മുലപ്പാലും പൊക്കിള്‍ക്കൊടിയും ഇനി ആഭരണങ്ങള്‍; ഓര്‍മകളെ സൂക്ഷിക്കാന്‍ തസ്ലീമയുടെ സംരംഭം

കുഞ്ഞിപ്പല്ലും കുഞ്ഞുമുടിയിഴകളും ആദ്യ നഖവുമെല്ലാം ഓര്‍മയുടെ പര്യായങ്ങളാണ്. മുലപ്പാലും പൊക്കിള്‍ക്കൊടിയും ബന്ധങ്ങളുടെയും. അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള ആത്മബന്ധത്തിന്റെ ഇഴകളാണ് ഇവയെല്ലാം. മാതൃത്വത്തിന്റെയും ബാല്യത്തിന്റെയും ഈ മനോഹരമായ അവശേഷിപ്പുകളെ തന്റെ കരവിരുതിനാല്‍ ഇഴചേര്‍ക്കുകയാണ് തൃശ്ശൂര്‍ക്കാരി തസ്ലീമ.
'ഡിഎന്‍എ ആഭരണങ്ങളും ഫ്രെയിമുകളും ഉപയോഗിച്ച് മാതൃത്വത്തിന്റെ സത്ത സംരക്ഷിക്കാന്‍ പുതിയ തലമുറ ഇഷ്ടപ്പെടുന്നു. കലാസൃഷ്ടികള്‍ എത്ര മനോഹരവും അര്‍ഥവത്തുമാണെന്നറിഞ്ഞപ്പോള്‍ എന്തുകൊണ്ട് അങ്ങനെയൊന്നായികൂടാ എന്ന തോന്നലായി. 'മാ ഹാലിബ് കീപ്സേക്സ്' എന്ന ഇന്‍സ്റ്റാഗ്രാം പേജിന്റെ ഉദയം അങ്ങനെയാണ്. മാ- ഹിന്ദിയില്‍ അമ്മ, ഹാലിബ് എന്നാല്‍ അറബിയില്‍ പാല്‍. അതിനാല്‍ ഈ രണ്ട് ഭാഷകളും സംയോജിപ്പിച്ച് സംരംഭത്തിന് പേരിട്ടു. മുലപ്പാല്‍, ആദ്യത്തെ മുടി, പാല്‍ പല്ലുകള്‍, കണ്‍പീലി, നഖം.. ഓര്‍മകള്‍ക്ക് നിറം കൂട്ടുന്ന മനോഹരമായ ആരഭണങ്ങളും ഷോപീസുകളുമായി ഇവയെ മാറ്റുകയാണിവര്‍.'
സംരംഭത്തിന്റെ തുടക്കം
മകന്‍ ഐബക്കിനെ ഗര്‍ഭിണിയായിരുന്ന സമയത്ത് സോഷ്യല്‍ മീഡിയയില്‍ മുലപ്പാലില്‍ നിന്ന് ആഭരണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വിദേശിയുടെ വീഡിയോ കണ്ടിരുന്നു. അത് ഒരുപാട് ഇഷ്ടമായി. കുഞ്ഞ് ജനിച്ചുകഴിയുമ്പോള്‍ അവരെ സമീപിക്കാമെന്ന് കരുതി. അന്വേഷിച്ചപ്പോള്‍ ഒരു ആഭരണത്തിനുതന്നെ പതിനായിരം രൂപയ്ക്ക് മുകളിലാണ് വില. ഇത്രയും വിലയ്ക്ക് സാധാരണക്കാര്‍ക്ക് ഒരിക്കലും വാങ്ങാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ സ്വന്തമായി ചെയ്തുനോക്കാം. പരീക്ഷണം ഫലം കണ്ടു.'' ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററില്‍ നിന്ന് സംരംഭകയുടെ പരിവേഷമണിയാന്‍ തസ്ലീമയ്ക്ക് പ്രചോദനമായത് ആ പരീക്ഷണമായിരുന്നു. സംരംഭത്തിന് തുണയായി നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സനൂബും കൂടെയുണ്ട്.
മകന്‍ ജനിച്ചശേഷം മുലപ്പാല്‍ കൊണ്ട് ഞാന്‍ കുറച്ച് ആഭരണങ്ങള്‍ ഉണ്ടാക്കി.കെമിക്കല്‍ ഉപയോഗിച്ച് മിക്‌സ് ചെയ്‌തെങ്കിലും ആദ്യമൊന്നും ശരിയായില്ല. തുടർന്ന് ഓൺലെെൻ പ്ലാറ്റ് ഫോമിൽ നിന്നാണ് ടെക്‌നിക് പഠിച്ചത്. പരീക്ഷണം വിജയം കണ്ടപ്പോള്‍ പെന്‍ഡന്റുകൾ, മോതിരം, കമ്മല്‍ തുടങ്ങിയവ ഉണ്ടാക്കി നോക്കി. നിരവധി അമ്മമാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഓഡറുകള്‍ വന്നു. പിന്നീട്, പൊക്കിള്‍ക്കൊടി, മുടി, പല്ല്, നഖം എന്നിവ കൊണ്ട് വ്യത്യസ്തങ്ങളായ കോസ്റ്ററുകളും വസ്തുക്കളും നിര്‍മിക്കാന്‍ തുടങ്ങി. ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് സഹായിയായി അനിയത്തി തമീമയുമുണ്ട്.
നെഗറ്റീവ് കമന്റുകള്‍
തുടക്കത്തില്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പൊക്കിള്‍കൊടിയും മുലപ്പാലുമൊക്കെ അശുദ്ധിയല്ലേ,അതൊക്കെ മോശമാണ്, എന്തിനാണ് അത്തരം വസ്തുക്കള്‍ ഉപയോഗിച്ചുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നത്...ഇത്തരം ചോദ്യങ്ങളുമായി നിരവധി ആളുകള്‍ കമന്റില്‍ പ്രത്യക്ഷപ്പെട്ടു.
പഴയതലമുറയിലുള്ള ആളുകളാണ് കൂടുതലും വിമര്‍ശനങ്ങളുമായി എത്തിയത്. പല്ലും നഖവും വച്ചാണോ ക്രാഫ്റ്റ് എന്ന് പറഞ്ഞ് കളിയാക്കുന്നവരുമുണ്ട്. ഗര്‍ഭത്തിന്റെ ആദ്യ ദിവസം മുതല്‍, അമ്മയും കുഞ്ഞും പൊക്കിള്‍ക്കൊടിയിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. വളരെ പരിശുദ്ധവും അമൂല്യവുമാണ് ആ ബന്ധം.
മറക്കാത്ത ഉപഭോക്താക്കള്‍
''അടുത്തിടെ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുടെ മുടി ഉപയോഗിച്ച് ഒരു കീപ്‌സേക്ക് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചിരുന്നു. അവളുടെ അമ്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. കീമോതെറാപ്പി സമയത്ത് കൊഴിഞ്ഞ അമ്മയുടെ ഏതാനും മുടിയിഴകൾ അവള്‍ സൂക്ഷിച്ചുവെച്ചിരുന്നു. അതുപയോഗിച്ച് മനോഹരമായ ഒരു അക്സസറി ഒരുക്കി. അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സമ്മാനമൊരുക്കാന്‍ സാധിച്ചതില്‍ എനിക്കും അതിയായ സന്തോഷം തോന്നി.
രണ്ടാം വയസ്സില്‍ മരണപ്പെട്ട കുഞ്ഞിന്റെ കണ്‍പീലിയുമായി ഒരമ്മ എന്നെ സമീപിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് കുഞ്ഞിന്റെ കണ്ണ് തുടച്ചപ്പോള്‍ തൂവാലയില്‍ പെട്ടുപോയ കണ്‍പീലി അവര്‍ സൂക്ഷിച്ചുവെച്ചിരുന്നു. കുഞ്ഞ് മരിച്ച് അഞ്ച് മാസങ്ങള്‍ക്കിപ്പുറം എന്റെ പേജ് കണ്ട് എന്നെ വിളിച്ചു. ഒരു പെന്‍ഡന്‍ നിര്‍മാണത്തിനായിരുന്നു. അമൂല്യമായി കിട്ടിയ കണ്‍പീലി നഷ്ടപ്പെട്ടുപോയാലോ എന്ന പേടി കാരണം കൊറിയര്‍ അയയ്ക്കാതെ എന്നെ നേരിട്ട് കണ്ടാണ് അത് ഏല്പിച്ചത്. ആ സമയത്തും അവള്‍ കരയുന്നുണ്ടായിരുന്നു. ഇതൊക്കെ വിലമതിക്കാനാവാത്തതാണെന്ന് ഇത്തരം ആളുകളെ കാണുമ്പോള്‍ തോന്നാറുണ്ട്. ആ കുഞ്ഞിന്റെ അമ്മയുടെയും അച്ഛന്റെയും മുടിയിഴകള്‍ ഹാര്‍ട്ട് ഷേയ്പ്പില്‍ വെച്ച് നടുവില്‍ കുഞ്ഞിന്റെ കണ്‍പീലി പിടിപ്പിച്ച് ഒരു പെന്‍ഡന്റ് നിര്‍മിച്ചു നല്കി.
ഇരുപത്തിയാറുകൊല്ലം മുമ്പുള്ള പൊക്കിള്‍ക്കൊടി സൂക്ഷിച്ചുവെച്ച് മകള്‍ക്ക് സമ്മാനമായി ഒരു കോസ്റ്റര്‍പീസ് ഉണ്ടാക്കി നല്കണമെന്ന ആവശ്യവുമായി ഒരു അമ്മ എന്നെ വിളിച്ചിരുന്നു. ഇത്രയും വര്‍ഷമായതുകൊണ്ട് കുറച്ചു കേടുപാടുകള്‍ വന്നിരുന്നു. എങ്കിലും പ്രധാനഭാഗങ്ങളെല്ലാം കിട്ടിയിരുന്നു. ഇപ്പോൾ അതിന്റെ പണിപ്പുരയിലാണ്.
നിര്‍മ്മാണം
ഏതെങ്കിലും കീപ്‌സേക്ക് ആക്സസറികള്‍ നിര്‍മ്മിക്കുന്നതിന്, 5 മുതല്‍ 10 മില്ലി വരെ മുലപ്പാല്‍ മാത്രമേ ആവശ്യമുള്ളൂ. ചോര്‍ച്ച ഒഴിവാക്കാന്‍ സിപ്പ് ലോക്ക് പൗച്ചുകളില്‍ ഇത് പായ്ക്ക് ചെയ്യണം. എക്‌സ്പ്രസ് ഡെലിവറി വഴി പാഴ്‌സല്‍ അയയ്ക്കാനാണ് ഞാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടാറുള്ളത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എന്റെ പക്കല്‍ എത്തിച്ചേരും. പാക്കേജ് ലഭിച്ച ശേഷം, മുലപ്പാല്‍ ഒരു പ്രിസര്‍വേറ്റീവ് പൗഡറുമായി കലര്‍ത്തി (വിപണിയില്‍ മുലപ്പാല്‍ പ്രിസര്‍വേറ്റീവ് പൗഡര്‍ എന്ന് അറിയപ്പെടുന്നു) പേസ്റ്റ് രൂപത്തിലാക്കുന്നു. അതിനുശേഷം കുറഞ്ഞത് ഒരാഴ്ചയെങ്കിലും വെയിലത്ത് ഉണക്കുന്നു.ഇത്രയും പൂര്‍ത്തിയായാല്‍ പിന്നെ മുലപ്പാലിന് നിറം മാറില്ല. ജ്വല്ലറിയില്‍ ഉപയോഗിക്കുന്നതിന് മുമ്പ് പാല്‍ നന്നായി പൊടിച്ചെടുക്കും. എന്നാല്‍ പൊക്കിള്‍കൊടി റെസിന്‍ ഉപയോഗിച്ച് സംരക്ഷിക്കുന്നു. ആയിരത്തി അഞ്ഞൂറ് രൂപ മുതൽ വിലവരുന്ന ജ്വല്ലറികളാണ് വില്പനക്കുള്ളത്. ആളുകളുടെ ആവശ്യത്തിനനുസരിച്ച് വ്യത്യസ്തങ്ങളായ ജ്വല്ലറികള്‍ തയ്യാറാക്കി കൊടുക്കും.
കുഞ്ഞിപ്പല്ലുകളെ കൂടാതെ ടൂത്ത് ബ്രഷ്, ബേബി ഫൂട്ട്സ്, ഗര്‍ഭത്തിന്റെ ആദ്യ സ്‌കാന്‍ ചെയ്ത ഫോട്ടോ എന്നിവയും ഓര്‍മ്മപ്പെടുത്തലുകളാക്കാം. തന്റെ സംരംഭത്തെ ആളുകൾ ഏറ്റെടുത്ത സന്തോഷത്തിലാണ് തസ്ലീമ.
Content Highlights: story of young entrepreneur thasleema