സ്റ്റെതസ്‌കോപ്പിന് പകരം കൊലക്കയറെടുക്കേണ്ടി വരുന്ന യുവ ഡോക്ടര്‍മാര്‍

'My thesis will never be done and these people will never relieve me, no matter what. Even if I put my blood and soul and give everything I have, it is never enough for them,'
(എന്റെ തീസിസ് ഒരിക്കലും പൂര്‍ത്തിയാകില്ല. എന്തുചെയ്താലും ഈ ആളുകള്‍ എന്നെ വെറുതെവിടില്ല. രക്തവും ആത്മാവും കൊടുത്താലും എനിക്കുള്ളതെല്ലാം നല്‍കിയാലും അവര്‍ക്കത് മതിയാകാതെ വരും.)
ഇത് ഒരു ആത്മഹത്യാ കുറിപ്പിലെ വരികളാണ്. വെറുമൊരു മരണമല്ല. ഇപ്പോഴത്തെ ഭാഷയില്‍ ഇന്‍സ്റ്റിറ്റ്യൂഷണൽ മര്‍ഡര്‍ എന്ന് വിളിക്കാവുന്ന കൊല. 27 വയസ്സുള്ള ആന്ധ്രാസ്വദേശിനി ഡോ. ബാലസരസ്വതിയാണ് ഇത്തവണ ഇര. ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ ഗൈനക്കോളജി റെസിഡന്റായിരുന്നു അവള്‍. ജീവനൊടുക്കുമ്പോള്‍ സരസ്വതി 14 ആഴ്ച ഗര്‍ഭിണിയായിരുന്നു. ജൂലൈ 31-ന് മരണവാര്‍ത്ത പുറത്തുവന്നതിനൊപ്പം അവളുടെ ആത്മഹത്യാ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഏഴ് മാസത്തിനിടെ അവിടെ നടന്ന രണ്ടാമത്തെ ആത്മഹത്യ ആയിരുന്നു അത്.
ഡോ. വന്ദനയുടെ കൊലയ്ക്ക് സാക്ഷിയായ കേരളത്തിന് ഇതൊരു അത്ഭുതമുണ്ടാക്കില്ല. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പല പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും അവസ്ഥ ഭിന്നമല്ല. വിഷാദ രോഗത്തിനും ആത്മഹത്യാപ്രവണതയ്ക്കുമിടയിലൂടെ നടന്ന് പൂര്‍ത്തിയാക്കുന്ന പി.ജികളാണ് പലര്‍ക്കുമുള്ളത്.
വിവാഹവും ഗര്‍ഭധാരണവും പ്രധാന പ്രശ്‌നങ്ങളാണ് പഠനകാലത്ത്. ബാല സരസ്വതിയും താന്‍ ഗര്‍ഭിണിയാണെന്ന് പുറത്തുപറഞ്ഞിരുന്നില്ല. ഒന്നാം വര്‍ഷത്തിലെടുത്ത അവധിയുടെ പേരില്‍ അവളുടെ കോഴ്‌സ് കാലാവധി നീളുകയായിരുന്നു. ഗര്‍ഭാവധി നിഷേധിച്ച് അവളുടെ തീസീസ് സ്വീകരിക്കാതെ അവസാന പരീക്ഷയെഴുതാന്‍പോലും അനുവദിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടു.
പിന്നിലല്ല കേരളം
''എപ്പോള്‍ വേണമെങ്കിലും പാളം തെറ്റാവുന്ന മാനസികാവസ്ഥയുമായാണ് ഓരോ പിജി ഡോക്ടറും കഴിയുന്നത്. ചെയ്യുന്ന ജോലിയുടെ ദൈവികതകൊണ്ടാവാം ഒരുപക്ഷേ പാളം തെറ്റാത്തത്.'' കേരളത്തിലെ പ്രമുഖനഗരത്തിലെ തിരക്കുള്ള ഒരു ഡോക്ടർ പറഞ്ഞ വാക്കുകളാണിത്. സാമ്പത്തിക നില ഭദ്രമല്ല എന്നുറപ്പുള്ള പി.ജി കാലഘട്ടത്തില്‍ കാല്യണം നടത്താന്‍ വാശിപിടിച്ച വീട്ടുകാര്‍ക്കുമുന്നില്‍ അയാള്‍ നിസ്സഹായനായി നിന്നത്രേ. പിന്നെ അമ്മ കയറെടുത്തപ്പോഴാണ് മകന്‍ താലിയെടുത്തത്.
മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ഗൈനക്കോളജി, ഒഫ്താല്‍മോളജി, റേഡിയോ ഡയഗനോസ്റ്റിക്‌സ്, പീഡിയാട്രിക്‌സ്, ഇ.എന്‍.റ്റി എന്നി വിഭാഗങ്ങളില്‍ പഠിക്കുന്ന പി.ജി ഡോക്ടര്‍മാര്‍ക്ക് കേരളത്തില്‍ പ്രത്യേക ജോലി ഷെഡ്യൂള്‍ ഇല്ല, ആഴ്ചയിലെ 168 മണിക്കൂറില്‍ 80 മുതല്‍ 120 മണിക്കൂര്‍ വരെ ഇവര്‍ പണിയെടുക്കുന്നു. 36-48 മണിക്കൂര്‍ വരെ തുടർച്ചയായി ഡ്യൂട്ടിയുള്ള ദിവസങ്ങളും നിരവധി. ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ പോലും ഉറങ്ങാന്‍ കഴിയാത്തവരുണ്ട്. ഇതിനിടയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന സമ്മര്‍ദ്ദം കൂടിയാകുമ്പോള്‍ ദുരിതത്തിന്റെ കാഠിന്യം കൂടുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റസിഡന്റ് ഡോക്ടറുടെ വെളിപ്പെടുത്തലുകളാണിത്.
മെഡിക്കല്‍- പി.ജി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പുതിയതല്ല. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 119 മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. 1166 പേര്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി. പി.ജി. മെഡിക്കല്‍ വിദ്യാര്‍ത്ഥികൾക്കിടയിലെ വിഷാദരോഗികളുടെ കണക്കെടുത്താല്‍ കേരളം ഒട്ടും പിന്നിലല്ല. പഠനകാലത്ത് തുടങ്ങുന്ന വിഷാദരോഗം പലരെയും ജീവിതാവസാനം വരെ പിന്തുടരുന്നുണ്ടെന്നും അതവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണക്കാരില്‍ ഉള്ളതിനേക്കാള്‍ നാലോ അഞ്ചോമടങ്ങ് അധികമാണ് ഡോക്ടര്‍മാർക്കിടയിലെ വിഷാദരോഗനിരക്ക്.
ആഴ്ചയിലൊരു ദിവസം അവധി നല്‍കണമെന്നും വര്‍ഷത്തില്‍ 20 അവധി നല്‍കണം എന്നുമാണ് പി.ജി ഡോകടര്‍മാരുടെ വിഷയത്തിലെ ചട്ടം. പക്ഷേ, അവധി ചോദിക്കാനും എടുക്കാനും ഭയക്കുന്നവരാണ് അധികവും. മറ്റൊരാളെ തന്റെ ഡ്യൂട്ടി ഏല്പിച്ചുവേണം പലപ്പോഴും അവധിയെടുക്കാന്‍. ഇനി എടുത്താല്‍ത്തന്നെ പല സീനിയർമാരുടേയും മുഖം കറുക്കുമെന്ന പേടി വേറെ. അതുകൊണ്ട് അവധിയെടുക്കാതെ പണിയെടുക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ് അധികവും.
കേരളത്തിലെ പല ആശുപത്രികളിലും ആവശ്യത്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികയില്ലാത്തതിനാല്‍ അമിത ജോലിഭാരമാണ് മറ്റൊരു പ്രശ്‌നം. നോണ്‍ അക്കാദമിക് ജെ.ആര്‍ പോസ്‌ററുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഈ ജോലികള്‍ പി.ജി ഡോക്ടര്‍മാരുടെ തലയിലാണ് പലപ്പോഴും.പി.ജി പരീക്ഷകളായ എം.ഡി, എം.എസ് പോലെയുള്ളവയില്‍ മിക്കവാറും പരീക്ഷകള്‍ക്ക് എത്തുന്നത് സ്വന്തം സീനിയര്‍ ഡോക്ടര്‍മാരാവാം. ജോലി കാലയളവില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതികരണത്തിന് മുതിര്‍ന്നാല്‍ ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക് കാഠിന്യമേറും. ആ കടമ്പകടന്ന് പരീക്ഷ പാസാവുക അത്ര എളുപ്പമാകില്ല. ചുരുക്കിപ്പറഞ്ഞാല്‍ പ്രതികരിക്കാതെ പണിയെടുത്ത് സീനിയറുടെ പ്രീതി നേടുന്നതാണ് പൊതുവെ പരീക്ഷ ജയിക്കാന്‍ നല്ലത്. ഇത് വിദ്യാര്‍ത്ഥികളെ പ്രശ്‌നങ്ങള്‍ പുറത്തുപറയുന്നതില്‍ നിന്നും പ്രതികരിക്കുന്നതില്‍നിന്നും വിലക്കുന്നു. കേരളത്തിനു പുറത്ത് ഇതിന്റെയെല്ലാം കാഠിന്യമേറും. ശമ്പളവും താരതമ്യേന രാജ്യത്തിന്റെ പലഭാഗത്തും കുറവാണ്. കേരളത്തിലെ പലയിടങ്ങളില്‍പോലും സ്‌റ്റൈപ്പന്റ് കൃത്യമായിക്കിട്ടാത്ത സാഹചര്യമുണ്ട്. മാനസിക സംഘര്‍ഷത്തില്‍പ്പെട്ട് മരണത്തിലേക്ക് പോകുന്ന സാഹചര്യം നാം കൂടുതലും കേള്‍ക്കുന്നത് കേരളത്തിനു പുറത്തല്ലേ എന്ന് ചിന്തിക്കാം. നിലവിലെ സാഹചര്യം രൂക്ഷമായാല്‍ ഇത് ഇവിടെയും നടക്കാം.
ഇന്നലെ വന്ദന ആക്രമിക്കപ്പെട്ടു, ഇന്ന് ബാല സരസ്വതി ആത്മഹത്യചെയ്തു.. നാളെ മറ്റൊരാള്‍ മറ്റൊരു രീതിയില്‍ കൊല്ലപ്പെടാം... ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ആരോഗ്യ-വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളാണ് ഈ കൊലയ്ക്ക് പിന്നില്‍. നിലവിലെ സാഹചര്യത്തില്‍ ഇനിയും ഇതുണ്ടാവാം.
മീന കന്തസാമിയുടെ വരികള്‍ കടമെടുത്താല്‍
this has happend before
this will happen again...
(ഇത് മുമ്പ് സംഭവിച്ചിട്ടുണ്ട്
ഇത് ഇനിയും സംഭവിക്കും...)
Content Highlights: the plight of medical-pg students