സ്വപ്നം വിടരുന്ന ഫാഷന്‍ മന്ത്രങ്ങള്‍

'പ്രകൃതിയെ അണിയുന്ന വസ്ത്ര സങ്കല്പം' സ്വപ്ന മന്ത്രയെന്ന സംരംഭത്തെ പറ്റി ഒറ്റവരിയില്‍ പറയാന്‍ ആവശ്യപ്പെട്ടാല്‍ ഇതാവും ഉത്തരം. സ്വപ്ന മനോജെന്ന കൊച്ചിക്കാരി തന്റെ ഫാഷന്‍ ബൊട്ടീക്കിനെ പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്തുകയാണ്. പ്രകൃതിദത്ത നിറങ്ങളും ഫാബ്രിക്കുമാണ് സ്വപ്ന മന്ത്രയിലെ വസ്ത്രങ്ങളെ മനോഹരമാക്കുന്നത്. പരിസ്ഥിതിക്കും മനുഷ്യര്‍ക്കും ഹാനികരമാകുന്ന ഒന്നും തന്റെ ഉത്പന്നങ്ങളില്‍ ചേര്‍ക്കില്ലെന്ന് സ്വപ്ന ആദ്യം തന്നെ തീരുമാനിച്ചിരുന്നു. പ്യുവര്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ണടച്ചെത്താവുന്ന ഇടമാണ് സ്വപ്ന മന്ത്ര.
കോട്ടണില്‍ വിരിയും പാര്‍ട്ടി വെയര്‍
കോട്ടണ്‍ വസ്ത്രങ്ങള്‍ കേരളത്തിന്റെ പാരമ്പര്യത്തെ ചേര്‍ത്തു നിര്‍ത്തുന്നവയാണ്. നമ്മുടെ കാലവസ്ഥയ്ക്ക് അനുയോജ്യമായ, എന്നാല്‍ പ്രകൃതിയെ മുറിപ്പെടുത്താത്ത പരിസ്ഥിതി സൗഹൃദമായ വസ്ത്രങ്ങളാണ് കോട്ടണ്‍ തുണികളില്‍ വിരിയുക. അത്തരത്തില്‍ പരുത്തി, ജൂട്ട് എന്നിവയില്‍ നിന്നുള്ള വസ്ത്രങ്ങളാണ് സ്വപ്ന മന്ത്രയില്‍ ഏറെയും. കുര്‍ത്തകള്‍, സാരികള്‍, ടോപ്പുകള്‍, ഷര്‍ട്ടുകള്‍, സല്‍വാര്‍.... എന്നിങ്ങനെ ഇഷ്ട വസ്ത്രങ്ങളേതും ഇവിടെ ലഭിക്കും.
കസ്റ്റമൈസ്ഡ് വസ്ത്രങ്ങളാണ് സ്വപ്നമന്ത്രയുടെ പ്രധാന സേവനം. പാര്‍ട്ടിവെയറുകളില്‍ കോട്ടണ്‍ പറ്റില്ലെന്നൊരു തെറ്റിധാരണ ഇതിലൂടെ തിരുത്തുകയാണ് സ്വപ്ന മന്ത്ര. വിവാഹമോ, മറ്റേത് ആഘോഷങ്ങളോ ആവട്ടെ. ഉപഭോക്താവ് ആഗ്രഹിക്കുന്ന ഭംഗിയില്‍ കോട്ടണ്‍ ഫാബ്രിക്ക് ഉപയോഗിച്ചുള്ള ഡിസൈനര്‍ വസ്ത്രങ്ങള്‍ ഇവിടെ ഒരുങ്ങും. 'സിന്തറ്റിക്ക് വസ്ത്രങ്ങള്‍ ചൂടുകാലത്തും മറ്റും ധരിക്കാന്‍ അത്ര കംഫര്‍ട്ടബിള്‍ ആവില്ല. എന്നാല്‍ കോട്ടണിലുള്ള പാര്‍ട്ടിവെയറുകളും ഡെയിലി വെയറുകളും നമ്മുടെ ചര്‍മത്തിനും ഇണങ്ങുന്നതാണ്.' സ്വപ്ന മന്ത്രയുടെ തേരാളിയായ സ്വപ്ന മനോജ് പറയുന്നു.
വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതിന് ശേഷം ബാക്കിവരുന്ന പാഴ്വസ്തുക്കളെ പുനരുപയോഗിക്കുകയും ചെയ്യുന്നുണ്ട്. ബാഗുകള്‍, ബുക്കുകള്‍, പെന്‍സ്റ്റാന്‍ഡ്, ടിഷ്യൂപേപ്പര്‍ എന്നിങ്ങനെ.
ഇഷ്ടത്തെ കൂട്ടുപിടിച്ച്
തന്റെ സംരംഭത്തോടൊപ്പം സമൂഹത്തിനും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് നാച്വറല്‍ ഫാബ്രിക്ക്സ് ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ എന്ന ആശയത്തിലേക്ക് സ്വപ്ന എത്തിയത്. 'എലഗന്‍സ്, കംഫര്‍ട്ടബിള്‍.. കോട്ടണ്‍ വസ്ത്രങ്ങളെപ്പറ്റി ആദ്യം മനസില്‍ വരുന്നത് ഇതുരണ്ടുമാണ്. ഞാനൊരു കോട്ടണ്‍ ലൗവ്വറാണ്, ഇരുപത് വര്‍ഷത്തിലധികമായി കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ആ അനുഭവത്തില്‍ നിന്നാണ് എല്ലാവര്‍ക്കും കോട്ടണ്‍ ഇഷ്ടമാകട്ടെ എന്ന ചിന്തവന്നതും, സംരംഭമായതും. ' വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്ള ഇഷ്ടം പണ്ടേയുണ്ടെന്നും സ്വപന പറയുന്നു. '2006 ലാണ് ഡിസൈനിങ് മേഖലയിലേക്ക് വരുന്നത്. 2015 ലാണ് സ്വപ്ന മന്ത്രയെന്ന തന്റെ ഡിസൈനര്‍ ബൊട്ടീക്ക് തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ ഇടപ്പള്ളിയില്‍ രണ്ടാമത്തെ ബൊട്ടീക്ക് തുറന്നിട്ടുണ്ട്.
സൂററ്റ്, അഹമ്മദാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലെ മില്ലുകളില്‍ നിന്ന് നേരിട്ടുപോയാണ് സ്വപ്ന മെറ്റീരിയലുകള്‍ വാങ്ങുന്നത്. തന്റെ അടുത്തെത്തുന്ന ഉപഭോക്താവിനെ ഒരിക്കലും നിരാശപ്പെടുത്തരുതെന്ന നിര്‍ബന്ധമുണ്ട് സ്വപ്നയ്ക്ക്.
നെഞ്ചിലേറ്റിയവര്‍
ടെക്സ്‌റ്റൈല്‍ മേഖലയെപ്പറ്റി പരിചയപ്പെടുത്തി തന്നെ കൈപിടിച്ചത് നടിയായ കുക്കു പരമേശ്വരനാണെന്ന് സ്വപ്ന. 'ടെക്സ്‌റ്റൈല്‍ ഡിസൈനിങ് പഠിച്ചയാളാണ് കുക്കു പരമേശ്വരന്‍. അതുകൊണ്ടു തന്നെ മനസിലുള്ള ഡിസൈനുകള്‍ ചെയ്തെടുക്കാന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. കുക്കു പരമേശ്വരന്റെ ധാരാളം വര്‍ക്കുകള്‍ ഞാന്‍ ആദ്യകാലങ്ങളില്‍ ചെയ്തിരുന്നു.' സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്വപ്ന മന്ത്രയെ പ്രസിദ്ധമാക്കിയത് മഞ്ജു പിള്ളയാണ്. 'കസ്റ്റമറായി എത്തി അടുത്ത സുഹൃത്തായി മാറിയയാളാണ് മഞ്ജുവെന്ന് സ്വപ്ന പറയുന്നു.
'കോട്ടണ്‍ വസ്ത്രങ്ങളെന്നാല്‍ പരമ്പരാഗത രീതിയിലുള്ളവ മാത്രമല്ല. ഏറ്റവും പുതിയ ട്രന്‍ഡുകളറിഞ്ഞ് അവ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ പറ്റുന്ന നല്ലൊരു ഡിസൈനിങ് ടീമും ഇപ്പോള്‍ സ്വപ്ന മന്ത്രയിലുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉപഭോക്താക്കളുമായി അടുത്തു നില്‍ക്കാനും ഞങ്ങള്‍ക്ക് കഴിയുന്നു.' കോട്ടണ്‍ വസ്ത്രങ്ങളില്‍ മായികവിസ്മയം തീര്‍ത്ത് മനസ്സുകീഴടക്കി മുന്നേറുകയാണ് സ്വപ്നയുടെ സ്വപ്നമന്ത്ര.
Content Highlights: swapna mathra fashion boutique founder swapna manoj speaks