‘ജീവിതം ഒരു ഘട്ടത്തിലെത്തിയപ്പോൾ അതുവരെ വിശ്വസിച്ച പലതും ഞാൻ ചോദ്യം ചെയ്തുതുടങ്ങി’

സൂരജ് സന്തോഷ് | ഫോട്ടോ: സിദ്ദീക്കുൽ അക്ബർ
സൂരജ് സന്തോഷ് | ഫോട്ടോ: സിദ്ദീക്കുൽ അക്ബർ

യുവസംഗീതജ്ഞരിലെ ഭാവഗായകനെന്നാണ് സൂരജ് സന്തോഷിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. പ്രണയവും വിരഹവും വേദനയും നിറയുന്ന, ആശ്വാസമേകുന്ന ഗാനങ്ങൾ. വിവിധ ഭാഷകളിലായി മുന്നൂറോളം പാട്ടുകൾ. പുരസ്‌കാരങ്ങൾ, അംഗീകാരങ്ങൾ. 'സൂരജ് സന്തോഷ് ലൈവ്' എന്ന സ്വന്തം ബാൻഡിലൂടെ പുതിയ പരീക്ഷണങ്ങളിലും സജീവമാണ് സൂരജ്.

കലയും രാഷ്ട്രീയവും ഇടകലർന്ന ജീവിതത്തെക്കുറിച്ചും സ്വതന്ത്രസംഗീതവഴിയിലെ പുതുപരീക്ഷണങ്ങളെക്കുറിച്ചും സൂരജ് സന്തോഷ് സംസാരിക്കുന്നു.

സംഗീതയാത്രയുടെ തുടക്കം?

സംഗീത പാരമ്പര്യമുള്ള കുടുംബമല്ല. അമ്മ അധ്യാപികയായിരുന്നു. കുട്ടിക്കാലത്ത് ഒരിക്കൽ അമ്മയുടെ സ്‌കൂളിൽ പോയപ്പോൾ അവിടുത്തെ മ്യൂസിക് ടീച്ചർ എന്നെക്കൊണ്ട് പാട്ട് പാടിച്ചു. ആ ടീച്ചർ പറഞ്ഞാണ് പാട്ട് പഠിക്കാൻ തുടങ്ങുന്നത്. സ്‌കൂൾ, കോളേജ് കാലത്ത് സംഗീതപഠനവും തുടർന്നു. ചെന്നൈയിൽ എത്തിയപ്പോൾ ചെറിയ അവസരങ്ങൾ ലഭിച്ചു. പല കമ്പോസറുമാർക്കുവേണ്ടിയും ട്രാക്കുകൾ പാടി. കൊയർ സെഷൻസ് പാടി. കച്ചേരികൾ അവതരിപ്പിച്ചു.

തെലുഗു സിനിമയിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് വരുന്നത്. ജി.വി. പ്രകാശിന്റെ 'ഡാർലിങ്' എന്ന സിനിമയിൽ. അപ്രതീക്ഷിതമായാണ് ആ അവസരം കിട്ടുന്നത്.

'മസാല കോഫി' എന്ന ബാൻഡിലുണ്ടായിരുന്ന കാലത്തെപ്പറ്റി?

2014-ലാണ് മസാല കോഫിയിലെത്തുന്നത്. സീരിയസ് ആയി തുടങ്ങിയ ബാൻഡ് ആയിരുന്നില്ല അത്. എല്ലാവരും സെഷൻസ് മ്യുസീഷ്യൻസ് ആയിരുന്നു. ഒരു സ്വകാര്യചാനലിലെ സംഗീതപരിപാടിക്കുവേണ്ടിയാണ് എല്ലാവരും ഒത്തുകൂടിയത്. പാട്ടുകൾ പ്രേക്ഷകർ സ്വീകരിച്ചു. ബാൻഡ് രൂപീകരിക്കാം എന്ന ചിന്ത വരുന്നത് അങ്ങനെയാണ്. ബാൻഡിലൂടെ കുറെ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിക്കാനായി. കുറേ കഴിഞ്ഞപ്പോൾ, എന്റെ സംഗീതവഴി അതല്ലെന്ന് തോന്നി. ആശയപരമായും രാഷ്ട്രീയപരമായും അഭിപ്രായവ്യത്യാസം ഉണ്ടായി. അതോടെ ഞാൻ പതിയെ അതിൽനിന്നും പുറത്തുകടന്നു. 'സൂരജ് സന്തോഷ് ലൈവ്' എന്ന സ്വന്തം ബാൻഡിന് തുടക്കമിട്ടു.

സ്വതന്ത്ര സംഗീതത്തെക്കുറിച്ച്?

എന്റെ ആശയങ്ങൾ സംസാരിക്കുന്ന സംഗീതം സൃഷ്ടിക്കണം എന്ന തോന്നലുണ്ടായി. എന്നാൽ സാമ്പത്തിക പിന്തുണയില്ലാതെ ഇൻഡിപെൻഡന്റ് മ്യൂസിക് ചെയ്യുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് സിനിമയിൽ പാടിത്തുടങ്ങി. സ്വന്തമായി പ്രോഗ്രാമുകൾ അവതരിപ്പിക്കാനും സംഗീതം സൃഷ്ടിക്കാനും തുടങ്ങി. സ്വതന്ത്രസംഗീതത്തിലേക്ക് കടന്നശേഷം ചെയ്ത ആദ്യ സോളോ ആൽബമാണ് 'ദ ജിപ്സി സൺ'. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള അഞ്ച് പാട്ടുകളാണതിൽ. തനിമലയാളം, ഹരിനാമകീർത്തനം, ബനാറസിയ, കുരുതി, ഇസൈ എന്നീ അഞ്ച് പാട്ടുകളും അഞ്ച് വ്യത്യസ്ത വിഷയങ്ങളാണ് സംസാരിക്കുന്നത്. ആദ്യ ഗാനമായ 'തനിമലയാളം' എന്നെ ഞാനാക്കിയ മലയാളഭാഷയോടുള്ള ആദരമാണ്. ഈ പാട്ടുകളിലൂടെ എന്റെ ആശയങ്ങളിലും ആദർശങ്ങളിലുമുണ്ടായ വ്യത്യാസത്തെ കൃത്യമായി കാണാൻ സാധിക്കും.

മനസ്സിലുണ്ടായ രൂപത്തിൽനിന്നും അഞ്ചു പാട്ടുകൾ പൂർത്തിയാക്കാനെടുത്ത കാലയളവിൽ ഞാനും മാറി. ഒപ്പം പാട്ടുകളും പുതുക്കിക്കൊണ്ടിരുന്നു. തനിമലയാളം, ഇസൈ, കുരുതി, എന്നീ പാട്ടുകളാണ് ഇന്നത്തെ ഞാനുമായി കൂടുതൽ ചേർന്നുനിൽക്കുന്നത്. 'തനിമലയാള'ത്തെ 'മലയാളം' എന്ന് പേര് മാറ്റിവിളിക്കാനാണ് ഇപ്പോൾ ഇഷ്ടം.

പിന്നീട് കുറെ ഇൻഡിപെൻഡന്റ് സിംഗിൾ ആൽബങ്ങൾ ചെയ്തു. തിയേറ്റർ മ്യൂസിക്കും ചെയ്തിരുന്നു. തൃശ്ശൂരിലെ ജനഭേരി തീയേറ്ററിന്റെ മൂന്ന് നാടകങ്ങൾക്കും ഇന്റർലിങ്ക് തീയേറ്ററിന്റെ 'വൈ' എന്ന മൂവ്‌മെന്റ് നാടകത്തിനും സംഗീതം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇലക്ട്രോണിക് മ്യൂസിക്കിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം ഞാനും വർക്കിയെന്ന സംഗീതജ്ഞനും ചേർന്ന് 'സംഭവവിവരണം നാലര സംഘം' എന്ന വെബ്സീരീസിനും സംഗീതം ചെയ്തിരുന്നു.

തനിയെ മിഴികൾ, കുഞ്ഞിക്കവിൾ മേഘമേ, ആരാധികേ... ഉയിരിൽ തൊടുന്ന പാട്ടുകളാണല്ലോ എല്ലാം...

'പാട്ട് ഇഷ്ടപ്പെട്ടു, ദുഃഖസമയത്ത് ഈ പാട്ടുകൾ ആശ്വാസമായി, സമാധാനം നൽകി' എന്നൊക്കെയുള്ള മെസേജുകൾ വരാറുണ്ട്. അതിനെ കലയുടെ വിജയമായി കാണുന്നു. ഒരാൾക്ക് ആശ്വാസം നൽകുകയോ, ഒരാളെ അസ്വസ്ഥനാക്കുകയോ ചെയ്യുകയാണ് കലയുടെ യഥാർഥ ഉദ്ദേശം. അതാണ് ഇവിടെ കാണാൻ കഴിയുന്നത്. അതിനപ്പുറത്തേക്ക്, ഞാൻ ആഘോഷിക്കപ്പെടേണ്ട ആളോ തെറാപ്പിസ്റ്റോ ആണെന്ന് പറയുന്നത് ബിംബവത്കരണമായാണ് തോന്നുന്നത്.

സംഗീതത്തിന്റെ ആ ശക്തിയെ എങ്ങനെയാണ് കാണുന്നത്?

സംഗീതം വളരെ സബ്ജക്റ്റീവ് ആണ്. ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് സംഗീതത്തെ സമീപിക്കുന്നത്. എല്ലാവർക്കും ഒരേ രീതിയിൽ സംഗീതത്തെ അനുഭവിക്കാൻ കഴിയണമെന്നില്ല. സംഗീതം ശക്തമായ ഒരു ഉപകരണമാകുന്നത് അത് എന്തിനുവേണ്ടിയാണ് സൃഷ്ടിക്കുന്നത്, ആരോടാണ് സംസാരിക്കുന്നത് എന്ന ബോധ്യമുണ്ടാകുമ്പോഴാണ്.

യഥാർഥ സ്വപ്നം ഇൻഡിപ്പെൻഡന്റ് മ്യുസീഷ്യൻ എന്നതായിരുന്നോ?

സംഗീതവുമായി ബന്ധമുണ്ടായിരിക്കുക എന്നതായിരുന്നു ആഗ്രഹം. ഗായകനെന്നോ കമ്പോസറെന്നോ അറേഞ്ചറെന്നോ റെക്കോർഡിങ് എൻജിനീയറെന്നോ ഉണ്ടായിരുന്നില്ല. ഗായകൻ എന്ന നിലയിലാണ് ആളുകൾ എന്നെ കൂടുതൽ അറിയാൻ തുടങ്ങിയത്. അതിനെയെല്ലാം ഓരോ ലേബലുകൾ ആയാണ് ഞാൻ സ്വീകരിക്കുന്നത്.

സംഗീതത്തിന് സംഭവിച്ച മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?

സംഗീതം കാലത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. അതിനെ പ്യൂരിറ്റേറിയൻ ചിന്താഗതിയോടെ സമീപിക്കുന്നത് എന്തിനാണ്? മാറ്റത്തെ ഉൾക്കൊള്ളുകയും സ്വീകരിക്കുകയുമാണ് വേണ്ടത്. അതിനോട് പുറംതിരിഞ്ഞുനിൽക്കുന്നതിൽ കാര്യമില്ല.

ഒരു ഗായകൻ എന്ന രീതിയിൽ മാത്രം ഈ പ്രൊഫഷനിലേക്ക് വന്നതുകൊണ്ട് കാര്യമില്ല. കംപ്ലീറ്റ് മ്യൂസിഷ്യൻ എന്ന രീതിയിലാണ് സമീപിക്കേണ്ടത്. സ്വതന്ത്ര സംഗീതത്തിനാണ് ഇനി സാധ്യത. പിന്നണി ഗായകൻ എന്ന തൊഴിൽ എത്രത്തോളം പ്രസക്തമാണെന്ന് അറിയില്ല. സ്വതന്ത്രസംഗീത മേഖല ഇന്ത്യയിൽ കരുത്തോടെയാണ് മുന്നേറുന്നത്.

കലാകാരന്മാർ നിരന്തരം പ്രവർത്തിക്കുകയും അവർ വിശ്വസിക്കുന്ന സംഗീതത്തിൽ നിക്ഷേപിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് കാണുന്ന മാറ്റങ്ങൾ.

ഒരുകാലത്ത് ഇഷ്ടമായിരുന്ന പാട്ടുകളോട് പിൽക്കാലത്ത് വിയോജിപ്പ് തോന്നിയിട്ടുണ്ടോ?

അത് പാട്ടുകളുടെ കാര്യത്തിൽ മാത്രമല്ലല്ലോ. എല്ലാ കാര്യത്തിലുമില്ലേ. പണ്ട് വായിച്ച പുസ്തകങ്ങൾ, സിനിമകൾ, പണ്ട് ചെയ്ത കാര്യങ്ങൾ... അങ്ങനെ പലതിനോടും വിയോജിപ്പ് തോന്നിയേക്കാം.

പാട്ട് കേവലം സംഗീതം മാത്രമല്ല. സാഹിത്യത്തിനും വലിയ പ്രാധാന്യമുണ്ട്. എഴുതി വെച്ചിരിക്കുന്ന ആശയമാണ് പ്രചരിക്കപ്പെടുന്നത്. അതിനാൽ കാലക്രമേണ ചില ആശയങ്ങളോട് വിയോജിപ്പ് ഉണ്ടായേക്കാം. അത് തിരിച്ചറിയുക. പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുക. അതേച്ചൊല്ലി സംവാദങ്ങൾ ഉണ്ടായേക്കാം. എന്നാൽ അത് നല്ല നാളേക്കുവേണ്ടിയായിരിക്കും.

'ആലായാൽ തറവേണം' എന്ന പാട്ട് 'ആലായാൽ തറവേണോ' എന്ന് മാറ്റിയെഴുതി പുനരാവിഷ്‌കരിച്ചല്ലോ?

'ആലായാൽ തറവേണം' എന്ന പാട്ട് മറ്റെല്ലാ മലയാളികളെയും പോലെ ഞാനും പാടിയിരുന്നതാണ്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അത് വളരെയധികം പ്രശ്നങ്ങളുള്ള പാട്ടാണെന്ന് തിരിച്ചറിഞ്ഞു.

വാർപ്പുമാതൃകകൾ മാറിയെങ്കിലേ സമൂഹത്തിന് പുരോഗതിയുണ്ടാവുകയുള്ളൂ.

നിലവിലെ സാമൂഹികാവസ്ഥ മാറാതെയിരിക്കേണ്ടത് ഇപ്പോഴത്തെ സംവിധാനത്തിൽ സുഖകരമായി ജീവിക്കുന്ന വിഭാഗത്തിന്റെ താത്പര്യമാണ്. സാമൂഹ്യസ്ഥിതി മാറിയില്ലെങ്കിലും അവരുടെ ജീവിതം സുഖകരമായി മുന്നോട്ടുപോകും. എന്നാൽ സ്വന്തം പ്രിവിലേജുകൾ തിരിച്ചറിയുകയും അവയെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോഴാണ് വ്യവസ്ഥിതിയിൽ മാറ്റം ഉണ്ടാകുന്നത്. അല്ലാത്തപക്ഷം നമ്മൾ പഴയ ശീലങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും.

ഈ നിലപാടുകളുടെ പേരിൽ വിമർശനങ്ങളെ നേരിടേണ്ടി വന്നുവല്ലേ?

നമുക്ക് ഇഷ്ടമില്ലാത്തതോ അഭിപ്രായത്തിന് വിരുദ്ധമോ ആയ മറ്റൊരു അഭിപ്രായം കേൾക്കുമ്പോൾ, എന്തുകൊണ്ടാണ് അത് പറയുന്നത് എന്ന് മനസ്സിലാക്കാൻ ഉള്ള സാമാന്യ ബുദ്ധി മാത്രം കാണിച്ചാൽ മതി. അല്ലാതെ അടച്ചാക്ഷേപിക്കുന്നത് നല്ല പ്രവണതയല്ല.

'ആലായാൽ തറവേണം' എന്ന പാട്ടിന്റെ ഒരോ വരികളും എടുത്ത് പരിശോധിക്കാവുന്നതാണ്. അതിനകത്ത് എന്താണ് ഞാൻ ഉൾക്കൊള്ളേണ്ടത് എന്ന് വിമർശിക്കുന്നവർ പറഞ്ഞുതന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാണ്. പക്ഷെ, വിമർശനം നിങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രം ആകരുത്.

ഞാൻ എന്റെ ആശയം അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ ആശയങ്ങൾകൊണ്ട് നേരിടാം. പകരം ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും സങ്കുചിത മനസ്ഥിതികൊണ്ടാണ്.

തിരിച്ചറിവുണ്ടായ ഘട്ടം?

ജീവിതം ഒരു ഘട്ടത്തിലെത്തിയപ്പോൾ അതുവരെ വിശ്വസിച്ചിരുന്ന പല കാര്യങ്ങളെയും ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങി. യുക്തിസഹമായി കാര്യങ്ങളെ സമീപിക്കാൻ ശ്രമിച്ചപ്പോൾ വ്യക്തത വന്നു.

സ്വയം നവീകരിക്കുക എന്ന പ്രവർത്തി മരണം വരെ തുടരണം. അത് കലയെയും സ്വാധീനിക്കും. ഒരു കലാകാരൻ എന്ന രീതിയിലോ വ്യക്തി എന്ന നിലയിലോ എനിക്ക് വ്യത്യസ്ത സ്വത്വങ്ങളില്ല.

എന്താണ് താങ്കളുടെ രാഷ്ട്രീയം?

സഹാനുഭൂതിയും മാനവികതയുമാണ് എന്റെ രാഷ്ട്രീയം. അതിന് എന്നെ പിന്തുണയ്ക്കുന്ന, സഹായിക്കുന്ന എല്ലാ ആശയങ്ങളെപ്പറ്റിയും പഠിക്കുക. അതിനെ വിമർശിച്ച് മുന്നോട്ട് പോവുക. അതിനുള്ള ഇടം ഞാൻ കാണുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിലാണ്. എന്നാൽ ഇടതുപക്ഷക്കാരനായ വ്യക്തി എല്ലാം തികഞ്ഞ ആളാണെന്ന അഭിപ്രായം എനിക്കില്ല.

വ്യക്തിത്വവും രാഷ്ട്രീയബോധവും രൂപീകരിക്കുന്നതിന് സഹായിച്ചത് എന്താണ്?

എല്ലാത്തിനും പങ്കുണ്ട്. വായന ഇഷ്ടമാണ്. അംബേദ്കറിനെ ഒരുപാട് വായിച്ചിട്ടുണ്ട്. ആ വായനയെ വലിയ വഴിത്തിരിവായാണ് കാണുന്നത്. എല്ലാ മനുഷ്യരും വായിച്ചിരിക്കേണ്ട വ്യക്തിയാണ് അദ്ദേഹം.

വളർന്നുവന്ന സാഹചര്യങ്ങൾ, പ്രിവിലേജസ്, വിദ്യാഭ്യാസം, കൂട്ടുകെട്ട്, യാത്രകൾ, അനുഭവങ്ങൾ... എന്നിവയ്‌ക്കെല്ലാം നമ്മുടെ സ്വഭാവരൂപീകരണത്തിൽ പങ്കുണ്ട്.

യുവ തലമുറയ്ക്ക് സമൂഹത്തിൽ വലിയ പരിവർത്തനം കൊണ്ടുവരാനാകുമെന്ന് തോന്നുന്നുണ്ടോ?

ഞാൻ സി.ജെ.പി. സമരത്തെ പൂർണമായും പിന്തുണച്ചിരുന്നു. ഒരു തലമുറയെ അവഗണിക്കുന്ന ഭരണകൂടത്തെ അംഗീകരിക്കാനാവില്ല.

എന്തെല്ലാമാണ് ആ സമരത്തിൽ സംഭവിച്ചത് എന്നെല്ലാം നാമെല്ലാവർക്കും അറിയാം. നാടിന്റെ ഭാവി ഇവിടുത്തെ യുവാക്കളാണെന്ന് തിരിച്ചറിയണം. അവരുടെ പക്ഷത്ത് നിന്നുകൊണ്ട്, അവരെ കേൾക്കുന്ന സിസ്റ്റം ആണ് നമുക്ക് ഉണ്ടാവേണ്ടത്.

കേരളത്തിൽ നടക്കുന്ന സമരങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന ആരോപണവും താങ്കൾക്കുനേരേ ഉണ്ടായില്ലേ...

പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട് സമരം നടന്നപ്പോഴായിരുന്നു അത്. ഇന്ത്യയിൽ അങ്ങനെ പ്രശ്നം നടപ്പോൾ പ്രതികരിച്ചു. എന്നാൽ കേരളത്തിൽ ഒരു സമര സാഹചര്യം ഉണ്ടായപ്പോൾ അതിനെ പിന്തുണച്ചില്ല എന്നാണ് അവർ പറയുന്നത്.

പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാതെപോയ ആളുകളുടെ പ്രശ്നങ്ങൾ നിസ്സാരമാണെന്നോ സമരം അന്യായമാണെന്നോ അല്ല ഞാൻ പറയുന്നത്. പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ സിസ്റ്റത്തിന് തന്നെ അടിമുടി മാറ്റങ്ങൾ വരണം. എന്നാൽ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ കാരണം വിദ്യാർഥികൾ ആത്മഹത്യചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായത്.

രാജ്യം മൊത്തം ആളിക്കത്തുന്ന പ്രക്ഷോഭം നടക്കുമ്പോൾ കേരളത്തിലെ കുറച്ച് വലതുപക്ഷ വാദികളുടെ പിന്തുണയോടുകൂടി ആ തക്കം മുതലെടുത്ത് പി.എസ്.സി. വിഷയം എടുത്തിടുന്നു. അതിൽ പന്തികേടുണ്ട്. സമരത്തിന്റെ യഥാർഥ ഉദ്ദേശത്തിൽ പോലും എനിക്ക് സംശയമുണ്ട്.

നീതിക്കു വേണ്ടിത്തന്നെയാണോ നിങ്ങൾ ആ സമരത്തെ അനുകൂലിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. ഒരു കാര്യത്തിൽ പ്രതികരിച്ചില്ല എന്ന് കരുതി അധിക്ഷേപിക്കുകയാണെങ്കിൽ അത് അവരുടെ രാഷ്ട്രീയമാണ്. എന്റെ രാഷ്ട്രീയത്തെക്കുറിച്ചും ഞാൻ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ചും എനിക്ക് കൃത്യമായ ബോധ്യമുണ്ട്.

രാഷ്ട്രീയം സംസാരിക്കുന്ന പാട്ടുകളോടാണോ ഇഷ്ടം?

എല്ലാ പാട്ടുകളും ഏതെങ്കിലും രീതിയിൽ ആശയം പങ്കുവെക്കുന്നുണ്ട്.പാട്ട് എന്നത് വരികൾ മാത്രമല്ല. ഓരോ പാട്ടിന് പിന്നിലും നിരവധി ആളുകളുടെ കൂട്ടായ പരിശ്രമമുണ്ട്. അതുകൊണ്ട് ഒരു പാട്ടിനെ ആകർഷകമാക്കുന്ന ഒരു ഘടകം മാത്രം പറയാൻ കഴിയില്ല.

ഏറ്റവും ഇഷ്ടപ്പെട്ട വേദി?

മ്യൂസിക് ഫെസ്റ്റിവലുകളിലും കോളേജ് ക്യാമ്പസുകളിലും പെർഫോം ചെയ്യാൻ ഇഷ്ടമാണ്. എന്നിലെ കലാകാരനെ കേൾക്കാനായി എത്തുന്ന ആളുകളുള്ള എല്ലാ വേദികളും ഇഷ്ടമാണ്. ആർട്ടിസ്റ്റ് എന്താണോ നൽകുന്നത് അത് സ്വീകരിക്കുന്ന പ്രേക്ഷകർക്കുമുന്നിൽ കലയെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ കഴിയും.

പുതിയ പ്രോജക്ടുകൾ

പുതിയ ആൽബത്തിന്റെ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഒരു ഇലക്ട്രോണിക് ആൽബത്തിലും പ്രവർത്തിക്കുന്നുണ്ട്. ഒന്നു രണ്ട് ഇൻഡിപെൻഡന്റ് സിംഗിളുകളും വരാനുണ്ട്. 'ഐ ആം ഗെയിം' എന്ന ചിത്രത്തിൽ പാടിയിരുന്നു. രണ്ട് തമിഴ് ചിത്രങ്ങൾക്കുവേണ്ടിയും ഒരു കന്നഡ ചിത്രത്തിനുവേണ്ടിയും പാടിയിട്ടുണ്ട്.

ഭാവിയിൽ കൂടുതൽ ഇൻഡിപെൻഡന്റ് മ്യൂസിക് ചെയ്യാനാണ് ആഗ്രഹം. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സംഗീതശൈലികളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തണമെന്നുണ്ട്. ഇതുവരെ പഠിച്ചതും അറിഞ്ഞതും കേട്ടതും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ചേർന്നാണ് പിന്നീട് നമ്മുടെ സൃഷ്ടികളായി പുറത്തുവരുന്നത്. അതുകൊണ്ട് ആ പഠനം അവസാനിപ്പിക്കാതെ തുടരുക, പരീക്ഷണങ്ങൾ നടത്തുക, പുതിയ സൃഷ്ടികൾ ഉണ്ടാക്കുക. അതാണ് ഇനി ചെയ്യാനുള്ളത്. ആത്യന്തികമായി, എന്നെ ഒരു മികച്ച വ്യക്തിയാക്കി മാറ്റുന്ന പ്രക്രിയയുടെ ഭാഗമായിത്തന്നെയാണ് ഈ പുതിയ സംഗീത പരീക്ഷണങ്ങളെയും ഞാൻ കാണുന്നത്.

Content Highlights: Sooraj Santhosh discusses his journey from playback singing to independent music., Insights into his solo albums like 'The Gypsy Sun' and electronic music experiments., His views on art, politics, empathy, and social changes.