'കണ്ണടച്ചാൽ നീയാണ് ഫാത്തിമാ...', ആ പാട്ടിനുശേഷം ജീവിതം തന്നെ മാറി, സങ്കടങ്ങൾ അകന്നു

താജുദ്ദീൻ വടകര
താജുദ്ദീൻ വടകര

സോഷ്യൽ മീഡിയയും റീലുകളുമില്ലാത്ത, കാസറ്റ് ആൽബങ്ങൾ മലയാളികളുടെ മനസ്സിൽ തരംഗം സൃഷ്ടിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് പ്രണയത്തിന്റെയും വിരഹത്തിന്റെയും ഈരടികളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗാനമായിരുന്നു താജുദ്ദീൻ വടകര ആലപിച്ച 'നെഞ്ചിനുള്ളിൽ നീയാണ്... ഖൽബിനുള്ളിൽ നീയാണ്... കണ്ണടച്ചാൽ നീയാണ് ഫാത്തിമാ...'

തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ആ പാട്ടുണ്ടാക്കിയ ഓളം ചെറുതല്ല.  'ഖൽബാണ് ഫാത്തിമ' എന്ന ആൽബം പുറത്തിറങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. വർഷങ്ങൾക്കിപ്പുറവും ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടോർമ്മകളും വിശേഷങ്ങളുമുണ്ട് അന്നത്തെ ആ ഗായകന് പങ്കുവെയ്ക്കാൻ.

മാപ്പിളപാട്ടുകൾ നിറഞ്ഞ കുട്ടിക്കാലം
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും രചയിതാവും സംഗീതസംവിധായകനുമായിരുന്ന എം. കുഞ്ഞിമൂസയുടെ മകനാണ് താജുദ്ദീൻ. ''സംഗീതസംവിധായകൻ രാഘവൻ മാഷിന്റെ ശിഷ്യനായിരുന്നു ഉപ്പ. ഞാൻ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും, ഉപ്പയെ കാണാനെത്തുന്ന സംഗീത പ്രതിഭകളും വീട്ടിൽ നടന്നിരുന്ന ഗസൽ-മെഹ്ഫിൽ സദസ്സുകളുമാണ് എന്നിലെ ഗായകനെ രൂപപ്പെടുത്തിയത്'' എന്ന് താജുദ്ദീൻ ഓർക്കുന്നു.

ഉപ്പയോടൊപ്പം

പ്രിയപ്പെട്ട വടകര
“സംഗീതം ജീവിതത്തിന്റെ ഭാഗമാക്കുന്ന നാടാണ് എന്റേത്. കലാകാരൻമാരെ നന്നായി സപ്പോർട്ട് ചെയ്യുന്ന ആളുകളാണവിടെ. വടകര എന്ന നാട് എന്റെ പാട്ടുകളിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നെ പാട്ടുകാരനാക്കിയത് നാട്ടുകാരും സൗഹൃദങ്ങളുമാണ്.

എന്റെ ഉപ്പയുടെ ശിഷ്യനും നാട്ടുകാരനുമായിരുന്നു എരഞ്ഞോളി മൂസ എന്ന മാപ്പിളപ്പാട്ട് ഗായകൻ. ഒരിക്കൽ അദ്ദേഹം എനിക്ക് വടകര ടൗൺഹാളിൽ പാടാൻ അവസരം തന്നു. ലുങ്കിയുടുത്തെത്തിയ എനിക്ക് കർട്ടന്റെ പുറകിൽ നിന്ന് അദ്ദേഹത്തിന്റെ ഡബിൾ മുണ്ട് തന്ന്, എന്റെ ലുങ്കി അദ്ദേഹമുടുത്തു, എന്നിട്ട് എന്നോട് വേദിയിൽ കയറി പാടാൻ പറഞ്ഞു. അതൊന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു.

ഞാൻ അന്ന് ശോകഗാനത്തിന്റെ ആളായിരുന്നു. പണ്ട് ബാന്ദ്ര കടലിലെ വിമാന അപകടത്തിന്റെ ഒരുപാട്ടാണ് പാടിയത്. ‘1978-ൽ പിറന്നൊരു മാസം ബാപ്പ കയറിപ്പോയ വിമാനം പൊട്ടിത്തകർന്നു വീണേ...’ ഉപ്പ പാടിക്കേട്ട പാട്ടുകളിൽ എനിക്ക് ഇഷ്ടമുള്ള ഒന്നാണത്. കേൾക്കുമ്പോൾ സങ്കടം വരും. പാട്ടിഷ്ടമായി ആ വേദിയിൽ നിന്ന് ഒരുപാട് പേർ പൈസയൊക്കെ തന്നു അന്ന്.

[object Object]

ഖൽബാണ് ഫാത്തിമ
പത്താം ക്ലാസ് പഠനത്തിനു ശേഷം നാട്ടിൽ പല ജോലികളും ചെയ്തു. പ്രവാസം പറ്റിയില്ല. നാടും വീടും വിട്ട് അവിടെത്തുടരാനാവാതെ തിരികെ നാട്ടിലെത്തി ഒരു റെഡിമെയ്ഡ് കടയിൽ ജോലി നോക്കുകയായിരുന്നു. കല്യാണവീടുകളിലും മറ്റും പാടിനടന്നിരുന്ന സമയത്ത് സ്വന്തമായി നല്ല പാട്ടുകൾ ചെയ്യണമെന്ന ആഗ്രഹമുണ്ടാകുന്നത് സുഹൃത്ത് വികാഷിന്റെ പ്രേരണയിലാണ്. മാങ്ങാട്ട് റഫീഖ്, സമദ് ആയഞ്ചേരി എന്നീ സുഹൃത്തുക്കളുമായി ചേർന്ന് ക്ലബ്ബുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ വലിയ തടസ്സമായി.

ഒടുവിൽ പയ്യോളിയിലെ ഒരു കല്യാണവീട്ടിൽവെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയ റഫീഖ്, സമദ് എന്ന അതേ പേരിലുള്ള മറ്റ് രണ്ട് സുഹൃത്തുക്കൾ ആൽബം പ്രൊഡ്യൂസ് ചെയ്യാമെന്ന് ഏറ്റു. അങ്ങനെ 'ഖൽബാണ് ഫാത്തിമ' യാഥാർത്ഥ്യമായി. “അന്നെനിക്കൊരു പ്രണയമുണ്ടായിരുന്നു. അതായിരുന്നു ആ പാട്ടിന്റെ പ്രചോദനം.

പിന്നീട് ഓരോ ഘട്ടത്തിലും എന്നെ സഹായിച്ച ഒരുപാട് പേരുണ്ട്. അവരൊക്ക ഇന്നും എന്റെ പ്രാർത്ഥനയിലുണ്ട്. ഞാൻ വലിയ ദൈവവിശ്വാസിയാണ്.

രണ്ടു തവണ ജോലിയ്ക്കായി പോയി മടങ്ങി വന്ന ഗൾഫിലേക്ക് പാടാനെങ്കിലും ഒരവസരം കിട്ടിയെങ്കിൽ എന്ന് അന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഉംറ ചെയ്യണമെന്നും. എന്റെ പ്രാർത്ഥന കേട്ടെന്നപ്പോലെ അതിനും എനിക്ക് അവസരം ലഭിച്ചു. വിദേശത്തും കുറേ പരിപാടികളിൽ പാടാൻ സാധിച്ചു.

ഗായകൻ അഫ്സലുമായുള്ള ബന്ധം
അഫ്‌സൽക്കയുമായി വളരെ ആത്മാർഥ ബന്ധമാണ്.  പ്രതിഫലം പോലും ചോദിക്കാതെ ഖൽബാണ് ഫാത്തിമയിൽ അന്ന് പാടാൻ വന്നു അദ്ദേഹം. പാട്ടിന്റെ ഈണം പാടികൊടുക്കാൻ എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷെ അദ്ദേഹം വളരെ സിംപിളാണ്. ഇന്നും അദ്ദേഹവുമായി ആ ബന്ധമുണ്ട്.

ഖൽബാണ് ഫാത്തിമ എന്ന ആൽബത്തിലെ ഒമ്പത് പാട്ടുകളുടെയും എഴുത്തും സംഗീതവും ഞാനും ഉപ്പയുമായിരുന്നു ചെയ്തത്. നെഞ്ചിനുള്ളിൽ നീയാണ്...അഫ്‌സൽക്ക പാടാനിരുന്ന പാട്ടാണ്. ട്രാക്ക് ഞാനായിരുന്നു പാടിയത്. അതിൽ അഫ്‌സൽക്ക പാടുന്ന ശബ്ദം അനുകരിച്ചാണ് പാടിയത്. സൗണ്ട് എഞ്ചിനീയർ സതീശേട്ടനാണ് പ്രൊഡ്യൂസേഴ്‌സിനോട് പറയുന്നത് ഈ പാട്ട് ഞാൻ തന്നെ പാടട്ടെയെന്ന്. ഉള്ളിൽ എനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്റെ ഉള്ളറിഞ്ഞൊരു പാട്ടായിരുന്നു അത്, പലരും അത് കേട്ട് എന്നോടു വന്ന് സ്വന്തം അനുഭവങ്ങൾ പറഞ്ഞിട്ടുമുണ്ട്.

അങ്ങനെ അതിന്റെ കാസറ്റ് ഇറങ്ങി, കുറച്ച് കോപ്പികൾ മാത്രം. പിന്നെ നോക്കുമ്പോൾ ഓട്ടോയിലും, ബസ്സിലുമെല്ലാം ഞങ്ങളുടെ പാട്ടുകൾ നിറഞ്ഞു. ആവശ്യക്കാർ കൂടി, പക്ഷെ ഞങ്ങൾക്ക് അത്രയധികം കോപ്പി ഇറക്കാൻ സാധിച്ചില്ല. തെരുവിൽ ഡ്യൂപ്ലിക്കേറ്റ് കാസറ്റ് ഇറങ്ങി. ആളുകൾ എന്നെ തിരിച്ചറിയാനൊക്കെ തുടങ്ങിയ കാലമായിരുന്നു അത്. മില്ലേനിയം ഓഡിയോസ് വിതരണത്തിനെടുത്തതിന്‌ശേഷമാണ് വീഡിയോ പുറത്തിറക്കിയത്. ഞാൻ തന്നെയാണ് അതിൽ അഭിനയിച്ചതും. അതോടെ ജീവിതം തന്നെ മാറി, സങ്കടങ്ങൾ മാറി. സ്വപ്നം കാണാൻ കഴിയാത്ത വേദികളും നാടുകളും കലാകാരന്മാരും എന്നെ തേടിയെത്തി.

[object Object]

ഇഷ്ടമുള്ള പാട്ട്
നെഞ്ചിനുള്ളിൽ നീയാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഹാഷിർ വടകര എഴുതിയ ‘ആശകളില്ലാത്ത എൻ ജീവയാത്രയിൽ’ എന്ന പാട്ടാണ് ഏറ്റവും പ്രിയപ്പെട്ടത്. എന്റെ പ്രണയത്തിന്റെ എല്ലാ വികാരങ്ങളും ആറ്റി കുറുക്കിയ പാട്ടായിരുന്നു അത്. എന്റെ കഥ ഞാൻ ഹാഷിറിനോട് പറഞ്ഞപ്പോൾ അവൻ എഴുതിയ വരികളാണത്. ഞാൻ ഈണം നൽകി അഫ്‌സൽക്ക പാടിയ പാട്ട്. വരി എഴുതാനും ഈണം നൽകാനും അന്നൊക്കെ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്രചാരത്തിലില്ലാത്ത കാലത്തും ജാതിമതഭേദമന്യേ അതാളുകൾ ഏറ്റെടുത്തു.

സംഗീതയാത്രയും സിനിമാലോകവും
നോവോർമ്മകൾ, പാടാൻ പഠിപ്പിച്ച പാട്ടുകാരൻ എന്നിങ്ങനെ എത്രയോ ആൽബങ്ങളുടെ ഭാഗമായി. കുറേ പാട്ടുകളിൽ വീഡിയോയും ചെയ്തിട്ടുണ്ട്. ഞാൻ അഭിനയിച്ച ‘അരിപ്പോതിരിപ്പോ’ എന്ന പാട്ടും അന്ന് വലിയ ഹിറ്റായിരുന്നു. ഇപ്പോഴും എനിക്ക് ആളുകളിൽ നിന്ന് കിട്ടുന്ന സ്‌നേഹവും സംഗീതവുമാണ് എന്റെ ജീവിതം.

ആൽബങ്ങൾക്കു മുൻപേ പല സിനിമയിലും ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സോൾട്ട് ആൻഡ് പെപ്പർ, മേരാ നാം ഷാജി തുടങ്ങിയ ആറോളം സിനിമകളിൽ ചെറിയ വേഷം ചെയ്തു. തൂഫാൻ എന്ന ടെലി ഫിലിമിൽ അഭിനയിച്ചു ഇപ്പോൾ. നല്ലൊരു വേഷം സിനിമയിൽ ചെയ്യണമെന്നും മോഹമുണ്ട്.

മാറിയ സംഗീതലോകം
കാലം മാറി, റീൽസും റീമിക്‌സും നിറഞ്ഞ കാലഘട്ടത്തിലും ഇന്നുമെന്നെ ആളുകൾ തിരിച്ചറിയുന്നു എന്നതിൽ വലിയ സന്തോഷം. പണ്ടൊക്കെ ഷോപ്പിൽ പോയി പുതിയ പാട്ടുകളുടെ കാസറ്റുകൾ വാങ്ങാമെന്നെയുള്ളു, ഇന്നു നമ്മുടെ കൈയ്യിലെ മൊബൈലിലുണ്ട് എല്ലാം. മാപ്പിളപ്പാട്ടിന് പണ്ടത്തേക്കാൾ ഓഡിയൻസുണ്ടിന്ന്. പറയാൻ ഒരുപാട് വിഷയങ്ങളുണ്ട്. ചരിത്രം, കഥ, ഭക്തി, പ്രണയം എന്നിങ്ങനെ.

ഇന്നത്തെ കുട്ടികൾ എന്റെ പാട്ടുകൾ പാടുന്നത് എന്റെ കലയ്ക്കുള്ള അംഗീകാരമായി കാണുന്നു. കോളേജുകളിൽ ഞാൻ പരിപാടികൾക്ക് പോകുമ്പോൾ അത് മനസ്സിലാകും. പുതിയ കുറേ വർക്കുകൾ ചെയ്യുന്നുണ്ട്. നാദിർഷ (നടൻ) ഇക്കയും അഫ്‌സൽക്കയും ഞാനും പുതിയ പാട്ടിന്റെ പണിപ്പുരയിലാണ്. ഉമ്മയും ഉപ്പയും മരിച്ചു. രണ്ട് ചേട്ടന്മാരും അഞ്ച് സഹോദരിമാരുമുണ്ട് അദ്ദേഹത്തിന്. രണ്ട് വർഷം മുൻപായിരുന്നു വിവാഹം, സൈഫുന്നിസയാണ് ഭാര്യ. ഇപ്പോൾ കോഴിക്കാട്, പയ്യോളിക്കടുത്ത് അയനിക്കാടാണ് താമസം”.

സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും അളവറ്റ പിന്തുണയും അനുഭവങ്ങളും കൈമുതലാക്കി തന്റെ പ്രിയപ്പെട്ട സംഗീതയാത്ര തുടരുകയാണ് വടകരക്കാരനായ താജുദ്ദീൻ.

(തയ്യാറാക്കിയത് : അനുശ്രീ രാമദാസ്)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Tajudheen Vadakara shares nostalgic memories of the 90s cassette album era., The story behind the creation and massive success of the hit song Khalbanu Fathima., Insights into his musical journey, collaborations with singer Afsal, and his father M. Kunjimoosa., Current updates on his ongoing music projects and acting career.