പലതവണ കൂട്ടബലാത്സംഗത്തിനിര, അവരെ കൊന്ന് പ്രതികാരം; 11 വര്‍ഷം തടവ്, പിന്നെ പാര്‍ലമെന്റിലേക്ക്

1981-ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്മായ് ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നു. 22 പുരുഷന്മാരുടെ കൊലപാതകം. അതിനുപിന്നില്‍ ഫൂലന് ദേവി എന്ന കൊള്ളക്കാരിയാണെന്ന് കേട്ടവര്‍ ഞെട്ടി. അതോടെ ഫൂലന്റെ ജീവിതകഥ രാജ്യത്തിലൊട്ടാകെ ചര്‍ച്ചാവിഷയമായി. ചിലര്‍ക്കൊക്കെ ഫൂലന് സ്ത്രീകളുടെ അന്തസ്സിനുവേണ്ടി പടപൊരുതുന്ന യോദ്ധാവായി. ചിലര്‍ക്ക് ആയിരക്കണക്കിന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വക്താവ്. വെറും കൊലപാതകിയായും കൊള്ളക്കാരിയായും കണ്ടു, മറ്റുചിലര്‍.
മല്ല സമുദായക്കാരിയായ ഫൂലന്റെ ജീവിതം കുട്ടിക്കാലം മുതല്‍ക്ക് പോരാട്ടങ്ങളുടേതാണ്. പത്താം വയസ്സില്‍ കുടുംബത്തിന്റെ ഭൂമി തട്ടിയെടുത്ത ബന്ധുക്കളോട് പ്രതികരിച്ച ഫൂലന് ക്രൂരമായി മര്‍ദിക്കപ്പെട്ടു. അവളെ എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ചു, വീട്ടുകാര്‍. അതും മൂന്നിരട്ടി പ്രായമുള്ള ഒരാളുമായി. അധികം വൈകാതെ രോഗബാധിതയായ ഫൂലന് വീട്ടിലെത്തി. അവിടെനിന്ന് ബന്ധുവീട്ടിലേക്ക് പോയി.
അതിനകം ഫൂലന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. അധികം വൈകാതെ അയാള്‍ ഫൂലത്തിനെ ഉപേക്ഷിച്ചു. വീട്ടില്‍ തിരിച്ചെത്തിയ ഫൂലന് ബന്ധുക്കളുമായി വീണ്ടും കോര്‍ത്തതിന്റെ പേരില്‍ തടവിലായി. പോലീസ് സ്റ്റേഷനില്‍ അതിക്രൂരമായ മര്‍ദ്ദനങ്ങളും പീഡനവുമാണ് അവരെ കാത്തിരുന്നത്.
ബാബു ഗുജ്ജര്‍ എന്ന കൊള്ളക്കാരനും സംഘവും ഫൂലനെ തട്ടിക്കൊണ്ടുപോകുന്നതും കൂട്ട ബലാത്സംഗത്തിനിരയാക്കുന്നതും പിന്നീടാണ്. ഗുജ്ജര്‍ ഫൂലനെ തന്റെ ലൈംഗിക അടിമയാക്കി. ഗുജ്ജറിന്റെ സംഘത്തിലെ രണ്ടാമനായ വിക്രം മല്ലയ്ക്ക് ഈ ക്രൂരത അംഗീകരിക്കാനായില്ല. അയാള്‍ ഫൂലനുമായി അടുത്തു. അവള്‍ക്ക് വേണ്ടി അയാള്‍ ഗുജ്ജറിനെ കൊന്നു. പിന്നെ അയാളായി സംഘത്തിന്റ നേതാവ്.
കഥയിലെ അടുത്ത വില്ലന്‍ ശ്രീ റാം സിങ് എന്നയാളാണ്. സഹോദരന് ലല്ല റാം സിങ്ങുമൊത്ത് ജയിലില്‍ നിന്നിറങ്ങിയ റാം സിങ് വിക്രം മല്ലയുടെ കൊള്ളസംഘവുമായി ഇടഞ്ഞു. വിക്രം മല്ലയെ കൊല്ലുകയും ഫൂലനെ അടിമയാക്കുകയും ചെയ്തു. ബെഹ്മായ് ഗ്രാമത്തിലെ താക്കൂര്‍ പുരുഷന്മാര് ഫൂലനെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തി.
എങ്ങനെയോ അവിടെനിന്ന് രക്ഷപ്പെട്ട ഫൂലന് മടങ്ങിയെത്തുന്നത് മറ്റൊരു കൊള്ളസംഘത്തിനൊപ്പമാണ്. മാന്‍ സിങ് ആയിരുന്നു ഇത്തവണ ഫൂലന്റെ വലംകൈ. ഗ്രാമീണരെ ഭീഷണിപ്പെടുത്തിയിട്ടും റാം സിങിനെ ഫൂലത്തിന് കണ്ടെത്താനായില്ല. 20 പുരുഷന്മാരെ യമുനാതീരത്തിട്ട് വെടിവെച്ചുകൊന്ന ശേഷം ഫൂലത്തിന്റെ സംഘം മടങ്ങി. അതില്‍ 17 പേരും താക്കൂറുകള്‍.
തന്നെ ബലാത്സംഗം ചെയ്തവര്‍ക്ക് മരണം വിധിച്ച ഫൂലത്തിന് വീരപരിവേഷം കൈവന്നു. നിയമവ്യവസ്ഥയ്ക്ക് ഫൂലത്തിനെ വിലങ്ങു വെക്കാനുമായില്ല. അതോടെ സര്‍ക്കാര്‍ താഴെവീണു, മുഖ്യമന്ത്രി രാജിവെച്ചു. ഫൂലത്തിന്റെ അമ്മയെ തടവിലാക്കി സര്‍ക്കാര്‍ അവരെ കീഴടങ്ങാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ ആയിരങ്ങള്‍ നോക്കിനില്‍ക്കെ 1983-ല്‍ ഉപാധികളോടെ ഫൂലന് കീഴടങ്ങി.
1994-ലാണ് ഫൂലന് പുറത്തിറങ്ങുന്നത് അവര്‍ സമാജ്വാദി പാര്‍ട്ടിയുടെ അംഗമായി. മിര്‍സാപുരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988-ലെ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തൊട്ടടുത്ത വര്‍ഷം ജയിച്ചു. 2001-ല്‍ പാര്‍ലമെന്റ് അംഗമായിരിക്കെയാണ് അവര്‍ കൊല ചെയ്യപ്പെടുന്നത്. 9 വെടിയുണ്ടകള്‍ തറച്ചുകയറിയായിരുന്നു മരണം. താക്കൂര്‍ രക്തത്തിന് പ്രതികാരം ചെയ്തതാണെന്ന് പറഞ്ഞ കൊലപാതകി ഷേര്‍ സിങ റാണ ജീവപര്യന്തത്തിന് വിധിക്കപ്പെട്ടു.
Content Highlights: the life of bandit queen phoolan devi