ലോകത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രപതിയുടെ മരണം

യുറഗ്വായ് മുന്‍പ്രസിഡന്റ് ഹോസെ മുഹിക എണ്പത്തിയൊമ്പതാം വയസ്സില്‍ വിടവാങ്ങിയിരിക്കുന്നു. മണ്മറയുന്നത് ലാളിത്യത്തിന്റെ മുഖമാണ്. അവശേഷിക്കുന്നത് അധികാരക്കൊതിയോ ധാര്ഷ്ട്യമോ ലവലേശമില്ലാതെ ജനസേവനം സാധ്യമാണെന്ന പാഠമാണ്. 2010-2015 കാലയളവില്‍ യുറഗ്വായുടെ പ്രസിഡന്റായിരുന്നു മുഹിക. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തനായ പ്രസിഡന്റ്. അധികാരത്തിന്റെ ഏറ്റവും മേല്‍ത്തട്ടിലും ലാളിത്യത്തെ കൈയൊഴിയാത്ത സാധാരണക്കാരന്.
യുറഗ്വായെ സോഷ്യലിസ്റ്റ് രാജ്യമാക്കിത്തീര്‍ക്കാന്‍ മുന്നില്‍നിന്ന പോരാളിയാണ് മുഹിക. അറുപതുകളില്‍ ഇടത് ഗറില്ലാ സംഘമായ ടുപമാരോസ് തുടങ്ങിവച്ച വിപ്ലവപോരാട്ടങ്ങളെ മുന്നില്‍നിന്ന് നയിച്ചത് ഇദ്ദേഹമാണ്. സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കണ്ണിലെ കരടായ മുഹിക പതിനഞ്ചുവര്‍ഷം തടവില്‍ കഴിഞ്ഞു. ദീര്‍ഘകാലം ഏകാന്തതടവുകാരനായി അദ്ദേഹം അഴിക്കുള്ളില്‍ ജീവിതം ചിലവിട്ടു. വിപ്ലവങ്ങളുടെ തീപ്പാത കടന്ന് ഒടുവില്‍ മുഹിക യുറഗ്വായുടെ എക്കാലത്തെയും ജനസമ്മതനായ പ്രസിഡന്റായി. ലോകത്തെ പ്രബലമായ സോഷ്യല്‍ ലിബറല്‍ ജനാധിപത്യ രാഷ്ടമായി യുറഗ്വായെ അദ്ദേഹം വളര്‍ത്തി. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച പ്രിയപ്പെട്ട പ്രസിഡന്റിനെ ജനം പെപ്പെ എന്ന് വിളിച്ചു.
Content Highlights: Uruguayan President Jose Mujica's life and death