‘പൊന്നിയിൻ സെൽവൻ 2’-ന് ശേഷം ധാരാളം അവസരങ്ങൾ എന്നെ തേടിയെത്തി, സമൂഹത്തിൽ ചർച്ചചെയ്യപ്പെടേണ്ട കഥകൾ’

സാറ അര്‍ജുന്‍
സാറ അര്‍ജുന്‍

2025 ഡിസംബർ 5-ന് റിലീസ് ചെയ്ത 'ധുരന്ധർ' സിനിമ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, അതിലെ 'യലീന ജമാലി' എന്ന കഥാപാത്രത്തിലൂടെ കൈയടി നേടുകയാണ് സാറ അർജുൻ. വില്ലൻ വേഷത്തിലുള്ള പാകിസ്ഥാനി രാഷ്ട്രീയക്കാരൻ ജമീൽ ജമാലിയുടെ (രാകേഷ് ബേദി) മകളായാണ് സാറ ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഉപരിപഠനത്തിന് പോകാനിരുന്ന താൻ, എന്തുകൊണ്ടാണ് സിനിമകൾ തിരഞ്ഞെടുത്തതെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സാറ വെളിപ്പെടുത്തി.

‘ദൈവ തിരുമകൾ’ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാറ അർജുൻ. താൻ വളർന്നുവന്ന സാഹചര്യത്തിൽ തനിക്ക് മറ്റ് ചില പ്ലാനുകളായിരുന്നു ഉണ്ടായിരുന്നതെന്ന് സാറ പറയുന്നു.

'പൊന്നിയിൻ സെൽവൻ 2’-ന് ശേഷം ധാരാളം അവസരങ്ങൾ എന്നെ തേടിയെത്തി. സ്ട്രാസ്ബെർഗിൽ ഉപരിപഠനവുമായി മുന്നോട്ട് പോകാനായിരുന്നു എനിക്ക് താൽപ്പര്യം. എങ്കിലും 'യൂഫോറിയ', 'മാജിക്' എന്നീ രണ്ട് ചിത്രങ്ങൾ, അവ ചർച്ച ചെയ്യുന്ന വിഷയങ്ങൾ കൊണ്ട് എന്നെ ആകർഷിച്ചു.' ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ സാറ പറഞ്ഞു.

'നമ്മുടെ സമൂഹത്തിൽ പറയപ്പെടേണ്ട കഥകളാണിവയെന്ന് എനിക്ക് തോന്നി, സംവാദങ്ങൾക്കും ചിന്തകൾക്കും വഴിതുറക്കുന്ന കഥകൾ. അതുകൊണ്ട് ഒരു നടിയെന്ന നിലയിൽ, ആഗ്രഹത്തിനപ്പുറം, മനുഷ്യത്വപരമായ തലത്തിൽ ഈ കഥകളുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചു.' ഇന്നത്തെ യുവതലമുറയ്ക്ക് ഇത്തരം ആഖ്യാനങ്ങൾ അത്യാവശ്യമാണെന്നും സാറ കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് വിദേശത്ത് പോയി അഭിനയത്തിൽ ഉപരിപഠനം നടത്തുന്നതിന് മുൻപ് ഈ ചിത്രങ്ങൾ ചെയ്യാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.

ഗുണശേഖർ സംവിധാനം ചെയ്യുന്ന 'യൂഫോറിയ'യിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് സാറ. 'വെല്ലുവിളി നിറഞ്ഞതും അസാധാരണവുമായ വേഷങ്ങൾക്കും ശക്തമായ കഥകൾക്കും വേണ്ടിയുള്ള വിശപ്പാണ് എന്നെ നയിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും പ്രധാനം. ഒരു കലാകാരി എന്ന നിലയിൽ എന്നെ വളർത്തുന്ന സിനിമകളാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്. യഥാർത്ഥത്തിൽ 'ധുരന്ധർ' എന്ന സിനിമയുടെ ചർച്ചകൾ തുടങ്ങുന്നതിന് മുൻപേ ഞാൻ 'യൂഫോറിയ' കരാർ ചെയ്തിരുന്നു,' സാറ പറഞ്ഞു.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ 'ധുരന്ധറി'ൽ പാകിസ്ഥാനിലെ ഏറ്റവും അപകടകാരികളായ നാല് തീവ്രവാദികളെ നേരിടുന്ന കഥാപാത്രമായാണ് രൺവീർ സിംങ് എത്തുന്നത്. മേജർ മോഹിത് ശർമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൺവീറിന്റെ വേഷമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഇതൊരു സാങ്കൽപ്പിക കഥാപാത്രമാണെന്ന് സെൻസർ ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ വിവിധ വംശീയ വിഭാഗങ്ങളുടെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും 'ധുരന്ധർ' ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ആദിത്യ ധർ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sara Arjun discusses choosing compelling stories over studies after Ponniyin Selvan 2, prioritizing human connection & impactful roles.