റൺബീറിന്റെ പ്രണയിനി, വിരാടിന്റെയും കത്രീനയുടെയും സ്റ്റൈലിസ്റ്റ്; സഞ്ജയ് കപൂറിന്റെ ആദ്യഭാര്യ നന്ദിത

ജൂൺ 12-നാണ് വ്യവസായിയായ സഞ്ജയ് കപൂർ മരിച്ചത്. 13,000 കോടിയിലേറെ മൂല്യമുള്ള സമ്പാദ്യങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മരിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും സ്വത്തിന്റെ പേരിൽ കുടുംബത്തിനുള്ളിൽ തർക്കവും തുടങ്ങി. കുടുംബത്തിന്റെ സ്വത്തുക്കളും പാരമ്പര്യവും തട്ടിയെടുക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സഞ്ജയ്യുടെ അമ്മ റാണി കപൂറും രംഗത്തെത്തി.
ഭാര്യയും മോഡലും സംരംഭകയുമായ പ്രിയ സച്ദേവിനൊപ്പം ആദ്യവിവാഹത്തിലുള്ള കുട്ടികൾക്കും സ്വത്തിൽ അവകാശമുണ്ടെന്ന് വാർത്തകൾ പ്രചരിച്ചു. ഈ ചർച്ചകൾ നടക്കുന്നതിനിടയിൽ, പ്രിയ സച്ദേവ് തന്റെ പേരുമാറ്റിയതും ശ്രദ്ധിക്കപ്പെട്ടു. പ്രിയ സഞ്ജയ് കപൂർ എന്നാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ അവരുടെ പേര്. പിന്നാലെ മുൻഭാര്യ കരിഷ്മ കപൂർ സ്വത്തിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും വാർത്തകൾ വന്നു. എന്നാൽ, കരിഷ്മ അങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്നും മക്കളുടെ ഭാവികാര്യത്തിൽ മാത്രമാണ് അവർക്ക് ശ്രദ്ധയെന്നും പിന്നാലെ വിശദീകരണം വന്നു.
എന്തായാലും സ്വത്തിന്റെ കാര്യത്തിൽ തർക്കം വന്നതോടെ, സഞ്ജയ്യുടെ ആദ്യഭാര്യയും ഫാഷൻ ഡിസൈനറുമായ നന്ദിത മഹ്താനിയും വാർത്തകളിൽ നിറയുന്നു. ബിസിനസ് കുടുംബത്തിൽനിന്നുള്ള അംഗമാണ് നന്ദിത. 1996-ലായിരുന്നു നന്ദിതയുടെയും സഞ്ജയ്യുടെയും വിവാഹം. നാലുവർഷത്തിനുശേഷം ഇവർ വിവാഹമോചിതരാവുകയും ചെയ്തു.
ഇന്ന് മുംബൈയിലെ പ്രശസ്തയായ ഫാഷൻ ഡിസൈനറാണ് നന്ദിത. 2012 മുതൽ അവർ ഈ രംഗത്തുണ്ട്. ലണ്ടനിൽ ബിസിനസ് സ്റ്റഡീസ് പഠിച്ചശേഷമാണ് അവർ ഈ രംഗത്തേക്ക് വരുന്നത്. വിരാട് കോഹ്ലി, കത്രീന കൈഫ്, ശിൽപ ഷെട്ടി, ഗൗരി ഖാൻ എന്നിവരുൾപ്പെടെ ഒട്ടേറെ പ്രമുഖർക്കായി അവർ സ്റ്റൈലിങ് നിർവഹിച്ചിട്ടുണ്ട്.
വിവാഹത്തിനുമുമ്പ് ബോളിവുഡ് താരം ദിനോ മോറിയയുമായി പ്രണയത്തിലായിരുന്നു നന്ദിത. അവരൊരുമിച്ച് 'പ്ലേഗ്രൗണ്ട്' എന്നൊരു ഫാഷൻ ബ്രാന്റ് തുടങ്ങുകയും ചെയ്തു. പിന്നീട് റൺബീർ കപൂറിനെ ഡേറ്റ് ചെയ്തിരുന്നുവെന്നും വാർത്തകളുണ്ട്. ഒരഭിമുഖത്തിൽ റൺബീർ അതിനെക്കുറിച്ച് തുറന്നുസംസാരിച്ചു, ''എനിക്ക് പറയാനുള്ളത് ഇത്രമാത്രം, വളർന്നുവരുമ്പോൾ എനിക്ക് അവളോട് ഒരാകർഷണം തോന്നിയിരുന്നു. സുന്ദരിയായിരുന്നു. വളരെ ലളിതമായ പ്രകൃതവും. അതുകൊണ്ടുതന്നെ അവളേറെ വ്യത്യസ്തയായിരുന്നു. ഞങ്ങൾ പലപ്പോഴും ഡിന്നറിന് പുറത്തുപോയി. അമ്മയ്ക്ക് അറിയാമായിരുന്നു എനിക്ക് അവളോട് ക്രഷ് ഉണ്ടെന്ന്''. 2017-ൽ 'ലവ് ജനറേഷൻ' എന്ന പേരിൽ മറ്റൊരു ബ്രാൻഡും നന്ദിത ആരംഭിച്ചു. അമേരിക്കൻ ടെലിവിഷൻ കാർട്ടൂൺ നെറ്റ്വർക്കുമായി സഹകരിച്ച്, കാർട്ടൂൺ തീമിലുള്ള വസ്ത്രങ്ങൾ നിർമിക്കുന്ന ഒരു ക്ലോത്തിങ് ലൈനും അവരുടേതായിട്ടുണ്ട്.
2003-ലാണ് സഞ്ജയ് കരിഷ്മയെ വിവാഹം കഴിക്കുന്നത്. 2016-ൽ വിവാഹമോചിതരായി. ആ ബന്ധത്തിൽ രണ്ടുകുട്ടികളുമുണ്ട്. 2017-ൽ പ്രിയ സച്ദേവുമായുള്ള വിവാഹവും. ആ ബന്ധത്തിൽ ഒരു മകനുമുണ്ട്. എന്തായാലും സ്വത്തിൽ തർക്കങ്ങൾ തുടങ്ങിയപ്പോഴും, അതിൽനിന്നെല്ലാം മാറിനിൽക്കാനാണ് നന്ദിത തീരുമാനിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: from bollywood romances to building a fashion empire, explore the life of nandita mahtani, ex-wife of Sunjay Kapur