മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് പണംമുടക്കുംമുമ്പേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പങ്കാളി ഉണ്ടെങ്കിലും സിംഗിള്‍ മദര്‍ ആണെങ്കിലും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഒരു വലിയ സ്വപ്‌നവും ലക്ഷ്യവുമാണ്. നമ്മില്‍ ഭൂരിഭാഗം പേരും മികച്ച  സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കഴിയുമെങ്കില്‍ അവരെ എന്‍ജിനീയറിംഗിനോ എം.ബി.ബി.എസിനോ വിടണം എന്നുതന്നെയാണ് പലരുടെയും തീവ്രമായ ആഗ്രഹം. നമുക്ക് എത്താത്ത ജീവിതത്തിലെ ഉയരങ്ങളിലേക്ക് മക്കളെ എത്തിക്കണം... ഇത് ഒരു വിഭാഗം മാതാപിതാക്കളുടെ കാര്യം. ഇനി മറ്റൊരു വിഭാഗമുണ്ട്. അവര്‍ മക്കളില്‍ നിന്ന് മറ്റൊന്നുകൂടി പ്രതീക്ഷിക്കുന്നു. പഠിച്ച് എത്രയും വേഗം ഒരു ജോലി നേടി കുടുംബത്തിന് ഒരു കൈത്താങ്ങാകുക. അതുകൊണ്ട് മക്കളുടെ ഉന്നത വിദ്യാഭ്യാസം പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. അവരില്‍ നിന്ന് തിരിച്ച് അവരുടെ ഏതു പ്രായത്തിലാണ് നിങ്ങള്‍ ഒരു സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നത് എന്നത്.

അവര്‍ക്ക് ജീവിതത്തില്‍ എത്താവുന്നത്രയും ഉയരങ്ങളിലെത്താന്‍ നിങ്ങള്‍ക്ക് അവരെ എത്രകാലം വരെയും സാമ്പത്തികമായി സഹായിക്കാന്‍ കഴിയുമെങ്കില്‍ അതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസം അവര്‍ക്കായി നല്‍കാം. പ്ലസ് ടു കഴിഞ്ഞ് ഗ്രാജുവേഷന്‍ കേരളത്തിലെയോ ഇന്ത്യയിലെയോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് നേടാം. അതുകഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷനും പി.എച്ച്.ഡിയും വിദേശത്തെ സര്‍വകലാശാലകളില്‍ നിന്ന് നേടാം. അതിനാവശ്യമായ ഫണ്ടിനായി പ്ലാന്‍ ചെയ്യാം. വിദേശങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യസത്തിനുള്ള പണം കണ്ടെത്താന്‍ പാര്‍ട് ടൈം ജോലികള്‍ ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് അത്തരമൊരു സംസ്‌കാരമില്ല. കേരളത്തില്‍ പ്രത്യേകിച്ചും. കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് ഇവിടെ. മാത്രമല്ല സര്‍ക്കാരും അതിന് നിരവധി സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്. കുട്ടികള്‍ മെറിറ്റില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുകയാണെങ്കില്‍ മാതാപിതാക്കളുടെ ഭാരം കുറയും.

മക്കളുടെ പഠനത്തിന് താഴെപറയുന്ന ഏതവസ്ഥയിലുള്ള രക്ഷിതാക്കളാണ് നിങ്ങളെന്ന് സ്വയം വിലയിരുത്തുക.

  1. പഠിക്കാനും ജോലി കണ്ടെത്താനും എത്രകാലം വരെയും സാമ്പത്തികമായി സഹായിക്കാന്‍ കഴിയും.
  2. പരമാവധി ഗ്രാജുവേഷന്‍, പോസ്റ്റുഗ്രാജുവേഷന്‍ വരെ പഠിപ്പിക്കാം.
  3. പരമാവധി ഗ്രാജുവേഷന്‍ വരെ പഠിപ്പിക്കാം. പിന്നെ ജോലികിട്ടുന്നതുവരെ സാമ്പത്തികമായി സഹായിക്കാം.
  4. പരമാവധി ഗ്രാജുവേഷന്‍ വരെ പഠിപ്പിക്കാം. പഠിച്ച ഉടനെ ഏതെങ്കിലും ജോലി കണ്ടെത്തി തിരിച്ച് കുടുംബത്തെ സഹായിക്കണം.

ഈ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ ഉന്നതവിദ്യാഭ്യാസത്തിനായി എങ്ങനെ നിക്ഷേപം പ്ലാന്‍ ചെയ്യാമെന്ന് നോക്കാം

1. പഠിക്കാനും ജോലി കണ്ടെത്താനും എത്രകാലം വരെയും സാമ്പത്തികമായി സഹായിക്കാന്‍ കഴിയും

പഠിക്കാനും ജോലി കണ്ടെത്താനും എത്രകാലം വരെയും സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന അവസ്ഥയിലാണെങ്കില്‍ അതിനനുസരിച്ചുള്ള പ്ലാനര്‍ ഉണ്ടാക്കണം. മെറിറ്റില്‍ അഡ്മിഷന്‍ കിട്ടുന്നില്ല എങ്കില്‍ വന്‍തുക ഡൊണേഷന്‍ നല്‍കേണ്ടിവരും. അതിനുള്ള കരുതലും വേണം.

2. പരമാവധി ഗ്രാജുവേഷന്‍, പോസ്റ്റുഗ്രാജുവേഷന്‍ വരെ പഠിപ്പിക്കാം

പരമാവധി ഗ്രാജുവേഷന്‍, പോസ്റ്റുഗ്രാജുവേഷന്‍ വരെ പഠിപ്പിക്കാം എന്നതാണ് തീരുമാനമെങ്കില്‍ അതിനുള്ള ഫണ്ട് ഉണ്ടാക്കാന്‍ കഴിയുമോ എന്ന് വിലയിരുത്തണം. ഫണ്ട് ഉണ്ടാക്കാന്‍ കഴിയില്ല എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ കുട്ടി നന്നായി പഠിച്ച് മെറിറ്റില്‍ പ്രവേശനം നേടിയാല്‍ മാത്രം പോസ്റ്റ് ഗ്രാജുവേഷന് വിടാം എന്നു തീരുമാനിക്കുക. അല്ലെങ്കില്‍ ഗ്രാജുവേഷന്‍ കഴിഞ്ഞ് ജോലിചെയ്തു പണമുണ്ടാക്കിയശേഷം പി.ജിക്കു പോകുന്ന സാധ്യതയും പരിഗണിക്കാം.

3. പരമാവധി ഗ്രാജുവേഷന്‍ വരെ പഠിപ്പിക്കാം. പിന്നെ ജോലികിട്ടുന്നതുവരെ സാമ്പത്തികമായി സഹായിക്കാം.

പരമാവധി ഗ്രാജുവേഷന്‍ വരെ പഠിപ്പിക്കാം. പിന്നെ ജോലികിട്ടുന്നതുവരെ സാമ്പത്തികമായി സഹായിക്കാം എന്നാണ് തീരുമാനമെങ്കില്‍ കുട്ടിയെ നന്നായി പഠിക്കാനുള്ള പ്രോത്സാഹനം ചെറിയ ക്ലാസുമുതലേ നല്‍കിത്തുടങ്ങണം. നിങ്ങളുടെ ജോലിക്കിടയില്‍ സമയം കണ്ടെത്തി കുട്ടിയെ പഠനത്തില്‍ സഹായിക്കാനും പരിശ്രമിക്കണം.

4. പരമാവധി ഗ്രാജുവേഷന്‍ വരെ പഠിപ്പിക്കാം. പഠിച്ച ഉടനെ ഏതെങ്കിലും ജോലി കണ്ടെത്തി തിരിച്ച് കുടുംബത്തെ സഹായിക്കണം.

പഠിച്ച ഉടനെ ഏതെങ്കിലും ജോലി കണ്ടെത്തി തിരിച്ച് കുടുംബത്തെ സഹായിക്കണം എന്ന അവസ്ഥയിലാണ് നിങ്ങളുടെ സാമ്പത്തിക അവസ്ഥയെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് ജോലി കിട്ടാന്‍ സഹായിക്കുന്ന പ്രൊഫഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് അതുവേണം പഠിപ്പിക്കാന്‍.  കുറച്ചുകാലം ജോലിചെയ്ത് ആവശ്യത്തിന് പണം സമ്പാദിച്ചശേഷം തുടര്‍ പഠനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം കുട്ടിയെ നേരത്തെ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതും നല്ലതാണ്.

ഇതില്‍ ഏതുവിഭാഗത്തിലുള്ളയാളാണ് നിങ്ങളെന്ന് കണ്ടെത്തിയാല്‍ അതിനനുസരിച്ചുള്ള പ്ലാനിങ് ആരംഭിക്കണം. തല്‍ക്കാലം ഒരു കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഉണ്ടാക്കാം. അതിന്റെ ഒരു മാതൃക താഴെ കൊടുക്കുന്നു. ഇതനുസരിച്ച് ഓരോന്നിലേക്കും എത്ര തുക, എത്രകാലം എന്നെല്ലാം രേഖപ്പെടുത്തി നോക്കാം.

(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, email: jayakumarkk8@gmail.com) 

Content Highlights: financial planning for children's education