ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച ബോസ് ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടു

'രാജ്യസ്‌നേഹികളുടെ രാജകുമാരന്‍' എന്ന് സുഭാഷ്ചന്ദ്ര ബോസിനെ വിളിച്ചത് മഹാത്മാഗാന്ധിയാണ്. ഗാന്ധിയെ 'ബാപ്പു' എന്നും 'രാഷ്ട്രപിതാവ്' എന്നും വിളിച്ചത് സുഭാഷ്ചന്ദ്ര ബോസും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നെടുംതൂണുകളായ ഈ രണ്ട് മഹാരഥന്മാരും എന്നും ആശയപരമായി ധ്രുവങ്ങള്‍ക്കപ്പുറമായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രബിന്ദു. കോണ്‍ഗ്രസ് ആണ് സമരങ്ങള്‍ നയിച്ചിരുന്നത്. ഗാന്ധിയുടെ ആശയങ്ങളെ അങ്ങേയറ്റം മാനിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നേറിയത്. കോണ്‍ഗ്രസിലും ഭിന്നസ്വരങ്ങളുണ്ടായിരുന്നു. ആ ചേരിതിരിവ് ഉച്ചസ്ഥായിലാക്കിക്കൊണ്ട് ബോസ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ സാഹചര്യങ്ങള്‍ മുതലെടുക്കണമെന്നും ബ്രിട്ടന്‍ ദുര്‍ബലരായിരിക്കുന്ന വേളയില്‍ അവരെ അട്ടിമറിക്കണമെന്നും ബോസ് വാദിച്ചു. സൈനികസഹായത്തോടെ അത് നേടിയെടുക്കണമെന്നായിരുന്നു ബോസിന്റെ ആശയം. മഹായുദ്ധത്തിന്റെ മറ പറ്റാന്‍ ഗാന്ധിജി ഒരുക്കമായിരുന്നില്ല, അഹിംസയുടെ പാത വെടിയാനും. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് രക്തം വീഴാതെ ആകണമെന്ന് ഗാന്ധിജിക്ക് നിര്‍ബന്ധമായിരുന്നു.
ബോസിന്റെ ആശയങ്ങളും ഗാന്ധിയന്‍ ആശയങ്ങളും രണ്ടു തട്ടായി. കോണ്‍ഗ്രസ് ചേരി തിരിഞ്ഞു. ബോസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. തന്റെ അനുയായികള്‍ക്കൊപ്പം ഫോര്‍വേഡ് ബ്ലോക്ക് എന്നൊരു സംഘടന ആരംഭിച്ചു. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റായി രാജേന്ദ്രപ്രസാദ് അധികാരമേറ്റു. ബോസിനെ ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി.
സുഭാഷ്ചന്ദ്ര ബോസിന്റെ ജീവിതം ഏറ്റവും സമഗ്രമായി അടയാളപ്പെടുത്തിയ ചരിത്രകാരനാണ് ലിയോണാര്‍ഡ് എ. ഗോര്‍ഡന്‍. അദ്ദേഹത്തിന്റെ 'ബ്രദേഴ്‌സ് എഗെയിന്‍സ്റ്റ് ദി രാജ്: എ ബയോഗ്രഫി ഓഫ് ഇന്ത്യന്‍ നാഷണലിസ്റ്റ് ലീഡേഴ്സ് ശരത് ആന്‍ഡ് സുഭാഷ് ചന്ദ്ര ബോസ്' എന്ന പുസ്തകത്തില്‍ ഗാന്ധിജിയും ബോസും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. വഴിതെറ്റിപ്പോയ മകനായിരുന്നു ഗാന്ധിജിക്ക് ബോസ്. ബോസിന്റെ വാദങ്ങളൊന്നും ഗാന്ധിജിയുടെ മനസ്സ് മാറ്റിയില്ല.
ഗാന്ധിയും ബോസും കത്തുകളിലൂടെ നിരന്തരം സംവദിച്ചു. ആശയവും മാര്‍ഗവും വെവ്വേറെ ആയിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യയെന്ന ലക്ഷ്യം ഇരുവരെയും ചേര്‍ത്തുനിര്‍ത്തി. ബോസിന്റെ രാജ്യസ്‌നേഹത്തിന്റെ തീവ്രത ഗാന്ധി എന്നും ബഹുമാനിച്ചു. ഇന്ത്യക്കാര്‍ക്കുള്ളില്‍ ഐക്യത്തിന്റെയും സ്വാഭിമാനത്തിന്റെയും തിരി കൊളുത്തിയ മഹാശയനായി ഗാന്ധിജിയെ ബോസും എന്നും വണങ്ങി.
1945 ഓഗസ്റ്റ് 18-ന് തായ്‌വാനില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ ബോസ് കൊല്ലപ്പെട്ടു. എല്ലാ ഇന്ത്യക്കാരെയും പോലെ ആ വാര്‍ത്ത ഗാന്ധിജിക്കും വലിയ വേദനയായിരുന്നു. ബോസ് മരിച്ചിട്ടില്ലെന്നും അദ്ദേഹം ഒളിവിലാണെന്നും വിശ്വസിച്ച വലിയൊരു വിഭാഗം ഉണ്ടായിരുന്നു. ബോസ് എന്തോ രഹസ്യമിഷനിലാണെന്നും അദ്ദേഹം മടങ്ങിവരുമെന്നും അക്കൂട്ടര്‍ വാദിച്ചു. ആദ്യം ഗാന്ധിയും ബോസിന്റെ മരണവാര്‍ത്തയില്‍ സന്ദേഹം പ്രകടിപ്പിച്ചിരുന്നത്രെ. വൈകാതെ ബോസ് ഇനിയില്ല എന്ന സത്യവുമായി അദ്ദേഹം സന്ധി ചെയ്യുകയായിരുന്നു.
Content Highlights: the ideological differences between gandhiji and subhash chandra bose