ശക്തിമാന്‍ ടീസര്‍ പുറത്ത്; 90കളില്‍ ഇന്ത്യന്‍ ടെലിവിഷന്‍ അടക്കിവാണ ശക്തിമാന്‍, ദിവസവും ആയിരക്കണക്കിന് ആരാധകര്‍ കത്തെഴുതി

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ടെലിവിഷന്‍ ലോകം പിടിച്ചുലച്ച ഹിറ്റ് സീരിയലാണ് ശക്തിമാന്‍. കലിയുഗത്തിലെ തിന്മകളെ ചെറുക്കാന്‍ സൂര്യാംശി സന്യാസിസമൂഹം ഒരാളെ നിയോഗിക്കുന്നു. സന്യാസിവര്യന്മാര്‍ കുണ്ഡലിനി യോഗയിലൂടെ ശക്തിപ്പെടുത്തിയതാണ് അയാളുടെ ശരീരത്തിലെ ഏഴു ചക്രങ്ങളും. പവിത്രമായ അഗ്നിയില്‍ ദഹിപ്പിച്ചതാണ് അയാളുടെ ശരീരം. ആ അഗ്നിയില്‍ നിന്ന് പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്തോടെ ഒരു സൂപ്പര്‍ഹീറോയായി അയാള്‍ ഉയര്‍ന്നുവരും. അഴിമതിയ്ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ആ സൂപ്പര്‍ഹീറോ നടത്തുന്ന നിരന്തരപോരാട്ടം നടത്തും. ആജ് കി ആവാസ് എന്ന പത്രത്തിലെ റിപ്പോര്‍ട്ടറായ ഗീത വിശ്വാസാണ് ആ സൂപ്പര്‍ഹീറോയ്ക്ക് ‘ശക്തിമാന്‍’ എന്ന പേരിടുന്നത്. പക്ഷേ, ഗീതയ്ക്കറിയില്ലല്ലോ പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രി എന്ന പേരില്‍ അവള്‍ക്കൊപ്പം ജോലി ചെയ്യുന്നയാള്‍ തന്നെയാണ് ശക്തിമാനെന്ന്.
ഒറ്റനോട്ടത്തില്‍ ലളിതജീവിതം നയിക്കുന്ന സൗമ്യനായ ഒരു റിപ്പോര്‍ട്ടറാണ് ഗംഗാധര്‍. ശുദ്ധ ഹിന്ദിയില്‍ മാത്രം സംസാരിക്കുന്ന ഒരാള്‍. ശക്തിയുടെയും നീതിയുടെയും പ്രതീകമായ ശക്തിമാന്‍ ആയി മാറാന്‍ ഗംഗാധറിന് നിമിഷങ്ങള്‍ മതി. ശക്തിമാന് അസാധാരണമായ ശക്തികളുണ്ട്. കോസ്മിക് എനര്‍ജിയുടെ ഭൗതികരൂപമാണ് ശക്തിമാന്‍. അദ്ദേഹത്തിന്റെ അപാരമായ ശക്തി, വേഗത, ആത്മീയചൈതന്യം എന്നിവ പേരുകേട്ടതാണ്. തിന്മ, അഴിമതി, അനീതി എന്നിവയ്‌ക്കെതിരെ പോരാടാന്‍ ആ ശക്തികള്‍ സഹായിക്കുന്നു. സത്യസന്ധതയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ശക്തിമാന്‍ പ്രത്യാശയുടെ വെളിച്ചമായി നിലകൊള്ളുന്നു. തിന്മയുടെ പ്രതിരൂപമായ താംരാജ് കില്‍വിഷ് ആണ് ശക്തിമാന്റെ എതിരാളി.
90-കളില്‍ ആളുകള്‍ക്ക് ആവേശം പകര്‍ന്ന സൂപ്പര്‍ഹീറോ പരമ്പരയാണ് 'ശക്തിമാന്‍'. 1997-ല്‍ ദൂരദര്‍ശനിലാണ് സംപ്രേഷണം തുടങ്ങിയത്. പരമ്പര നിര്‍മിച്ചതും നായകനായതും മുകേഷ് ഖന്ന. 450 എപ്പിസോഡുകള്‍ക്കുശേഷം 2005-ലാണ് പരിപാടി അവസാനിപ്പിച്ചത്. ഹിന്ദി, തെലുഗു, മറാത്തി ഭാഷകളിലായി കുറേ സിനിമകളില്‍ അഭിനയിച്ചു പരാജയപ്പെട്ട ശേഷമാണ് മുകേഷ് ഖന്ന മിനിസ്‌ക്രീനിലേക്ക് മാറുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത 'മഹാഭാരത്' എന്ന പരമ്പരയില്‍ ഭീഷ്മനെന്ന കഥാപാത്രത്തെയാണ് ആദ്യം അവതരിപ്പിച്ചത്. ചന്ദ്രകാന്ത, യുഗ്, മഹായോദ്ധ...ശക്തിമാന്‍ എത്തിയതോടെ മുകേഷിന്റെ പ്രശസ്തി അനുദിനം കുതിച്ചുയര്‍ന്നു. ദിവസവും ആയിരക്കണക്കിന് കത്തുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. പരിപാടിയുടെ സ്വീകാര്യത കാരണം അത് പല ഭാഷകളിലേക്കും ഡബ് ചെയ്യപ്പെട്ടു.
രണ്‍വീര്‍ സിങ്ങിന്റെ 'ശക്തിമാന്‍' എന്ന സിനിമ 2025-ല്‍ റിലീസാവും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബേസില്‍ ജോസഫിന്റെ ആദ്യ ബോളിവുഡ് സിനിമയായിരിക്കുമത്. എന്നാല്‍, താന്‍ അവതരിപ്പിച്ച കഥാപാത്രത്തോട് രണ്‍വീര്‍ സിങ്ങിന് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നാണ് മുകേഷ് ഖന്ന പറയുന്നത്. 'കഥാപാത്രത്തിനാവശ്യമായ ഭാവങ്ങളൊന്നും രണ്‍വീറിന്റെ മുഖത്തുവരുന്നില്ല. ശക്തിമാന്‍ കഥാപാത്രത്തിലേക്ക് രണ്‍വീര്‍ ഒരിക്കലും നല്ല ചോയ്സ് അല്ലെന്നും' മുകേഷ് പറഞ്ഞുവെക്കുന്നു. ആ സിനിമാവാര്‍ത്തകള്‍ക്കിടെയാണ് പരമ്പര തിരിച്ചുവരുന്നുവെന്ന സൂചനകള്‍ മുകേഷ് നല്‍കി.
''ശക്തിമാന്‍ ഞാന്‍ വളരെ ഭംഗിയായി ചെയ്തു. ആ കഥാപാത്രം എന്റെ ഉള്ളില്‍നിന്ന് തന്നെ വന്നതാണ്. ക്യാമറയെ പോലും മറന്നാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതാണ് അത്ര ഭംഗിയായി നിങ്ങളിലേക്ക് എത്തിയതും. വീണ്ടും ശക്തിമാന്‍ ആവാന്‍ കഴിയുന്നതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്'', മുകേഷ് പറയുന്നു. അത് തിരിച്ചുകൊണ്ടുവരികയെന്നത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
തന്റെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് 'ശക്തിമാന്‍' വരുന്നുവെന്ന സൂചനകള്‍ മുകേഷ് നല്‍കിയത്. 'അവന്റെ തിരിച്ചുവരവിന് സമയമായി' എന്നാണ് പോസ്റ്റില്‍ പറയുന്നത്. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ പുറത്തിറക്കുകയും ചെയ്തു. അതോടെ മുകേഷിനെതിരെ രൂക്ഷമായ ട്രോളുകളുമായി നെറ്റിസണ്‍സും രംഗത്തെത്തി. ശക്തിമാന്‍ തങ്ങളുടെ മനസ്സിലെ മനോഹരമായ ഓര്‍മയാണ്, അതിനെ നശിപ്പിക്കരുതെന്നാണ് ആളുകള്‍ അപേക്ഷിക്കുന്നത്. ഇനി വേറെ ആരെങ്കിലും ശക്തിമാന്‍ റോള്‍ ചെയ്യുന്നതാണ് നല്ലതെന്നും അവര്‍ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ :https://mbi.page.link/grihalakshmi
Content Highlights: The iconic 90s superhero Shaktimaan is back! Mukesh Khanna announces a return, sparking excitement and debate. Watch the teaser now!