സ്ത്രീയായി ജനിച്ചതിനാൽ പുരുഷന്മാരുടെ കണ്ണിൽ വിലയില്ലാതായി; സുൽത്താന റസിയയുടെ ജീവിതം

#സ്നിഗ വസന്ത്
സുൽത്താൻ റസിയ  /photo: history today
സുൽത്താൻ റസിയ /photo: history today

'എന്റെ മകൾ നിരവധി ആൺമക്കളേക്കാൾ മികച്ചവളാണ്, കഴിവിന്റെ കാര്യത്തിൽ അവൾ ഇരുപത് പേർക്ക് തുല്യയാണ്.' ഡൽഹിയിലെ സുൽത്താൻ ഇൽതുമിഷ് കൗമാരക്കാരിയായ തന്റെ മകളെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. പിൽക്കാലത്ത് ഡൽഹിയുടെ കരുത്തുറ്റ ഭരണാധികാരിയായി സുൽത്താൻ റസിയ മാറുമെന്ന് അന്നുതന്നെ അച്ഛനായ ഇൽതുമിഷിന്‌ ഉറപ്പുണ്ടായിരുന്നു. ഡൽഹി സുൽത്താനേറ്റിലെ ആദ്യത്തെയും അവസാനത്തെയും വനിതാ ഭരണാധികാരിയായിരുന്നു സുൽത്താൻ റസിയ. അവർക്ക് മുൻപോ ശേഷമോ മറ്റൊരു വനിത ഡൽഹി സുൽത്താനേറ്റിന്റെ ചരിത്രത്തിൽ ഭരണത്തിലിരുന്നിട്ടില്ല. ലിംഗഭേദത്തെയും അടിമ വംശ പാരമ്പര്യത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ ഉൾപ്പെടെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് റസിയ സിംഹാസനത്തിൽ എത്തിയത്. 1236-ന്റെ അവസാനം മുതൽ 1240 വരെ ചെറുതെങ്കിലും നാല് വർഷക്കാലം അവർ ഡൽഹി ഭരിക്കുകയും ചെയ്തു.
'സുൽത്താൻ റസിയ മഹത്തായ ഒരു ഭരണാധികാരിയും, വിവേകമതിയും, നീതിനിഷ്ഠയും, ഉദാരമതിയും, പണ്ഡിതരുടെ രക്ഷാധികാരിയും, നീതി നടപ്പാക്കുന്നവളും, പ്രജകളെ പരിപാലിക്കുന്നവളും, യുദ്ധ കാര്യങ്ങളിൽ കഴിവുള്ളവളുമായിരുന്നു. രാജാക്കന്മാർക്ക് ആവശ്യമായ എല്ലാ പ്രശംസനീയമായ ഗുണങ്ങളും യോഗ്യതകളും അവർക്കുണ്ടായിരുന്നു. ഒരു രാജാവിന് ചേർന്ന എല്ലാ ഗുണങ്ങളും അവർക്ക് സിദ്ധിച്ചിരുന്നു, പക്ഷേ അവർ സ്ത്രീയായി ജനിച്ചതിനാൽ പുരുഷന്മാരുടെ കണ്ണിൽ ഈ ഗുണങ്ങളെല്ലാം വിലയില്ലാത്തതായി.' ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ ഭരണാധികാരിയായ റസിയ സുൽത്താനെ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ ചരിത്രകാരനായ മിൻഹാജ്-ഇ-സിറാജ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. നിലവിലുണ്ടായിരുന്ന അധികാര ഘടനകളെ പല തലങ്ങളിലും തകിടം മറിക്കാൻ റസിയയ്ക്ക് കഴിഞ്ഞതിനാൽ മധ്യകാല ഇന്ത്യയിലെ കടുത്ത പുരുഷാധിപത്യ സമൂഹത്തിൽ അവരുടെ ഭരണം ഒരു സുപ്രധാന നാഴികക്കല്ലായി നിലകൊള്ളുന്നു.

1205-ൽ ബദായൂനിൽ റസിയ-അൽ-ദിൻ എന്ന പേരിൽ ജനിച്ച റസിയ, ഷംസുദ്ദീൻ ഇൽതുമിഷിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ ടെർക്കൻ ഖാത്തൂന്റെയും മകളായിരുന്നു. തന്റെ മൂന്ന് ആൺമക്കൾക്കും മകളായ റസിയക്കും മികച്ച സൈനിക പരിശീലനവും ഭരണപരമായ കഴിവുകളും അദ്ദേഹം ഒരുപോലെ പകർന്നുനൽകി. അവരിൽ ഏറ്റവും ആത്മാർഥതയും കഴിവും ഉള്ളവൾ റസിയയാണെന്ന് ഇൽതുമിഷ് വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു. അതിനാൽ റസിയയെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുക എന്ന ചരിത്രപരമായ ഒരു തീരുമാനവുമെടുത്തു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണാധികാരി ഒരു സ്ത്രീയെ തന്റെ സിംഹാസനത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത്. 

Content Highlights: Discover the inspiring story of Sultan Razia, the first and only female ruler of the Delhi Sultanate. Learn about her reign, challenges, and legacy.

Continue reading