'ആദ്യസിനിമയ്ക്ക് ഒരുരൂപ പോലും കിട്ടിയില്ല, നിർമാതാക്കൾ ഞങ്ങളോട് മോശമായി പെരുമാറി'

'വാ, ലൈഫ് ഹോ തോ ഐസി' എന്ന സിനിമയിൽ ചെറിയൊരു റോളിൽ അഭിനയിച്ചാണ് രാധിക ആപ്‌തെ ബോളിവുഡിലെത്തിയത്. അതുകഴിഞ്ഞ് ബദ്‌ലാപൂർ, ഹണ്ടർ, പാർച്ച്ഡ്, മാഞ്ചി-ദ മൗണ്ടൻ മാൻ, ലസ്റ്റ് സ്റ്റോറീസ്, ബാസാർ, ഫോറൻസിക് തുടങ്ങിയ സിനിമകളിലൂടെ അവർ ജനപ്രീതി നേടി. സിനിമയിൽ 20 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു താരം. സാലി മൊഹബത്, ലാസ്റ്റ് ഡേയ്‌സ് തുടങ്ങിയ സിനിമകളിലാണ് അവർ ഒടുവിൽ അഭിനയിച്ചത്.
തന്റെ ആദ്യ സിനിമയെക്കുറിച്ച് തുറന്നുപറയുകയാണ് രാധിക ഇപ്പോൾ. മഹേഷ് മഞ്ജരേക്കറാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്.
ആ സെറ്റിലെ അനുഭവങ്ങളെല്ലാം വളരെ അരോചകമായിരുന്നുവെന്ന് അവർ വെളിപ്പെടുത്തുന്നു. നിർമാതാക്കളുമായി ഇടപഴകുന്നതിൽ താനും അമ്മയും കാര്യമായ വെല്ലുവിളികൾ നേരിട്ടുവെന്നും അവർ പറയുന്നു. ''അത്രയും മോശം നിർമാതാക്കളായിരുന്നു അത്. അവർ എനിക്ക് അഭിനയിച്ചതിന്റെ പ്രതിഫലം പോലും നൽകിയില്ല. ഞാനും അമ്മയും അവരോട് കരാറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. അതിനവർ നൽകിയ മറുപടിയിങ്ങനെ, 'ഊർമിള മധോൺകർ എന്ന നടി പോലും കരാറിൽ ഒപ്പിട്ടിട്ടില്ല'. ഊർമിള ഒപ്പിട്ടോ എന്നെനിക്കറിയില്ല. പക്ഷേ ആ നിർമാതാക്കൾ അത്രയും മോശമായിട്ടാണ് പെരുമാറിയത്. അതുകൊണ്ട് എന്റെ ആദ്യസിനിമ ഞാനെപ്പോഴും മറക്കാൻ ആഗ്രഹിക്കുന്നു'', രാധികയുടെ വാക്കുകൾ.
കരാറിന്റെയും പ്രൊഫഷണൽ പെരുമാറ്റത്തിന്റെയും അഭാവം ആ സിനിമയെക്കുറിച്ചുള്ള നെഗറ്റീവ് ഓർമകൾക്ക് കാരണമായെന്നാണ് അവരുടെ അഭിപ്രായം. കരിയറിന്റെ തുടക്കത്തിലെ അത്തരം പെരുമാറ്റങ്ങൾ, സിനിമയോടുള്ള തന്റെ വീക്ഷണത്തെ തന്നെ ബാധിച്ചുവെന്നും രാധിക വെളിപ്പെടുത്തുന്നു.
ആ സിനിമയിലേക്ക് തനിക്ക് വേഷം ലഭിച്ചതെങ്ങനെയെന്നും അവർ പറയുന്നു. ''ഞാൻ ബ്രെയിൻ സർജൻ എന്ന നാടകം ചെയ്യുകയായിരുന്നു. അതൊരു നല്ല നാടകമായിരുന്നു, ഞങ്ങൾക്ക് ഒരു സംസ്ഥാന മത്സരത്തിൽ അവാർഡും ലഭിച്ചു. മഹേഷ് മഞ്ജരേക്കർ വിധികർത്താക്കളിൽ ഒരാളായിരുന്നു. നാടകം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു, 'എനിക്ക് നിങ്ങളെ അഭിനയിപ്പിക്കണം'. അങ്ങനെയാണ് ആ സിനിമയിലെത്തുന്നത്''.
അതിനുശേഷം ഞാനൊരു സിനിമയിൽ പോലും അഭിനയിച്ചില്ല. പഠനം പൂർത്തിയാക്കിയശേഷമാണ് സിനിമയിലേക്ക് തിരിച്ചുവന്നതെന്നും അവർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Radhika Apte reveals her harrowing first film experience: no payment, unprofessional producers, and a desire to forget it all