം ഉറപ്പാക്കാന്‍ വെല്‍ത്ത് ചെക്ക് അപ് നടത്തേണ്ടത് എങ്ങനെയെന്ന്  വിശദമാക്കിയിരുന്നല്ലോ. സ്വന്തം ആസ്തിയും ബാധ്യതകളും വിശകലനം ചെയത് യഥാര്‍ത്ഥ സാമ്പത്തികനില മനസിലാക്കിയാല്‍ പിന്നീട് പ്രതിമാസ വരുമാനവും ചെലവും വിശകലനം ചെയ്ത് നോക്കണം. മാസവസാനം കയ്യില്‍ പണം മിച്ചമോണോ  കമ്മിയാണോ എന്ന് കണ്ടെത്തണം. പണം കമ്മിയാണ് എങ്കില്‍ എങ്ങനെ മിച്ചമാക്കാം എന്നതിനുള്ള വഴികള്‍ വഴിയെ പറയാം. മിച്ചമാണെങ്കില്‍ അത് വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പല കാര്യങ്ങളുണ്ട്.

ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉറപ്പായും നാം ഒന്നിലേറെ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കേണ്ടിവരും. വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളില്‍ ഒരേ സമയം പണം ദീര്‍ഘകാലം നിക്ഷേപിച്ചാലാണ് ലക്ഷ്യമിട്ട ഫണ്ട് സ്വരൂപിക്കാനാകുക. എന്നാല്‍ ചില മാര്‍ഗങ്ങളിലെ നിക്ഷേപം ഉദ്ദേശിച്ച ലാഭം നല്‍കിക്കൊള്ളണമെന്നില്ല. മാത്രമല്ല ചിലപ്പോള്‍ മുതല്‍ പോലും നഷ്ടപ്പെടുത്തിയെന്നും വരാം. ഇങ്ങനെ മുതല്‍ നഷ്ടപ്പെടുന്ന നിക്ഷേപമാര്‍ഗങ്ങളില്‍ നിക്ഷേപം നടത്താനുള്ളശേഷി നിങ്ങള്‍ക്കുണ്ടോ എന്ന് സ്വയം പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ആവശ്യമായ നിക്ഷേപ പോര്‍ട്‌ഫോളിയോയ്ക്ക് രൂപം കൊടുക്കാവൂ. 

റിസ്‌ക്‌ശേഷിയും റിസ്‌കിനുള്ള ധൈര്യവും കണ്ടെത്തണം. ചിലര്‍ക്ക് റിസ്‌ക് എടുക്കാനുള്ള ധൈര്യമുണ്ടാകും. എന്നാല്‍ അതിനുള്ള ശേഷി ഉണ്ടാകില്ല. അതായത് പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയോ അല്ലെങ്കില്‍ പ്രതിമാസം 16,000 രൂപയോ സമ്പാദിക്കുന്നവര്‍ക്ക് (അതായത് എല്ലാ ചെലവും കഴിഞ്ഞ് മിച്ചം പിടിക്കുന്ന) അതിന്റെ 10 ശതമാനം തുക നഷ്ടസാധ്യതയുള്ള ഓഹരി പോലുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാവുന്നതാണ്. അതിനുള്ള ശേഷി അവര്‍ക്കുണ്ട്. അതായത് സമ്പാദ്യത്തിന്റെ 10 ശതമാനം തുകയ്ക്കുള്ള റിസ്‌ക് ശേഷി അവര്‍ക്കുണ്ട്. എന്നാല്‍ അതിനുള്ള ധൈര്യം അഥവാ മനോഭാവം ഇല്ലെങ്കിലോ? ഓഹരിയില്‍ നിക്ഷേപിച്ചാല്‍ ദീര്‍ഘകാലം കഴിഞ്ഞ് മാത്രമേ നല്ല ലാഭം കിട്ടൂ. ക്ഷമയോടെ കാത്തിരിക്കണം എന്നു ചുരുക്കം. നിക്ഷേപം ആദ്യവര്‍ഷങ്ങളില്‍ നഷ്ടമായിരിക്കും ചിലപ്പോള്‍ നല്‍കുക. ആ സമയത്ത് ഉണ്ടായ നഷ്ടത്തെച്ചൊല്ലി ആശങ്കപ്പെടുകയും അത് മറ്റ് നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്താല്‍ അത് ആശാസ്യമായ കാര്യമല്ല. അതുകൊണ്ട് ഓരോരുത്തരും അവരവരുടെ റിസ്‌ക്‌ശേഷി സ്വയം അളന്ന് നോക്കുന്നത് നല്ലതായിരിക്കും.

നിങ്ങളുടെ കഴിഞ്ഞ കാല നിക്ഷേപ അനുഭവങ്ങള്‍ എങ്ങനെയുള്ളതാണ്. പല മാര്‍ഗങ്ങളിലും പണം നിക്ഷേപിച്ച് കൈ പൊള്ളിയിട്ടുണ്ടോ. അതോ മികച്ച ലാഭമാണോ കിട്ടിയിട്ടുള്ളത്. ഓരോ നിക്ഷേപങ്ങള്‍ക്കും നിങ്ങള്‍ അത് വളര്‍ന്നുവലുതാകാനുള്ള സാവകാശം നല്‍കാറുണ്ടോ. നിക്ഷേപങ്ങളില്‍ നിന്ന് ഹ്രസ്വകാലത്തിനുള്ളില്‍ കൂടുതല്‍ നേട്ടം ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍. അതോ ദീര്‍ഘകാലത്തിനുള്ളില്‍ മാത്രം നേട്ടം മതി എന്ന് നിശ്ചയിക്കുന്ന ആളാണോ.ഇവയ്ക്കുള്ള ഉത്തരങ്ങള്‍ സ്വയം പരിശോധിച്ചാല്‍ നിങ്ങള്‍ എങ്ങനെയുള്ള നിക്ഷേപകനാണെന്ന് അറിയാന്‍ കഴിയും. 

ഫിനാന്‍ഷ്യല്‍ പ്ലാനേഴ്‌സ് നിക്ഷേപകരോട് ചോദിക്കുന്ന ഒരു ചോദ്യാവലിയാണ് താഴെ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ പ്ലാനിങ് തയ്യാറാക്കിയിട്ടുള്ളതാണ്  ഈ ചോദ്യാവലി. ഓരോ ഉത്തരത്തിനുനേരെയും അതിന്റെ മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ വായിച്ച് നിങ്ങളുടെ ഉത്തരത്തിനുനേരെ ശരി അടയാളം ഇടുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയശേഷം ലഭിച്ച മാര്‍ക്ക് കൂട്ടിനോക്കി നിങ്ങളുടെ റിസ്‌ക് ശേഷി എത്രമാത്രമാണെന്ന് മനസിലാക്കാം


1. ഒരു നിക്ഷേപകനെന്ന നിലയില്‍ പണം നഷ്ടപ്പെടുന്നത്

  • ഏതുസാഹചര്യത്തിലായാലും നിക്ഷേപിക്കുമ്പോള്‍ പണം നഷ്ടപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല- 2 മാര്‍ക്ക്
  • മികച്ച ലാഭം കിട്ടാന്‍വേണ്ടി അല്‍പ്പം നഷ്ടം സഹിക്കാന്‍ ഞാന്‍ തയ്യാറാണ്- 6 മാര്‍ക്ക്
  • എന്റെ നിക്ഷേപം വളര്‍ന്ന് കൂടുതല്‍ ലാഭം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. അതിന് മുതലില്‍ തല്‍ക്കാലത്തേക്ക് നഷ്ടം ഉണ്ടായാലും അത് ഞാന്‍ കാര്യമാക്കില്ല- 10 മാര്‍ക്ക്

2. നിങ്ങള്‍ ഏതു ഏജ്ഗ്രൂപ്പില്‍ പെടുന്നു

  • 25 വയസില്‍ താഴെ- 10 മാര്‍ക്ക്
  • 25-34 വയസ് - 8 മാര്‍ക്ക്
  • 35-44 വയസ്- 6 മാര്‍ക്ക്
  • 45-60 വയസ്- 4 മാര്‍ക്ക്
  • 60 വയസിനുമുകളില്‍- 2 മാര്‍ക്ക്

3. നിങ്ങള്‍ക്ക് എത്രവര്‍ഷം കഴിഞ്ഞാണ് വന്‍തോതില്‍ പണം ആവശ്യമായിവരുന്നത് (ഉദാഹരണത്തിന് വീട് നിര്‍മിക്കാന്‍, കുട്ടികളുടെ വിവാഹത്തിന്, നിങ്ങളുടെ റിട്ടയര്‍മെന്റിന്)

  • 20ലേറെ വര്‍ഷം കഴിഞ്ഞ്- 10 മാര്‍ക്ക്
  • 16-20 വര്‍ഷത്തിനുള്ളില്‍- 8 മാര്‍ക്ക്
  • 10-15 വര്‍ഷത്തിനുള്ളില്‍- 6 മാര്‍ക്ക്
  • 5-9 വര്‍ഷത്തിനുള്ളില്‍- 4 മാര്‍ക്ക്
  • 5 വര്‍ഷത്തിനുള്ളില്‍- 2 മാര്‍ക്ക്

4. ഇപ്പോള്‍ നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന്റെ ഉദ്ദേശ്യമെന്ത്?

  • നിക്ഷേപിച്ചതുക വളര്‍ന്ന് വലുതായി വലിയ ഒരു തുക ആകാന്‍- 10 മാര്‍ക്ക്
  • നിക്ഷേപ തുകയില്‍ നിന്ന് സ്ഥിരമായി ലാഭം കിട്ടി അത് പെരുകാന്‍- 5 മാര്‍ക്ക്
  • നിക്ഷേപ തുകയില്‍ നിന്ന് സ്ഥിരമായി ലാഭം കിട്ടാന്‍ മാത്രം. നിക്ഷേപ തുക വളരുമോ ഇല്ലയോ എന്നത് ഞാന്‍ പരിഗണിക്കുന്നില്ല-  2 മാര്‍ക്ക്

5. ഭാവിയിലെ നിങ്ങളുടെ വരുമാനത്തെക്കുറിച്ചുള്ള പ്രതീക്ഷ എന്താണ്

  • ഗണ്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു- 10 മാര്‍ക്ക്
  • അല്‍പ്പം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു- 8 മാര്‍ക്ക്
  • നാണ്യപ്പെരുപ്പത്തിനു തുല്യമായ വര്‍ധന പ്രതീക്ഷിക്കുന്നു- 6 മാര്‍ക്ക്
  • വര്‍ധന ഉണ്ടായേക്കും- 4 മാര്‍ക്ക്
  • ഗണ്യമായി കുറയും- 2 മാര്‍ക്ക്

6.ഓഹരിയില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടു എന്നുകരുതുക. എങ്ങനെ ആ നഷ്ടം നികത്താന്‍ കഴിയും

  • വളരെ അനായാസം- 10 മാര്‍ക്ക്
  • വളരെ എളുപ്പം അതിനുകഴിയും.പക്ഷേ അത് പ്ലാന്‍ ചെയ്ത് നടപ്പാക്കണം- 8 മാര്‍ക്ക്
  • അത് വളരെ ബുദ്ധിമുട്ടായിരിക്കും- 4 മാര്‍ക്ക്
  • നഷ്ടം നികത്താനേ കഴിയില്ല-  2 മാര്‍ക്ക്

7. നടത്തിയ നിക്ഷേപത്തിന്റെ മൂല്യം അടുത്ത 12 മാസത്തിനുള്ളില്‍ വ്യതിയാനം സംഭവിച്ചാല്‍

  • എന്നെ അത് ബാധിക്കുകയേയില്ല- 10 മാര്‍ക്ക്
  • വളരെ ചെറിയ രീതിയിലേ അത് എന്നെബാധിക്കൂ- 8 മാര്‍ക്ക്
  • എന്നെ അത് കുറച്ച് ബാധിക്കും- 6 മാര്‍ക്ക്
  • എന്നെ അത് ആശങ്കപ്പെടുത്തും-  4 മാര്‍ക്ക്
  • എന്നെ അത് ഗുരുതരമായി ബാധിക്കും- 2 മാര്‍ക്ക്

8.ഓഹരി വിപണിയില്‍ തകര്‍ച്ച ഉണ്ടായാല്‍ നിങ്ങളുടെ ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എന്തുചെയ്യും

  • അത് വിറ്റൊഴിയില്ല. പകരം കാത്തിരിക്കും- 10 മാര്‍ക്ക്
  • വിപണിയില്‍ 20 ശതമാനം ഇടിവുണ്ടായാല്‍ എല്ലാം വിറ്റൊഴിയും- 7 മാര്‍ക്ക്
  • വിപണിയില്‍ 10 ശതമാനം ഇടിവുണ്ടായാല്‍ എല്ലാം വിറ്റൊഴിയും- 5 മാര്‍ക്ക്
  • വിപണിയില്‍ 5 ശതമാനം ഇടിവുണ്ടായാല്‍ എല്ലാം വിറ്റൊഴിയും- 2 മാര്‍ക്ക്

9. താഴെ പറയുന്ന പ്രസ്താവനയില്‍ ഏതിനോടാണ് നിങ്ങള്‍ യോജിക്കുക

  • ഞാന്‍ പണം നിക്ഷേപിക്കുന്നത് അത് വളര്‍ന്ന് വലിയ ഒരു തുക ആകാന്‍ വേണ്ടിയാണ്.- 10 മാര്‍ക്ക്
  • എനിക്ക് നിക്ഷേപത്തില്‍ നിന്ന് സ്ഥിര വരുമാനവും വേണം. അത് വളര്‍ന്ന് വലുതാകുകയും വേണം- 7 മാര്‍ക്ക്
  • എനിക്ക് നിക്ഷേപത്തില്‍ നിന്ന് സ്ഥിര വരുമാനം വേണം. അതേ സമയം നിക്ഷേപം സ്ഥിരമായ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയും വേണം.- 5 മാര്‍ക്ക്
  • എന്റെ പണം സുരക്ഷിതമായിരിക്കാനാണ് ഞാന്‍ നിക്ഷേപിച്ചിരിക്കുന്നത്. മുതലില്‍നിന്ന് ഒന്നും നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.-  2 മാര്‍ക്ക്

10. തൊഴില്‍ സുരക്ഷിതത്വത്തിനാണോ   കൂടിയ ശമ്പളത്തിനാണോ നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്

  • തീര്‍ച്ചയായുംതൊഴില്‍ സുരക്ഷിതത്വത്തിന് - 2 മാര്‍ക്ക്
  • ചിലപ്പോള്‍ ഞാന്‍ തൊഴില്‍ സുരക്ഷിതത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. - 4 മാര്‍ക്ക്
  • ഏതിനു പ്രാധാന്യം നല്‍കണം എന്നുറപ്പില്ല- 6 മാര്‍ക്ക്
  • ചിലപ്പോള്‍ കൂടിയ  ശമ്പളത്തിന്- 8 മാര്‍ക്ക്
  • ഉറപ്പായും കൂടുതല്‍ ശമ്പള വര്‍ധനവിന് മുന്‍ഗണന നല്‍കും- 10 മാര്‍ക്ക്

11. താഴെ പറയുന്ന പാക്കേജില്‍ ഒരു ജോലി ഓഫര്‍ ചെയ്താല്‍ ഏതു സ്വീകരിക്കും?

  • ശമ്പളം, കമ്മീഷനില്ല-  2 മാര്‍ക്ക്
  • കൂടുതല്‍ ശമ്പളം, കുറച്ച് കമ്മീഷന്‍- 4 മാര്‍ക്ക്
  • ശമ്പളവും കമ്മീഷനും തുല്യമായി- 6 മാര്‍ക്ക്
  • കൂടുതല്‍ കമ്മീഷനും കുറച്ച് ശമ്പളവും- 8 മാര്‍ക്ക്
  • കമ്മീഷന്‍ മാത്രം, ശമ്പളമില്ല- 10 മാര്‍ക്ക്

12. റിസ്‌ക് എന്ന വാക്കിന് നിങ്ങള്‍ നല്‍കുന്ന അര്‍ത്ഥം എന്താണ്?

  • അപകടം- 2 മാര്‍ക്ക്
  • അനിശ്ചിതത്വം- 4 മാര്‍ക്ക്
  • അവസരവും അനിശ്ചതത്വവും- 6 മാര്‍ക്ക്
  •  അവസരം- 8 മാര്‍ക്ക്
  • ഹരം- 10 മാര്‍ക്ക്

13. 2004 ല്‍ ഓഹരി വിപണി 16 ശതമാനം തകര്‍ന്നപ്പോള്‍

  • നിങ്ങള്‍ ഭയപ്പെടുകയും ഓഹരികളെല്ലാം വില്‍ക്കുകയും ചെയ്തു.-2 മാര്‍ക്ക്
  • നിങ്ങള്‍ വ്യാകുലപ്പെടുകയും ചില ഓഹരികള്‍ വില്‍ക്കുകയും ചെയ്തു-4 മാര്‍ക്ക്
  • നിങ്ങള്‍ വ്യാകുലപ്പെട്ടെങ്കിലും ഓഹരികള്‍ വില്‍ക്കാതെ കൈവശം വെച്ചു- 6 മാര്‍ക്ക്
  • നിങ്ങള്‍ മികച്ച ഏതാനും ഓഹരികള്‍ വാങ്ങി- 8 മാര്‍ക്ക്
  • നിങ്ങള്‍ മികച്ച ഓഹരികളെല്ലാം കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടി- 10 മാര്‍ക്ക്

14. നിങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ ഏതൊക്കെ നിക്ഷേപ മാര്‍ഗങ്ങളുണ്ട്

  • ബാങ്ക് ഡിപ്പോസിറ്റ്, പി.പി.എഫ്, എന്‍.എസ്.സി, എം.ഐ.എസ്- 2 മാര്‍ക്ക്
  • ബാങ്ക് ഡിപ്പോസിറ്റ്, പി.പി.എഫ്, എന്‍.എസ്.സി, എം.ഐ.എസ, കുറച്ച് ഓഹരികള്‍- 4 മാര്‍ക്ക്
  • ബാങ്ക് ഡിപ്പോസിറ്റും തുല്യമയാ തുകയ്ക്ക് ഓഹരികളും- 6 മാര്‍ക്ക്
  • കൂടൂതല്‍ മ്യൂച്വല്‍ ഫണ്ടുകളും കുറച്ച് ഓഹരികളും- 8 മാര്‍ക്ക്
  • കൂടുതല്‍ ഓഹരികളും കുറച്ച് മ്യൂച്വല്‍ ഫണ്ടും-10 മാര്‍ക്ക്

15. നിക്ഷേപാവശ്യത്തിന് എപ്പോഴെങ്കെിലും പണം കടം വാങ്ങിയിട്ടുണ്ടോ

  • ഒരിക്കലുമില്ല- 2 മാര്‍ക്ക്
  • വല്ലപ്പോഴും- 4 മാര്‍ക്ക്
  • മികച്ച നിക്ഷേപ അവസരം വന്നാല്‍ കടം വാങ്ങും- 6 മാര്‍ക്ക്
  • ചിലപ്പോഴെക്കെ- 8 മാര്‍ക്ക്
  • മിക്കവാറും അങ്ങനെ ചെയ്യാറുണ്ട്- 10 മാര്‍ക്ക്

നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കുകള്‍ ഇനി കൂട്ടിനോക്കാം. അതനുസരിച്ച് നിങ്ങളുടെ റിസ്‌ക്ക് ശേഷി അറിയാനാവും

  1. നിങ്ങള്‍ക്ക് 30നും 50നും ഇടയിലാണ് മാര്‍ക്ക് ലഭിച്ചതെങ്കില്‍ നിങ്ങളുടെ റിസ്‌ക്‌ശേഷി വളരെ കുറവാണ്. റിസ്‌ക് എടുക്കാന്‍ മടിയുള്ള ആളാണ് 
  2. നിങ്ങള്‍ക്ക് 51നും 70നും ഇടയ്ക്കാണ് മാര്‍ക്ക് കിട്ടയതെങ്കില്‍ നിങ്ങള്‍ അല്‍പ്പസ്വല്‍പ്പം റിസ്‌ക് എടുക്കാന്‍ ശേഷിയും താല്‍പര്യവുമുള്ള ആളാണ്.
  3. നിങ്ങള്‍ക്ക് 70നും 100 നും ഇടയിലാണ് മാര്‍ക്ക് ലഭിച്ചതെങ്കില്‍ നിങ്ങള്‍ സാമാന്യം മിതമായ രീതിയില്‍ റിസ്‌ക് എടക്കാന്‍ ശേഷിയുള്ള ആളാണ്.
  4. നിങ്ങള്‍ക്ക് 101നും 130നും ഇടയില്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ മിതമായ രീതിയിലും ചിലപ്പോഴൊക്കെ ഉയര്‍ന്ന രീതിയിലും റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള ആളാണ്
  5. 131 നും 150നും ഇടയിലാണ് മാര്‍ക്ക് ലഭിച്ചതെങ്കില്‍ വളരെ ഉയര്‍ന്ന രീതിയില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള ആളാണ് നിങ്ങള്‍.

Content Highlights: find your financial risk manager by piggy bank