ജാമിയ മിലിയ ഇസ്ലാമിയയുടെ സ്ഥാപകര്‍ക്കൊപ്പം ഇന്ത്യയിലേക്ക് വന്ന ജൂതപ്പെണ്‍കുട്ടി

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലം. ഉപരിപഠനത്തിനായി ജര്‍മനിയിലെ ബര്‍ലിനിലേക്ക് പോയതായിരുന്നു ആ മൂന്നു ചെറുപ്പക്കാര്‍. സക്കീര്‍ ഹുസൈന്‍, ആബിദ് ഹുസൈന്‍, മുഹമ്മദ് മുജീബ് (ചരിത്രപ്രധാനമായ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ സ്ഥാപകര്‍). വിദേശപഠനം കഴിഞ്ഞ് നാട്ടില്‍ കൊളോണിയല്‍ സ്വാധീനമില്ലാത്ത ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങണമെന്നത് അവരുടെ സ്വപ്‌നമായിരുന്നു.
പഠനകാലത്ത് ബെര്‍ലിനില്‍ വെച്ച് അവര്‍ ഒരു ജൂതപ്പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഗെര്‍ദ ഫിലിപ്‌സ്‌ബോണ്‍. നാലുപേരും പതിയെ ചങ്ങാതിമാരായി. ഗാന്ധിയന്‍ ആശയങ്ങളെപ്പറ്റിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ വിദ്യാഭ്യാസത്തിന്റെ പങ്കിനെപ്പറ്റിയുമെല്ലാം അവര്‍ ആ പെണ്‍കുട്ടിയോടു സംസാരിച്ചിരുന്നു. ഒപ്പം ഇന്ത്യയിലേക്ക് തിരിച്ചുപോയ ശേഷം നടപ്പാക്കാനൊരുങ്ങുന്ന സ്വപ്‌നങ്ങളെപ്പറ്റിയും.
സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായിരുന്നു മൂവരും. നല്ലൊരു വിദ്യാഭ്യാസസ്ഥാപനത്തിന് സ്വാതന്ത്ര്യപോരാട്ടത്തില്‍ വലിയ പങ്കുവഹിക്കാനായേക്കുമെന്ന് അവര്‍ കണക്കുകൂട്ടി. അക്കാലത്ത്, ബ്രിട്ടീഷ് ഇന്ത്യയില്‍ വളരെക്കുറച്ച് വിദ്യാഭ്യാസസ്ഥാനപങ്ങളേ ഉണ്ടായിരുന്നുള്ളൂ. ജാമിയയിലെ സര്‍വകലാശാല വിദ്യാഭ്യാസത്തിനപ്പുറം സ്വാതന്ത്ര്യസമരം സജീവമാകാനുമുള്ള ഒരിടമായി മാറുമെന്ന് അവര്‍ കരുതി. ഒപ്പം മതങ്ങള്‍ തമ്മിലുള്ള ഐക്യവും മാതൃരാജ്യത്തോടുള്ള സ്‌നേഹവും പ്രോത്സാഹിപ്പിക്കണമെന്നും.
ഗെര്‍ദയുടെ സമര്‍പ്പണം
കൂട്ടുകാരുടെ നിസ്വാര്‍ഥമായ പദ്ധതികള്‍ ഗെര്‍ദയെ ആഴത്തില്‍ സ്പര്‍ശിച്ചു. 1895-ല്‍ ഒരു സമ്പന്നകുടുംബത്തിലാണവര്‍ ജനിച്ചത്. യുദ്ധം, വ്യാവസായികവത്കരണം, സെമിറ്റിക് വിരുദ്ധതരംഗം എന്നിവയുടെ പരിണിതഫലമായി സ്വന്തം ജീവിതവും ചുറ്റുമുള്ള ലോകവും മാറിപ്പോയത് അവള്‍ വേദനയോടെ കണ്ടതാണ്. പീഡിപ്പിക്കപ്പെടുന്നത് എങ്ങനെയാണെന്ന് അവള്‍ക്കറിയാമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വിലയും. അങ്ങനെ കൂട്ടുകാരുടെ സ്വപ്‌നം ഗെര്‍ദയുടേതും കൂടിയായി.
ഇന്ത്യയിലേക്ക് വരണമെന്ന ആഗ്രഹം ആദ്യമായി അവള്‍ പ്രകടിപ്പിച്ചപ്പോള്‍ സക്കീര്‍ ഹുസൈന്‍ (ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി) വിലക്കി. വരരുതെന്ന് മുന്നറിയിപ്പു നല്‍കി. 'ചെറുപ്പക്കാരിയും അവിവാഹിതയും കൂട്ടിന് മറ്റൊരാളില്ലാത്തവളുമായ സ്ത്രീയെ ജാമിയയിലേക്ക് എങ്ങനെ കൊണ്ടുവരുമെന്ന് മുഹമ്മദ് മുജീബ് ആശ്ചര്യപ്പെട്ടു, ജാമിയയില്‍ സ്ത്രീകള്‍ അന്ന് പര്‍ദയാണ് ധരിച്ചിരുന്നത്. പക്ഷേ, അത്തരം മുന്നറിയിപ്പുകളെയെല്ലാം അവള്‍ അവഗണിച്ചു.
1926-ലാണ് സര്‍വകലാശാലയെന്ന ലക്ഷ്യം നടപ്പാക്കാന്‍ മൂവര്‍സംഘം ബെര്‍ലിനില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഗെര്‍ദ ജര്‍മനിയില്‍ തന്നെ തുടര്‍ന്നു. സക്കീര്‍ ഹുസൈനുമായി കത്തുകളിലൂടെ അടുപ്പം നിലനിര്‍ത്തുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1932-ല്‍ ഗെര്‍ദയും സുഹൃത്തുക്കള്‍ക്കടുത്തേക്ക്, ഇന്ത്യയിലേക്കെത്തി. ആധുനികവത്കരണം നടന്നുകഴിഞ്ഞ ബെര്‍ലിനില്‍ നിന്ന് ദാരിദ്ര്യം അനുഭവിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തേക്ക് മാറുക എന്നത് ഗെര്‍ദയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. മാത്രമല്ല, ആ കാലഘട്ടത്തില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും തമ്മിലുള്ള അടുത്ത സൗഹൃദവും അസാധാരണമായിരുന്നു.
ജര്‍മന്‍ മേംസാഹിബ് മുതല്‍ ആപാ ജാന്‍ വരെ
കൊളോണിയല്‍ ഇന്ത്യയിലെ വെളുത്ത വര്‍ഗക്കാരായ യൂറോപ്യന്‍മാരെ ബഹുമാനത്തോടെ വിളിച്ചിരുന്നത് മേംസാഹിബ് എന്നാണ്. ഗെര്‍ദയേയും ആളുകള്‍ അങ്ങനെ വിളിച്ചു. മാസങ്ങള്‍ക്കകം തന്നെ ജാമിയയില്‍ സുഹൃത്തുക്കളെ സമ്പാദിച്ച ഗെര്‍ദ സര്‍വകലാശാലയുടെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. ജര്‍മനിയിലെ കിന്റര്‍ഗാര്‍ട്ടനില്‍ ജോലി ചെയ്ത സമയത്തെ അനുഭവസമ്പത്ത് അവര്‍ ഉപയോഗപ്പെടുത്തി. കുട്ടികളുടെ ഹോസ്റ്റലിന്റെ വാര്‍ഡനായി നിയോഗിക്കപ്പെട്ടപ്പോള്‍ അവരുടെ ആപാ ജാനായി (മുതിര്‍ന്ന സഹോദരി) മാറുകയും ചെയ്തു. മുടിയില്‍ എണ്ണ പുരട്ടിക്കൊടുത്തും കുളിപ്പിച്ചുകൊടുത്തും കുട്ടികളെ അവര്‍ തന്നോട് അടുപ്പിച്ചുനിര്‍ത്തി. അസുഖം വന്നാല്‍ അമ്മമാര്‍ ഇല്ലെന്ന ചിന്തയില്ലാത്തത്ര കരുതലോടെ അവരെ സംരക്ഷിച്ചു.
അവിടെ ജോലി ചെയ്ത മറ്റെല്ലാവരെയും പോലെ മിനിമം ശമ്പളത്തിനായിരുന്നു അവരും ജോലി ചെയ്തത്. സ്വന്തം ജീവിതം കൂടി സ്ഥാപനത്തിനുവേണ്ടി മാറ്റിവെക്കാനും അവര്‍ തുനിഞ്ഞു. മാതൃരാജ്യത്തുനിന്ന് ഇത്രയും അകലെ, ഇന്ത്യയില്‍ വന്ന് ഒരു ജര്‍മന്‍ വനിത ചരിത്രത്തിന്റെ ഭാഗമായതെങ്ങനെയെന്ന് പലരും നെറ്റി ചുളിച്ചേക്കാം.
അതിന്റെ ഉത്തരം സൗഹൃദത്തിനും ഒരു സ്ത്രീയുടെ അര്‍ഥം തേടിയുള്ള യാത്രയ്ക്കും ഇടയിലെവിടെയോ ആണെന്ന് 'ജാമിയാസ് ആപാ ജാന്‍; ദി മെനി ലൈഫ്‌വേള്‍ഡ്‌സ് ഓഫ് ഗെര്‍ദ ഫിലിപ്‌സ്‌ബോണ്‍' എന്ന കൃത്യയില്‍ മാര്‍ദ്രിറ്റ് പെര്‍നോ പറയുന്നു. ജാമിയയെപ്പറ്റി പഠിക്കാന്‍ ഒരു ദശാബ്ദക്കാലം ചെലവഴിച്ച വ്യക്തിയാണവര്‍. തന്റെ ഗവേഷണത്തിനിടെ ഫിലിപ്സ്‌ബോണിന്റെ പേര് പലതവണ വന്നിട്ടുണ്ടെങ്കിലും അവരുടെ വ്യക്തിജീവിതം നിഗൂഢമായിരുന്നെന്ന് പെര്‍നൗ പറയുന്നു.
സമൂഹത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലെല്ലാം സജീവമായി ഇടപെടാന്‍ ജാമിയയിലെ പെണ്‍കുട്ടികളെ ഗെര്‍ദ പ്രചോദിപ്പിച്ചു. ജാമിയയുടെ കുട്ടികളുടെ ജേണലായ പായം-ഇ താലിമിന്റെ എഡിറ്റോറിയല്‍ സംഘത്തിലെത്തിയപ്പോള്‍ സ്ത്രീകളുടെ ഹോബികളും താല്‍പ്പര്യങ്ങളും ശ്രദ്ധയില്‍പ്പെടുത്തുന്ന ലേഖനങ്ങളെഴുതി. ജേണലില്‍ എഴുതാന്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ജാമിയയിലെ കുട്ടികളുമൊത്തുള്ള അവളുടെ പ്രവര്‍ത്തനത്തിന് പുറമെ, യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാനും പ്രസംഗങ്ങള്‍ തയ്യാറാക്കാനും അധ്യാപനവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രധാന പങ്കുവഹിച്ചു.
ജൂതന്മാര്‍ അറസ്റ്റിലാവുന്നു
ഗെര്‍ദ ഇന്ത്യയിലെത്തി ഏഴു വര്‍ഷത്തിനു ശേഷമാണ് ആ സംഭവമുണ്ടാവുന്നത്. രണ്ടാംലോകയുദ്ധത്തില്‍ ബ്രിട്ടനും ജര്‍മനിയും ശത്രുപക്ഷത്തു നില്‍ക്കുന്ന സമയം. ബ്രിട്ടീഷ് ഇന്ത്യയിലെ ജര്‍മന്‍ പൗരന്മാരെല്ലാം സംശയത്തിന്റെ നിഴലിലായി. അവരെയെല്ലാം കൂട്ടത്തോടെ അറസ്റ്റുചെയ്ത് ക്യാമ്പുകളില്‍ താമസിപ്പിക്കാനായിരുന്നു ബ്രിട്ടീഷുകാരുടെ തീരുമാനം. 1940-ല്‍ ഗെര്‍ദയും അറസ്റ്റ് ചെയ്യപ്പെട്ടു. വെള്ളമോ ഭക്ഷണമോ ഉറങ്ങാന്‍ സൗകര്യമോ ഒന്നുമില്ലാത്തെ ക്യാമ്പിലെ നരകതുല്യമായ ജീവിതത്തിലേക്ക് അവര്‍ എടുത്തെറിയപ്പെട്ടു.
ഹിറ്റ്ലര്‍ ജൂതന്മാരെ പീഡിപ്പിക്കുന്ന ജര്‍മനിയിലേക്കുതന്നെ അധികാരികള്‍ നാടുകടത്തുമോയെന്ന ഭയത്തിലായിരുന്നു അവര്‍. എന്നാല്‍ ക്യാമ്പില്‍ പോലും, തന്റെ അന്തേവാസികളെ സന്തോഷിപ്പിക്കാന്‍ ചെറിയ പരിപാടികള്‍ സംഘടിപ്പിച്ചും രോഗികളെ പരിചരിച്ചും അവരെ സേവിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു. തന്റെ മോചനത്തിനുവേണ്ടി മാത്രം ശ്രമിക്കരുതെന്നും മോചിപ്പിക്കുകയാണെങ്കില്‍ എല്ലാ ജൂതന്മാരുടെയും മോചനം ആവശ്യപ്പെടണമെന്നുമാണ് ഗെര്‍ദ തന്റെ ബന്ധുവിന് അന്ന് എഴുതിയിരുന്നത്. പരമാവധി ഇന്ത്യന്‍ ജീവിതരീതികളുമായി ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെന്ന് ജീവചരിത്രത്തില്‍ പറയുന്നു.
രോഗശയ്യയില്‍
ക്യാമ്പിലേക്ക് കൊണ്ടുവന്ന് കുറച്ച് മാസങ്ങള്‍ക്കകം ഗെര്‍ദയ്ക്ക് ആമാശയത്തിലെ അള്‍സറുണ്ടായി. ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പിന്നീട് ക്യാമ്പിലേക്ക് മാറ്റി, ഒരു വര്‍ഷത്തോളമവിടെ. ക്യാമ്പില്‍ നിന്ന് മോചിതയായ ശേഷം, അവര്‍ വീണ്ടും ജാമിയയിലേക്ക് പോയി, അവളുടെ ജോലി തുടര്‍ന്നു. പക്ഷേ അപ്പോഴേക്കും അള്‍സര്‍ ക്യാന്‍സറായി മാറിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അവരെ തളര്‍ത്തി. പക്ഷേ, അപ്പോഴും തന്റെ ലേഖനങ്ങളിലൂടെ കുട്ടികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു.
1943 ഏപ്രിലില്‍, ഗെര്‍ദ വിടവാങ്ങി. ജാമിയ കുടുംബങ്ങള്‍ക്കായുള്ള ഖബര്‍സ്ഥാനില്‍ തന്നെയാണ് അവരെയും അടക്കം ചെയ്തിരിക്കുന്നത്. ജാമിയയില്‍ ഗെര്‍ദയുടെ പേരില്‍ ഒരു ഹോസ്റ്റലും ഡേ കെയര്‍ സെന്ററും ഉണ്ട്. ഇന്നും ഗെര്‍ദയെപ്പറ്റി അധികം വിദ്യാര്‍ഥികള്‍ക്കുമറിയില്ല.
(കടപ്പാട്: ബി.ബി.സി., feminisminindia.com)
Content Highlights: the german woman who helped build an jamia millia islamia university