പത്തുവർഷം മുമ്പുള്ള ഫീസിന്‍റെ 400 ഇരട്ടി, ഉയരുന്ന വിദ്യാഭ്യാസ ചെലവിനെപ്പറ്റി ആശങ്കപ്പെടണോ?

ഉന്നത വിദ്യാഭ്യാസരംഗത്തെ ഫീസ് കുതിച്ചുയരുകയാണ്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെങ്കില്‍ വന്‍ തുക മുടക്കേണ്ട അവസ്ഥയിലാണ് മാതാപിതാക്കള്‍. കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കള്‍ തങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമായി കരുതുന്നതുകൊണ്ടുതന്നെ ഇത് ഏറ്റവും വലിയ ആശങ്കയാണ് പലരിലും ഉണ്ടാക്കുന്നതും. ഐ.ഐ.എം അഹമ്മദാബാദിലെ എം.ബി.എ കോഴ്‌സ് ഫീസ് 25 ലക്ഷം രൂപയാണ്. പത്തുവര്‍ഷം മുമ്പ് രാജ്യത്തെ മുന്‍നിര ബിസിസനസ് സ്‌കൂളുകള്‍ ഈടാക്കിയിരുന്ന ഫീസിന്റെ 400 ഇരട്ടിയാണിത്. ശാരാശരി 20 ശതമാനത്തിലേറെയാണ് ഇന്ത്യയിലെ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ ഫീസ് വര്‍ധിക്കുന്നത്. ഈ നിലവെച്ച് നോക്കുമ്പോള്‍ അടുത്ത പത്തുവര്‍ഷം കൊണ്ട് ഫീസ് ഒരു കോടി രൂപയുടെ അടുത്തെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. നാണ്യപ്പെരുപ്പനിരക്ക് ഏറ്റവും ഉയര്‍ന്ന തോതില്‍ വര്‍ധിച്ചുവരുന്ന മേഖലയാണ് ഉന്നതവിദ്യാഭ്യാസ രംഗം. ഈ വസ്തുത മനസില്‍വെച്ച് ദീര്‍ഘകാല പ്ലാനിങ് വളരെ നേരത്തെ മാതാപിതാക്കള്‍ നടത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് അവരെ കാത്തിരിക്കുന്നത്. ഇന്ന് ഏകദേശം എട്ടുലക്ഷം രൂപയുടെ അടുത്തെത്തിനില്‍ക്കുന്ന എന്‍ജിനീയറിങ് വിദ്യാഭ്യാസം ഏഴോ എട്ടോ വര്‍ഷം കഴിയുമ്പോള്‍ 17 ലക്ഷം രൂപയ്ക്ക് അടുത്തെത്തിയാലും അത്ഭുതപ്പെടാനില്ല. 2035 ആകുമ്പോഴേക്ക് ഇത് 35 ലക്ഷം രൂപയായി ഉയരാനും സാധ്യതയുണ്ട്. പ്രൊഫഷണല്‍ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസിലും വന്‍ വര്‍ധനയാണ്.
ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ജനറല്‍ എഡ്യൂക്കേഷനുവേണ്ടിയുള്ള (പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബിരുദാനന്തര ബിരുദകാലം വരെ) ചെലവില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 150 ശതമാനം വര്‍ധന ഉണ്ടായെന്നാണ്. ഇതേകാലയളവിലെ പ്രാഫഷണല്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ചെലവില്‍ 100 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കോഴ്‌സ് ഫീസ് മുതല്‍ യാത്രാച്ചിലവ് പഠനോപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട വിദ്യാഭ്യാസ ചിലവിലാണ് ഈ വര്‍ധന.
മാതാപിതാക്കള്‍ ബോധവാന്മാരാണോ
പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് മാതാപിതാക്കളില്‍ 81 ശതമാനവും വിദ്യാഭ്യാസ ചെലവിലുണ്ടാകുന്ന വര്‍ധനയെക്കുറിച്ച് ബോധവാന്മാരാണ് എന്നാണ്. 30 ശതമാനം പേരും മക്കളുടെ പഠന നിലവാരത്തേക്കാള്‍ ആശങ്കപ്പെടുന്നത് ഇതിനാണ്. മെട്രോ നഗരങ്ങളിലെ 57 ശതമാനവും നോണ്‍ മെട്രോ നഗരത്തിലെ 71 ശതമാനവും മാതാപിതാക്കള്‍ അവരുടെ കുഞ്ഞുങ്ങളെ പ്ലേസ്‌കൂളില്‍ വിടാന്‍ ആഗ്രഹിക്കുന്നവരാണ്. പ്ലേസ്‌കൂള്‍ തിരഞ്ഞെടുക്കുമ്പോള്‍ 69 ശതമാനം പേരെയും അലട്ടുന്നത് അവിടുത്തെ ഉയര്‍ന്ന ഫീസ് തന്നെയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആളുകള്‍ ഇപ്പോളും ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നത് കുട്ടികളുടെ ഉന്നത വിദ്യഭ്യാസ ചെലവ് കണ്ടെത്താനല്ല.
എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം മാതാപിതാക്കളും വിദ്യാഭ്യാസ രംഗത്തെ കടുത്ത ഇന്‍ഫ്‌ളേഷനെക്കുറിച്ച് ബോധവാന്മാരേ അല്ല. തങ്ങളുടെ കുട്ടി ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രായമാകുമ്പോള്‍ മാത്രമാണ് പലരും ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. അപ്പോഴേയ്ക്കും ഏറെ വൈകിക്കഴിഞ്ഞിരിക്കും. അതുകൊണ്ട് കഴിയാവുന്നത്ര നേരത്തേ ഇതിനുള്ള കരുതല്‍ ആരംഭിക്കാം.
എന്താണ് മാര്‍ഗം
ഉന്നത വിദ്യാഭ്യാസത്തിനുള്ള ചിലവ് ഇപ്പോഴത്തെ നിലയില്‍ കണ്ടുപിടിച്ച് അതിന്റെ ഫ്യൂച്ചര്‍ വാല്യൂ കാണുക. ആ തുക സമാഹരിക്കാനായി ഇപ്പോള്‍ മുതല്‍ പ്രതിമാസം ഒരു നിശ്ചിത തുക മാറ്റിവയ്ക്കുക. അത് ചിട്ടയായി വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുക. നിക്ഷേപ തുക വര്‍ഷാവര്‍ഷം 10 ശതമാനം വീതം വര്‍ധിപ്പിച്ചുകൊണ്ടുവരിക.
10 വര്‍ഷത്തിനുള്ളിലാണ് പണം ആവശ്യമുള്ളതെങ്കില്‍ ഈ തുകയുടെ 35 ശതമാനം ഓഹരിയിലും 55 ശതമാനം കടപ്പത്രങ്ങളിലും 10 ശതാനം സ്വര്‍ണത്തിലും നിക്ഷേപിക്കണം.
ഏഴു വര്‍ഷം കഴിയുമ്പോള്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളില്‍ തുടര്‍ന്ന് നിക്ഷേപിക്കുന്നത് നിര്‍ത്തി ആ തുക കൂടി ബാങ്ക്, കടപ്പത്ര, സ്വര്‍ണ മേഖലകളില്‍ നിക്ഷേപിക്കണം.
ഫണ്ട് സ്വരൂപിക്കാന്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ സമയം ഉണ്ടെങ്കില്‍ പ്രതിമാസ നിക്ഷേപ തുകയുടെ 50 ശതമാനം വരെ ഓഹരിയില്‍ നിക്ഷേപിക്കാം. ബാക്കി 40 ശതമാനം ബാങ്ക്, കടപ്പത്രം അധിഷ്ടിത നിക്ഷേപങ്ങളിലും 10 ശതമാനം സ്വര്‍ണത്തിലും നിക്ഷേപിക്കാം.
ഫണ്ട് സ്വരൂപിക്കാന്‍ 15 മുതല്‍ 20 വര്‍ഷം വരെ സമയം ഉണ്ടെങ്കില്‍ 75 ശതമാനം വരെ ഓഹരിയില്‍ നിക്ഷേപിക്കാം. 15 ശതമാനം നിക്ഷേപം മാത്രം ബാങ്ക്, കടപ്പത്രാധിഷ്ടിത മാര്‍ഗങ്ങളില്‍ നിക്ഷേപച്ചാല്‍ മതി. ഇവിടെയും സ്വര്‍ണത്തിലെ നിക്ഷേപം 10 ശതമാനത്തില്‍ കൂട്ടേണ്ട ആവശ്യമില്ല.
ഓഹരി പോലെ ദീര്‍ഘകാലത്തേക്ക് ഏറ്റവും മികച്ച ലാഭം തരുന്ന നിക്ഷേപ മേഖലകളെ പ്രയോജനപ്പെടുത്താം. നിക്ഷേപം തുടങ്ങാന്‍ വൈകുന്തോറും ഫണ്ട് സ്വരൂപിക്കലിന് സ്ഥിരനിക്ഷേപ മാര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവരും. ഇതാകട്ടെ ഉദേശിച്ച ഫണ്ട് സമാഹരണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യും.
പോര്‍ട്ട്‌ഫോളിയോ
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള പണം സമാഹരിക്കാന്‍ താഴെ പറയുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ സമന്വയിപ്പിച്ചുള്ള പോര്‍ട്ട്‌ഫോളിയോ ആണ് അഭികാമ്യം.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: financial planning for higher education