നിക്ഷേപത്തിലെ ആദായം കൃത്യമായി കണക്കാക്കാം

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

നിക്ഷേപത്തില്‍നിന്ന് 120 ശതമാനം ആദായം ലഭിച്ചതായി മോഹന്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. പോര്‍ട്ട്‌ഫോളിയോ കാണിച്ചപ്പോഴാണ് റിട്ടേണ്‍ കണക്കുകളിലെ വാസ്തവം ബോധ്യമായത്. യഥാര്‍ഥത്തില്‍ അത് വാര്‍ഷിക റിട്ടേണ്‍(CAGR)ആയിരുന്നില്ല, കേവല വരുമാന(Absolute Return) മായിരുന്നു.  ഇവ തമ്മില്‍ ആനയും ചേനയും തമ്മിലുള്ള വ്യത്യാസമുണ്ട്!

മൊത്തം ആദായം (Absolute Return)
നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന മൊത്തം വരുമാനമാണ് ആബ്‌സല്യൂട്ട് റിട്ടേണ്‍. നിക്ഷേപ കാലയളവിന് ഇവിടെ പ്രസക്തിയില്ല. ഉദാഹരണത്തിന്, ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ നിക്ഷേപ തുക ഒന്നര ലക്ഷമായി. 50,000 രൂപയാണ് നേട്ടം. ഇവിടെ കണക്കാക്കിയിട്ടുള്ള നേട്ടം 50 ശതമാനമാണ്.

വാര്‍ഷികാദായം (CAGR)
ദീര്‍ഘ കാലയളവിലെ റിട്ടേണ്‍ കണക്കാക്കാന്‍ സി.എ.ജി.ആര്‍ ആണ് പരിഗണിക്കുക. അതായത് ഓരോ വര്‍ഷവും ലഭിക്കുന്ന ആദായത്തിന്മേല്‍ കൂട്ടുപലിശയുടെ നേട്ടംകൂടി ചേര്‍ത്താണ് വാര്‍ഷികാദായം കണക്കാക്കുക. ബാങ്ക് നിക്ഷേപം, മ്യൂച്വല്‍ ഫണ്ടിലെ ഒറ്റത്തവണ(ഘൗാുൗൊ) നിക്ഷേപം എന്നിവ വാര്‍ഷികാദായത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കാം. രണ്ടോ, അഞ്ചോ, പത്തോ വര്‍ഷ കാലയളവുകളില്‍ 15 ശതമാനം ആദായം നല്‍കിയതായി കാണുമ്പോള്‍ എല്ലാവര്‍ഷവും ഇത്രയും റിട്ടേണ്‍ നല്‍കിയെന്ന് കരുതേണ്ടതില്ല. മ്യൂച്വല്‍ ഫണ്ടിലോ ഓഹരിയിലോ ആണ് നിക്ഷേപമെങ്കില്‍ ചില വര്‍ഷങ്ങളില്‍ നെഗറ്റീവ് റിട്ടേണും ലഭിച്ചിട്ടുണ്ടാകാം. 

ഒന്നര ലക്ഷം രൂപയുടെ ഉദാഹരണം നോക്കാം. സി.എ.ജി.ആര്‍ പ്രകാരം മൂന്നു വര്‍ഷ കാലയളവിലാണെങ്കില്‍ 14.47 ശതമാനവും അഞ്ച് വര്‍ഷ കാലയളവിലാണെങ്കില്‍ 8.45 ശതമാനവുമാണ്. ആബ്‌സല്യൂട്ട് റിട്ടേണ്‍ 50 ശതമാനമാണല്ലോ.
 
എങ്ങനെ കണക്കാക്കാം
നിലവിലെ മൂല്യത്തെ നിക്ഷേപിച്ച തുകകൊണ്ട് ഹരിച്ച് അതിന്റെ 1/N (N-എത്ര വര്‍ഷമെന്ന് സൂചിപ്പിക്കുന്നു) ഘാതം(Exponent) കാണണം. കിട്ടിയ തുകയില്‍നിന്ന് ഒന്നു കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യയെ 100 കൊണ്ട് ഗുണിച്ചാല്‍ ലഭിക്കുന്ന ശതമാനമാണ് സി.എ.ജി.ആര്‍.
(എളുപ്പത്തില്‍ കണക്കുകൂട്ടാന്‍ ഓണ്‍ലൈനിലെ സി.എ.ജി.ആര്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക).

എക്‌സ്.ഐ.ആര്‍.ആര്‍.
എക്‌സറ്റന്റഡ് ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എക്‌സ്.ഐ.ആര്‍.ആര്‍. മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍, സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ തുടങ്ങിയവയിലെ നിക്ഷേപത്തിനാണ് ഈ ആദായക്കണക്ക് അനുയോജ്യം.
ഉദാഹരണത്തിന് 1,000 രൂപ വീതം 13 മാസം നിക്ഷേപിച്ചുവെന്ന് കരുതുക. കാലാവധിയെത്തുമ്പോള്‍ 14,500 രൂപയാണ് ലഭിച്ചത്. 13,000 രൂപയുടെ നിക്ഷേപത്തില്‍നിന്ന് 1,500 രൂപയുടെ നേട്ടം. വ്യത്യസ്ത കാലയളവിലെ നിക്ഷേപമായതുകൊണ്ട് കൃത്യമായി കണക്കാക്കാന്‍ എക്‌സ്.ഐ.ആര്‍.ആര്‍ ആണ് അനുയോജ്യം. അതായത്, ആദ്യം നടത്തിയ 1,000 രൂപക്ക് വളരാന്‍ 12 മാസം ലഭിച്ചു. എന്നാല്‍ 13ാമത്തെ മാസത്തെ 1,000 രൂപയ്ക്കാകട്ടെ സമയം ലഭിച്ചതുമില്ല. മൊത്തം നിക്ഷേപത്തിന് ലഭിച്ച കാലയളവിന്റെ ശരാശരിയെടുത്താണ് ഈ ഫോര്‍മുല വഴി ആദായം കണക്കാക്കുന്നത്. ഇതുപ്രകാരം 19.8 ശതമാനമാണ് ലഭിച്ച റിട്ടേണ്‍.
 

Content Highlights: cagr calculator how to calculate profit from investments