400 കോടി ആസ്തിയുള്ള സംഗീത; ആരാധന പ്രണയമായി മാറിയ സംഗീത-വിജയ് ബന്ധം

വിജയ്, സംഗീത / Pinterest
വിജയ്, സംഗീത / Pinterest

ഇക്കഴിഞ്ഞ ദിവസമാണ് വിവാഹമോചനം ആവശ്യപ്പെട്ട് തമിഴ് സൂപ്പർതാരം വിജയ്യുടെ ഭാര്യ സംഗീത കോടതിയെ സമീപിച്ചെന്ന വാർത്ത പുറത്തുവന്നത്. കുറച്ചുനാളുകളായി വിജയ്യും സംഗീതയും വിവാഹമോചിതരാവാൻ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനെല്ലാം അവസാനം കുറിച്ച് സംഗീതയുടെ വിവാഹമോചനഹർജിയെത്തി.

ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നതാണ് വിവാഹമോചനഹർജിയിലെ ആരോപണം. 2021-ലാണ് ഈ ബന്ധത്തെക്കുറിച്ച് താനറിഞ്ഞതെന്നും അവർ വെളിപ്പെടുത്തുന്നു. അഞ്ചുവർഷത്തിലേറെയായി പിരിഞ്ഞാണ് തങ്ങൾ താമസിക്കുന്നതെന്നും സംഗീത പറയുന്നു.

1999-ലാണ് വിജയ്യും സംഗീതയും വിവാഹിതരാകുന്നത്. ലണ്ടനിൽ താമസിക്കുന്ന ബിസിനസുകാരനായ സ്വർണലിംഗത്തിന്റെ മകളാണ് സംഗീത. ശ്രീലങ്കൻ വംശജരാണ് സംഗീതയുടെ അച്ഛന്റെ കുടുംബം. എന്നാൽ അവർ ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിൽ തന്നെ.

'പൂവേ ഉനക്കാകെ' എന്ന സിനിമ കണ്ടാണ് വിജയ്യോട് ഇഷ്ടം തോന്നുന്നത്. ആ ഇഷ്ടം കൂടിയപ്പോൾ അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം ലണ്ടനിൽനിന്ന് ചെന്നൈ വരെ സംഗീത യാത്ര ചെയ്തു. ഫിലിം സിറ്റിയിൽ ഷൂട്ടിങ്ങിലായിരുന്ന വിജയ്യെ കാണുകയും പരിചയപ്പെടുകയും ചെയ്തു. സംഗീതയുടെ സ്വഭാവം ഇഷ്ടപ്പെട്ട വിജയ് അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും, മാതാപിതാക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ പലപ്പോഴും വിജയ്ക്ക് കത്തുകളെഴുതുകയും ചെയ്തു. സൗഹൃദം അധികം വൈകാതെ പ്രണയത്തിലെത്തി. ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെയായിരുന്നു വിവാഹം.

വിവാഹശേഷവും വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുനിന്നയാളാണ് സംഗീത. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും അവർ പങ്കെടുത്തതേയില്ല. കുടുംബത്തിന്റെ കാര്യവുമായി തിരക്കുകളിലായിരുന്നു അവർ. വിജയ്യുമായി പ്രശ്‌നങ്ങൾ തുടങ്ങിയപ്പോൾ തന്നെ സംഗീത ലണ്ടനിലേക്ക് പോയി. നിലവിൽ കുടുംബബിസിനസ് കൈകാര്യം ചെയ്യുന്നതും അവർ തന്നെ. റിപ്പോർട്ടുകൾ പ്രകാരം 400 കോടിയിലേറെയാണ് അവരുടെ ആസ്തി.

രണ്ടുകുട്ടികളാണ് ഇവർക്കുള്ളത്. വിജയ്യുടെ 'വേട്ടൈക്കാരൻ' എന്ന സിനിമയിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മകൻ ജേസൺ സഞ്ജയ്. മകൾ ദിവ്യ സാഷ, 'തെരി'യിലും അഭിനയിച്ചു. നിലവിൽ 'സിഗ്മ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ജേസൺ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Vijay's wife Sangeetha has reportedly filed for divorce., The reason cited is an alleged extramarital affair by the actor