‘ഗർഭിണിയായപ്പോൾ കാമുകന് 12 വയസ്സായിരുന്നു, 14-ാം വയസ്സിൽ അമ്മയായത് പരസ്പരസമ്മതത്തോടെ’

ബെല്ല, ഹണ്ടർ
ബെല്ല, ഹണ്ടർ

കൗമാരപ്രായത്തിൽ അപ്രതീക്ഷിതമായി ഗർഭം ധരിക്കുകയും ചെറുപ്രായത്തിൽ തന്നെ രക്ഷിതാക്കളാവുകയും ചെയ്യുന്നവരുടെ അനുഭവങ്ങൾ തുറന്നുപറയുന്ന റിയാലിറ്റി ഷോയാണ് 'അൺ എക്സ്പെക്റ്റഡ്'. അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഏറ്റവും പുതിയ സീസൺ ലോകം മുഴുവൻ ചർച്ചയാവുകയാണ് ഇപ്പോൾ. 15-കാരിയായ ബെല്ല വോണിന്റെ അനുഭവങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്ന ഷോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 12-കാരനായ കാമുകനിൽ നിന്ന് 14-ാം വയസ്സിൽ ഗർഭിണിയായതായിരുന്നു അവൾ.

ബെല്ല ഷോയിലെത്തുമെന്ന വാർത്ത പുറത്തുവന്നതു മുതൽ, അവരുടെ അമ്മയ്ക്കെതിരേ ഓൺലൈനിൽ ധാരാളം ആരോപണങ്ങൾ പ്രചരിക്കുന്നുണ്ട്. ഒരു ടിക് ടോക് വീഡിയോയിലൂടെ ഇതിനോടുള്ള തന്റെ മറുപടി ബെല്ല തുറന്നുപറഞ്ഞിരിക്കുകയാണിപ്പോൾ.

"കൗമാരക്കാരിയായതുകൊണ്ട് ഞാൻ അമ്മയല്ലാതാകുന്നില്ല. ഞാനൊരു അമ്മയാണ്. ഞാൻ ആ കുഞ്ഞിന് ജന്മം നൽകി. ഏകദേശം 9 മുതൽ 10 മാസം വരെ ഞാൻ കുഞ്ഞിനെ ചുമന്നു. ഹണ്ടർ ഒരു അച്ഛനാണ്. ഗർഭം ധരിക്കുമ്പോൾ ഹണ്ടറിന് 12 വയസ്സായിരുന്നു, ദിവസങ്ങൾക്ക് ശേഷം അദ്ദേഹം 13- വയസ്സിലെത്തി" കാമുകനുമായുള്ള ലൈംഗികബന്ധം സമ്മതത്തോടെയുള്ളതായിരുന്നു എന്നും ബെല്ല പറയുന്നു. ലൈംഗിക ബന്ധം സമ്മതത്തോടെയല്ലെന്ന ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ.

"ഞങ്ങൾ ഇതിനകം പോലീസുമായി സംസാരിച്ചിട്ടുണ്ട്. അത് സമ്മതത്തോടെയുള്ളതായിരുന്നു. ഞാൻ ഹണ്ടറിന്റെ ജീവിതം നശിപ്പിച്ചിട്ടില്ല. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ, ഞാനവന് ഒരു ഓപ്ഷൻ നൽകി. 'നമ്മൾ വളരെ ചെറുപ്പമാണെന്ന് എനിക്കറിയാം, നിങ്ങൾക്ക് ഇതിനു പറ്റില്ലെങ്കിലും ആഗ്രഹിക്കുന്നില്ലെങ്കിലും സ്വയം തീരുമാനമെടുക്കാം. പക്ഷേ എനിക്കിത് സ്വന്തമായും നിങ്ങൾക്കൊപ്പവും ചെയ്യാനാവും. എന്തു തീരുമാനമെടുത്താലും ഞാനതിൽ തൃപ്തയാണ്'. അവൻ എനിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു, ഞങ്ങളുടെ കുഞ്ഞിനെ പരിപാലിക്കാനും."

ബെല്ലയും സഹോദരിയും കൗമാരപ്രായത്തിൽ ഗർഭിണിയായവരാണ്. അതുകൊണ്ടുതന്നെ 'കൗമാര ഗർഭധാരണത്തെ' മഹത്വവൽക്കരിക്കുന്നു എന്നപേരിൽ കുടുംബത്തിനെതിരേ ഒട്ടേറെപ്പേർ ആരോപണം ഉന്നയിക്കുന്നുണ്ട്. മാതാപിതാക്കൾ ഒരിക്കലും കൗമാര ഗർഭധാരണത്തെ മഹത്വവൽക്കരിച്ചിട്ടില്ലെന്ന് ബെല്ല പറഞ്ഞു. അതിന്റെ ബുദ്ധിമുട്ടുകളെപ്പറ്റി അമ്മ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം, തന്റെ മാതാപിതാക്കളുടെ പിന്തുണയെയും അവൾ പ്രശംസിച്ചു. താൻ ചെയ്തത് തെറ്റാണെന്ന് അറിയാമായിരുന്നു, ഇതൊരു പാരന്റൽ പ്രശ്നമല്ല. താനോ കുടുംബമോ ഒരിക്കലുമത് മഹത്വവൽക്കരിച്ചിട്ടില്ല, എന്നാൽ പോകാൻ മറ്റൊരിടമില്ലാതിരുന്നപ്പോൾ അവർ തനിക്ക് ശക്തിയുടെ ഉറവിടമായി നിന്നുവെന്നും ബെല്ല പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: TLC`s Unexpected returns with Season 7, featuring 15-year-old Bella Vaughn and her 12-year-old boyfriend. Explore the realities of teen pregnancy and its impact.