‘അച്ഛനില്ലാതെ വിവാഹം നടത്തുന്നത് അമ്മയ്ക്കും എനിക്കും ഒരുപോലെ മാനസികപ്രയാസമുണ്ടാക്കി’: രവീണാരവി

#രേഖ നമ്പ്യാർ
അമ്മ ശ്രീജാരവിക്കൊപ്പം, ഭർത്താവ് ദേവനൊപ്പം/Instagram
അമ്മ ശ്രീജാരവിക്കൊപ്പം, ഭർത്താവ് ദേവനൊപ്പം/Instagram

ശബ്ദലോകത്തുനിന്ന് അഭിനയലോകത്തേക്ക് ചുവടുവെച്ച അമ്മയും മകളുമാണ് ശ്രീജാരവിയും രവീണാരവിയും. രണ്ടായിരത്തിലധികം സിനിമകളിൽ ശബ്ദസാന്നിധ്യമായിരുന്ന അമ്മയുടെ വഴിയെയാണ് രവീണയും സിനിമയിലേക്കെത്തുന്നത്. ഇന്ന് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ ശ്രീജാരവി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ അഭിനയത്തിന്റെ പുതുവഴികൾ തേടി കൂടെയുണ്ട് രവീണയും. ഇക്കഴിഞ്ഞ മേയിലാണ് രവീണയുടെ വിവാഹ വിശേഷങ്ങൾ അമ്മ ശ്രീജാരവി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. സംവിധായകൻ ദേവൻ ജയകുമാറുമായുള്ള വിവാഹം 2024 ജൂലൈയിൽ കഴിഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായി പ്രേക്ഷകരെ അറിയിച്ചത് അന്നായിരുന്നു. ഓണക്കാലത്ത് ചെന്നൈയിലെ വീട്ടിലിരുന്ന് വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും സിനിമാവിശേഷങ്ങളും പങ്കുവെക്കുകയാണ് രവീണാരവി.

വിവാഹവാർത്ത എല്ലാവർക്കും ഒരു സർപ്രൈസായിരുന്നു. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായി നടത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം?
അച്ഛൻ കൂടെയില്ലാത്തതുകൊണ്ട് എല്ലാം വളരെ ലളിതമായി മതിയെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. അച്ഛനില്ലാതെ അമ്മയ്ക്കും എനിക്കും വിവാഹം നടത്തുക എന്നത് മാനസികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ, ദേവന്റെ അച്ഛനും അമ്മയും അമേരിക്കയിലാണ്. ഞങ്ങളുടെ ബന്ധുക്കളും പല സ്ഥലങ്ങളിലായാണ് ഉള്ളത്. എല്ലാവരെയും ഒരുമിച്ച് എത്തിക്കണമെങ്കിൽ വലിയൊരു പ്ലാനിങ് തന്നെ വേണ്ടിവരും. അമ്മ അതെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വരും. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചത്. സിനിമാഇൻഡസ്ട്രിയിൽ നിന്ന് ആരെയും ക്ഷണിച്ചിരുന്നില്ല. ഒരാളെ വിളിച്ചാൽ പിന്നെ എല്ലാവരെയും വിളിക്കേണ്ടി വരും. അമ്മയ്ക്ക് വർഷങ്ങളായി ബന്ധമുള്ളവരാണല്ലോ എല്ലാവരും. ആരെയും ഒഴിവാക്കാനാകില്ല. ഒരുക്കങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളിലാണ് എല്ലാം നടന്നത്. 

അമ്മ ശ്രീജാരവിക്കും ഭർത്താവ് ദേവനുമൊപ്പം/Instagram

പ്രണയവിവാഹമായിരുന്നല്ലോ?
അതെ, ദേവനെ ഞാൻ ആദ്യമായി കാണുന്നത് ‘വാലാട്ടി’ സിനിമയുടെ ഡബ്ബിങ്ങിനിടെയാണ്. 2021 നവംബർ അവസാനമായിരുന്നു അത്. അന്ന് ഞാൻ ഒരുപാട് വിഷമിച്ചിരുന്ന സമയമായിരുന്നു. അച്ഛൻ 2021 ഓഗസ്റ്റ് 31-നാണ് മരിച്ചത്. അതിനുശേഷമുള്ള മൂന്ന് മാസങ്ങളിൽ ഞാൻ ജോലിയൊന്നും ചെയ്തിരുന്നില്ല. സിനിമയുടെ കഥ കേൾക്കാൻ പോലും മാനസികമായി തയ്യാറായിരുന്നില്ല. ഡബ്ബിങ്ങിനും മറ്റും പോകാനുള്ള ശക്തിയില്ലായിരുന്നു. വാലാട്ടിയുടെ അണിയറപ്രവർത്തകർ വിളിച്ച് സംസാരിച്ചപ്പോഴും നാട്ടിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ഞാൻ പറഞ്ഞു. അച്ഛനായിരുന്നു എല്ലാ യാത്രകളിലും എനിക്കൊപ്പം ഉണ്ടായിരുന്നത്. അതുകൊണ്ട് അമ്മയെ കൂടെ കൊണ്ടുവരാൻ കഴിയുമെങ്കിൽ മാത്രമേ എനിക്ക് വരാൻ കഴിയൂ എന്നും പറഞ്ഞു. അപ്പോൾ വിജയ് ബാബു ചേട്ടനാണ് ദേവനെ ചെന്നൈയിലേക്ക് അയയ്ക്കാമെന്ന് പറഞ്ഞത്. ചെന്നൈയിൽ നിന്ന് തന്നെ ഡബ്ബ് ചെയ്ത് അയച്ചാൽ മതിയെന്നും പറഞ്ഞു. ദേവനെ ആദ്യമായി കാണുന്നത് അപ്പോഴായിരുന്നു. ഇൻസിങ്ക് സ്റ്റുഡിയോസിലായിരുന്നു ഡബ്ബിങ്. കണ്ടപ്പോൾ തന്നെ ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥ ദേവന് മനസ്സിലായി. പിന്നീട് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. പതിയെ നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ടായി. ആ സൗഹൃദം പിന്നീട് പ്രണയമായി. ഒടുവിൽ ഞങ്ങൾ വിവാഹിതരുമായി.

വിവാഹത്തിന് മുമ്പ് അമ്മ നൽകിയ ഉപദേശമെന്തായിരുന്നു?
എല്ലാ അമ്മമാരും മക്കൾക്ക് നൽകുന്നതുപോലുള്ള ഉപദേശങ്ങൾ തന്നെയാണ് അമ്മയും എനിക്ക് നൽകിയത്. ഏറ്റവും പ്രധാനമായി പറഞ്ഞത് ഒരുപാട് ക്ഷമ വേണമെന്നാണ്. ഞാൻ ആദ്യമായി ഡബ്ബിങ് ചെയ്യാൻ തുടങ്ങിയപ്പോഴും അമ്മ ഇതുതന്നെയാണ് പറഞ്ഞിരുന്നത്. രണ്ടുപേരും വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരാണല്ലോ. സ്വാഭാവികമായും കാഴ്ചപ്പാടുകളിലും രീതികളിലുമെല്ലാം വ്യത്യാസങ്ങളുണ്ടാകും. അതുകൊണ്ട് പരസ്പരം മനസ്സിലാക്കാനും ക്ഷമയോടെ പെരുമാറാനും കഴിയണം എന്നാണ് അമ്മ പറഞ്ഞത്.
അച്ഛൻ ഇല്ലാത്തതിന്റെ വിഷമം ഇത്രയും കാലം ഞാനും അമ്മയും പരസ്പരം പിന്തുണച്ച് മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ദേവനും കൂടെയുണ്ട്. അമ്മ ദേവനെ സ്വന്തം മകനെപ്പോലെയാണ് കാണുന്നത്. ചിലപ്പോൾ എന്നെക്കാൾ കൂടുതൽ ശ്രദ്ധ ദേവനാണ് കിട്ടുന്നത്. അതൊക്കെ കാണുമ്പോൾ എനിക്ക് സന്തോഷമാണ്.

വിവാഹശേഷം ജീവിതത്തിലുണ്ടായ പുതിയ മാറ്റങ്ങൾ എന്തൊക്കെയാണ്?
ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറി. സുഹൃത്തുക്കളായിരുന്ന സമയത്തും ഡേറ്റ് ചെയ്തിരുന്ന സമയത്തുമുള്ള ബന്ധമല്ല ഒരുമിച്ച് ജീവിക്കുമ്പോൾ. ഒരേ വീട്ടിൽ കഴിയുമ്പോൾ ദിവസേനയുള്ള പല ചെറിയ കാര്യങ്ങളിലൂടെയും പരസ്പരം കൂടുതൽ മനസ്സിലാക്കാൻ തുടങ്ങും. ഞാൻ കരുതിയത് ലോകത്തിലെ ഏറ്റവും മടിയുള്ള വ്യക്തി ഞാനാണെന്നാണ്. എന്റെ അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം എപ്പോഴും എന്നെ 'മടിച്ചി' എന്ന് വിളിക്കുമായിരുന്നു. പക്ഷേ, എന്നെക്കാൾ വലിയൊരു മടിയനെ ഇപ്പോൾ കണ്ടെത്തി! ഞങ്ങളൊന്നിച്ച് ജീവിച്ചുതുടങ്ങിയിട്ടേയുള്ളൂ. പരസ്പരം പൂർണമായി മനസ്സിലാക്കാൻ കുറച്ച് സമയമെടുക്കും. ഈഗോ മാറ്റിവെച്ച്, മറ്റൊരാൾ കുറ്റപ്പെടുത്തുകയാണെന്ന് തോന്നാതെ പരസ്പരം മനസ്സിലാക്കുന്ന ഒരു ഇടത്തിലേക്ക് എത്തേണ്ടതുണ്ട്. സത്യത്തിൽ, ഞങ്ങൾ ഇപ്പോഴും ഓരോന്നും  പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം പതിയെ ശരിയാകുമെന്നാണ് വിശ്വാസം.

വിവാഹവേളയിൽ.../Instagram

അഭിനയമാണോ ഡബ്ബിങ്ങാണോ കൂടുതൽ ഇഷ്ടം?
അഭിനയവും ഡബ്ബിങ്ങും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. അമ്മയോട് ചോദിച്ചാലും ഇപ്പോൾ ഇതുതന്നെയായിരിക്കും പറയുക. രണ്ടിനോടും ഞങ്ങൾക്ക് വലിയ പാഷനുണ്ട്. രണ്ട് കണ്ണുകൾ പോലെയാണ്.
ദേവൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നതുപോലെ ഞാനും അഭിനയത്തിലും ഡബ്ബിങ്ങിലും തുടരും. അതിൽ യാതൊരു സംശയവുമില്ല. ഞാൻ ജനിച്ച് പതിമൂന്നാം ദിവസം മുതൽ അമ്മ വീണ്ടും ഡബ്ബിങ്ങിന് പോകാൻ തുടങ്ങിയിരുന്നു. അച്ഛൻ അതിന് പൂർണ പിന്തുണ നൽകിയിരുന്നു. അത്തരമൊരു കുടുംബത്തിലാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ അച്ഛൻ അമ്മയുടെ കരിയറിന് നൽകിയ പിന്തുണ എത്രത്തോളമുണ്ടായിരുന്നുവെന്ന് എനിക്ക് കൃത്യമായി അറിയാം. ദേവനും അതേ രീതിയിൽ തന്നെയാണ്. പുതിയ സിനിമകളുടെ സ്‌ക്രിപ്റ്റ് കേൾക്കുമ്പോഴും നറേഷൻ ഉണ്ടാകുമ്പോഴും അതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ഒരു കഥ എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാൽ പോലും എന്തുകൊണ്ട് ആ സിനിമ ചെയ്യണമെന്ന് തോന്നുന്നു എന്നൊക്കെ പറഞ്ഞ് ദേവൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കും. എന്നെ മറ്റാരേക്കാളും കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് അവൻ. അമ്മയും ദേവനും ഒരേ മനോഭാവമുള്ളവരാണ്. എന്റെ ജോലിയെയും ആഗ്രഹങ്ങളെയും പിന്തുണയ്ക്കുന്നവരാണ് രണ്ടുപേരും. അതുകൊണ്ടുതന്നെ അവർക്കൊപ്പം നിൽക്കാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവതിയാണ്.

തെന്നിന്ത്യയിലെ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റിന്റെ മകൾക്ക് സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ പ്രയാസമുണ്ടായിരുന്നോ?
സത്യത്തിൽ, ചെറുപ്പം മുതലേ ഡബ്ബിങ് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നാല് വയസ്സിൽ തന്നെ റേഡിയോ പരസ്യങ്ങൾക്കും സിനിമകൾക്കും ഡബ്ബ് ചെയ്യാൻ തുടങ്ങിയിരുന്നു. അന്നേ മൈക്കിന് മുന്നിൽനിന്ന് സംസാരിക്കാനും കഥാപാത്രങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി ശബ്ദത്തിൽ കൊണ്ടുവരാനുമൊക്കെ ശീലിച്ചിരുന്നു. അന്ന് ഡബ്ബിങ്ങിന് പ്രതിഫലമായി ചോക്ലേറ്റ് കിട്ടുമായിരുന്നു. അതുകൊണ്ട് ഡബ്ബിങ് ചെയ്യുക, ചോക്ലേറ്റ് കിട്ടുക എന്നതായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. പിന്നീട് വളർന്നപ്പോൾ അതൊരു ജോലിയായി മാറി.

സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ ഡബ്ബിങ് ചെയ്തിരുന്നില്ല. കോളജിന്റെ ആദ്യ വർഷമാണ് നായികമാർക്ക് വേണ്ടി ഡബ്ബിങ് ചെയ്യാൻ തുടങ്ങിയത്. ഒരു റാൻഡം വോയ്‌സ് ടെസ്റ്റിന് പോയതാണ്. അത് നന്നായി വരികയും പിന്നീട് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. അന്നും അമ്മയാണ് പിന്തുണച്ചത്.

ശ്രീജ ചേച്ചിയുടെ മകളാണെന്നത് മലയാളത്തിലും തമിഴിലുമുള്ള പലർക്കും അറിയാമായിരുന്നു. ചെറുപ്പത്തിൽ സ്റ്റുഡിയോകളിൽ കളിച്ചുനടന്ന ഞാൻ അതേ സ്റ്റുഡിയോകളിൽ വളർന്ന് നായികമാർക്ക് ശബ്ദം നൽകുന്നത് കാണുമ്പോൾ അവിടെയുള്ളവർക്കും വലിയ സന്തോഷമായിരുന്നു. അതുകൊണ്ട് അമ്മയുടെ മകൾ എന്ന നിലയിൽ നിന്ന് മാറി സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായി ഞാൻ കണ്ടിട്ടില്ല. ഓരോ വോയ്‌സ് ടെസ്റ്റിനും പോകുമ്പോൾ അവിടെ മുപ്പതോളം പേർ മത്സരത്തിനുണ്ടാകും. അവർക്കിടയിൽ ഏറ്റവും നന്നായി ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. എന്നാൽ നയൻതാരയ്ക്ക് ‘ഭാസ്‌കർ ദി റാസ്‌കൽ’ എന്ന സിനിമയിൽ ഡബ്ബ് ചെയ്തപ്പോഴാണ് ആദ്യമായി ശരിക്കും ടെൻഷൻ തോന്നിയത്. കാരണം നയൻതാരയുടെ തുടക്കം മുതൽ ബോഡിഗാർഡ് വരെ നയൻതാരയ്ക്കുവേണ്ടി അമ്മയാണ് ഡബ്ബ് ചെയ്തത്. അപ്പോൾ സ്വാഭാവികമായും താരതമ്യങ്ങൾ ഉണ്ടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. ആ കഥാപാത്രത്തിന് എന്റെ ശബ്ദം പക്വത കുറഞ്ഞതായി തോന്നുമോ എന്ന ആശങ്കയായിരുന്നു.

പക്ഷേ, സിനിമ പുറത്തിറങ്ങിയപ്പോൾ എല്ലാവരും അത് സ്വീകരിച്ചു. നയൻതാര മാം തന്നെ മെസേജ് ചെയ്ത് നന്ദി പറയുകയും ഡബ്ബിങ് ഇഷ്ടപ്പെട്ടുവെന്ന് പറയുകയും ചെയ്തു. പിന്നീട് മലയാളത്തിലെ സിനിമകൾക്കും പരസ്യങ്ങൾക്കുമൊക്കെ എന്റെ പേര് അവർ ശുപാർശ ചെയ്യാനും തുടങ്ങി. അതിനുശേഷം തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ നിരവധി സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. ശങ്കർ സാർ, മണി സാർ, ആറ്റ്‌ലി തുടങ്ങിയവരിൽ നിന്ന് പുതിയ സംവിധായകരിലേക്ക് വരെ പലരുടെയും സിനിമകളിൽ പ്രവർത്തിച്ചു. അങ്ങനെ ശബ്ദലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താൻ കഴിഞ്ഞു. അതിന് പിന്നിൽ അമ്മയുടെയും അമ്മമ്മയുടെയും കഠിനാധ്വാനത്തിന്റെ അനുഗ്രഹമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മയുടെ മകൾ എന്നതിൽ എപ്പോഴും അഭിമാനമാണ്.

അച്ഛൻ‌ രവീന്ദ്രനാഥനും അമ്മ ശ്രീജാരവിക്കുമൊപ്പം/Instagram

അമ്മയുടെ ഡബ്ബിങ് ശൈലി അനുകരിക്കാറുണ്ടോ?
പ്രചോദനം എപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ അമ്മയെ അനുകരിക്കാൻ ഒരിക്കലും കഴിയില്ല. അത്രയും സ്വാഭാവികമായി ഡബ്ബ് ചെയ്യുന്ന വ്യക്തിയാണ് അമ്മ, ഒരു ലെജൻഡാണ്. അമ്മ ഇത്രയും വർഷം കൊണ്ട് ചെയ്ത സിനിമകളുടെ എണ്ണം നോക്കുമ്പോൾ, അത്രയും സിനിമകൾ ചെയ്യാൻ എനിക്ക് രണ്ടോ മൂന്നോ ജന്മം വേണ്ടിവരുമെന്ന് തോന്നും. ചിലപ്പോൾ സൗണ്ട് എൻജിനീയർമാരും മറ്റുള്ളവരും പറയാറുണ്ട്, 'ശ്രീജ ചേച്ചിയുടെ അതേ ചിരിയുണ്ട്', 'ശ്രീജ ചേച്ചി കരയുമ്പോഴുള്ള അതേ ബ്രീത്തിങ് ആണ്' എന്നൊക്കെ. അത്തരം അഭിപ്രായങ്ങൾ കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നും. അമ്മയുടെ കഴിവിന്റെ ഒരു ചെറിയ അംശമെങ്കിലും എനിക്ക് കിട്ടിയിട്ടുണ്ടല്ലോ എന്നൊരു സന്തോഷം.

ഡബ്ബ് ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ടതും ബുദ്ധിമുട്ടേറിയതും ഏതാണ്?
ഓരോ സിനിമയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. സംവിധായകൻ ഓക്കെ പറഞ്ഞതിന് ശേഷമാണ് സിനിമ മുഴുവൻ ഡബ്ബ് ചെയ്യുന്നത്. ചിലപ്പോൾ സിനിമ റിലീസ് ചെയ്യുന്നതുവരെ നമ്മൾ നൽകിയ ശബ്ദം തന്നെയാണോ നിലനിർത്തിയതെന്ന് പോലും അറിയില്ല. മറ്റൊരാൾ ഡബ്ബ് ചെയ്തിട്ടും അത് ശരിയായില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ച് വീണ്ടും ഡബ്ബ് ചെയ്യിപ്പിച്ച സിനിമകളുണ്ട്. അമ്മയ്ക്കും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു സിനിമയുടെ ഭാഗമാകുന്നതിൽ തന്നെ ഒരുപാട് കാര്യങ്ങൾ എനിക്ക് ആവേശംതരാറുണ്ട്. ഒരു പുതിയ സംവിധായകന്റെ കൂടെ പ്രവർത്തിക്കുക, പുതിയൊരു ആർട്ടിസ്റ്റിന് വേണ്ടി ഡബ്ബ് ചെയ്യുക, നേരത്തെ ഡബ്ബ് ചെയ്ത ഒരാൾക്ക് വീണ്ടും ശബ്ദം നൽകുക, നല്ലൊരു സിനിമയുടെ ഭാഗമാകുക...ഇതെല്ലാം എനിക്ക് ഒരുപോലെ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ഇതുവരെ ഡബ്ബ് ചെയ്ത 95-ലധികം നായികമാരും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. എന്നാൽ എമി ജാക്‌സൺ എന്നെ പ്രത്യേകം ആകർഷിച്ചിട്ടുണ്ട്. അവർ എന്റെ ജോലിയെ അത്രയധികം സ്‌നേഹിച്ചിരുന്നു. ‘ഐ’ എന്ന സിനിമ റിലീസ് ചെയ്ത ദിവസം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് അവർ എന്നെയും അച്ഛനെയും അമ്മയെയും സിനിമ കാണാൻ ക്ഷണിച്ചു. 'ഞാൻ നിങ്ങൾക്കായി മൂന്ന് സീറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ അച്ഛനമ്മമാരും വരും. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സിനിമ കാണാം' എന്നായിരുന്നു അവർ പറഞ്ഞത്. അത്തരമൊരു അനുഭവം അതിന് മുമ്പ് എനിക്ക് ഉണ്ടായിട്ടില്ല. വ്യക്തിപരമായി എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച അനുഭവങ്ങളിലൊന്നായിരുന്നു അത്. 

മാമന്നൻ എന്ന ചിത്രത്തിൽ ഫഹദിനൊപ്പം/Instagram

ഡബ്ബിങ് ചെയ്യുന്നതിനിടെ കഥാപാത്രത്തോട് വൈകാരികമായി അടുപ്പം തോന്നാറുണ്ടോ?
അമ്മയ്ക്ക് അങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. ‘അനിയത്തിപ്രാവി’ന്റെ ക്ലൈമാക്‌സ് കണ്ടിട്ട് അമ്മ കരഞ്ഞ് ഒരു വഴിയായി. അന്ന് ഡബ്ബ് ചെയ്യാൻ പോലും കഴിയാതെ അടുത്ത ദിവസം ചെന്നാണ് അമ്മ ഡബ്ബ് ചെയ്തത്. ആ ഒരു നിമിഷത്തിൽ ആ കഥാപാത്രത്തിന്റെ വികാരത്തിനൊപ്പം നിൽക്കുക, ഡയലോഗ് പറയുക, അടുത്ത നിമിഷം അതിൽ നിന്ന് പുറത്തുകടക്കുക. ഇതാണ് ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ മനോഭാവം. കഥാപാത്രത്തിനൊപ്പം നമ്മൾ പൂർണമായി ചേരുന്നുണ്ട്. പക്ഷേ ആ വികാരം മനസ്സിലും ഹൃദയത്തിലും കൊണ്ടുനടക്കാൻ കഴിയില്ല. അടുത്ത സീനിലേക്ക് പോകുമ്പോൾ അതിന് അനുസരിച്ച് വികാരം മാറ്റിയാലേ അടുത്ത രംഗം കൃത്യമായി ചെയ്യാൻ കഴിയൂ. വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒരു പ്രക്രിയയാണത്.

ഈ കാലഘട്ടത്തിൽ ഈ രംഗത്ത് പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവതിയാണ്. പ്രത്യേകിച്ച് അമ്മയ്ക്ക് ഇപ്പോൾ ലഭിക്കുന്ന അംഗീകാരം കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇത്രയും വർഷം അമ്മ ചെയ്ത സിനിമകൾക്കും നൽകിയ ശബ്ദങ്ങൾക്കും ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. അഭിമുഖങ്ങളും അഭിനയവുമൊക്കെയായി അമ്മയ്ക്ക് കൂടുതൽ അംഗീകാരം ലഭിക്കുന്നുണ്ട്. സംവിധായകരും ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ പേരുകൾ എടുത്തുപറയാൻ തുടങ്ങി. അവാർഡുകളും കൂടുതൽ ലഭിക്കുന്നുണ്ട്.

ധനുഷിന്റെ വലിയൊരു ആരാധികയാണെന്ന് കേട്ടിരുന്നു…
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. അഭിനയത്തിന് പുറമെ അദ്ദേഹം പാടുന്നു, സംവിധാനം ചെയ്യുന്നു, എഴുതുന്നു, നൃത്തം ചെയ്യുന്നു... എന്താണ് അദ്ദേഹത്തിന് ചെയ്യാൻ കഴിയാത്തത് എന്ന് തോന്നിപ്പോകും! അദ്ദേഹത്തിന്റെ കഴിവിനോടും ചെയ്യുന്ന മികച്ച വർക്കുകളോടും എനിക്ക് വലിയ ആരാധനയാണ്.

എന്നും മികച്ച സംവിധായകർക്കൊപ്പവും ടെക്നിക്കൽ ടീമിനൊപ്പവും നല്ല സിനിമകളുടെ ഭാഗമാകാനാണ് എനിക്ക് കൂടുതൽ ആഗ്രഹം. നല്ല സ്‌ക്രിപ്റ്റ്, ചലഞ്ചിങ് കഥാപാത്രങ്ങൾ, നല്ല കഥ... ഇതൊക്കെയാണ് എന്നെ ആകർഷിക്കുന്നത്. എന്റെ കഥാപാത്രം വലുതാണോ ചെറുതാണോ എന്നത് പ്രധാനമല്ല. സിനിമ നല്ലതായിരിക്കണം. പക്ഷേ ധനുഷ് സാറിന്റെ കാര്യത്തിൽ എനിക്ക് ഒരു സ്‌പെഷ്യൽ ക്രഷ് തന്നെയുണ്ട്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിനും അറിയാം. 'കര' സിനിമയിൽ അദ്ദേഹത്തിന്റെ അമ്മയായി അമ്മ അഭിനയിച്ചിരുന്നു. അന്ന് അമ്മ, 'മകൾ ധനുഷിന്റെ വലിയ ഫാനാണ്' എന്ന് പറഞ്ഞപ്പോൾ, 'എനിക്ക് അവളെ അറിയാം' എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

അമ്മയ്ക്കൊപ്പം/Instagram

തമിഴിലാണോ മലയാളത്തിലാണോ കൂടുതൽ സ്വീകാര്യത ലഭിച്ചതായി തോന്നുന്നത്?
ഭാഗ്യവശാൽ രണ്ട് ഇൻഡസ്ട്രികളിലും എനിക്ക് ഒരുപോലെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അമ്മയുടെ മകൾ എന്ന നിലയിലും ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും രണ്ട് മേഖലകളും എന്നെ സ്വീകരിച്ചിട്ടുണ്ട്. അതിൽ ഞാൻ ഒരുപാട് ഭാഗ്യവതിയാണ്. രണ്ടിടത്തെയും പ്രവർത്തനരീതിയിൽ പക്ഷേ വലിയ വ്യത്യാസങ്ങളുണ്ട്. വൈകാരികതയുടെ കാര്യത്തിൽ മലയാളത്തിൽ എല്ലാം വളരെ സ്വാഭാവികമായിരിക്കും. ഒരു പരിധിക്കപ്പുറം പോകാതെ വികാരങ്ങളെ അവതരിപ്പിക്കും. തമിഴിൽ കുറച്ചുകൂടി തീവ്രമായ വികാരങ്ങൾ കാണാം. തെലുങ്കിൽ അത് കുറച്ചുകൂടി കൂടുതലായിരിക്കും. ഓരോ ഇൻഡസ്ട്രിക്കും അതിന്റേതായ രീതികളുണ്ട്. ജോലിയുടെ വേഗത്തിലും വ്യത്യാസമുണ്ട്. മലയാളത്തിൽ വളരെ വേഗത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. ഓണത്തിന്റെ ദിവസം പോലും ഷൂട്ടിങ് നടക്കുന്നത് കണ്ടിട്ടുണ്ട്. തമിഴിൽ ഞായറാഴ്ചകളിലും ഉത്സവദിവസങ്ങളിലും സാധാരണയായി ഷൂട്ടിങ് ഉണ്ടാകാറില്ല. രണ്ടിന്റെയും ക്രാഫ്റ്റിന് അതിന്റേതായ പ്രത്യേകതകളുണ്ട്.

സിനിമയോട് നമ്മൾ എത്രത്തോളം ആത്മാർഥമായി നിൽക്കുന്നുവോ, അതിന്റെ പത്തിരട്ടി അത് നമുക്ക് തിരിച്ചുതരും. സിനിമയ്ക്ക് ഒരു ആത്മാവുണ്ടെന്ന് ഈ കാലയളവിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഏകദേശം പത്ത്-പന്ത്രണ്ട് വർഷമായി ഞാൻ നായികമാർക്ക് ഡബ്ബ് ചെയ്യുന്നു. കഴിഞ്ഞ അഞ്ച്-ആറ് വർഷമായി അഭിനയരംഗത്തുമുണ്ട്. സത്യത്തിൽ അഭിനയത്തിലേക്ക് കുറച്ചുകൂടി നേരത്തെ വരേണ്ടിയിരുന്നുവെന്ന് ഇപ്പോൾ തോന്നാറുണ്ട്. പണ്ട് ഡബ്ബിങ്ങിൽ മാത്രം ശ്രദ്ധിച്ചിരുന്നപ്പോൾ കുറച്ച് നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തിയല്ലോ എന്നൊരു ചെറിയ കുറ്റബോധം എനിക്കുണ്ട്.

പ്രതിസന്ധികളും പ്രയാസങ്ങളും ഒന്നിച്ചുനേരിട്ട ഈ അമ്മയും മകളും എല്ലാവർക്കും ഒരു പ്രചോദനമാണ്…
അമ്മതന്നെയാണ് എല്ലാ ഘട്ടങ്ങളിലും എന്റെ കൂടെയുണ്ടായിരുന്നത്. എന്റെ മുഖഭാവത്തിൽ ചെറിയൊരു മാറ്റമുണ്ടായാലും സംസാരത്തിലെ ടോൺ മാറിയാലും അമ്മ അത് പെട്ടെന്ന് മനസ്സിലാക്കും. അച്ഛനും അങ്ങനെ തന്നെയായിരുന്നു. അമ്മയുടെ ഇളയ സഹോദരനായ ജ്യോതിഷ് അങ്കിളും ജീവിതത്തിലെ മറ്റൊരു കരുത്താണ്. ഞാൻ ചെറുപ്പം മുതൽ അദ്ദേഹത്തെ 'ജോജോ' എന്നാണ് വിളിക്കുന്നത്. ഒരു നല്ല സുഹൃത്തിനെപ്പോലെയും അച്ഛന്റെ സ്ഥാനത്തുനിന്നും അങ്കിൾ എന്നെ പിന്തുണച്ചിട്ടുണ്ട്. അങ്ങനെയൊരു വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്നത് വലിയൊരു ഭാഗ്യമാണ്. അമ്മ, അങ്കിൾ, സുഹൃത്തുക്കൾ, ദേവൻ...ഇവരാണ് എന്റെ പ്രധാന സപ്പോർട്ട് സിസ്റ്റം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: raveena-ravi-sreeja-ravi-interview-2026-marriage-movies