സൊമാറ്റോയുടെ ഉടമയാണെന്ന് അറിയാതെ ആ മെക്‌സിക്കന്‍ മോഡല്‍ പ്രണയിച്ചു

ഒരു ഹിന്ദി ഷോയില്‍ അതിഥികളായെത്തിയപ്പോഴാണ് സൊമാറ്റോ സഹസ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍ വീണ്ടും വിവാഹിതനായ കാര്യം ആളുകളറിയുന്നത്. മെക്‌സിക്കോയില്‍നിന്നുള്ള മോഡലും സംരംഭകയുമായ ഗ്രേസ്യ മുനോസ് ആണ് ദീപിന്ദറിന്റെ ഭാര്യ. ഫെബ്രുവരി 24-നാണ് ഇരുവരും വിവാഹിതരായത്. ഇന്‍സ്റ്റഗ്രാം ബയോയില്‍ 'ഇന്ത്യയിലെ വീട്ടില്‍' എന്ന് ഗ്രേസ്യ സൂചിപ്പിച്ചതോടെയാണ് അവര്‍ വിവാഹിതരായെന്ന ഗോസിപ്പുകള്‍ പരക്കുന്നത്. പുറകെ ഡല്‍ഹി ട്രിപ്പിലെ കുറേ ചിത്രങ്ങള്‍ ഗ്രേസ്യ പങ്കുവെക്കുകയും ചെയ്തു. ഒരു അവാര്‍ഡ് ചടങ്ങില്‍ ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം എല്ലാവരുമറിയുന്നത്.
മെക്‌സിക്കോയില്‍ അറിയപ്പെടുന്ന മോഡലാണ് ഗ്രേസ്യ. 2022-ല്‍ മെട്രോപൊളിറ്റന്‍ ഫാഷന്‍ വീക്കില്‍ മികച്ച മോഡലായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുപിന്നാലെ സംരംഭകത്വത്തിലേക്ക് തിരിഞ്ഞു അവര്‍. ലക്ഷ്വറി ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌റ്റോര്‍. അതിനിടയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഒരു സുഹൃത്തുവഴിയാണ് ദീപിന്ദര്‍ ഗ്രേസ്യയെക്കുറിച്ച് അറിയുന്നത്. ''കുറേക്കാലം ഞാന്‍ സിംഗിളായിരുന്നു. അന്നൊക്കെ പലപ്പോഴും ഡേറ്റിങ്ങിനായി സുഹൃത്തുക്കള്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു. ഏകദേശം അതേ സമയത്താണ് ഗ്രേസ്യ ഡല്‍ഹിയിലെത്തുന്നത്. നാടുകാണാനായി വന്നതാണ്. ഒരു സുഹൃത്തെന്നെ വിളിച്ചുപറഞ്ഞു, 'ഇവിടെയൊരു പെണ്‍കുട്ടിയുണ്ട്. നീ അവരെയൊന്ന് കാണണം. ഇത് വിവാഹത്തിലുമെത്തും, ഉറപ്പ്'. അങ്ങനെ ഗ്രേസ്യയെ കണ്ടു''.
''ആദ്യ കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ക്കിടയില്‍ ഒരു കെമിസ്ട്രിയുണ്ടെന്ന് അപ്പോള്‍ത്തന്നെ തോന്നി. അവള്‍ക്ക് യോഗയെക്കുറിച്ച് നല്ല ധാരണയാണ്. അതിനെക്കുറിച്ച് സഹായമാവശ്യപ്പെട്ട് പിറ്റേദിവസം ഞാന്‍ വീണ്ടും ഗ്രേസ്യയെ കണ്ടു. അന്നൊരുമിച്ച് ഭക്ഷണം കഴിച്ചു''. ആ സൗഹൃദം കുറേ മുന്നോട്ടുപോയി.
''അവള്‍ ഇന്ത്യയില്‍ ആദ്യമായി വരുന്നതല്ലേ. അതുകൊണ്ട് സൊമാറ്റോയെ കുറിച്ചൊന്നും അറിയില്ലായിരുന്നു. നാലുമാസത്തോളം അതിനെക്കുറിച്ച് അവളോട് പറഞ്ഞതുമില്ല''. അതിനിടയിലെപ്പോഴോ ഒരുമിച്ച് ജീവിച്ചാലോ എന്നവര്‍ക്ക് തോന്നി. ''പരസ്പരം മനസ്സിലാക്കിയപ്പോള്‍ വിവാഹിതരായാലോ എന്ന ചിന്തയിലെത്തി. ഒരുദിവസം മൂന്നുമണിക്കൂറോളം ഞങ്ങള്‍ പരസ്പരം തമാശയ്ക്ക് അഭിമുഖം നടത്തി''.
2024 ആദ്യമാസങ്ങളിലാണ് ഗ്രേസ്യ പിന്നീട് ഇന്ത്യയിലേക്കെത്തുന്നത്. ജോലിയും സ്വന്തം നാടും ഉപേക്ഷിച്ചായിരുന്നു ഇക്കുറി ഗ്രേസ്യയുടെ വരവ്. അധികം വൈകാതെ വിവാഹിതരായി. ഗ്രേസ്യ എന്ന പേരുമാറ്റി, ജിയ ഗോയല്‍ എന്നാക്കി. ഭര്‍ത്താവിന്റെ ബിസിനസ്സിലും സജീവമാണ് അവര്‍. കഴിഞ്ഞമാസം ഇരുവരും ഫുഡ് ഡെലിവറിക്കായി ഇറങ്ങിയ സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ദീപിന്ദറിന്റെ രണ്ടാമത്തെ വിവാഹമാണിത്. കാഞ്ചന്‍ ജോഷിയായിരുന്നു ആദ്യഭാര്യ. പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. പരിചയം പ്രണയത്തിലുമെത്തി. 2007-ല്‍ വിവാഹിതരായി. 2013-ല്‍ ഒരു മകള്‍ ജനിക്കുകയും ചെയ്തു. പിന്നീടെപ്പോഴാണ് വിവാഹമോചിതരായതെന്ന് വ്യക്തമല്ല.
Content Highlights: zomato owner deepinder goyal about his love life