''എന്നാ ഇത്, ഫാഷന്‍ ഡ്രെസ്സാ?'' ഇളയരാജാസാറിന്റെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ വിയര്‍ത്തു

രണ്ടുപതിറ്റാണ്ട് പഴക്കമുള്ള കഥയാണ്. ഇന്നത്തെ കാലമല്ല. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടാനുള്ള ഭാഗ്യമില്ല. അവസരങ്ങള്‍ നേരിട്ട് തേടിപ്പിടിക്കണം. ഡെമോ സിഡിയാണ് ആകെ ആശ്രയം. പാടി റെക്കോഡ് ചെയ്ത് സിഡിയിലാക്കി സ്റ്റുഡിയോകളില്‍ കൊണ്ടുപോയി കൊടുക്കും. പാട്ടുകേട്ട് ഇഷ്ടപ്പെട്ടാല്‍ അവര്‍ വിളിക്കും. അല്ലാതെ സംഗീതസംവിധായകരെ നേരില്‍ക്കാണാനൊന്നും കഴിയില്ല. പ്രത്യേകിച്ചും ഇളയരാജ സാറിനെപ്പോലെ തിരക്കുള്ള ഒരാളെ. ഞാന്‍ ഒരു സിഡി അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ഏല്‍പ്പിച്ചു. വിളിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ, വിളി വന്നില്ല.
ഉള്ളുനിറയെ അങ്കലാപ്പുമായി ഞാന്‍ വീണ്ടും സാറിന്റെ പ്രസാദ് സ്റ്റുഡിയോയിലേക്ക് പോയി. ഒരുപാട് മുറികളും മെസ്സും അമ്പലവുമൊക്കെയായി പ്രസാദ് സ്റ്റുഡിയോ വലിയൊരു സാമ്രാജ്യമാണ്. സംഗീതപ്രേമികള്‍ക്ക് ആ സ്റ്റുഡിയോ ഒരു പുണ്യഭൂമിയാണ്. പരിപാവനമായ സംഗീതത്തിന്റെ ജന്മഭൂമികയല്ലേ...ദൈവികമായ ചൈതന്യം അതിനുള്ളില്‍ നമുക്ക് അനുഭവിക്കാനാകും.
പടികയറുമ്പോള്‍ എന്റെ മുട്ടിടിയ്ക്കുന്നുണ്ടായിരുന്നു. വിസിറ്റിങ് ഏരിയയുടെ മുന്നിലൊരു വലിയ വാതിലുണ്ട്. ഞാന്‍ അതിനഭിമുഖമായി ഇരുന്നു. സാര്‍ കയറിവരുമ്പോള്‍ തന്നെ കാണാമല്ലോ എന്നായിരുന്നു മനസ്സില്‍. ആരെങ്കിലും വാതില്‍ തുറക്കുമ്പോഴേക്കും ഞാന്‍ ചാടിയെഴുന്നേല്‍ക്കും. അങ്ങനെ ഒരു പത്തുവട്ടമെങ്കിലും സാര്‍ വരികയാണെന്ന് കരുതി എഴുന്നേറ്റു. ഒടുവില്‍ ഇനിയും ചമ്മാന്‍ വയ്യെന്ന് തോന്നിയപ്പോള്‍ ഫോണ്‍ കയ്യിലെടുത്തു. അപ്പോള്‍ ആരോ മുന്നിലൂടെ നടന്നുപോയി. സാര്‍ ആയിരുന്നു അത്.
അദ്ദേഹം നേരെ അകത്തേക്ക് കയറിപ്പോയി. പുറത്തിറങ്ങി വന്നപ്പോഴാണ് ഞാന്‍ അവിടെയിരിക്കുന്നത് സാറിന്റെ കണ്ണില്‍പ്പെട്ടത്. 'ഇതാണോ പാടാന്‍ വന്ന കുട്ടി', എന്ന് ഗൗരവത്തിലൊരു ചോദ്യം. 'വോയ്സ് ടെസ്റ്റ് ചെയ്യാന്‍ വന്നോളൂ' എന്നുപറഞ്ഞു.
പാടാനായി അദ്ദേഹത്തിന്റെ മുന്നില്‍നിന്നപ്പോള്‍ ഉള്ളില്‍ നിന്നും വാക്കുകള്‍ നഷ്ടമാകുന്നത് പോലെ എനിക്ക് തോന്നി. കുറെയേറെ ആഗ്രഹങ്ങളും ആവശ്യങ്ങളും പരാതികളുമായി ക്ഷേത്രത്തില്‍ ചെന്ന് ദര്‍ശനം കിട്ടുമ്പോള്‍ ഒന്നും പറയാന്‍ പറ്റാതെ സ്തംഭിച്ചുപോകാറില്ലേ... അതുപോലെ തോന്നി ആ നിമിഷം. മനസ്സിലാകെ ഒരു വെപ്രാളം. അദ്ദേഹം എന്ത് പറയും, ഇഷ്ടപ്പെടുമോ എന്നിങ്ങനെ ഒരായിരം ചോദ്യങ്ങള്‍ തലയ്ക്കു മുകളിലൂടെ പായുന്നതിനിടെ ഞാന്‍ പാടി. ഈ കുട്ടിയോട് പാട്ട് പഠിക്കാന്‍ പറയൂ എന്ന് പറഞ്ഞ് സാര്‍ പോയി.
പാട്ടു പഠിപ്പിക്കാന്‍ സ്റ്റുഡിയോയില്‍ ഒരു മാഷ് ഉണ്ട്. അദ്ദേഹത്തിന്റെ സഹായത്തോടെ ഞാന്‍ തയ്യാറെടുത്തു. അതാണ് 'ഒരു ചിരി കണ്ടാല്‍' എന്ന പാട്ട്. റെക്കോഡിങ് വേളയിലും സാര്‍ നിശബ്ദന്‍. ഒരു പ്രതികരണവുമില്ല. വിജയ് ചേട്ടന്‍ (വിജയ് യേശുദാസ്) എന്റെ വല്ലായ്മ തിരിച്ചറിഞ്ഞു. ''സാര്‍ ഒന്നും മിണ്ടാത്തതാണ് നല്ലത്. അതിനര്‍ത്ഥം അദ്ദേഹത്തിന് ഇഷ്ടമായി എന്നാണ്. അനിഷ്ടം തോന്നിയാല്‍ അപ്പോള്‍ത്തന്നെ പറയും,'' എന്ന് ചേട്ടന്‍ എന്നെ ആശ്വസിപ്പിച്ചു.
അടുത്ത ദിവസം രണ്ട് പാട്ടുകള്‍ കൂടി റെക്കോഡ് ചെയ്തു. ഒരു ഗ്രൂപ്പ് സോങ്ങും സാറിനൊപ്പമുള്ള ഒരു യുഗ്മഗാനവും. തമിഴ് സിനിമയില്‍ പാട്ട് പാടാനും അദ്ദേഹം എന്നെ തെരഞ്ഞെടുത്തു. രണ്ട് തമിഴ് പാട്ടുകള്‍ കൂടി ഞാന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ റെക്കോഡ് ചെയ്തു.
ഒന്നിനെപ്പറ്റിയും വലിയ ധാരണയില്ലാത്ത, ഉള്ളില്‍ ഭയമില്ലാത്ത കൗമാരകാലത്താണ് ഞാന്‍ ആദ്യമായി അദ്ദേഹത്തിന് മുന്നിലെത്തിയത്. അതൊരു അനുഗ്രഹമായി ഇപ്പോള്‍ തോന്നുന്നു. കൂടുതല്‍ ചിന്തിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ സമ്മര്‍ദങ്ങളില്‍ പെട്ടേനെ. എനിക്ക് ധൈര്യമായി പാടാന്‍ പോലും ചിലപ്പോള്‍ കഴിയുമായിരുന്നില്ല. ഒരു ഭാഗ്യപരീക്ഷണത്തിന് ആ പടി കടന്നുചെന്ന എനിക്ക് അദ്ദേഹം അഞ്ച് പാട്ടുകള്‍ തന്ന് സന്തോഷങ്ങളും അനുഗ്രഹവും കോരിച്ചൊരിയുകയായിരുന്നു.
വളരെ വേഗമാണ് ആദ്ദേഹം ഓരോ പാട്ടിനും ജീവന്‍ കൊടുക്കുന്നത്. ചില ഈണങ്ങളൊക്കെ ഒരു ശ്വാസത്തിന്റെ ഞൊടിയിടയില്‍ സൃഷ്ടിക്കുന്നതും കണ്ടിട്ടുണ്ട്. അന്നുതന്നെ ട്രാക്ക് പാടിക്കും. പിന്നെ പാട്ട് പഠിക്കാന്‍ ഒരു മണിക്കൂര്‍ കിട്ടിയാലായി. നമ്മള്‍ പാടാന്‍ ചെല്ലുമ്പോഴേക്കും എല്ലാം തയ്യാറാണ്. അപൂര്‍ണതകള്‍ ബാക്കിയുണ്ടാകില്ല. ഒന്നും കൂട്ടിച്ചേര്‍ക്കേണ്ടി വരാറില്ല. അങ്ങനെ ഇംപ്രോവൈസ് ചെയ്യുന്നത് സാറിന് താത്പര്യമുള്ള കാര്യവുമല്ല. എന്തെങ്കിലും മാറ്റിപ്പാടിയാല്‍ അതെന്റെ പാട്ടല്ല എന്ന് പറയും.
മൂന്നും നാലും പാട്ടുകള്‍ വരെ സാര്‍ ഒരു ദിവസം പൂര്‍ത്തിയാക്കും. 'രസതന്ത്രം' സിനിമയില്‍ പാടാന്‍ ചെന്നപ്പോള്‍ രാവിലെ 'പൊന്നാവണിപ്പാടം' റെക്കോഡ് ചെയ്തു. പിന്നെ ഇടവേള, ഭക്ഷണം. അര മണിക്കൂര്‍ കിട്ടി പാട്ട് പഠിക്കാന്‍. ഉച്ചയ്ക്ക് ശേഷം 'ആറ്റിന്‍കരയോരത്ത്' കൂടി റെക്കോഡ് ചെയ്തു.
രസകരമായ ഒരു അനുഭവം പറയാം. രാവിലെ സ്റ്റുഡിയോയില്‍ കൃത്യസമയത്ത് എത്തണം എന്ന് മാത്രമായിരുന്നു പണ്ടത്തെ ചിന്ത. സ്‌റ്റൈലിലും മേക്കപ്പിലും ഒന്നും താത്പര്യമില്ലായിരുന്നു. അതൊക്കെ പിന്നീട് കാലത്തിനൊപ്പം ശീലിച്ചെടുത്തതാണ്. എന്നും ഒരുപോലെയല്ലേ പോകുന്നത്, ഇന്നൊരു വ്യത്യാസമിരുന്നോട്ടെ എന്ന് ഒരിക്കല്‍ മനസ്സില്‍ തോന്നി. പ്രായത്തിന്റെ തോന്നലാകാം. ഞാന്‍ സാമാന്യം സമയമെടുത്ത് ഒരുങ്ങി സ്റ്റുഡിയോയില്‍ ചെന്നു. ആദ്യ കാഴ്ചയില്‍ തന്നെ സാറിന്റെ ചോദ്യമെത്തി, ''എന്നാ ഇത് ഫാഷന്‍ ഡ്രെസ്സാ?''
ഞാന്‍ നിന്നു വിയര്‍ത്തു. ഒന്നും പറയാന്‍ പറ്റുന്നില്ല. ''ഇന്ന് എന്റെ ബര്‍ത്‌ഡേ ആണ്, സാര്‍,'' എന്നാണ് ആദ്യം മനസ്സില്‍വന്ന മറുപടി. അതങ്ങ് പറഞ്ഞു. ''ഓഹ്.. അപ്പടിയാ'', എന്ന് സാര്‍. നമ്മുടെ ശ്രദ്ധ പൂര്‍ണമായും സംഗീതത്തിലായിരിക്കണം എന്ന് സാറിന് നിര്‍ബന്ധമുണ്ട്. വേഷം, ആഭരണം, മേക്കപ്പ് ഇവയിലൊക്കെ അഭിരമിച്ചാല്‍ സംഗീതത്തില്‍നിന്ന് അകന്ന് പോയാലോ എന്ന കരുതല്‍.
അദ്ദേഹത്തിന്റെ മഹേന്ദ്രജാലം കണ്ട് അത്ഭുതപ്പെട്ട നിന്നുപോയ നിമിഷങ്ങള്‍ ധാരാളമുണ്ട്. ഇതെങ്ങനെ എന്ന് ഉത്തരം കിട്ടാതെ നിന്നുപോയ വേളകള്‍. അവയില്‍ രണ്ടെണ്ണം ഓര്‍ത്തെടുക്കാം-
'പഴശ്ശിരാജ' എന്ന സിനിമയിലെ ഫോക് സോങ് റെക്കോഡിങ്ങ്. എന്റെ കണ്മുന്നിലാണ് ആ പാട്ടിന്റെ പിറവി. ഞാനും സാറും ഒരുമിച്ച് പാടിയതാണ് ആ പാട്ട്. ഞാന്‍ പാട്ട് പഠിച്ച് റെക്കോഡിങ്ങിനു തയ്യാറെടുക്കുന്ന സമയത്താണ് കോറസ് പാടുന്നത് കണ്ടത്. പതിനഞ്ചോളം ഗായകരും അത്ര തന്നെ ഗായികമാരും അണിനിരന്ന കോറസ്. കോറസിന്റെ റെക്കോഡിങ്ങ് എനിക്ക് അല്പം വിചിത്രമായി തോന്നി. പാടുന്നവര്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു. അപ്പോളതിന്റെ പൊരുള്‍ പിടികിട്ടിയില്ല. റെക്കോഡിങ് കഴിഞ്ഞ് മിക്‌സ് ചെയ്ത ഫൈനല്‍ റിസള്‍ട്ട് കേട്ടപ്പോള്‍ സംഗീതത്തിന്റെ ഇന്ദ്രജാലം ഞാന്‍ തിരിച്ചറിഞ്ഞു. കേട്ടാലറിയാം, ഒരുപാട് ശബ്ദങ്ങള്‍ ആ പാട്ടിനിടയിലുണ്ട്. അതെല്ലാം സ്റ്റുഡിയോയില്‍ സൃഷ്ടിച്ചതാണ്.
മറ്റൊന്ന് ഒരു റൊമാന്റിക് ഗാനം പാടുമ്പോഴാണ്. സിനിമയിലെ കിടപ്പറരംഗത്തില്‍ വരുന്ന ഗാനമാണ്. അതില്‍ ചില റൊമാന്റിക് ഡയലോഗുകള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. ഞാനും ടിപ്പുവും ചേര്‍ന്നാണ് പാടുന്നത്. ഞങ്ങള്‍ രണ്ടാള്‍ക്കും നല്ല ചമ്മലും നാണവുമുണ്ട്. ഡയലോഗുകള്‍ പറയാന്‍ പറ്റാതെ നില്‍ക്കുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ഭാവം കണ്ട് സാറിന് കാര്യം മനസ്സിലായി. ഉടനടി പരിഹാരം കണ്ടെത്തി. ''ഓരോ ഡയലോഗും ഞാന്‍ പറയും നിങ്ങള്‍ അതേപടി അനുകരിക്കണ''മെന്ന് പറഞ്ഞു. എന്നിട്ട് ഭാവം ചോരാതെ ആ വരികള്‍ അദ്ദേഹം ആദ്യം വായിച്ചു. പിന്നാലെ ഞങ്ങള്‍ അനുകരിച്ചു. ഒടുവില്‍ റെക്കോഡിങ്ങ് പൂര്‍ത്തിയാക്കി മിക്‌സ് ചെയ്ത പാട്ട് കേട്ടപ്പോള്‍ ഞങ്ങള്‍ പരസ്പരം ഡയലോഗുകള്‍ പറഞ്ഞെന്ന് തോന്നിപ്പിക്കുന്ന അതിശയകരമായ കൃത്യതയുണ്ടായിരുന്നു.
തമിഴിലും തെലുഗുവിലും മലയാളത്തിലും ആദ്ദേഹം സൃഷ്ടിച്ച സംഗീതത്തിന്റെ ശബ്ദമാകാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇളയരാജ സാര്‍ അണിയിച്ചൊരുക്കിയ അറുപതിലധികം പാട്ടുകള്‍ ഞാന്‍ പാടി. എന്റെ സംഗീതജീവിതത്തിന്റെ പുണ്യമായി ആ ഗാനങ്ങളെ കാണുന്നു. എസ്.പി. ബാലസുബ്രമണ്യം സാറിനൊപ്പവും ചിത്ര ചേച്ചിക്കൊപ്പവും എന്നെ സാര്‍ പാടിച്ചു. ഇത്രയധികം കലയുടെ വരസിദ്ധി കിട്ടിയ പ്രതിഭകള്‍ക്കൊപ്പം പാടാന്‍ എന്നെ തെരഞ്ഞെടുത്തു, അതിലുപരി അവര്‍ക്കൊപ്പം ഒരോ വേദിയില്‍ നില്‍ക്കാന്‍ അദ്ദേഹമെന്നെ അനുവദിച്ചു.
നിരവധി വേദികളിലും അദ്ദേത്തിന്റെ സാന്നിധ്യത്തില്‍ പാടാനായി. എത്ര പാട്ടുകള്‍ പാടിയ ആളാണെങ്കിലും വര്‍ഷങ്ങളുടെ പരിചയസമ്പത്തുണ്ടെങ്കിലും ലൈവ് പാടുന്നതിന് മൂന്ന് നാള്‍ ദിവസത്തെ റിഹേഴ്സലെങ്കിലും ആവശ്യമുണ്ട്. മുഴുവന്‍ ടീമിനെ ഒരുമിച്ചിരുത്തിയാണ് സാര്‍ റിഹേഴ്സല്‍ നടത്തുന്നത്. പരിശീലനത്തിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ്.
ചിലപ്പോള്‍ സാര്‍ വഴക്ക് പറഞ്ഞെന്നിരിക്കും. പക്ഷേ, ആ ചൂടന്‍ നിമിഷം അതേപോലെ കടന്നുപോകുകയും ചെയ്യും. അസ്സലായി തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്ന സാറിനെയും ഞാന്‍ കണ്ടിട്ടുണ്ട്. ചില തമാശകള്‍ നമുക്ക് കൊള്ളും. പക്ഷേ, ചിരി അടക്കിപ്പിടിക്കാനാകില്ല. പിന്നീട് സ്വയം തിരുത്താന്‍ പ്രേരണയാകാറുണ്ട് അത്തരം ചിരിവര്‍ത്തമാനങ്ങള്‍.
ഇരുപത് വര്‍ഷം മുന്‍പ് കണ്ട അതേ ആള്‍ തന്നെയാണ് അദ്ദേഹമിപ്പോഴും. ഒരു മാറ്റവുമില്ല. ആ സംഗീതത്തിലുള്ള പുതുമയും ചെറുപ്പവും സ്രഷ്ടാവിനുമുണ്ട്. ഈ വര്‍ഷം സാറിന് എണ്‍പത് തികയുന്നു. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിനിത് വിയോഗവേദനയുടെ വര്‍ഷമാണ്. ഞരമ്പുകളില്‍ ത്രസിക്കുന്ന സംഗീതം അദ്ദേഹത്തിന്റെ മുറിവുകള്‍ മായ്ക്കട്ടെ. നിലയ്ക്കാത്ത സംഗീതധാര തീര്‍ത്ത് ഈ മഹാമന്ത്രികന്‍ നമുക്കൊപ്പം ഇനിയുമിനിയും പിറന്നാളുകള്‍ ആഘോഷിക്കട്ടെ.
Content Highlights: singer manjari recalls her experiences with ilayaraja