അഭിരാമിന്റെ 'ചമ്മക്ക് ചലോ' റീല്‍സ്, 12 കോടിയിലേക്ക്

റാ.വണിലെ ചമ്മക്ക് ചലോ എന്ന പാട്ടിന് ഒരുപാട് പേര്‍ നൃത്തംചെയ്ത് റീല്‍സുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, കൊല്ലം സ്വദേശി അഭിരാമിന്റെ ചമ്മക്ക് ചലോ വേര്‍ഷന്‍ ഒന്ന് വേറെത്തന്നെയാണ്. ഇതില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് നൃത്തംവെയ്ക്കുന്നത്. അതുകൊണ്ട് ആ റീല്‍സ് ആളുകളേറ്റെടുക്കുകയും ചെയ്തു. 117 മില്യണ്‍ ആളുകളാണ് ചമ്മക്ക് ചലോയുടെ റീല്‍സ് ഇതുവരെ കണ്ടത്.
കൊച്ചിയില്‍ ഇന്റീരിയര്‍ ഡിസൈനിങ് ഡിപ്ലോമ വിദ്യാര്‍ഥിയാണ് അഭിരാം. ഫ്‌ളിപ്പ് ബുക്ക് മാതൃകയിലാണ് അഭിരാം വീഡിയോ തയ്യാറാക്കുന്നത്. 'അച്ഛനാണ് യൂട്യൂബില്‍ ഇങ്ങനൊരു ഫ്‌ളിപ്പ് ബുക്ക് വീഡിയോ കണ്ടത്. നിനക്ക് ഇതുപോലുള്ളത് ചെയ്തുനോക്കിക്കൂടെ എന്ന് ചോദിക്കുകയും ചെയ്തു', അഭിരാം പറയുന്നു.
ഒരു പാട്ട് തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, ആദ്യം തന്നെ നൃത്തച്ചുവടുകള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ വരയ്ക്കുകയാണ് അഭിരാം ചെയ്യുന്നത്. അതുകഴിഞ്ഞ് ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വീഡിയോ നിര്‍മിക്കും, അവസാനം പാട്ടും ചേര്‍ത്ത് എഡിറ്റ് ചെയ്യും. ''ഒരു വീഡിയോ എടുക്കാന്‍ ചുരുങ്ങിയത് 25 ദിവസമൊക്കെ വേണ്ടിവരും. ചിത്രംവരയും വീഡിയോ ചെയ്യുന്നതും ഉള്‍പ്പെടെയാണത്. ഓരോ വീഡിയോയ്ക്കും ഏറ്റവും കുറഞ്ഞത് 200 ചിത്രങ്ങളാണ് വേണ്ടിവരുന്നത്,'' അഭിരാം വിശദീകരിക്കുന്നു.
'വരച്ച ചിത്രങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ വ്യത്യാസങ്ങളൊക്കെയുണ്ടാവും. വീഡിയോ ആയിക്കഴിഞ്ഞാലാണ് അത് മനസ്സിലാവുക. അപ്പോള്‍ ആ ചിത്രം മാറ്റി, പുതിയത് വരയ്‌ക്കേണ്ടിവരും''. എന്നാല്‍, ചമ്മക്ക് ചലോയ്ക്കായി 406 ചിത്രങ്ങളാണ് അഭിരാം വരച്ചത്, അതും 26 ദിവസംകൊണ്ട്. ബര്‍സോ രെ എന്ന പാട്ടിനായി 14 ദിവസംകൊണ്ട് 306 ഫ്രെയിമുകളും. അതിന് ഒരു മില്യണ്‍ വ്യൂസുണ്ട്. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ 'ശിവകര ഡമരുകലയമായ് നാദം...' എന്ന പാട്ടിന്റെ ആര്‍ട്ടിസ്റ്റിക് വേര്‍ഷനും അഭിരാം തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: viral instagram reels