പുരുഷന്റെ നഗ്നത സ്ത്രീ പകര്‍ത്തിയാലെന്താ? പോലീസിനോട് മറുചോദ്യം ചോദിച്ച ഷൈജ

"മരിച്ചുകഴിഞ്ഞാല്‍ പിന്നെ വെറും ശരീരമാണ്...അതിനെ പേടിക്കുന്നതെന്തിനാണ് ?" ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫര്‍ ആയ ഷൈജയുടെ വാക്കുകളാണിത്. അസ്വാഭാവിക മരണങ്ങള്‍ ഭയപ്പെടുത്തുന്ന കാഴ്ച തന്നെയാണ്. തൂങ്ങിമരണങ്ങളും കൊലപാതകങ്ങളും ഉറക്കം കെടുത്തുന്ന അനുഭവമാണ് പലര്‍ക്കും. ഇങ്ങനെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന ജോലിയാണെങ്കിലോ ? ചിന്തിക്കാനേ വയ്യ! ആലപ്പുഴ ചെറുകോല്‍ സ്വദേശിയായ ഷൈജ തമ്പി ഈ മേഖലയിലെ വിദഗ്ധയായ വനിതാ ഫോട്ടോഗ്രാഫര്‍ ആണ്. ഫോട്ടോഗ്രാഫര്‍ ആകുക എന്ന ആഗ്രഹവും സ്വപ്‌നംകണ്ട് നടന്ന ആ പെണ്‍കുട്ടി ഒട്ടുമിക്ക ഫോട്ടോഗ്രാഫര്‍മാരെയുംപോലെ ആദ്യം കല്യാണപരിപാടികളും പൊതുപരിപാടികളും പകര്‍ത്തുന്നതില്‍ മാത്രം ഒതുങ്ങിനിന്നു. പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരന്റെ അപകടമരണമാണ് ഷൈജയുടെ കരിയര്‍ മാറ്റിമറിച്ചത്. തുടര്‍ന്ന് അസ്വാഭാവിക മരണങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം ഷൈജയ്ക്ക് വിളിയെത്തി. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫിയില്‍ വൈദഗ്ധ്യം തെളിയിച്ച് മുന്നേറുന്ന ഷൈജ തന്റെ അനുഭവങ്ങളും ജീവിതവും പറയുന്നു
നിനക്ക് ഫോട്ടോയെടുക്കാന്‍ പറ്റുമോ ?
എനിക്ക് ചെറുപ്പത്തിലേയുള്ള രണ്ട് ആഗ്രഹങ്ങളാണ് ഫോട്ടോഗ്രാഫര്‍ ആകുക, അല്ലെങ്കില്‍ ഒരു ആംബുലന്‍സ് ഡ്രൈവറാകുക. നൂറനാടുള്ള ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. തീര്‍ത്തും സാധാരണമായ അന്തരീക്ഷത്തിലാണ് വളര്‍ന്നതൊക്കെ. അച്ഛനും അമ്മൂമ്മയും കൂടിയാണ് എന്നെ വളര്‍ത്തിയത്. കുറെ വിലക്കുകള്‍ക്കിടയില്‍ നിന്നാണ് എന്റെ ആഗ്രഹങ്ങള്‍ക്കായി പരിശ്രമിച്ചത്. സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതുപോലും 32 വയസിലാണ്. കായംകുളം എം.എസ്. എം. കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പത്രത്തില്‍ ഞാനൊരു പരസ്യം കണ്ടത്. കായംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ആറുമാസത്തെ ഒരു ഫോട്ടോഗ്രാഫി കോഴ്‌സ് ആരംഭിക്കുന്നു. അപേക്ഷിച്ചു. അങ്ങനെ ഇന്റര്‍വ്യൂന് വിളിച്ചു. തയ്യല്‍ കോഴ്‌സിന്റെയും ഫോട്ടോഗ്രാഫിയുടെയും ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. ഫോട്ടോഗ്രാഫി പഠിക്കാന്‍ വന്നവരുടെ കൂട്ടത്തിലാണ് നിന്നത്. എല്ലാവരും ആണ്‍കുട്ടികളാണ്. എന്നെ കണ്ട് അവിടുത്തെ പ്യൂണ്‍ വന്ന് തയ്യലിന്റെ ക്യൂ ചൂണ്ടി പറഞ്ഞു : ' മോള്‍ക്കുള്ള ക്യൂ അതാണ്.' അപ്പോള്‍ ഞാന്‍ 'ഇതാണ് എനിക്ക് പഠിക്കേണ്ട കോഴ്‌സ്' എന്ന് പറഞ്ഞു. അയാള്‍ ഒരുമാതിരി നോട്ടം നോക്കി തിരിച്ചുപോയി.
ഇന്റര്‍വ്യൂ പാനലില്‍ ഉള്ളവര്‍ക്കും അതേ മുഖമായിരുന്നു. 'നിനക്ക് ഫോട്ടോയൊക്കെ എടുക്കാന്‍ പറ്റ്വോ ? ' എന്ന് ചോദിച്ചു. ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അങ്ങനെ അവിടെ സീറ്റ് കിട്ടി. പതിനേഴ് ആണ്‍പിള്ളേരും ഞാനും. വീട്ടില്‍നിന്ന് ഒരുപാട് ദൂരമുണ്ട്. മൂന്ന് ബസ് കേറിയാലേ എത്തുകയുള്ളൂ. അതൊന്നും പക്ഷേ എന്നെ പിന്തിരിപ്പിച്ചില്ല. ഡിഗ്രി ഫൈനല്‍ ഇയര്‍ ആണ് ഞാനപ്പോള്‍. ഫോട്ടോഗ്രാഫി കോഴ്‌സ് ഉച്ചവരെയാണ്. വീട്ടില്‍ പറയാതെയാണ് കോഴ്‌സിന് ചേര്‍ന്നത്. എല്ലാ പ്രതിസന്ധികളും മറികടന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി. നല്ല മാര്‍ക്കോടെ ഞാന്‍ ജയിച്ചു. ഇക്കാര്യം വീട്ടില്‍ വന്നുപറഞ്ഞു. ഒരു ഭൂകമ്പമാണ് ഞാന്‍ പ്രതീക്ഷിച്ചത്. അവര്‍ക്ക് അത്ഭുതമായിരുന്നു. വേറെ കുഴപ്പങ്ങളൊന്നുമുണ്ടായില്ല. എന്താണ് അടുത്ത പരിപാടിയെന്ന് അച്ഛന്‍ ചോദിച്ചു. എനിക്കൊരു ക്യാമറ വേണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്റെ കൈയില്‍ കാശൊന്നുമില്ല. എന്നെ കല്യാണം കഴിപ്പിച്ചയക്കാന്‍ വേണ്ടി സൂക്ഷിച്ചുവച്ചിരുന്ന സ്വര്‍ണ്ണത്തില്‍നിന്ന് രണ്ട് വള എടുത്ത് അച്ഛന്‍ പണയംവെച്ചു, ക്യാമറ വാങ്ങിത്തന്നു. അച്ഛന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഫോട്ടോഗ്രഫി രംഗത്ത് എത്തുമോയെന്ന് പോലുമറിയില്ല.
നിങ്ങളുടെ കൂട്ടത്തില്‍ ആണുങ്ങളാരുമില്ലേ ?
ക്യാമറയുമായി പല സ്ഥലങ്ങളിലും ചുറ്റിനടക്കുന്ന സമയത്താണ് ഒരിടത്ത് വയസായ ഒരു സ്ത്രീ ഓടയില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടനെ ഞാന്‍ ഫോട്ടോയെടുത്തു. അപ്പോഴുണ്ട് അഞ്ചാറാളുകള്‍ വന്ന് എന്നെ വളഞ്ഞു. എന്തിനാ ഫോട്ടോയെടുത്ത് എന്നെല്ലാം ചോദിച്ച് അവര്‍ എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഒരാള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ വന്നു. ആളുകള്‍ കൂടിക്കൂടി വന്നു. പാവമായി നിന്നാല്‍ ഇവര്‍ എന്നെ മാനസികമായി തളര്‍ത്തിക്കളയുമെന്ന് മനസ്സിലായി. ഞാന്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എല്ലാവരും നിശ്ശബ്ദമായി. പിന്നെ എല്ലാവരും ആ സ്ത്രീയെ ആശുപത്രിയിലാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. നോക്കിയപ്പോള്‍ മാലിന്യം ഇടുന്ന വണ്ടിയിലാണ് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഞാന്‍ വീണ്ടും തര്‍ക്കിച്ചു. അങ്ങനെ ഓട്ടോയിലാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. കൂടിനിന്നവരില്‍ ഒരാള്‍ വന്ന് എന്നെ പരിചയപ്പെട്ടു. അയാള്‍ ക്രൈം എന്ന പത്രത്തിലാണ്. ആ സ്ത്രീയുടെ ഫോട്ടോ പത്രത്തില്‍ കൊടുക്കാമെന്ന് പറഞ്ഞു. ഞാന്‍ മറുത്തൊന്നും പറയാതെ ഫോട്ടോ കൊടുത്തു. പിറ്റേന്ന് ക്രൈമില്‍ ഞാനെടുത്ത ഫോട്ടോ അടിച്ചുവരികയും ചെയ്തു. എന്റേതായ അച്ചടിച്ചുവരുന്ന ആദ്യത്തെ ഫോട്ടോ അതായിരുന്നു.
അഞ്ചോ ആറോ മാസം കഴിഞ്ഞാണ് ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫിയിലേക്ക് എത്തുന്നതിന് കാരണമായ സംഭവമുണ്ടാകുന്നത്. എന്റെ പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ വാഹനാപകടത്തില്‍പെട്ട് മരിച്ചു. ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും മറ്റും എന്നെ സമീപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്. അവിടെയെത്തി. ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫി എന്താണെന്ന് എനിക്കറിയില്ല അന്ന്. ഫോട്ടോയെടുക്കാന്‍ എത്തിയത് ഞാനാണെന്ന് കണ്ടപ്പോള്‍ ഒരു പോലീസുകാരന്‍ വന്ന് ദേഷ്യപ്പെട്ട് ചോദിച്ചു : 'നിങ്ങളുടെ കൂട്ടത്തില്‍ ആണുങ്ങളാരുമില്ലേ..? ഇത്തരം ഫോട്ടോസ് പെണ്ണുങ്ങളെടുത്താല്‍ ശരിയാകില്ല.' മറുപടിയായി ഞാന്‍ പറഞ്ഞത് ഇതാണ് : ' സര്‍, ഇതെന്റെ പ്രൊഫഷന്‍ ആണ്. ചെയ്യുന്ന ജോലിക്ക് എനിക്ക് കാശും കിട്ടുന്നുണ്ട്. എന്റെ മുന്നിലുള്ളത് വെറും മൃതദേഹമാണ്. സാറിതിനെ വേറെ അര്‍ഥത്തില്‍ കാണേണ്ടതില്ല.' അതോടെ ആ പോലീസുകാരന്‍ അടങ്ങി. പുരുഷന്റെ നഗ്നശരീരം ഒരു സ്ത്രീ ഫോട്ടോയെടുക്കുന്നത് അയാള്‍ നാണക്കോടായിട്ടാണ് കാണുന്നത്.
പേടിയോ ? ഇതെന്റെ ജോലിയാണ്
എനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ ഒരു സംഭവമുണ്ട്, തലേദിവസം എന്റെ സ്റ്റുഡിയോയില്‍ വന്ന് ഫോട്ടോ എടുത്തുപോയ ഒരാള്‍ പിറ്റേന്ന് തൂങ്ങിമരിച്ചു. ഇന്‍ക്വസ്റ്റിന് പോയത് ഞാനാണ്. രണ്ട് തവണ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് നാട്ടുകാരെയൊക്കെ പേടിപ്പിച്ച ആളാണ്. പുലി വരുന്നേ എന്ന പഴയ കഥയിലെപ്പോലെ. പക്ഷേ ഇത്തവണ അയാള്‍ ശരിക്കും തൂങ്ങി. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. അവര്‍ ഇതുകണ്ട് നിലവിളിച്ചെങ്കിലും പറ്റിക്കുകയാണെന്ന് കരുതി ആരും രക്ഷിക്കാന്‍ എത്തിയില്ല. വളരെ ഡീസന്റ് ആയിട്ടാണ് ഇവന്റെ മരണം. കണ്ണ് തുറന്നിരിക്കുകയോ വായ തുറന്നിരിക്കുകയോ ഒന്നുമില്ല. ചെറിയ വീടാണ്. അടുക്കളയില്‍ ആണ് അവന്റെ മൃതദേഹം കിടത്തിയത്. മൃതദേഹത്തെ കൂടാതെ പോലീസുകാരും വാര്‍ഡ് മെമ്പറും അടങ്ങുന്ന ഫോട്ടോയാണ് എടുക്കേണ്ടത്. അടുക്കളയിലെ പാതകത്തിന്റെ (അടുപ്പിന്റെ ഭാഗം) മുകളില്‍ ഇരുന്നാലേ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഫോട്ടോയെടുക്കാന്‍ പറ്റൂ.
അങ്ങനെ ഞാന്‍ പാതകത്തിനുമേല്‍ കേറിയിരുന്നു. അടുപ്പിന്റെ ഭാഗമാണെങ്കില്‍ ചൂടായിരിക്കുകയാണ്. വേറൊരു വഴിയുമില്ലാതായപ്പോള്‍ അടുപ്പിലേക്ക് വെള്ളം കോരിയൊഴിച്ചു. അതോടെ അടുക്കള മൊത്തം പുക പടര്‍ന്നു. ഒരുവിധത്തിലാണ് ഫോട്ടോ എടുത്തത്. ഇങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു തൂങ്ങിമരണത്തിന്റെ ഫോട്ടോയെടുക്കാന്‍ പോയി. കുടുസ്സുമുറിയിലാണ് തൂങ്ങിനില്‍ക്കുന്നത്. ചെറുപ്പക്കാരനാണ്. മൃതദേഹത്തിന്റെ കഴുത്തിലെയും ഉത്തരത്തിലെയും കുരുക്ക് വരുന്ന വിധത്തില്‍ ഫോട്ടോയെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എങ്ങനെ നോക്കിയിട്ടും വിചാരിച്ചപോലെ ഫോട്ടോ കിട്ടുന്നില്ല. ഒടുവില്‍ മൃതദേഹത്തിന്റെ കാല്‍മുട്ടില്‍ ചാരി നിന്നുകൊണ്ടാണ് ഫോട്ടോ എടുത്തത്.
പൊതുവെ വീടിനടുത്ത് മരണങ്ങള്‍ നടന്നാല്‍ പേടിച്ച് ആ വഴിക്ക് പോകാതിരിക്കുന്ന സ്വഭാവക്കാരിയാണ് ഞാന്‍. മരണത്തെ വല്ലാത്ത പേടിയാണെനിക്ക.് പക്ഷേ മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ പേടിയെല്ലാം പോയി. അവിടെ നമ്മുടെ പേടി എന്നുപറഞ്ഞാല്‍ ഫ്രെയിമിങ്, ലൈറ്റിങ് എന്നിവ ശരിയായി കിട്ടുമോ എന്നാണ്. മറ്റൊന്നിനും അപ്പോള്‍ പ്രസക്തിയില്ല. ഇതെന്റെ വരുമാനമാര്‍ഗമാണ്. ഞാനെന്തിന് പേടിക്കണം ? എപ്പോഴും ഞാന്‍ പോസിറ്റീവ് ആയിട്ടാണ് ചിന്തിക്കുന്നത്. ഒരിക്കലും വെറുതെയിരിക്കാന്‍ എനിക്കിഷ്ടമല്ല. ഗര്‍ഭിണിയായിരിക്കുമ്പോഴും മകനെ പ്രസവിച്ചിരിക്കുമ്പോഴുമെല്ലാം തയ്യല്‍ പോലുള്ള ചെറിയ കാര്യങ്ങളിലേക്ക് ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാന്‍ തുനിയുന്നവരോട് ഞാന്‍ പറയും, നിങ്ങള്‍ വല്ല ആഴക്കടലിലും ചാടാന്‍. അതാകുമ്പോള്‍ ശരീരം തിമിംഗലം തിന്നുപോകുമല്ലോ. മരിക്കുന്നവര്‍ക്കറിയില്ല അവര്‍ മരിച്ചുകഴിഞ്ഞാലുള്ള അവസ്ഥയും വീട്ടുകാരുടെ ബുദ്ധിമുട്ടുകളും. അങ്ങനെ ഒരുപാട് സംഭവങ്ങള്‍ എനിക്ക് കാണേണ്ടിവന്നിട്ടുണ്ട്.
ഫോട്ടോഗ്രാഫര്‍ ആകുക എന്ന മോഹം സഫലമായി. ഇനി ആംബുലന്‍സ് ഓടിക്കണം എന്ന ആഗ്രഹം കൂടിയുണ്ട്. അതിനായി ശ്രമിക്കുന്നുണ്ട്. വൈകാതെ ആ ആഗ്രഹവും നിറവേറ്റും!
Content Highlights: women inquest photographer shyja thampi alappuzha talk her experiences and life incidents