ബോളിവുഡ് താരം ഷാരൂഖ് ഖാൻ എവിടെച്ചെന്നാലും വലിയൊരു കൂട്ടം ആരാധകർ അദ്ദേഹത്തെ പൊതിയാറുണ്ട്. ഷാരൂഖിനെ നേരിട്ടു കാണണമെന്ന് അടങ്ങാത്ത ആഗ്രഹം കൊണ്ടുനടക്കുന്നവർ നിരവധിയാണ്. എളുപ്പമൊന്നും അതു സാധിക്കാറില്ലെന്നതാണ് സത്യം.

To advertise here,

അടുത്തിടെ ഒരു ആരാധകൻ ഷാരൂഖിനെ കാണാൻ നടത്തിയ സാഹസികസംഭവമാണിവിടെ പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശുഭം പ്രജാപത്, സൊമാറ്റോ ഡെലിവറി ബോയിയായി വേഷംമാറി സൂപ്പർതാരത്തിൻ്റെ വസതിയായ മന്നത്തിലേക്ക് ഒളിച്ചുകടക്കാനും അദ്ദേഹത്തെ കാണാനും ഒരു ശ്രമം നടത്തി. ഓരോ നീക്കങ്ങളും വീഡിയോയിൽ പകർത്തുകയും ചെയ്തു. ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയുടെ തുടക്കത്തിൽ, ശുഭം മന്നത്തിന് പുറത്ത് കാത്തുനിൽക്കുകയും, ഷാരൂഖ് ഖാനെ കാണുകയെന്നത് തൻ്റെ സ്വപ്നമാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിടാതിരുന്നപ്പോഴാണ് അദ്ദേഹം ഒരു വിചിത്രമായ പദ്ധതി ആസൂത്രണം ചെയ്തത്.

സൊമാറ്റോയിൽ നിന്ന് രണ്ട് കോൾഡ് കോഫി ഓർഡർ ചെയ്തു - ഒന്ന് തനിക്കും മറ്റേത് ഷാരൂഖിനും. അതുമായി യഥാർഥ ഡെലിവറി ബോയ് എത്തിയപ്പോൾ, ഓർഡർ സ്വയം കൊണ്ടുപോയി നൽകാനായി ശുഭം അയാളെ പറഞ്ഞ് സമ്മതിപ്പിക്കുകയും ഡെലിവറി ബാഗ് കൈക്കലാക്കുകയും ചെയ്തു.

തോളിൽ ബാഗുമായി, ഓർഡർ ഡെലിവറി ചെയ്യാനെന്ന മട്ടിൽ ശുഭം ആത്മവിശ്വാസത്തോടെ പ്രധാന ഗേറ്റിലേക്ക് നടന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ മടക്കി അയക്കുകയും സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രഹസ്യ പിൻവാതിൽ വഴി ശ്രമിക്കാൻ പറയുകയും ചെയ്തു. ഇത്തവണ അവസരം ലഭിക്കുമെന്ന് കരുതിയ ശുഭം വേഗത്തിൽ പിൻവാതിലിലേക്ക് ഓടി.

അവിടെ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനോടും അദ്ദേഹം തൻ്റെ കോഫി ഡെലിവറിയുടെ കഥ ആവർത്തിച്ചു, ഒരുപക്ഷേ, അത് ഷാരൂഖ് ഖാനുള്ള ഒരു സമ്മാനമായിരിക്കാമെന്ന് വാദിക്കുകയും ചെയ്തു. എന്നാൽ ഓർഡർ ചെയ്തയാളെ ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശുഭത്തിന് ഉത്തരമില്ലായിരുന്നു. 'ഷാരൂഖ് ഖാൻ ഒരു ഫോൺ കോൾ ചെയ്താൽ, എല്ലാ കോഫി നിർമാതാക്കളും അദ്ദേഹത്തിന് മുന്നിൽ നൃത്തം ചെയ്യും' എന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ അപ്പോൾ തമാശയായി പറയുകയും ചെയ്തു.

അതേസമയം, മന്നത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നടനും കുടുംബവും താൽക്കാലികമായി അവിടെനിന്ന് താമസം മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വീഡിയോ പുതിയതല്ലെന്നാണ് അനുമാനം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi