മറഡോണയും കാസ്‌ട്രോയും പിന്നെ ചെഗുവേരയും

ഡീഗോ മറഡോണ ഫിഡല്‍ കാസ്‌ട്രോ ചെഗുവേര
ഡീഗോ മറഡോണ ഫിഡല്‍ കാസ്‌ട്രോ ചെഗുവേര

ബ്യുനോസ് ഐറീസിലെ തൊഴിലാളി കുടുംബത്തിലാണ് ഡീഗോ മാറഡോണ പിറന്നത്. കാലിത്തൊഴുത്തില്‍ രക്ഷകന്‍ പിറന്നതുപോലെ. ദൈവപുത്രന്റെ തിരുപ്പിറവിരാവില്‍ ആകാശത്ത് വെണ്‍താരകം വെട്ടം വിടര്‍ത്തിയിരുന്നല്ലോ. കുഞ്ഞു ഡീഗോയെ മാമോദീസ മുക്കുമ്പോഴും നക്ഷത്രത്തിളക്കം ചിതറി. അത് അള്‍ത്താരയുടെ നിലത്തായിരുന്നെന്ന് മാത്രം. മകന്‍ വാനോളമുയരും എന്നുറപ്പിക്കാന്‍ അമ്മ ഡാല്‍മയ്ക്ക് ആ താരപ്രഭ ധാരാളമായിരുന്നു. നടക്കാന്‍ പഠിക്കും മുന്നേ ഡീഗോ പന്തുമായി ഓടാന്‍ പഠിച്ചു. ചേരിയുടെ ഇടുങ്ങിയ വഴികളില്‍ അവന്‍ കാല്‍പന്തുമായി പൊടിപറത്തി. ദാരിദ്ര്യത്തില്‍ കഴിഞ്ഞ സ്വന്തം കുടുംബത്തിനാണ്, എട്ടു മക്കളില്‍ അഞ്ചാമനായ ഡീഗോ ആദ്യം രക്ഷകനായത്. കാല്‍പ്പന്ത് ഭ്രാന്തായ രാജ്യത്തില്‍ കളി അവനെ സമ്പന്നനാക്കി. 

ബ്രസീല്‍-അര്‍ജന്റീന കുടിപ്പക പ്രക്ഷുബ്ധമായി ഇരമ്പുന്ന കാലത്ത് മറഡോണയുടെ ഇടംകാല്‍ അര്‍ജന്റീനയുടെ വജ്രായുധമായി. ബ്രസീലിനെ മാത്രമല്ല, മറ്റ്  അയല്‍ക്കാരെയും വീഴ്ത്തി മണ്ണുപറ്റിക്കാന്‍ അര്‍ജന്റീനയ്ക്ക് കരുത്തായത് മറഡോണയുടെ വന്യതയാണ്. ആര്‍ക്കും മെരുക്കാനാകാതെ, ആരാലും കീഴടക്കപ്പെടാനാകാതെ, ഒരു കൂച്ചുവിലങ്ങിനും പിടികൊടുക്കാതെ, അയാള്‍ പന്തുമായി തീവേഗത്തില്‍ പറന്നുപാഞ്ഞു. ഇടം കാല്‍ മുത്തി യാത്രപറഞ്ഞ പന്തുകള്‍ പോസ്റ്റില്‍ വീണ് സായൂജ്യമടഞ്ഞു. 

റെക്കോഡ് തുകയ്ക്ക് നാപ്പോളി ക്ലബ്ബിന്റെ ഭാഗമായ മറഡോണ, ആരാലും ആഘോഷിക്കപ്പെടാത്ത ഇടത്തരം ക്ലബ്ബിന്റെ മുഖഛായ മാറ്റി. രണ്ടു ഇറ്റാലിയന്‍ ടൈറ്റിലുകളാണ് നാപ്പോളിയുടെ അലമാരയില്‍ കയറിയത്. 1986-ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പ് അറിയപ്പെടുന്നതുതന്നെ മറഡോണയുടെ കപ്പെന്നാണ്. ഒറ്റയാള്‍ പോരാട്ടമായിരുന്നു അയാളുടേത്. പേരെടുത്തു പറയാവുന്ന ആരും കൂട്ടിന് പടയിലില്ല. തന്ത്രങ്ങളുടെ ആവനാഴിയിലും വകയൊന്നുമില്ല. മറഡോണ രാജ്യത്തിനു രക്ഷകനായി. അര്‍ജന്റീന കപ്പുയര്‍ത്തി. തൊട്ടടുത്ത ലോകകപ്പിലും അയാള്‍ ടീമിനെ ഫൈനലിലെത്തിച്ചു. പക്ഷേ, ഇക്കുറി ജയം എതിരാളികള്‍ക്ക്.

പത്താം നമ്പര്‍ ജേഴ്സി എന്ന എല്‍ ഡിയെസ് ധരിച്ചു കാല്പന്തിന്മേല്‍ ഇന്ദ്രജാലം കാട്ടിയ മാന്ത്രികനെ അര്‍ജന്റീനക്കാര്‍ എല്‍ ഡിയോസ് അഥവാ ദൈവമേ എന്ന് ആരാധനയോടെ വിളിച്ചു. ദൈവത്തിന്‍റെ കൈ എന്ന് മറഡോണ പേരിട്ട, അമാന്യതയുടെ ചെകുത്താന്‍ കൈ എന്ന് പില്‍ക്കാലത്ത് ചരിത്രം തിരുത്തിയ ഗോളിനെപ്പോലും ആ രാജ്യം അന്ധമായി ന്യായീകരിച്ചു. പറഞ്ഞത് മറഡോണയാണെന്നതിനാല്‍ ദൈവസാന്നിധ്യം ആ ഗോളിലുണ്ടെന്ന് അവര്‍ കരുതി.

ഭാഗ്യത്തിന്റെ ദിശാമാറ്റം പൊടുന്നനെയായിരുന്നു. മദ്യവും ലഹരിയും മറഡോണയ്ക്ക് പ്രതിരോധം തീര്‍ത്തു. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പൂട്ടുവീണു. പതിനഞ്ചു മാസത്തെ വിലക്ക്. മടങ്ങിവരവിലും മരുന്നുപയോഗം തിരിച്ചടിയായി. അടുത്ത ലോകകപ്പില്‍ സ്ഥാനം കിട്ടിയില്ല. ഉന്മാദത്തിന്റെ പാതിബോധാവസ്ഥയില്‍ അയാള്‍ക്ക് കളി പിഴച്ചു. ഭാരം നിയന്ത്രിക്കാനാകാതെ മറഡോണ വിയര്‍ത്തു കിതച്ചു. ഉച്ചസൂര്യന്‍ കരിന്തിരി കത്തി കെട്ടതുപോലെ അയാള്‍ കളം വിട്ടു. കളത്തിനുപുറത്തും മറഡോണ കൂസലില്ലാതെ ജീവിച്ചു. ചിലര്‍ക്ക് ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും മുഖമായി. അരാജകവാദത്തിന്റെ ദല്ലാളായി. മറ്റുചിലര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ, തന്റേടത്തിന്റെ പന്തമായി. നല്ലതോ ചീത്തതോ ആയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉപദേശങ്ങളും മറഡോണ കൈക്കൊണ്ടില്ല. 

അയാള്‍ വഴങ്ങിയത് ഒരാള്‍ക്ക് മുന്നില്‍ മാത്രം. ഫിഡല്‍ കാസ്‌ട്രോ. മെക്‌സിക്കന്‍ ലോകകപ്പിന് ശേഷമാണ് ഇരുവരും ആദ്യം കാണുന്നത്. പരിചയം സൗഹൃദമായി മിനുക്കപ്പെട്ടു. ലഹരി തന്നെ ഡ്രിബിള്‍ ചെയ്യുന്നു എന്ന് മറഡോണ തിരിച്ചറിയുന്നത് ശാരീരികാരോഗ്യം മരണമുനമ്പില്‍ നട്ട്മെഗ് ചെയ്തുതുടങ്ങിയപ്പോഴാണ്. അര്‍ജന്റീനയിലെ ആതുരാലയങ്ങള്‍ അയാളെ സ്വീകരിച്ചില്ല. ദൈവം തങ്ങളുടെ മുറികളിലൊന്നില്‍ സ്വര്‍ഗവാസം പൂകിയാല്‍ ഭക്തര്‍ നരബലിയിലേക്ക് കടന്നേല്‍ക്കാമെന്ന ന്യായമായ ഭയം തന്നെ കാരണം. മറഡോണ പഴയ ചങ്ങാതിയെ ഓര്‍ത്തു. ക്യൂബയിലേക്ക് ചെന്നു. മറഡോണയ്ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കിവെച്ച് കാസ്‌ട്രോ സുഹൃത്തിനെ സ്വാഗതം ചെയ്തു. 

ഫിഡൽ കാസ്ട്രോ

2000 മുതല്‍ 2005 വരെ ക്യൂബന്‍ ചികിത്സ കേന്ദ്രങ്ങളില്‍ മറഡോണ സ്ഥിരവാസക്കാരനായി. കാസ്‌ട്രോയുടെ സ്‌നേഹസാമീപ്യം വാശികളില്‍ നിന്ന് അയാളെ പിന്‍നടത്തി. ലോകരാഷ്ട്രീയവും ജീവിതരസങ്ങളും പറഞ്ഞ് തന്റെ പുലരികളില്‍ പ്രകാശം പരത്തിയ കാസ്‌ട്രോയെക്കുറിച്ച് മറഡോണ വാതോരാതെ പറഞ്ഞു. അയാളുടെ പ്രശംസ അസുലഭമധുരമായി കാസ്ട്രോയ്ക്ക് ചുറ്റും ചൂഴ്ന്നുനിറഞ്ഞു. വിമുക്തി നേടി നാട്ടിലേക്ക് പറന്ന മറഡോണ ലാറ്റിനമേരിക്കയുടെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വക്താവായി. വെനിസ്വെലയിലും ബൊളീവിയയിലും വാഴുന്ന ഇടതുപക്ഷഭരണാധികാരികളുമായി മറഡോണ അടുപ്പംകൂടി. അമേരിക്കയുടെ നിലപാടുകളെ മയമേതുമില്ലാതെ നിരന്തരം ചോദ്യം ചെയ്തു. ഇറാക്ക് യുദ്ധത്തിനെതിരെ ശക്തമായി  പ്രതിഷേധിച്ചു.   ക്രൈസ്തവസഭയെ കടന്നാക്രമിച്ചു. എന്നും പലസ്തീന്‍ ജനതയ്ക്കൊപ്പം നിന്ന മറഡോണ, ഹൃദയം കൊണ്ട് ഞാനൊരു പാലസ്തീനി ആണെന്ന ഒറ്റ പ്രസ്താവന കൊണ്ട് അശരണരായ അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമായി.

ഇടയ്‌ക്കെവിടെയോ വീണ്ടും പിഴച്ചു. മദ്യപാനം വരുത്തിവെച്ച ഹെപ്പറ്റൈറ്റിസ് അയാളെ മരണക്കിടക്കയുടെ തണുപ്പറിയിച്ചു. വീണ്ടും ക്യൂബയിലേക്ക്, കാസ്‌ട്രോയുടെ കൂട്ടിലേക്ക്. ഒരിക്കല്‍ക്കൂടി ശക്തനായി മടങ്ങി. വ്യക്തിപ്രഭാവം ഒന്നുമതി പരിശീലകനായി ജയിക്കാനെന്ന വാദത്തോടെ അനുഭവസമ്പന്നരെ പിന്തള്ളി കോച്ചായി. അതൊരു തോല്‍വിയായിരുന്നു. ലോകകപ്പില്‍ സെമി പോലും കാണാതെ നീലപ്പട വിമാനം കയറേണ്ടിവന്നു. കോച്ചിന്റെ കുപ്പായം മറഡോണ എന്നേക്കുമായി അലക്കി മടക്കി വെച്ചു. രാഷ്ട്രീയവേദികളിലെ സാന്നിധ്യമായി പിന്നീടങ്ങോട്ട്. അഭിപ്രായം ആര്‍ക്കും തിരക്കേണ്ടി വന്നില്ല. അക്കാര്യത്തില്‍ അയാൾ ധാരാളിയായി. 

ഫിഡൽ കാസ്ട്രോ

2016 നവംബര്‍ 25. തൊണ്ണൂറാം വയസ്സില്‍ ക്യൂബന്‍ വിപ്ലവസൂര്യന്‍ അസ്തമിച്ചു. ഫിഡല്‍ കാസ്‌ട്രോയുടെ വേര്‍പാടില്‍ അങ്ങേയറ്റം വൈകാരികമായി മറഡോണ പ്രതികരിച്ചു. ഹവാനയില്‍ നടന്ന സംസ്‌ക്കാര ചടങ്ങുകളില്‍ കണ്ണീരോടെ  പങ്കുകൊണ്ടു. ''ഞാന്‍ നിറുത്താനാകാതെ കരഞ്ഞു. അച്ഛന്റെ മരണത്തിനു ശേഷം ജീവിതത്തില്‍ മറ്റൊന്നും എന്നെ ഇത്രയധികം വേദനിപ്പിച്ചിട്ടില്ല.'' പിതൃസമാനനാണ് കാസ്ട്രോയെന്ന് അനുശോചിച്ച മറഡോണ വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ വിതുമ്പി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മറഡോണ സുഹൃത്തിനോട് ചേര്‍ന്നു. അറുപതാം വയസ്സില്‍ പൊലിഞ്ഞുപോയ കാല്‍പ്പന്തിന്റെ വിസ്മയത്തിന് കനംവെച്ച ചങ്കോടെ ലോകം വിട നല്‍കി.  ഹൃദയം കൊണ്ട് ചേർന്നവരെ മരണം തിരഞ്ഞെത്തിയത് ഒരേ നാൾ. നവംബര്‍ 25.  

മറഡോണയുടെ കുറിയ ശരീരം ഓര്‍മകളുടെയും സ്‌നേഹത്തിന്റെയും മഷി പുരണ്ട തുറന്ന പുസ്തകം കൂടിയായിരുന്നു. എട്ട് ടാറ്റൂകള്‍. ഐതിഹാസിക ഗോളുകള്‍ക്ക് ജന്മം നല്‍കിയ ഇടം കാലില്‍ കാസ്‌ട്രോയുടെ മുഖം. വലത്തേ കയ്യില്‍ ചെഗുവേര. ഒളിമങ്ങാത്ത സ്‌നേഹതിലകം പോലൊരു ചെറുഹൃദയം വലതു കൈത്തണ്ടയില്‍, പെണ്‍മക്കളുടെയും പേരക്കുട്ടിയുടെയും ആദ്യകാമുകിയുടെയും പേരുകളും ഐശ്വര്യചിഹ്നമായ വ്യാളിയും. മറഡോണ ഉള്ളില്‍ പൂജിച്ച വിപ്ലവവരൂപമായിരുന്നു ചെ. ചെഗുവേരയുടെ ദേശക്കാരനായതില്‍ അനല്പമായ അഹങ്കാരം പോലും മറഡോണ പ്രകടിപ്പിച്ചു. ചെഗുവേരയുടെ ഉറ്റ ചങ്ങാതിയായ കാസ്ട്രോയെ അടുപ്പിച്ചതിലൂടെ ചെയുടെ ത്രസിപ്പിക്കുന്ന സാമീപ്യം മറഡോണ അനുഭവിച്ചിട്ടുണ്ടാകണം. ചെഗുവേരയെ  പിടികൂടിയ ബൊളീവിയന്‍ സൈന്യം അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിയെടുത്ത് തിരിച്ചറിയാനായി ഫോര്‍മാല്‍ഡിഹൈഡില്‍ സൂക്ഷിച്ചു എന്നൊരു കഥയുണ്ട്. തന്റെ കൈയില്‍ ആ മുഖത്തെ കുടിയിരുത്തിയ മറഡോണ കാലത്തിനുവേണ്ടി ക്ഷമ പറയുകയായിരുന്നോ...
 

ചെഗുവേരയും ഫിഡല്‍ കാസ്‌ട്രോയും

 
കാല്‍പ്പന്തിന്റെ ചെഗുവേരയാണ് ഞാന്‍ എന്നുറക്കെപ്പറയാന്‍ മറഡോണയ്ക്ക് തോന്നിയത് എന്തുകൊണ്ടായിരിക്കും? മൈതാനത്ത് മറഡോണ ചക്രവര്‍ത്തിയായിരുന്നു. ആരാലും കീഴടക്കാനാകാത്ത പ്രതിഭയുടെ സാമ്രാജ്യമായിരുന്നു. അസൂയാവഹമായ പന്തടക്കം. നിര്‍ഭാഗ്യവശാല്‍, അതേ നിയന്ത്രണം, മറഡോണയ്ക്ക് സ്വന്തം വികാരങ്ങള്‍ക്ക് മേല്‍ ഒരിക്കലും നേടാനായില്ല. ചുഴലിക്കാറ്റ് പോലെയായിരുന്നു അയാള്‍. ശാന്തമായ കാതലും  വിനാശകരമായ അതിവേഗചലനവും. ചുറ്റിലുള്ളതെല്ലാം തകര്‍ന്നു നിലംപൊത്തിച്ചു  കൊണ്ട് മരണം വരെയുള്ള സഞ്ചാരം. മുറിവ് കെട്ടേണ്ട, സുഖപ്പെടുത്തേണ്ട ഡോക്ടറായിരുന്നു ചെ. പക്ഷേ, വിപ്ലവം ജയിക്കാനായി അയാള്‍ മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു. സര്‍ജിക്കല്‍ ബ്ലേഡ് പിടിക്കേണ്ട കൈ കൊണ്ട് തോക്കുകളുമായി ചങ്ങാത്തം കൂടി. ജീവദാനം നല്‍കി, സ്ഥിതിയെ സംരക്ഷിക്കേണ്ടവന്‍ സംഹാരത്തിന്റെ ചേരിയിലായി. മനുഷ്യന് തുല്യതയും അന്തസ്സുമുള്ള ജീവിതം നല്‍കാനുള്ള പോരാട്ടത്തില്‍ ചെഗുവേര ജീവനുകളെടുത്തു. പരസ്പര വൈരുധ്യങ്ങളുടെ അച്ചില്‍ കടഞ്ഞെടുത്ത ബിംബങ്ങളാണ് ചെയും മറഡോണയും.

മെസ്സിയെ ചേർത്തുപിടിക്കുന്ന മറഡോണ

തന്റെ പിന്‍ഗാമിയെന്ന് മറഡോണ പുകഴ്ത്തിയ ലയണല്‍ മെസ്സി. ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളിനെ തന്റെ പത്തൊമ്പതാം വയസ്സില്‍ അതിശയകരമായ സമാനതയോടെ പുനഃസൃഷ്ടിച്ചുകൊണ്ട് ലോകഫുട്‌ബോളിന്റെ തലപ്പത്തേക്ക് കടന്നുവന്നവന്‍. കിരീടനേട്ടത്തോടെ മെക്‌സിക്കന്‍ ലോകകപ്പിനെ മറഡോണ തന്റേതാക്കിയത് പോലെ ഖത്തര്‍ ലോകകപ്പിനെ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തവന്‍. ഡ്രിബ്ലിങ്ങില്‍ മറഡോണയോട് തുലനം ചെയ്യപ്പെടാന്‍ പോലും അര്‍ഹതയുള്ള ഒരേ ഒരു ലയണല്‍ മെസ്സി. മെസ്സി റൊസാരിയോക്കാരനാണ്. ചെഗുവേര ജനിച്ച അതേ തെരുവ്. മറഡോണയുടെ മരുമകനായിരുന്ന അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഒരു അഭിമുഖത്തില്‍ പറഞ്ഞു- ''ആധുനിക ഫുട്‌ബോളിന്റെ ചെഗുവേരയാണ് ഞാന്‍.'' മറഡോണയുടെ പിന്തുടര്‍ച്ചയാണ് താനെന്നാകില്ലേ അഗ്യൂറോ ധ്വനിപ്പിക്കാന്‍ ശ്രമിച്ചത് ? 

കാലത്തിന്റെ തറി പല പട്ടിഴകളിലൂടെ പരസ്പരം കോര്‍ക്കുന്നുണ്ട്, മറഡോണയെയും കാസ്‌ട്രോയെയും ചെഗുവേരയെയും. ചരിത്രത്തില്‍ പച്ചകുത്തപ്പെട്ട ലാറ്റിനമേരിക്കന്‍ മുഖങ്ങള്‍. 

Content Highlights: the bond between diego maradona, fidel castro and cheguevara