നനഞ്ഞ മുടിക്കെട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നറിയാമോ?

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

നനഞ്ഞ മുടി കെട്ടിവെക്കുന്ന ശീലം പലർക്കുമുള്ളതാണ്. രാവിലത്തെ തിരക്കുകൾക്കിടയിൽ മുടി ഉണക്കാനോ അതിനെ ശ്രദ്ധിക്കാനോ സമയം കിട്ടാത്തതുതന്നെയാണ് പ്രധാനകാരണം. നീണ്ടമുടി അഴിച്ചിടുമ്പോഴുള്ള അസ്വസ്ഥത ഒഴിവാക്കാൻ കെട്ടിവെക്കുന്നവരാണ് കൂടുതലും, അത് നിവർത്തിയിട്ട് ഉണക്കാൻ ശ്രമിക്കാറില്ല. പക്ഷേ, നിസ്സാരമായ ഈ ശീലം നിങ്ങൾപോലും അറിയാതെ ഒരുപക്ഷേ മുടിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാവാം. നനഞ്ഞ മുടി കെട്ടുന്നത് ശിരോചർമ്മത്തിനും മുടിയിഴകൾക്കും ദോഷകരമാകുമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്.

മുടി നനഞ്ഞിരിക്കുമ്പോൾ, അത് ഏറ്റവും ദുർബലമായ അവസ്ഥയിലായിരിക്കും. ഈ ഘട്ടത്തിൽ, മുടി എളുപ്പത്തിൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇത്രയും ദുർബലമായ അവസ്ഥയിലുള്ള മുടി മുറുക്കി കെട്ടുന്നത് മുടിക്ക് അമിതമായ സമ്മർദ്ദമേൽപ്പിക്കാനും അറ്റം പിളരാനും ചുരുണ്ടുപോകാനും കാരണമാകും. കാലക്രമേണ മുടിയുടെ ബലം കുറയ്ക്കുകയും ചെയ്യും. സമയം ലാഭിക്കാനുള്ള ഈ എളുപ്പവഴി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്.

ദീർഘകാല പ്രത്യാഘാതങ്ങൾ

ഈർപ്പം മുടിയുടെ വേരുകളിൽ തങ്ങിനിൽക്കുമ്പോൾ അവിടെ ബാക്ടീരിയകളും ഫംഗസുകളും വളരാനിടയാവുന്നു. അണുബാധകൾക്കും ചൊറിച്ചിൽ, താരൻ,  തുടങ്ങി ശിരോചർമ്മത്തിലെ മറ്റ് പ്രശ്നങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു.

ദീർഘനേരം നനഞ്ഞിരിക്കുന്നത് ശിരോചർമ്മത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും

സെബോറിക് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ സോറിയാസിസ് പോലുള്ള പ്രശ്നങ്ങൾ വർധിപ്പിക്കാൻ കാരണമാകും. സ്ഥിരമായി മുടി മുറുക്കി കെട്ടുന്നത് മുടി കൊഴിച്ചിലിന് കാരണമാകും

എങ്ങനെ സംരക്ഷിക്കാം?

  • കുളി കഴിഞ്ഞ് മുടിയുണക്കാൻ സമയം കണ്ടെത്തുന്നത് ദിനചര്യയുടെ ഭാഗമാക്കുക.
  • പറ്റുമ്പോഴെല്ലാം മുടി അഴിച്ചിട്ട് സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക.
  • മുടി പരുത്ത തുണികൊണ്ട് ഉരയ്ക്കുമ്പോഴുള്ള സമ്മർദം ഒഴിവാക്കാൻ മൈക്രോ ഫൈബർ ടവലോ കോട്ടണോ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം.
  • മുടി കെട്ടുകയാണെങ്കിൽ, വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന ഹെയർ റാപ്പുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാം.
  • കെട്ടുകൾ കളയാൻ പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കുക.
  • നനഞ്ഞ മുടിയിൽ ലീവ്-ഇൻ കണ്ടീഷണറുകളും സെറമുകളും ഉപയോഗിക്കുന്നത് മുടിയിഴകളെ ബലപ്പെടുത്താൻ സഹായിക്കും.
  • ഡ്രയർ ചൂടു പരിമിതപ്പെടുത്തി ഉപയോഗിക്കാൻ ശ്രമിക്കുക, സ്ഥിരമായി ഉപയോഗിക്കുന്നത് ശിരോചർമത്തെ ബാധിച്ചേക്കും.

(പൊതുവായ വിവരങ്ങളാണിവ, വിദഗ്ധവിവരങ്ങൾക്ക് ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi