സത്യം പറയാന്‍ പിന്നെയാരും ബാക്കിയുണ്ടാവില്ലെന്ന ചിന്ത മരിക്കണമെന്ന തോന്നല്‍ അകറ്റി; ഷീല സണ്ണി

2023 ഫെബ്രുവരി 27. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞ ദിനം. രാവിലെ പതിവുപോലെ പാര്‍ലറിലേക്കിറങ്ങിയ ഷീല വൈകീട്ട് വീട്ടില്‍ മടങ്ങിയെത്തിയില്ല. മയക്കുമരുന്ന് കേസില്‍ ഷീലയെ അറസ്റ്റുചെയ്തുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്, പകരം, ഭര്‍ത്താവിനും മക്കള്‍ക്കും കേള്‍ക്കേണ്ടിവന്നത്. തനിക്കെന്താണ് സംഭവിക്കുന്നതെന്നുപോലുമറിയാതെ മരവിച്ച മനസ്സുമായി, ഒന്നു കരയാന്‍പോലും കഴിയാതെനിന്ന ഷീലയ്ക്കുമുന്നില്‍ ക്യാമറാഫ്‌ളാഷുകള്‍ തുടരെത്തുടരെ മിന്നി. 'തലതാഴ്ത്തിപ്പിടിക്ക്' എന്ന ഉദ്യോഗസ്ഥരുടെ ആജ്ഞ ഒരു പാവകണക്കെ അവര്‍ അനുസരിച്ചു. അന്നുവരെ സിനിമയില്‍മാത്രം കണ്ട പോലീസ് സ്റ്റേഷനും കോടതിയും ജയിലും ആ രാത്രി ഷീല നേരിട്ടു കണ്ടു, അറിഞ്ഞു. മയക്കുമരുന്നുകേസില്‍ പ്രതിയായി 72 ദിവസം ജയിലഴിക്കുള്ളില്‍ക്കിടന്ന അവര്‍ മേയ് 10-നാണ് പുറംലോകം കണ്ടത്. പേക്കിനാവുപോലെ തോന്നുന്ന ആ ദിവസങ്ങള്‍ എത്ര ശ്രമിച്ചിട്ടും മറക്കാനാവുന്നില്ലെന്ന് ഷീല പറയുന്നു.
ചുവന്നബാഗിലെ 'എല്‍. എസ്.ഡി.'
പാര്‍ലറില്‍ വലിയ തിരക്കില്ലാത്ത ദിവസമായിരുന്നു അന്ന്. വൈകീട്ട് നാലരയോടെ ചാലക്കുടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ. സതീശനും സംഘവും ഷീലയെത്തേടി 'ഷീ സ്‌റ്റൈല്‍' ബ്യൂട്ടി പാര്‍ലറിലെത്തി. കൈവശം മയക്കുമരുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയിട്ടുണ്ടെന്നും വണ്ടിയും ബാഗും പരിശോധിക്കണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
''പരിശോധിച്ചാല്‍ എന്തുകുഴപ്പം എന്ന ധൈര്യത്തിലായിരുന്നു ഞാന്‍. എന്നാല്‍, ബാഗിന്റെ അറയ്ക്കുള്ളില്‍ ബ്ലേഡുപയോഗിച്ചോ മറ്റോ കീറിയ തുളയ്ക്കുള്ളില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ ഒരു കവര്‍ പുറത്തെടുത്തു. പൊതി തുറന്ന്, 'സ്റ്റാമ്പ് കണ്ടിട്ടില്ലെങ്കില്‍ കണ്ടോളൂ' എന്ന്, കൂട്ടത്തിലെ വനിതാ ഓഫീസറോട് ഇന്‍സ്‌പെക്ടര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. തുടര്‍ന്ന് മകനെ വിളിച്ചുവരുത്തി സ്‌കൂട്ടറില്‍നിന്നും സ്റ്റാമ്പുകള്‍ പുറത്തെടുത്തു. ബഹളംവെയ്ക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നതില്‍ കാര്യമില്ലെന്നു ബോധ്യമായി.''
കഥ വേറെ
പാര്‍ലറിനുസമീപം സ്‌കൂട്ടറില്‍നിന്നിറങ്ങി, സീറ്റിനടിയിലെ ബാഗെടുക്കാന്‍ തുനിഞ്ഞ ഷീല എക്‌സൈസ് സംഘത്തെ കണ്ട് പരിഭ്രമിച്ച് ബാഗ് തിരിച്ചുവെച്ചെന്നാണ് മഹസറില്‍ ഉദ്യോഗസ്ഥന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. അന്വേഷണസംഘം തടഞ്ഞുവെച്ച് ബാഗ് പരിശോധിച്ചപ്പോള്‍ 12 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ കണ്ടെത്തിയെന്നും എഴുതിയിട്ടുണ്ട്. കേസിന് ബലംകൂട്ടാന്‍ എഴുതിവെച്ച കാര്യങ്ങള്‍ പക്ഷേ, ഷീലയ്ക്ക് തുണയായി. സി.സി.ടി.വി. ദൃശ്യങ്ങള്‍ മഹസറിലെ വിവരങ്ങളുമായി ചേര്‍ന്നുപോവുന്നതല്ലെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.
ജയില്‍ ദിനങ്ങള്‍
''അന്നുരാത്രിതന്നെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഞാന്‍ റിമാന്‍ഡിലായി. വിയ്യൂരിലെ വനിതാജയിലിലേക്ക് കടക്കുമ്പോഴും മരവിപ്പ് മാറിയിരുന്നില്ല. മയക്കുമരുന്ന് കേസിലേതുള്‍പ്പെടെയുള്ള പ്രതികളാണ് സഹതടവുകാര്‍. ഭക്ഷണം തൊണ്ടയില്‍നിന്നിറങ്ങാത്ത അവസ്ഥ. വെള്ളം മാത്രം കുടിച്ചാണ് ആദ്യദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. അവശതയിലായതോടെ സഹതടവുകാരാണ് നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചത്.
മരിച്ചുകളഞ്ഞാലോ എന്ന ആലോചന പലപ്പോഴുമുണ്ടായി. എന്നാല്‍, സത്യംപറയാന്‍ പിന്നെയാരും ബാക്കിയുണ്ടാവില്ലെന്ന ചിന്ത വന്നപ്പോള്‍ അത്തരം വിചാരങ്ങളൊക്കെ പോയി. ജയിലില്‍ കാണാനെത്തുന്ന ഭര്‍ത്താവും മക്കളും പറഞ്ഞതും ഇതേകാര്യംതന്നെയായിരുന്നു. അരുതാത്തതൊന്നും ആലോചിക്കരുത്, ഞങ്ങളൊക്കെ കൂടെയുണ്ടാവുമെന്ന അവരുടെ വാക്കുകള്‍ ധൈര്യമായി. ആദ്യദിവസങ്ങളില്‍ ഒരു കുറ്റവാളിയായിക്കണ്ടു പെരുമാറിയ സഹതടവുകാരും പിന്നീടുള്ള ദിവസങ്ങളില്‍ അനുതാപത്തോടെ പെരുമാറിത്തുടങ്ങി.''
ജയില്‍ജീവിതം ദുരിതമല്ലായിരുന്നെങ്കിലും പുറംലോകത്ത് താനൊരു കൊടുംകുറ്റവാളിയായിമാറിയെന്ന അറിവ് ഷീലയെ തീര്‍ത്തും തളര്‍ത്തി. കണ്ടാല്‍ തിരിച്ചറിയാത്തവിധം കോലം മാറിയ ഷീലയെ കാണാന്‍ പോകുന്നതുതന്നെ വേദനയായിരുന്നുവെന്ന് മകള്‍ പറയുന്നു. അന്ന് അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന മകള്‍ സബിതയ്ക്കുണ്ടായ മാനസികപ്രയാസങ്ങളും ഷീലയെന്ന അമ്മയ്ക്ക് താങ്ങാനാവുമായിരുന്നില്ല. പ്രസവത്തിനുമുന്‍പെങ്കിലും പുറത്തിറങ്ങാന്‍ കഴിയണേയെന്ന പ്രാര്‍ഥനയിലായിരുന്നു അമ്മയും മകളും.
ദൃശ്യം മോഡല്‍
''ഇക്കാലയളവില്‍ രണ്ടുതവണ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി തൃശ്ശൂരും ചാലക്കുടിയിലും അന്വേഷണസംഘം കൊണ്ടുപോയി. തുടക്കത്തില്‍ ചില ഉദ്യോഗസ്ഥര്‍ പരുഷമായി പെരുമാറിയത് വേദനിപ്പിച്ചു. നിരപരാധിയാണെന്നും ഒന്നുമറിയില്ലെന്നും ഞാന്‍ ആവര്‍ത്തിച്ചുപറയുമ്പോള്‍, 'ദൃശ്യം മോഡലാണല്ലോ' എന്നു പരിഹസിച്ചവരുണ്ട്. ഒന്നുകില്‍ പഠിച്ച കള്ളി, അല്ലെങ്കില്‍ നിരപരാധി എന്ന കമന്റും കേള്‍ക്കേണ്ടിവന്നു.
സത്യം പറഞ്ഞില്ലെങ്കില്‍ ജയിലില്‍ കിടത്തുമെന്ന ഭീഷണിയുമുണ്ടായി. എനിക്ക് സാമ്പത്തികബുദ്ധിമുട്ടുകളുള്ളതുകൊണ്ട് മയക്കുമരുന്നുവില്‍പ്പനയാണെന്ന വാദത്തിലായിരുന്നു ആദ്യം അവര്‍. പണമില്ലെങ്കില്‍ എല്ലാ ആളുകളും ഇതാണോ ചെയ്യുകയെന്ന എന്റെ മറുചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ലായിരുന്നു. എനിക്കിതില്‍ പങ്കില്ലെന്ന ബോധ്യം വന്നതിനാലാവാം പിന്നീട് ഉദ്യോഗസ്ഥര്‍ കാര്‍ക്കശ്യംവിട്ടു സംസാരിച്ചുതുടങ്ങി.''
ദൈവവചനം പോലെ
ചോദ്യംചെയ്യല്‍ കഴിഞ്ഞ് മടങ്ങവേ ഒരുദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകള്‍ ദൈവവചനംപോലെ സമാധാനം നല്‍കിയതായി ഷീല ഓര്‍ക്കുന്നു. ''ചേച്ചിയെപ്പറ്റി വളരെ മോശം വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ഇതെല്ലാം മാറിമറയുന്നൊരു ദിവസംവരും. ചേച്ചി പേടിക്കേണ്ട...'' ആ വാക്കുകള്‍ അക്ഷരംപ്രതി സത്യമാവുമെന്ന് അന്നെനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല.
നീതിയുടെ വെളിച്ചം
''നല്ലൊരു വക്കീലിനെ കണ്ടെത്താന്‍ കഴിയാതെവന്നതിനാല്‍ ജയില്‍വാസം നീണ്ടു. ആദ്യത്തെ വക്കീല്‍ സഹായിക്കില്ലെന്നു ബോധ്യംവന്നപ്പോള്‍ മരുമകന്റെ സുഹൃത്തുകൂടിയായ അഡ്വ. നിഫിനെ സമീപിച്ചു.
അദ്ദേഹത്തിന്റെ പരിശ്രമഫലമായി മേയ് 10-ാംതീയതി ഹൈക്കോടതി ജാമ്യം നല്‍കി. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പുറത്തിറങ്ങാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. പാര്‍ലര്‍ ഒഴിഞ്ഞുകൊടുക്കാന്‍ കടയുടമ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ ആവശ്യത്തിനായി ഉപകരണങ്ങളില്‍ ചിലത് വില്‍ക്കേണ്ടിയുംവന്നു. മെച്ചപ്പെട്ട വരുമാനമുള്ള ജോലിക്കായി ഇറ്റലിയിലേക്കു പോകാനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് അറസ്റ്റിലാവുന്നത്.''
പ്രതീക്ഷയറ്റ് തളര്‍ന്നിരിക്കുമ്പോഴാണ് കാക്കനാട്ടെ റീജണല്‍ ലബോറട്ടറിയിലെ പരിശോധനാഫലം പുറത്തുവന്നത്. എല്‍.എസ്.ഡി.യെന്നുപറഞ്ഞ് പിടികൂടിയ സ്റ്റാമ്പുകളില്‍ രാസവസ്തുവിന്റെ തരിമ്പുപോലുമില്ലെന്ന കണ്ടെത്തല്‍ കഥയാകെ മാറ്റിമറിച്ചു.
ആശ്വസിപ്പിച്ചും സഹായം വാഗ്ദാനംചെയ്തും ഇപ്പോള്‍ ഷീലയെത്തേടിയെത്തുന്നത് എണ്ണമില്ലാ ഫോണ്‍കോളുകളാണ്. വാര്‍ത്താമാധ്യമങ്ങളിലാകെ വീണ്ടും ഷീല നിറഞ്ഞു. ഇത്തവണ പക്ഷേ, തലയുയര്‍ത്തിനിന്ന് ഷീല അവരോട് സംസാരിച്ചു. വകുപ്പിനുപറ്റിയ വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.ബി. രാജേഷ് നേരിട്ട് വിളിച്ചു. മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഷീല നിരപരാധിയാണെന്ന റിപ്പോര്‍ട്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയതോടെ നാലുമാസം നീണ്ട ദുരിതപര്‍വത്തിന് അവസാനം.
''എന്റെ ജീവിതവും സ്വപ്‌നങ്ങളും തല്ലിത്തകര്‍ക്കാന്‍ മാത്രം വിരോധമുണ്ടാവാന്‍ ആരോടും ഒരുതെറ്റും ചെയ്തിട്ടില്ല. ശത്രുക്കളുമില്ല. ഇനിയെല്ലാം ആദ്യംമുതല്‍ തുടങ്ങണം. സത്യം പുറത്തുവന്നതിലുള്ള ആശ്വാസം ചെറുതല്ല. ചിലരുടെ മനസ്സിലെങ്കിലും തെറ്റിദ്ധാരണ തുടര്‍ന്നേക്കും. കാലം എല്ലാമുറിവുകളും മായ്ക്കുമെന്നാണ് പ്രതീക്ഷ,'' ഭാഗ്യംപോലെ കുടുംബത്തിലേക്കെത്തിയ പേരക്കുട്ടി കെസിയയെ മാറോടുചേര്‍ത്ത് ഷീല പറഞ്ഞുനിര്‍ത്തുന്നു.
Content Highlights: sheela sunny open up about fake drug case