'ചുട്ടമല്ലെ' എന്ന പാട്ട് തരംഗം തീര്‍ക്കുമ്പോള്‍;'കാവാലയ്യ'യ്ക്കുപിന്നിലും ഈ ശബ്ദം

കൊരട്ടല ശിവ സംവിധാനം ചെയ്ത സിനിമയാണ് 'ദേവര പാര്‍ട്ട്-1'. ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ ചിത്രത്തില്‍, ജാന്‍വി കപൂറിന്റെ ആദ്യ തെലുഗുസിനിമയെന്ന പ്രത്യേകതയുമുണ്ട്.
ചിത്രം ഇറങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ ആളുകളെ കീഴടക്കിയ പാട്ടാണ് അതിലെ 'ചുട്ടമല്ലെ'. ഓഗസ്റ്റിലാണ് പാട്ടിന്റെ ഓഡിയോ പുറത്തിറങ്ങിയത്. പാട്ടിന്റെ വീഡിയോ റിലീസായിട്ട് കുറച്ചുദിവസങ്ങളേ ആയുള്ളൂ. ലിറിക്കല്‍ വീഡിയോ ഇറങ്ങിയപ്പോള്‍ മുതല്‍ സംഗീതാസ്വാദകര്‍ അതേറ്റെടുത്തു. റീലുകളിലും ഈ പാട്ട് ഇടംപിടിച്ചു.
ശില്‍പ റാവുവാണ് ഈ പാട്ട് പാടിയത്. 2005-ലാണ് ശില്‍പ റാവു ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്കുള്ളില്‍ എണ്ണം കുറഞ്ഞ പാട്ടുകളേ അവരുടേതായി പുറത്തിറങ്ങിയിട്ടുള്ളൂ. സയ്യാ രേ, ഗുപ് ചുപ്, ഷാബാഷിയാ, ഗുംഗ്‌റൂ, കളങ്ക്, കൊഞ്ചം ഇഷ്ടം....ഇതൊക്കെ ശില്‍പയുടെ മനോഹരശബ്ദത്തില്‍ പിറന്ന പാട്ടുകളാണ്. 'ജയിലറി'ലെ 'വാ നു കാവാലയ്യ' എന്ന പാട്ട് തെന്നിന്ത്യയില്‍ അവര്‍ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഹിന്ദി, തെലുഗു, തമിഴ്, ബംഗാളി, മലയാളം, ഗുജറാത്തി എന്നീ ഭാഷകളിലാണ് അവര്‍ പ്രധാനമായും പാടിയിട്ടുള്ളത്.
ശില്‍പ റാവുവിന്റെ മാതാപിതാക്കള്‍ ആന്ധ്രാസ്വദേശികളാണ്. ''എന്റെ കുടുംബം കാരണമാണ് ഞാന്‍ ഗായികയായത്. എനിക്ക് ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു പ്ലാനുമുണ്ടായിരുന്നില്ല. അവരുടെ ആഗ്രഹമായിരുന്നു ഞാന്‍ ഗായികയാവണമെന്നത്. അച്ഛന്‍ ഓഫീസില്‍നിന്ന് വന്നാലുടന്‍ തംബുരുവും ഹാര്‍മോണിയവും വെച്ച് പാടാന്‍ തുടങ്ങും. ഗസലുകള്‍ അദ്ദേഹം നന്നായി പാടുമായിരുന്നു. അതൊക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അച്ഛനാണ് എനിക്ക് പരിശീലനം തന്നതും''. ഒടുവില്‍ കുടുംബത്തിന്റെ ആഗ്രഹം പോലെ സിനിമയിലെത്തിച്ചേരുകയും ചെയ്തു.
Content Highlights: voice behind viral song, 'chuttamalle'