'സ്‌കൂളില്‍ പോകാതിരുന്നതുകൊണ്ടാണ് എനിക്ക് കുട്ടിക്കാലം കൂടുതല്‍ ആസ്വദിക്കാന്‍ പറ്റിയത്'-സംഗീത

സാറാ ജോസഫ്, സംഗീത ശ്രീനിവാസൻ | ഫോട്ടോ: മധുരാജ്
സാറാ ജോസഫ്, സംഗീത ശ്രീനിവാസൻ | ഫോട്ടോ: മധുരാജ്

വിശാലമായ ആകാശത്തും പറക്കാന്‍ ചില പരിമിതികളുണ്ട്. എന്നാല്‍ അതൊന്നും വകവെക്കാതെ ചിറകടിച്ചുയര്‍ന്ന് എതിര്‍ദിശകള്‍ ലക്ഷ്യംവെക്കുന്ന ഒരമ്മയും മകളും ഉണ്ടിവിടെ. നോക്കി നെറ്റിചുളിച്ചവരെയൊന്നും അവര്‍ ഗൗനിച്ചില്ല. അമ്മ വളര്‍ത്തിയ മകള്‍ക്ക് ലഭിച്ചത് സ്വാതന്ത്ര്യം എന്ന സൗഭാഗ്യമായിരുന്നു. 
ആ വീടിന്റെ വാതില്‍ തുറന്നപ്പോഴേക്കും സ്വീകരിക്കാനെത്തിയത് മീഹോയാണ്. മകനെന്ന് പേരിട്ടുവിളിച്ചിരുന്ന വളര്‍ത്തുനായയുടെ ഓര്‍മയ്ക്കായി അതേ രൂപസാദൃശ്യത്തോടെ വാങ്ങിയതാണവനെ. മീഹോയ്ക്ക് സ്പാനിഷില്‍ 'മകന്‍' എന്നാണര്‍ഥം. സമൂഹം മാറ്റിനിര്‍ത്തിയ മനുഷ്യരുടെയും അവരുടെ ചെറുത്തുനില്‍പ്പിന്റെയും കഥകള്‍ പറഞ്ഞ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാജോസഫാണ് ആ വീട്ടിലെ അമ്മ. കാലത്തിന് എത്രയോ മുഴം മുന്നേ സഞ്ചരിച്ച അമ്മയും പുതിയ കാലത്തിന്റെ ശബ്ദമാകുന്ന മകളും. സാറാ ജോസഫും എഴുത്തിന്റെ പാതയില്‍ തന്നെ പിന്തുടരുന്ന മകള്‍ സംഗീത ശ്രീനിവാസനും ഗൃഹലക്ഷ്മിയോട് സംസാരിക്കുന്നു.

ഈ അമ്മയും മകളും എത്രത്തോളം കൂട്ടാണ്?
സംഗീത: അമ്മയല്ലേ ആദ്യം ഉണ്ടായത്, അമ്മ പറഞ്ഞോളൂ...
സാറാ ജോസഫ്: മകളുണ്ടായപ്പോഴാണ് അമ്മയും ഉണ്ടായത്. ആദ്യം മകള്‍ പറയട്ടെ... (ആകെ ചിരിമയം)

എഴുത്തുകാരിയായ സാറാ ജോസഫ് മാതൃത്വത്തെ എങ്ങനെയാണ് കാണുന്നത്?
സാറാ ജോസഫ്: കുഞ്ഞുങ്ങളായിരിക്കുക എന്ന അവസ്ഥ വളരെ മനോഹരമാണ്. കുഞ്ഞുങ്ങളുടെ ചെറിയ ചെറിയ കുസൃതികളും കുട്ടിക്കളികളും ഓരോ വളര്‍ച്ചാകാലഘട്ടങ്ങളും കണ്‍മുന്നില്‍ കാണുന്നതും വളരെ രസകരമാണ്. ജീവിതലക്ഷ്യം മക്കളായിരിക്കുന്ന എനിക്കൊക്കെ പ്രത്യേകിച്ചും. പക്ഷേ, പണ്ടേ ഞാന്‍  ഓട്ടത്തിലായിരുന്നു. സംഗീതയുടെ രണ്ടാംവയസ്സിലൊക്കെ പട്ടാമ്പി കോളേജിലേക്കും വീട്ടിലേക്കുമുള്ള യാത്രകള്‍ മാത്രമായിരുന്നു. ഞാന്‍ ഒരുക്കിവിട്ടിട്ടല്ല ഇവരൊന്നും സ്‌കൂളില്‍ പോയിരുന്നത്. അവരുടെകൂടെ പകല്‍സമയങ്ങള്‍ ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവധിദിവസങ്ങളില്‍ കൂടെ ഉണ്ടാകാന്‍ ശ്രദ്ധിച്ചിരുന്നു. 


ഇപ്പോള്‍ എനിക്കത് നഷ്ടബോധമാണ്. അന്നത് തോന്നിയിട്ടില്ല. കാരണം മക്കളെ വളര്‍ത്തുന്നതിന് പണം ആവശ്യമാണ്. ജോലിചെയ്‌തേ മതിയാകൂ. അവരെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തുക എന്നതിനാണ് മുന്‍ഗണന. എന്നേക്കാള്‍ മികച്ച ജീവിത സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ നോക്കുമ്പോള്‍ പശ്ചാത്തപിക്കുന്നതില്‍ അര്‍ഥമില്ലെങ്കിലും വിഷമം തോന്നും. ഇപ്പോള്‍ സ്വസ്ഥമായി മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ചെലവഴിക്കാനുള്ള സമയവും സാഹചര്യങ്ങളുമെല്ലാമുണ്ട്. 

അന്നേ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി, മക്കളെ വ്യക്തികളായി കണ്ട് വളര്‍ത്തിയതെങ്ങനെ?
സാറാ ജോസഫ്: നല്ല മനുഷ്യരായിരിക്കാനാണ് എപ്പോഴും പറഞ്ഞിട്ടുള്ളത്. ഞാന്‍ മക്കളില്‍ ബലമായി ഒന്നും അടിച്ചേല്‍പ്പിച്ചിട്ടില്ല. എന്റേതായ സ്വാധീനം കൊടുത്തിട്ടില്ല. പഠനത്തിലും വ്യക്തിജീവിതത്തിലുമെല്ലാം അവരെ ഗൈഡ് ചെയ്തിട്ടേയുള്ളൂ. കുട്ടികള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള അറിവ് പരിമിതമായിരിക്കും. അവിടെ അവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുക്കണം. ചുറ്റുപാടുള്ള മനുഷ്യരെ മനസ്സിലാക്കുക, ജാതി, മതം ഇവ സംസാരിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. 
സംഗീത: ഒരാള്‍ നമ്മളെ നിയന്ത്രിക്കുമ്പോള്‍ ഒരു പേടി തോന്നില്ലേ, ഒരു ടെന്‍ഷന്‍, ഒരു ശ്വാസംമുട്ടല്‍... അത് ഈ വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം അനുഭവിച്ചാണ് വളര്‍ന്നത്. അമ്മ എനിക്ക് ഗൈഡ് ലൈന്‍ മാത്രമായിരുന്നു. അവിടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വീട് വളരെ കംഫര്‍ട്ടബിളായിരുന്നു. ഇപ്പോഴും അതേ. വീട്ടില്‍ മതവിശ്വാസങ്ങളോ അത്തരം അന്തരീക്ഷമോ ഉണ്ടായിരുന്നില്ല. 

(സംഗീത എന്തോ ഓര്‍ത്ത് ചിരിക്കുന്നു) ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം. കോണ്‍വെന്റ് സ്‌കൂളിലായിരുന്നു. കുര്‍ബാന കൂടാനുള്ള വല്ലാത്ത ആഗ്രഹം. വീട്ടില്‍ പറഞ്ഞപ്പോള്‍ ''നിനക്ക് വേണമെങ്കില്‍ ഒറ്റയ്ക്കുപോയി ചെയ്‌തോ'' എന്നായിരുന്നു മറുപടി. അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് മതപഠനത്തിനുപോയി. കുര്‍ബാന സ്വീകരിച്ചു. രണ്ടുമാസമൊക്കെ വീട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നു. 
ഞാന്‍ സ്‌കൂളില്‍ പോകാന്‍ മടിയുള്ള കൂട്ടത്തിലായിരുന്നു. പോകാന്‍ ആരും നിര്‍ബന്ധിച്ചിട്ടുമില്ല. അത് ഇപ്പോള്‍ ആലോചിക്കുമ്പോഴും രസമാണ്. സ്‌കൂളില്‍ പോയില്ല എന്നതിന്റെ കുഴപ്പങ്ങളുണ്ടാകാം, എന്നാലും ഒരു കുട്ടി എന്ന നിലയില്‍ എനിക്ക് കുട്ടിക്കാലം നഷ്ടപ്പെട്ടിട്ടില്ല. അത് കൂടുതല്‍ ആസ്വദിക്കാന്‍ പറ്റിയത് സ്‌കൂളില്‍ പോകാതിരുന്നതുകൊണ്ടാണ്. 
വെറുതേ വീട്ടിലിരിക്കാനാണെനിക്ക് കൂടുതല്‍ ഇഷ്ടം. എന്റെ ഈ മടി കാരണം ജീവന്‍ രക്ഷപ്പെട്ടിട്ടുമുണ്ട്. പണ്ട് സെന്റ് പോള്‍സ് സ്‌കൂളില്‍ കെട്ടിടം തകര്‍ന്ന് പത്ത് കുട്ടികള്‍ മരിച്ചില്ലേ... അന്ന് ഉച്ചയ്ക്കുശേഷം സ്‌കൂളില്‍ പോകാഞ്ഞതുകൊണ്ട് ആ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
സാറാ ജോസഫ്: അതൊരു നല്ല പേരന്റിങ് ആണെന്ന് പറയുന്നില്ല. 

മക്കളെ പഠിപ്പിച്ച തുല്യതാപാഠം?
സാറാ ജോസഫ്: മക്കള്‍ തുല്യരാണെന്നുള്ള അടിസ്ഥാനബോധം പണ്ടേ ഉണ്ടായിരുന്നു. എന്നാല്‍ എന്റെ അമ്മ സാധാരണ സ്ത്രീയായിരുന്നു. ഞങ്ങള്‍ മൂന്ന് പെണ്‍മക്കള്‍. ഒരാണ്‍കുട്ടി ഇല്ലാത്തതില്‍ അമ്മയ്ക്ക് വിഷമമായിരുന്നു. ട്രൗസറും ഷര്‍ട്ടുമൊക്കെ കഴുകിയിടാന്‍ മോഹമാണെന്ന് പറയും. പക്ഷേ, ''നമ്മുടെ മൂന്ന് പെണ്‍കുട്ടികളും മൂന്ന് പുലിക്കുട്ടികളാണ്'' എന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു. പിന്നീടാണ് എനിക്കൊരു അനിയനുണ്ടാകുന്നത്. എങ്കിലും വീട്ടില്‍ തുല്യ പ്രാധാന്യം നല്‍കിയിരുന്നു. 
കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ പാടില്ല, ചൂലെടുക്കാന്‍ പാടില്ല, വസ്ത്രങ്ങള്‍ കഴുകാന്‍ പാടില്ല എന്നിങ്ങനെയുള്ളതൊക്കെ ഓരോ വീട്ടിലും നിലനില്‍ക്കുന്ന അലിഖിത നിയമങ്ങളല്ലേ... 
പണ്ട് മാനുഷി സംഘടനയുടെ ഭാഗമായി കുട്ടികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രീഡിഗ്രി ക്ലാസിലെ കുട്ടികളോട് ചോദിക്കാറുണ്ടായിരുന്ന ചോദ്യമാണ്, ''എത്ര ആളുകള്‍ സ്വന്തം അടിവസ്ത്രങ്ങള്‍ കഴുകിയിടും? വിയര്‍ത്ത വസ്ത്രങ്ങള്‍ അമ്മയുടെ മുഖത്തേക്കാണോ വലിച്ചെറിയേണ്ടത്?'' അത് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ വിഷമിക്കും. അത്തരത്തിലൊരു ചോദ്യം അവര്‍ പ്രതീക്ഷിക്കുന്നില്ല. 
പക്ഷേ, പിന്നീട് അവരോട് അതേ ചോദ്യം ചോദിച്ചാല്‍ മറുപടി വ്യത്യസ്തമായിരിക്കും. 
ഒരു കാര്യം അറിയാതിരിക്കുന്നതും അറിഞ്ഞിട്ട് ചെയ്യാതിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അറിയാന്‍ അവരെ സഹായിക്കുക. അതാണ് നമ്മള്‍ ചെയ്യേണ്ടത്. അങ്ങനെ മാനുഷിയുടെ ആശയങ്ങള്‍ ഇവരും സ്വയം സ്വീകരിക്കുകയായിരുന്നു. അതുകൊണ്ട് സ്വന്തം കാര്യങ്ങള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ചെയ്യാന്‍ ഇവര്‍ക്കറിയാം. മകന്‍ വിനയ് എപ്പോള്‍ വന്നാലും ചൂലെടുത്ത് പൊടിതട്ടി ഇവിടെയൊക്കെ വൃത്തിയാക്കും. കാര്യങ്ങള്‍ ചെയ്യാന്‍ അവന് ഒരു മടിയും ഇല്ല.
സംഗീത: അപ്പച്ചനും അങ്ങനെയായിരുന്നു. പണ്ട് അമ്മയ്ക്ക് പുലര്‍ച്ചയ്ക്ക് പോകണം. അപ്പോഴൊക്കെ ഞങ്ങളെ നോക്കിയിരുന്നത് അപ്പച്ചനായിരുന്നു. ഭക്ഷണമുണ്ടാക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം. അതുകണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. 
സാറാ ജോസഫ്: തുല്യമായ പരിഗണനയും അഭിപ്രായ സ്വാതന്ത്ര്യവും അതിന് അംഗീകാരവും ഉണ്ടാകുമ്പോള്‍തന്നെ കുടുംബാന്തരീക്ഷം മാറും. ഓരോരുത്തരുടെ അഭിപ്രായങ്ങളെയും മാനിക്കണം. രണ്ടുവയസ്സുള്ള കുട്ടിക്കും അഭിപ്രായങ്ങളുണ്ട്. പാശ്ചാത്യ സിനിമകളില്‍ കുട്ടികളെ ഒപ്പത്തിനൊപ്പമായി പരിഗണിക്കുന്ന മുതിര്‍ന്നവരെ കാണാറില്ലേ... കാര്യഗൗരവത്തോടെയാകും ചെറിയ കുട്ടികളോടും അവര്‍ സംസാരിക്കുക. ഒരാള്‍ പറയുന്ന കാര്യം ഇഷ്ടമല്ലെങ്കില്‍ പോലും അത് കേള്‍ക്കാനുള്ള മനസ്സ് കാണിക്കുക, വേണമെങ്കിലത് തിരുത്താം, സ്വീകരിക്കാം. കാരണം അവരെ ബോധ്യപ്പെടുത്തുക. ഇങ്ങനെയുള്ള ജനാധിപത്യപരമായ രീതി കുടുംബത്തിനകത്ത് ഉണ്ടാകുമ്പോള്‍ തന്നെ കുടുംബാന്തരീക്ഷം മെച്ചപ്പെടും. 

അപ്പച്ചന്റെ പാചകം?
സംഗീത: അപ്പച്ചന്‍ അടുക്കളയിലെ ഗുസ്തിക്കാരനായിരുന്നു. ചോറിന് കറിയൊന്നും ഉണ്ടാക്കാറില്ല. എന്തെങ്കിലും തട്ടിക്കൂട്ടും. മുട്ട പൊരിച്ചത്, ഉള്ളിയും സവാളയും തക്കാളിയും വെളിച്ചെണ്ണയില്‍ ചേര്‍ത്തത്... അങ്ങനെയെന്തെങ്കിലും. അപ്പച്ചന്റെ ഈ തട്ടിക്കൂട്ട് പാചകത്തിന് ചേട്ടനിട്ട പേരായിരുന്നു 'ഗുസ്തി'. 

സാറാ ജോസഫിന്റെ മകളല്ലായിരുന്നെങ്കില്‍ ജീവിതം എന്താകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
സംഗീത: ഓരോരുത്തരുടെ വ്യക്തിത്വവും അവര്‍ വളര്‍ന്നുവരുന്ന സാഹചര്യത്തിനനുസരിച്ച് വികസിക്കുന്നതാണ്. ഈ സാഹചര്യത്തിലല്ല ജനിച്ചതും ജീവിച്ചതുമെങ്കില്‍ ഇപ്പോഴുള്ള സ്വഭാവത്തില്‍നിന്ന് വ്യത്യസ്തമാകുമായിരുന്നു. എന്നോട് പലരും പറയാറുണ്ട്, എന്റെ ചിന്തകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്, യാഥാസ്ഥിതിക ജീവിതമല്ല, എങ്ങനെ ഇങ്ങനെയായി എന്നൊക്കെ. എന്റെ കാഴ്ചപ്പാടുകളെ വീടിന്റെ അന്തരീക്ഷം സ്വാധീനിച്ചിട്ടുണ്ട്. മറ്റൊരു സ്ഥലത്തായിരുന്നെങ്കില്‍ എനിക്കും എന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തേണ്ടിവരുമായിരുന്നു. ഒതുങ്ങിക്കൂടുന്ന ഒരാളായിരുന്നെങ്കില്‍ അതിനൊന്നും നില്‍ക്കുകയുമില്ല. 

എഴുത്തുകാരായ അമ്മയും മകളും?
സാറാ ജോസഫ്: സംഗീത ഒരെഴുത്തുകാരി എന്ന നിലയില്‍ ഉള്‍വലിഞ്ഞ ആളാണ്. ഏകാന്തതയും എഴുതാനുള്ള മാനസികാവസ്ഥയും അവള്‍ക്കാവശ്യമാണ്. പക്ഷേ, ഞാന്‍ എഴുത്ത് ശീലിച്ചതേ തിരക്കുകള്‍ക്കും നെട്ടോട്ടങ്ങള്‍ക്കും ഇടയിലാണ്. ജോലിത്തിരക്ക്, കുട്ടികളെ വളര്‍ത്തല്‍, വീട്ടുജോലികള്‍.... ജീവിതം അങ്ങനെയായിരുന്നു. അതിനിടയില്‍ തപസ്സിരിക്കാനൊന്നും സമയുണ്ടായിരുന്നില്ല. 
വിക്ടോറിയ കോളേജില്‍ ജോലിചെയ്തിരുന്ന സമയം, ദിവസത്തിന്റെ ഏറിയപങ്കും ട്രെയിന്‍ യാത്രയിലാകും. യാത്രയിലുടനീളം വായിക്കുകയും ചിന്തിക്കുകയും പ്രകൃതിയെയും വ്യക്തികളെയും നിരീക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിനപ്പുറം എനിക്ക് ഏകാന്തത ലഭിച്ചിരുന്നില്ല. കോവിലന്‍ പറയാറുണ്ടായിരുന്നു, ''എഴുതാനായി വാതിലടച്ച് മുറിക്കകത്ത് കയറിയാല്‍ പിന്നെ തപസ്സാണ്. പുല്‍പ്പായയിലേ കിടക്കൂ. ആരെയും അടുപ്പിക്കില്ല. ആരെങ്കിലും ശല്യം ചെയ്യുന്നതൊക്കെ ദേഷ്യമാണ്.'' 
അടച്ചിരിക്കാന്‍ ഒരു മുറി കുടുംബിനിക്ക് ഉണ്ടാകില്ല. തപസ്സിരിക്കാന്‍നേരത്താവും ''അമ്മേ ചോറ്...'' അല്ലെങ്കില്‍ ''എവിടെ, നീയെവിടെ'' എന്നിങ്ങനെയുള്ള വിളികള്‍ വരിക. ഈ വിളികള്‍ നമുക്ക് കേട്ടേ പറ്റൂ... അതൊരു ഭൗതിക യാഥാര്‍ഥ്യവും എഴുത്ത് എന്നത് നമ്മുടെ അടങ്ങാത്ത ആഗ്രഹവുമാണ്. 
ലളിതാംബികാ അന്തര്‍ജനം ഒരു കുഞ്ഞിനെ മടിയിലിരുത്തിയും മറ്റൊരു കുഞ്ഞിനെ തൊട്ടിലിലാട്ടിയുമായിരുന്നു എല്ലാവരും ഉറങ്ങുന്ന നിശ്ശബ്ദതയില്‍ എഴുതിയിരുന്നത്. എല്ലാ എഴുത്തുകാരികളും കുടുംബവും എഴുത്തും തമ്മിലുള്ള സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. എന്റെ മകള്‍ക്ക് ആ ഒരവസ്ഥ വരാതിരിക്കാന്‍, ഒരെഴുത്തുകാരി എന്ന നിലയില്‍ മുന്നേറാന്‍ വീടോ ഏകാന്തതയോ എന്തുവേണമെങ്കിലും ഒരുക്കാന്‍ ഞാന്‍ തയ്യാറാണ്. 

സംഗീതയുടെ സംഗീത ഭ്രമം?
സംഗീത: പാട്ട് ഒരുപാട് ഇഷ്ടമാണ്. എന്റെ 'ആസിഡ്' എന്ന നോവലിലും ഒരുപാട് മ്യൂസിക്കല്‍ റഫറന്‍സുകള്‍ വരുന്നുണ്ട്. സംഗീതത്തോടുള്ള അഭിരുചി ഓരോ കാലത്തും ഓരോപോലെയായിരുന്നു. പ്രീഡിഗ്രിക്കാലത്ത് ഏറ്റവും കൂടുതല്‍ കേട്ടിരുന്നത് കുമാരഗന്ധര്‍വയെ ആയിരുന്നു. ഇപ്പോള്‍ കുറച്ചുകാലമായി കര്‍ണാട്ടിക്കിനോടാണ് താത്പര്യം. അമേരിക്കന്‍ റാപ്പര്‍ എമിനമിന്റെ പാട്ടുകള്‍ എല്ലാക്കാലത്തും കേട്ടിരുന്നു. എഴുത്തുകാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകളുടെ തിരഞ്ഞെടുക്കല്‍ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. വാക്കുകള്‍ തമ്മിലുള്ള കളിയാണല്ലോ റാപ്പുകള്‍. ഒരുകാലത്ത് കഥകളിപ്പദത്തിനോട് വല്ലാത്ത താത്പര്യമായിരുന്നു. അതുമാത്രമേ കേട്ടിരുന്നുള്ളൂ. അതുകാരണം കലാമണ്ഡലത്തില്‍ പിഎച്ച്.ഡി. ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷേ, ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അതും ഉപേക്ഷിച്ചു. എല്ലാം ഓരോ ഭ്രമങ്ങളാണ്.

ഓര്‍മയിലെ ക്രിസ്മസ്
സംഗീത:  ക്രിസ്മസ് കാലം എനിക്ക് വളരെ ഇഷ്ടമാണ്. വൃശ്ചികക്കാറ്റെത്തിക്കഴിഞ്ഞാല്‍ വലിയ ഉത്സാഹമാണ്. പുല്‍ക്കൂടൊന്നും ഉണ്ടാക്കാറില്ല. ക്രിസ്മസ് ട്രീ ഉണ്ടാക്കുക, സമ്മാനപ്പൊതികള്‍ കൈമാറുക ഇതൊക്കെ ഇവിടെ ഒരുത്സവമാണ്. സ്‌കൂള്‍കാലത്തൊക്കെ ക്രിസ്മസ് കാര്‍ഡുകളും ഗ്രീറ്റിങ് കാര്‍ഡുകളുമൊക്കെ വാങ്ങിയിട്ടുണ്ട്. രസമായിരുന്നു അതൊക്കെ. ബാങ്കില്‍നിന്നുള്ള ക്രിസ്മസ് കാര്‍ഡുപോലും കൗതുകമായിരുന്നു. ഇന്ന് ആ രീതിയൊക്കെ മാറിയില്ലേ... കത്തുകള്‍ വരാറേയില്ല. എല്ലാം ഡിജിറ്റലായി.
 

Content Highlights: sarah joseph sangeetha sreenivasan interview