ഒടുവില്‍ ജയലളിതയുമായുള്ള പിണക്കത്തിന് കാരണം പറഞ്ഞ് രജനീകാന്ത്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും സിനിമാതാരവുമായിരുന്ന ജയലളിതയെ പലതവണ വിമര്‍ശിച്ച വ്യക്തിയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. 1996-ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ പരാജയപ്പെടാനുള്ള കാരണം താനാണെന്നും പ്രചാരണത്തിലൂടെ അവരെ വേദനിപ്പിച്ചെന്നും രജനി പറഞ്ഞിട്ടുണ്ട്. ജയലളിത വിജയിച്ചാല്‍ പിന്നെ ദൈവത്തിനുപോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും. അതേസമയം, എന്തുകൊണ്ടാണ് ജയലളിതയെ താന്‍ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നില്ല.
30 വര്‍ഷത്തിനുശേഷം രജനീകാന്ത് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാട് സര്‍ക്കാരില്‍ എഐഎഡിഎംകെ മന്ത്രിയായിരുന്നു ആര്‍.എം. വീരപ്പന്‍. നിര്‍മാതാവ് കൂടിയായ ആര്‍.എം. വീരപ്പന്റെയും രജനീകാന്തിന്റെയും സൗഹൃദത്തിന്റെ ആഴമെത്രയാണെന്ന് തമിഴ് സിനിമാ ലോകത്ത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. രജനീകാന്തിന്റെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് സത്യ മൂവീസിന്റെ കീഴില്‍ ആര്‍.എം. വീരപ്പനാണ്.
സത്യ മൂവീസ് നിര്‍മ്മിച്ച 'ബാഷ' സിനിമയുടെ നൂറാം ദിനാഘോഷ വേളയിലാണ് ആ സംഭവമുണ്ടായത്. മന്ത്രിയായിരുന്ന ആര്‍.എം. വീരപ്പന്‍, രജനീകാന്തിനൊപ്പം വേദിയിലുണ്ടായിരുന്നു. പ്രസംഗത്തിനിടെ, സര്‍ക്കാരിനെ രജനി വിമര്‍ശിച്ചു. അതും ശക്തമായ ഭാഷയില്‍. തമിഴ്‌നാട്ടില്‍ ബോംബ് സംസ്‌കാരം നിലനില്‍ക്കുന്നുണ്ടെന്ന് രജനി പ്രസംഗിച്ചു. വേദിയിലിരുന്നിട്ടും അതിനെ വീരപ്പന്‍ എതിര്‍ക്കാതിരുന്നത് ജയലളിതയെ ചൊടിപ്പിച്ചു. ഇതോടെ ആര്‍.എം. വീരപ്പനെ ജയലളിത സര്‍ക്കാരില്‍ നിന്ന് പുറത്താക്കി. ഇരുവരും തമ്മില്‍ നേരത്തേതന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു.
വീരപ്പനെ പുറത്താക്കിയതില്‍ തനിക്ക് വളരെയധികം വിഷമമുണ്ടായിരുന്നെന്നും അടുത്ത ദിവസം പശ്ചാത്താപം പ്രകടിപ്പിച്ചുവെന്നും രജനീകാന്ത് പറയുന്നു. അതോര്‍ത്ത് അധികം വിഷമിക്കേണ്ടെന്നെന്നായിരുന്നു ആര്‍.എം.വി.യുടെ മറുപടി. ജയലളിതയുമായി സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ 'നിങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തരുത്' എന്നും ആര്‍.എം.വി അദ്ദേഹത്തോട് പറഞ്ഞു. തനിക്ക് ഒരു സ്ഥാനവും ആവശ്യമില്ലെന്നും. അതെല്ലാം മാറ്റിനിര്‍ത്തി അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ടുപോയി. ജയലളിതയെ രാഷ്ട്രീയമായി ശക്തമായി എതിര്‍ത്തതിനും അവര്‍ക്കെതിരെ സംസാരിച്ചതിനും കാരണം ഇതായിരുന്നു. ആര്‍.എം. വീരപ്പനെ അനുസ്മരിച്ച് പുറത്തിറക്കിയ 'ആര്‍.എം.വി: ദി കിംഗ് മേക്കര്‍' എന്ന ഡോക്യുമെന്ററിയിലൂടെയാണ് വെളിപ്പെടുത്തല്‍. സംസാരിക്കുമ്പോള്‍ താരം വികാരാധീനനായിരുന്നു.
Content Highlights: rajinikanth reveals why he opposed jayalalithaa