അമ്മ മരിച്ചശേഷം ആറുമക്കളെയും അച്ഛൻ വളർത്തി; അച്ഛനോടുള്ള ആരാധനയാൽ ഫാദേഴ്‌സ് ഡേ എന്ന ആശയത്തെക്കുറിച്ച് മകൾ ചിന്തിച്ചു

ഇന്ന് വേൾഡ് ഫാദേഴ്‌സ് ഡേ. സൊണോറ സ്മാർട്ട് ഡോഡ് എന്ന അമേരിക്കക്കാരിയുടേതാണ് ഇത്തരമൊരു ദിവസത്തിനു പിന്നിലെ ആശയം. നല്ലൊരു നേതാവും എഴുത്തുകാരിയും കൂടിയായിരുന്നു േെസാണാറ. തന്റെ പിതാവിനോടുള്ള ആദരസൂചകമായി, ഫാദേഴ്‌സ് ഡേ ആചരിക്കുന്നതിനായി അവർ ഒരുപാട് കഷ്ടപ്പെട്ടു.
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത സൈനികനായ വില്യം ജാക്‌സന്റെയും എലൻ വിക്ടോറിയ ചീക്ക് സ്മാർട്ടിന്റെയും ആദ്യത്തെ മകളായി 1882-ലാണ് സൊണോറ ജനിക്കുന്നത്. അർക്കൻസാസിലായിരുന്നു അവളുടെ ജനനം.
അഞ്ചുവയസ്സുള്ളപ്പോൾ സ്‌പൊക്കെയ്‌നിലേക്ക് മാറി. അതിനുശേഷം അഞ്ച് ആൺകുട്ടികൾക്ക് കൂടി എലൻ ജൻമം നൽകി. അഞ്ചാമത്തെ പ്രസവസമയത്തുണ്ടായ ഗുരുതരപ്രശ്‌നങ്ങൾ മൂലം അവർ മരിക്കുകയും ചെയ്തു. അന്ന് സൊണോറയ്ക്ക് 16 വയസ്സാണ്. ബാക്കിയുള്ള കുഞ്ഞുങ്ങളെല്ലാം ചെറുതും. അതിനുശേഷം അച്ഛൻ വില്യമാണ് എല്ലാ കുട്ടികളെയും വളർത്തിയത്. കുടുംബത്തിനുനേരെ വന്ന എല്ലാ പ്രശ്‌നങ്ങളെയും വളരെ ഉത്തരവാദിത്തത്തോടും കരുണയോടും കൂടിയാണ് അച്ഛൻ നേരിട്ടത്.
തന്റെ എല്ലാ സഹോദരങ്ങളെയും നല്ല കുട്ടികളായി വളർത്തിയെടുത്ത അച്ഛനോട്, സൊണോറയ്ക്ക് വളരെയധികം ആദരവും ബഹുമാനവുമായിരുന്നു. ആയിടയ്ക്ക് അവിടെയുള്ള പള്ളിയിൽ മാതൃദിനത്തോടനുബന്ധിച്ചുള്ള ഒരു പ്രസംഗം സൊണോറ കേൾക്കാനിടയായി. അപ്പോഴാണ് അച്ഛൻമാരെ ആദരിക്കാനൊരു ദിവസം വേണമെന്ന ആഗ്രഹം അവർക്ക് തോന്നിത്തുടങ്ങിയത്. തന്റെ ചിന്തകളുമായി അവൾ ആദ്യം സമീപിച്ചത് അവിടെയുള്ള മതനേതാക്കളെയായിരുന്നു. തന്റെ അച്ഛന്റെ പിറന്നാൾദിനമായ ജൂൺ 5 എന്ന ദിവസം നിർദേശിക്കുകയും ചെയ്തു. എന്നാൽ, എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് അവർ തിരഞ്ഞെടുത്തത്. അങ്ങനെ ആദ്യത്തെ ഫാദേഴ്‌സ് ഡേ, 1910 ജൂൺ 19-ന് ആചരിച്ചു. എന്നാൽ, പിന്നീടതിന് അത്ര വലിയ പ്രചാരമൊന്നും ലഭിച്ചില്ല. ഇത് ഔദ്യോഗികമായത് റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന സമയത്താണ്. സൊണോറയുടെ ആ ആശയമാണ് പിന്നീട് ലോകം മുഴുവൻ വ്യാപിച്ചത്.
സ്‌പൊക്കെയ്‌നിലായിരുന്നു ജീവിതകാലം മുഴുവൻ സൊണോറ കഴിഞ്ഞത്. അതിനിടയ്ക്ക് കുറച്ചുകാലം മാത്രം ചിക്കാഗോയിലും കഴിഞ്ഞു. അവിടെവെച്ചാണ് പെയിന്റിങ്, ഫാഷൻ ഡിസൈനിങ് എന്നിവ പഠിക്കുന്നത്. ഹോളിവുഡിൽ കുറച്ചുകാലം ഫാഷൻ ഡിസൈനറായി പ്രവർത്തിക്കുകയും ചെയ്തു. 1899-ലായിരുന്നു സൊണോറയുടെ വിവാഹം. ജോൺ ബ്രൂസ് ഡോഡ് എന്നയാളെയാണ് വിവാഹം കഴിച്ചത്.
Content Highlights: celebrate fathers day by learning about the inspiring story of sonora smart dodd, the lady behind this day