ശിൽപ ഷെട്ടിയുടെ സാമ്രാജ്യം വളരുന്നു, 'ഒറ്റരാത്രി നേടുന്നത് രണ്ടും മൂന്നും കോടി', റെസ്റ്റോറന്റിൽ ജാസ്മിൻ ടീ ക്ക് 900 രൂപ

മുംബൈ ദാദറിലുള്ള കോഹിനൂർ സ്ക്വയറിന്റെ 48-ാം നിലയിലാണ് ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ 'ബാസ്റ്റ്യൻ അറ്റ് ദി ടോപ്പ്' എന്ന ആഡംബര റെസ്റ്റോറന്റ്. 2023-ലാണിത് തുറന്നത്. നഗരത്തിന്റെ വിശാലമായ കാഴ്ചകൾ, റൂഫ്ടോപ്പ് പൂൾ, ആഡംബരപൂർണ്ണമായ ഇന്റീരിയറുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ റെസ്റ്റോറന്റ്. ആഡംബരവും സജീവമായ പാർട്ടി അന്തരീക്ഷവും ഒരുമിക്കുന്ന ഇവിടെ രാത്രികൾ ചെലവിടാൻ ദിവസേന ആളുകൾ വരിനിൽക്കുന്നുവെന്നാണ് വിവരം.
മുംബൈയിലെ രാത്രിജീവിതത്തിന്റെ വ്യാപ്തിയെക്കുറിച്ചും ശിൽപ ഷെട്ടിയുടെ ആഡംബര റെസ്റ്റോറന്റിന്റെ കുതിച്ചുചാട്ടത്തെപ്പറ്റിയും എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേ അടുത്തിടെ സംസാരിച്ചിരുന്നു. ബർഖാ ദത്തുമായുള്ള 'ഇൻസൈഡ് ഔട്ട്' യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ. ശിൽപയുടെ റെസ്റ്റോറന്റ് എല്ലാ രാത്രിയിലും രണ്ടോ മൂന്നോ കോടി രൂപയുടെ വരുമാനം നേടുന്നുണ്ടെന്നാണ് അവർ അവകാശപ്പെട്ടത്. "മുംബൈയിൽ ഒരു റെസ്റ്റോറന്റുണ്ട്, തിരക്ക് കുറഞ്ഞ രാത്രികളിൽ അവിടെ രണ്ടു കോടിയും, വാരാന്ത്യങ്ങളിൽ മൂന്നു കോടിയോ അതിൽ കൂടുതലോ വിറ്റുവരവുണ്ട്." ഈ കണക്കുകൾ ശരിയാണോ എന്നറിയാൻ താൻ നേരിട്ട് ആ സ്ഥലം സന്ദർശിച്ചതായും അവർ പറയുന്നു.
റെസ്റ്റോറന്റിന്റെ പേര് ചോദിച്ചപ്പോൾ അത് പുതിയ 'ബാസ്റ്റ്യൻ അറ്റ് ദി ടോപ്പ്' ആണെന്നും അവർ മറുപടി പറഞ്ഞു. 21,000 ചതുരശ്ര അടിയിലാണത്. അകത്തേക്ക് കടക്കുമ്പോൾ 'ഞാൻ എവിടെയാണ്?' എന്ന് തോന്നിപ്പോകും. നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച അവിടെ നിന്നും ലഭിക്കും. ആഡംബര കാറുകളിൽ ആളുകളെത്തുന്നു, ഓരോ ടേബിളിലും ലക്ഷങ്ങൾ ചെലവഴിക്കുന്നു. രണ്ട് ഡിന്നർ സീറ്റിങ്ങുകളിലായി എല്ലാ രാത്രിയിലും ഏകദേശം 1,400 അതിഥികൾക്ക് റെസ്റ്റോറന്റ് സേവനം നൽകുന്നുണ്ടെന്നും ശോഭാ ഡേ പറഞ്ഞു.
"700 പേർക്ക് വീതം രണ്ട് സീറ്റിങ്ങുകളാണ് അവർക്കുള്ളത്. ദാദറിലെ റോഡിൽ താഴെ ഒരു കാത്തിരിപ്പ് പട്ടിക പോലുമുണ്ട്. ആളുകൾ ലംബോർഗിനികളിലും ആസ്റ്റൺ മാർട്ടിനുകളിലുമാണ് എത്തുന്നത്. ആരാണ് ഈ ആളുകൾ? എനിക്കൊരു പിടിയുമില്ല. അവിടുത്തെ ഊർജ്ജവും ജനക്കൂട്ടവും കണ്ട് താൻ സ്തബ്ധയായിപ്പോയി. 700 അതിഥികളിൽ ഒരാളെപ്പോലും എനിക്ക് തിരിച്ചറിയാനായില്ല. അവരെല്ലാം ചെറുപ്പക്കാരായിരുന്നു."-അവർ പറഞ്ഞു.
ചില റിപ്പോർട്ടുകളനുസരിച്ച് റെസ്റ്റോറന്റിൽ ജാസ്മിൻ ഹെർബൽ ടീ, ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ടീ പോലുള്ള സാധാരണ പാനീയങ്ങൾക്കുപോലും യഥാക്രമം 920 രൂപയും 360 രൂപയുമൊക്കെയാണ് വില. ലക്ഷങ്ങൾ വിലവരുന്ന വൈനുകളുമുണ്ട്. ഭക്ഷണത്തിന് സാധാരണയായി 500-1200 രൂപയാണ് വില. സ്പെഷ്യൽ വിഭവങ്ങൾക്ക് വിലകൂടും. സ്പെഷ്യൽ ബുറാറ്റ സാലഡിന് 1050 രൂപയും അവോക്കാഡോ ടോസ്റ്റിന് ഏകദേശം 800 രൂപയുമാണ് വില.
2019-ൽ ബാസ്റ്റ്യൻ ബ്രാൻഡിന്റെ സ്ഥാപകനായ രഞ്ജിത് ബിന്ദ്രയുമായി ശിൽപ ഷെട്ടി പങ്കാളിത്തത്തിൽ ഏർപ്പെടുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ ഒന്നിലധികം ഔട്ട്ലെറ്റുകളുടെ സഹ-ഉടമയാണ് ശിൽപ. ഒപ്പം ബ്രാൻഡിൽ 50 ശതമാനം ഓഹരിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞയാഴ്ച ഗോവയിൽ ഒരു പുതിയ ബാസ്റ്റ്യൻ ഔട്ട്ലെറ്റ് ശിൽപ ഉദ്ഘാടനം ചെയ്തിരുന്നു.
അതേസമയം, പുതിയ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് തുടങ്ങുന്നതിന്റെ ഭാഗമായി ശിൽപയുടെ പ്രശസ്തമായ ബാന്ദ്ര ഔട്ട്ലെറ്റ് താത്കാലികമായി അടയ്ക്കുമെന്നറിയുന്നു. മറ്റൊരു ബാസ്റ്റ്യൻ സംരംഭമായ 'ബാസ്റ്റ്യൻ ബീച്ച് ക്ലബ്' ഉടൻ ജുഹുവിൽ തുറക്കുമെന്നും വിവരമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Shobhaa De reveals Shilpa Shetty`s Bastian At The Top in Mumbai is a massive success, earning ₹2-3 crore nightly with a luxurious sky-high dining experience. Discover the opulent details.