പിശുക്കു വേണ്ട, പണം ചെലവഴിച്ചും ഭാവിയിലേക്ക് സമ്പാദിക്കാം

PIGGY BANK
#കെ.കെ.ജയകുമാര്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

എല്ലാക്കാര്യവും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരാണ് സ്ത്രീകള്‍, സാമ്പത്തിക കാര്യങ്ങളൊഴികെ. ജീവിതം അതിന്റെ വഴിക്ക് തന്നെ പോകും, എത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടെന്താ അതൊന്നും നടക്കാന്‍ പോകുന്നില്ല ചിന്തയാണ് പലര്‍ക്കും. സാമ്പത്തിക കാര്യങ്ങളിലേക്ക് വരുമ്പോള്‍ നമ്മളിതൊന്നും ചെയ്താല്‍ ശരിയാകില്ല എന്നാണ് മിക്ക സ്ത്രീകളും കരുതുന്നത്. അല്ലെങ്കില്‍ ഇതൊന്നും നമ്മുടെ മേഖല അല്ലെന്ന തെറ്റിദ്ധാരണയോടെ ജീവിക്കുന്നവര്‍. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കുന്ന സമ്പാദ്യം ഉചിതമായ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള പണം സ്വരുക്കൂട്ടുന്നതിന് ലഭ്യമായ മാര്‍ഗങ്ങള്‍ പലരും ഉപയോഗിക്കാറില്ല. 

ഏതുഭക്ഷണം ഉണ്ടാക്കണം, എപ്പോള്‍ ഓഫീസിലെത്തണം, എപ്പോള്‍ തിരിച്ച് വീട്ടിലെത്തണം, ആരെ പ്രണയിക്കണം, ആരെ വിവാഹം കഴിക്കണം, ഏതുകാര്‍ വാങ്ങണം, അതിന് ഏതു കളര്‍ ആയിരിക്കണം തുടങ്ങി ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളിലും മുന്‍കൂട്ടി ധാരണയുണ്ട്. എന്നാല്‍ ജീവിത ലക്ഷ്യങ്ങള്‍ ഏതൊക്കെയാണ്, അതിന് എത്ര പണം വേണ്ടിവരും അത് എങ്ങനെ സ്വരുക്കൂട്ടാം എന്നൊന്നും ചിന്തിക്കാനോ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താനോ മടിയാണ്. 

ഭാവി ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നതും അതിനുവേണ്ടിവരുന്ന ചിലവുകള്‍ കണക്കാക്കുന്നതും അതെങ്ങനെ ഉണ്ടാക്കുമെന്നതിനെക്കുറിച്ച് ആലോചിക്കുന്നതും ഭീതിയുണ്ടാക്കും. അത്തരത്തില്‍ ഭീതിയുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ നമുക്കാര്‍ക്കും ഇഷ്ടമില്ലല്ലോ. അതുകൊണ്ടുതന്നെയാണ് ഭാവി ആസൂത്രണം ചെയ്യാന്‍ അല്‍പ്പം മിനക്കെടാന്‍ ആരും തയ്യാറാകാത്തത്. എല്ലാ വരുന്നിടത്തുവെച്ച് കാണാം എന്നതാണ് ഭാവം. 

ഓരോരോ ആവശ്യങ്ങള്‍ വരുമ്പോള്‍ നമുക്കുമുന്നില്‍ ഏതു വഴിയാണ് തെളിഞ്ഞുവരിക. പണത്തിന്റെ കാര്യം വരുമ്പോള്‍ വായ്പ, ബന്ധുക്കളുടെയും പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായം എന്നിവയല്ലാതെ മറ്റെന്താണ് മാര്‍ഗം. ഈ വഴികള്‍ എപ്പോഴും സ്വീകരിക്കാവുന്ന ആശാസ്യമായ മാര്‍ഗമാണോ? അല്ലെന്ന് നമുക്കൊക്കെ അറിയാം.

ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും വേണം സമ്പാദ്യം

വിവാഹം കഴിക്കേണ്ടി വന്നാല്‍ നമ്മുടെ ഇപ്പോഴത്തെ സാമൂഹികപശ്ചാത്തലത്തില്‍ അതിന് പണച്ചെലവുണ്ട്. ഇതിനായി മാതാപിതാക്കളെയോ കുടുംബത്തെയോ ആശ്രയിക്കുകയാണ്  പതിവ്. ജോലികിട്ടിയാല്‍ ശമ്പളം ഉണ്ടാകും. ഇക്കാലയളവില്‍ വിവിഹത്തിനു വേണ്ടിവരുന്ന പണം സ്വരുക്കൂട്ടാന്‍ ഒരു ശ്രമം നടത്താം. വിവാഹത്തിനു രണ്ടുവര്‍ഷത്തെ സമയമുണ്ട് എന്ന് കരുതുക. അതായത് 24 മാസം. ഓരോ മാസവും ചെറിയ രീതിയില്‍ ഒരു നിശ്ചിത തുക മാറ്റിവെക്കാം. 

വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാം. അവര്‍ക്ക് അഞ്ചുവയസ് ആകുമ്പോള്‍ നല്ല സ്‌കൂളില്‍ അഡ്മിഷന്‍ വേണ്ടിവരും. ചിലപ്പോള്‍ ലക്ഷങ്ങള്‍ ചെലവാകും. ആ സമയത്ത് ഇതിനേക്കുറിച്ച് ഓര്‍ത്ത് ആധിപിടിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് വിവാഹം കഴിയുമ്പോഴേ ഇതിനായുള്ള ഒരു കരുതല്‍ തുടങ്ങുന്നത്. അഞ്ച് വര്‍ഷം എന്നാല്‍ 60 മാസം. പ്രതിമാസം 2000 രൂപ മാറ്റിവെച്ചാല്‍ തന്നെ കുട്ടിയുടെ സ്‌കൂള്‍ അഡ്മിഷന്റെ സമയത്ത് 1.2 ലക്ഷം രൂപ കയ്യിലുണ്ടാകും.

ഇരുപതാമത്തെ വയസില്‍ കുട്ടിയുടെ വിവാഹം അല്ലെങ്കില്‍ ഉന്നത പഠനം അതുമല്ലെങ്കില്‍ അവര്‍ക്കായുള്ള സ്വന്തം കാലില്‍ നില്‍ക്കുന്നതു വരെയുള്ള കരുതല്‍ എന്ന ചിന്തയുണ്ടോ... എങ്കില്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്ന കാലം മുതല്‍ 20 വര്‍ഷം കണക്കാക്കാം. പ്രതിമാസം 3500 രൂപ മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ തന്നെ 20 വര്‍ഷം കൊണ്ട് 8.4 ലക്ഷം രൂപ സ്വരുക്കൂട്ടാം.

ഓരോ ജീവിത ലക്ഷ്യങ്ങളും നിറവേറ്റാനുള്ള പണം ഇതുപോലെ അനായാസം ഉണ്ടാക്കാം. അതിനുവേണ്ടത് മുന്‍കൂട്ടിയുള്ള ചിന്തയും വരുമാനത്തിന്റെ ചെറിയ ഒരു ഭാഗം മാറ്റിവയ്ക്കാനുള്ള മനസുമാണ്. ഇതില്ലാത്തതുകൊണ്ടാണ് പെട്ടെന്ന് പണമുണ്ടാക്കാനായി കുറുക്കുവഴികള്‍ തേടുന്നത്. തട്ടിപ്പു സ്‌കീമുകളില്‍ തലവെച്ചുകൊടുക്കുന്നത്.

ഭാവിയിലെന്നോ നടക്കാനുള്ള കാര്യത്തിനായി ഇപ്പോഴേ മുണ്ടുമുറുക്കിയുടുത്ത് ജീവിക്കണം എന്നല്ല. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടുതന്നെ പണം ചെലവഴിച്ച് ജീവിച്ചുതന്നെ ഭാവിയിലെ ആവശ്യത്തിനുമുള്ള സമ്പത്ത് ഉണ്ടാക്കാം. 

എന്താണ് സമ്പാദ്യം

ജീവിതലക്ഷ്യങ്ങളും സ്വപ്നങ്ങളും സഫലമാക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് എന്താണ് എന്ന് ചോദിച്ചാല്‍ മനസിലേക്ക് പെട്ടെന്ന് ഓടിയെത്തുന്ന ഒരു ഉത്തരമുണ്ട്. പണം. പണം എങ്ങനെ ഉണ്ടാകുന്നു എന്നു ചോദിക്കുമ്പോഴോ? നമുക്ക് ലഭിക്കുന്ന വരുമാനം, സമ്പത്ത്, സ്വത്ത് എന്നിവയില്‍ നിന്നൊക്കെയായിരിക്കും എന്നാകും മറുപടി. എന്നാല്‍ വരുമാനമല്ല നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമ്പത്ത് നമുക്ക് ഉണ്ടാക്കിത്തരുക. അത് നമ്മുടെ സമ്പാദ്യമാണ്. എന്താണ് വരുമാനവും സമ്പാദ്യവും തമ്മിലുള്ള വ്യത്യാസം. വരുമാനം എത്രവേണേലും ഉണ്ടാകും. അതേപോലെ ചിലവുകളും. നല്ല വരുമാനമുണ്ട്. പക്ഷേ ലഭിക്കുന്ന വരുമാനമെല്ലാം ചെലവായിപ്പോയാലോ. ജീവിത ലക്ഷ്യങ്ങള്‍ ഒരിടത്തും എത്തില്ല. ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ചെലവെല്ലാം കഴിഞ്ഞ് നാം മിച്ചം പിടിക്കുന്നതാണ് നമ്മുടെ സമ്പാദ്യം. സമ്പത്തുണ്ടാക്കാന്‍ നമ്മെ സഹായിക്കുന്നത് ഈ സമ്പാദ്യമാണ്, അതായത് നാം വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കുന്ന തുക.  ബോധപൂര്‍വമായ പരിശ്രമവും സാമ്പത്തിക അച്ചടക്കവും ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ദിശാബോധവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് സമ്പാദിക്കാന്‍ കഴിയൂ. സമ്പാദിക്കലെന്നാല്‍ പിശുക്കല്ല. ഭാവിയിലെ വലിയ സന്തോഷങ്ങള്‍ക്കായി ഇന്നത്തെ ചില ചെറിയ ചെറിയ സന്തോഷങ്ങള്‍ മാറ്റിവയ്ക്കലാണ്. ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ചും ആസ്വദിച്ചുകൊണ്ട് പണം മിച്ചം പിടിക്കുന്നതാണ് സമ്പാദ്യം. . 

സമ്പത്തുണ്ടാക്കാന്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും മിച്ചം പിടിക്കണം എന്നൊന്നുമില്ല. വളരെ ചെറിയ ഒരു ശതമാനം മാറ്റിവെച്ചാല്‍ മതി. അത് പക്ഷേ സ്ഥിരമായി ചിട്ടയായി ചെയ്യണം. എത്ര വളരെ ചെറിയ തുകയാണെങ്കിലും ആ തുക എല്ലാമാസവും  മാറ്റിവയ്ക്കാൻ കഴിയണം. വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമ്പോള്‍ അതിനു ആനുപാതികമായി മിച്ചം പിടിക്കുന്ന തുകയിലും വര്‍ധന വരുത്തണം. ഇത് ജോലിചെയ്‌തോ ബിസിനസ് ചെയ്‌തോ വരുമാനം ഉണ്ടാക്കുന്നത്രയും കാലം തുടരാന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. ജീവിതലക്ഷ്യങ്ങള്‍ക്കായി ചിട്ടയായി സമ്പാദിക്കാന്‍ തയ്യാറാണെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ആദ്യ ചുവടുവയ്ക്കാം. സമ്പാദിക്കുന്നതിനൊപ്പം  ഉചിതമായ വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുവാനും  തയ്യാറാകുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകം നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടും.

( പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, e-mail: jayakumarkk8@gmail.com)

Content Highlights: financial planning tips for women