'മാലിക്, ചെറിയ തെറ്റുപറ്റി, വണ്ടി ചെറുതായിട്ടൊന്ന് മറിഞ്ഞു': വൈറലായി വീഡിയോ, പിന്നാലെ യൂട്യൂബിന്റെ സിൽവർ ബട്ടണും

മനീഷ് പട്ടേൽ റേവ
മനീഷ് പട്ടേൽ റേവ

കുറച്ചുദിവസങ്ങളായി ഇൻസ്റ്റഗ്രാമിൽ കറങ്ങിക്കൊണ്ടിരിക്കുന്നൊരു റീലുണ്ട്. റോഡിൽ മറഞ്ഞുകിടക്കുന്ന ഒരു ട്രക്കും, അതിനടുത്തുനിന്ന് 'മാലിക്കി'നെ (ഉടമസ്ഥനെ) വിളിക്കുന്ന ഡ്രൈവറുടെയും വീഡിയോ. അപകടം നടന്നയുടനെ ഉടമസ്ഥനെ വിളിക്കുകയാണ് അയാൾ, ''മാലിക്, ഥോടി സി ഗൽതി ഹോ ഗയി, ഥോടാ സാ ഗാഡി പലട്ട് ഗയാ'' (ചെറിയൊരു തെറ്റുപറ്റി. വണ്ടി ചെറുതായിട്ടൊന്ന് മറിഞ്ഞു). ബിഹാർ ഹൈവേയിലാണ് അപകടം നടന്നതെന്നും ലോറി ഉയർത്താൻ ക്രെയിൻ ആവശ്യമാണെന്നും അതിനുള്ള പണം വേണമെന്നുമൊക്കെ ഡ്രൈവർ ഉടമസ്ഥനോട് പറയുന്നുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ചപ്പോഴുള്ള അപകടമല്ലെന്നും ചെറുതായിട്ടൊന്ന് ഉറങ്ങിപ്പോയതാണെന്നുമൊക്കെ വിശദീകരിക്കുകയും ചെയ്യുന്നു.

യഥാർഥമാണെന്ന് തോന്നിപ്പിക്കുന്ന വീഡിയോ. ഇത് യഥാർഥസംഭവമാണെന്നും അയാൾ ഡ്രൈവറാണെന്നുമാണ് എല്ലാവരും കരുതിയത്. എങ്കിലും അത് ആളുകളെ ആകർഷിക്കാൻ കാരണം ഡ്രൈവറുടെ സംസാരവും അയാളുടെ സംഭാഷണശൈലിയും തന്നെ. ഉടമസ്ഥനെ കുറ്റംപറഞ്ഞും ഡ്രൈവറുടെ നിഷ്‌കളങ്കമായ സംസാരത്തെ പ്രശംസിച്ചുമെല്ലാം കമന്റുകൾ വന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

അതിനുശേഷമാണ് സംഭവം സ്‌ക്രിപ്റ്റഡ് ആണെന്ന് ആളുകൾ അറിയുന്നത്. വീഡിയോയിലുള്ളത് മനീഷ് പട്ടേൽ റേവ എന്നയാളാണ്. അഭിനേതാവും കൊമേഡിയനുമാണ് അദ്ദേഹം. വർഷങ്ങളായി സ്‌കിറ്റുകളും കോമഡി വീഡിയോകളും നിർമിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെയാണ് 'ഗാഡി പലട്ട് ഗയാ' ക്ലിക്കായത്. അതൊരു സ്‌കിറ്റ് പോലെ പോലെ തയ്യാറാക്കുകയായിരുന്നു മനീഷ്. ഈ റീൽ വൈറലായതോടെ മനീഷിന്റെ പ്രശസ്തി കുതിച്ചുയർന്നു. പ്രാദേശിക കണ്ടന്റിന്റെ വിജയമാണ് തന്റെ റീൽ ആളുകൾ ഏറ്റെടുത്തതിലൂടെ തെളിയിക്കപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. മധ്യപ്രദേശിലെ റേവ സ്വദേശിയാണ് മനീഷ്. പ്രശസ്തിക്കുപിന്നാലെ യൂട്യൂബിന്റെ സിൽവർ ബട്ടണും അദ്ദേഹത്തെ തേടിയെത്തി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Watch the hilarious viral reel of a truck driver explaining a rollover to his owner. Discover the twist and how it led to a YouTube Silver Button