സാനിയ മിർസയ്ക്ക് പാനിക് അറ്റാക്കുണ്ടായി, അന്ന് ധൈര്യം കൊടുത്തത് ഫറാ ഖാൻ

സാനിയ മിർസ | PTI
സാനിയ മിർസ | PTI

ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാണ് ടെന്നീസ് ഇതിഹാസം സാനിയ മിർസ. 2010-ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റൻ ഷൊയ്ബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇരുവരും പിന്നീട് വിവാഹമോചിതരാവുകയും ചെയ്തു. മുൻ ഡബിൾസ് ലോക ഒന്നാം നമ്പർ താരമായ സാനിയ, മകൻ ഇസ്ഹാനെ വളർത്തുന്നത് ഒറ്റയ്ക്കാണ്. മകനെ ഒറ്റയ്ക്കു വളർത്തുന്നതിലടക്കം നേരിട്ട വെല്ലുവിളികളെപ്പറ്റി തുറന്നുപറയുകയാണ് സാനിയയിപ്പോൾ. തന്റെ യൂട്യൂബ് ഷോയായ 'സെർവിങ് ഇറ്റ് അപ് വിത്ത് സാനിയ'യിൽ അടുത്ത സുഹൃത്തും നിർമാതാവുമായ ഫറാ ഖാനുമായുള്ള സംഭാഷണത്തിനിടെയാണ് സാനിയ മനസ്സുതുറന്നത്.

മകനെ തനിച്ച് വളർത്തുന്നതിന് ഫറാ സാനിയയെ പ്രശംസിച്ചു. “നീയിപ്പോൾ മകനെ ഒറ്റയ്ക്ക് വളർത്തുന്ന ഒരമ്മയാണ്. അതിനേക്കാൾ ബുദ്ധിമുട്ടുള്ള മറ്റൊന്നുമില്ല. അത് കഠിനമാണ്. ജോലി ചെയ്യണം, മകനെ വളർത്തണം, അവന് സമയം നൽകണം. ഇരട്ടി പ്രയത്നമാണിത്, നീ അത് വളരെ മനോഹരമായി ചെയ്യുന്നു. നമുക്കെല്ലാവർക്കും നമ്മുടേതായ യാത്രകളുണ്ട്, ഏറ്റവും നല്ലത് തിരഞ്ഞെടുക്കണം”-ഫറാ പറഞ്ഞു.

അമ്മയുടെ റോളും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്ന് സാനിയ സമ്മതിച്ചു. വിവാഹമോചനശേഷം തനിക്ക് പാനിക് അറ്റാക്ക് ഉണ്ടായപ്പോൾ ഫറാ ഒപ്പം നിന്ന ഒരു സംഭവവും സാനിയ ഓർത്തെടുത്തു. “എനിക്കിത് ക്യാമറയിൽ പറയാനാഗ്രഹമില്ല, പക്ഷേ എൻ്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു നിമിഷമുണ്ടായിരുന്നു. അന്ന് നിങ്ങൾ എൻ്റെ സെറ്റിൽ വന്നു, അതിന് ശേഷം എനിക്കൊരു ലൈവ് ഷോയ്ക്ക് പോകണമായിരുന്നു. ഞാൻ വിറയ്ക്കുകയായിരുന്നു. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഞാനാ ഷോ ചെയ്യുമായിരുന്നില്ല. 'എന്തുസംഭവിച്ചാലും നീ ഇത് ചെയ്യും' എന്നെന്നോട് പറഞ്ഞത് നിങ്ങളാണ്.”

സാനിയയെ വിഷമത്തിൽ കണ്ടപ്പോൾ താൻ പരിഭ്രാന്തയായെന്ന് ഫറായും പ്രതികരിച്ചു. “ഞാനാകെ പേടിച്ചുപോയി. നിനക്കൊരു പാനിക് അറ്റാക്ക് വരുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. എനിക്കന്ന് ഷൂട്ട് ഉണ്ടായിരുന്നു, പക്ഷേ അതെല്ലാം ഒഴിവാക്കി ഞാൻ പൈജാമയും ചെരിപ്പുമിട്ട് അവിടേക്ക് ഓടിവരുകയായിരുന്നു.” ആ നിമിഷം സുഹൃത്തിനൊപ്പം നിൽക്കാൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ജന്മനാടായ ഹൈദരാബാദിൽ വെച്ചാണ് ഷൊയ്ബ് മാലിക്കിനെ സാനിയ വിവാഹം കഴിച്ചത്. 2018 ഒക്ടോബറിൽ ഇവർക്ക് ഇസ്ഹാൻ എന്ന മകൻ ജനിച്ചു. 2024 ജനുവരിയിൽ, പാകിസ്താനി നടി സന ജാവേദിനെ ഷൊയ്ബ് മാലിക് വിവാഹം കഴിച്ചു. ഇതിനു പിന്നാലെയാണ് സാനിയയുടെ കുടുംബം ഇരുവരും വേർപിരിഞ്ഞതായി സ്ഥിരീകരിച്ചത്. മാസങ്ങൾക്ക് മുമ്പേ സാനിയ വേർപിരിഞ്ഞിരുന്നുവെന്നും വിഷമഘട്ടത്തിൽ അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും സഹോദരി അനം മിർസ അഭ്യർഥിച്ചിരുന്നു. സാനിയയുമായുള്ള വിവാഹത്തിനു മുമ്പ് ഷൊയ്ബ് ആയിഷ എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും പിന്നീട് പിരിയുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sania Mirza reveals the emotional impact of her divorce from Shoaib Malik and how director Farah Khan supported her through a panic attack. Watch her new talk show!