അമ്മൂമ്മക്കിളി പാടി മലയാളത്തിലെത്തിയ പൂജ; മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നിവരുടെ നായികയായി

'ചന്ദ്രലേഖ'യിൽ മോഹൻലാലിന്റെ നായികയായെത്തിയ ആറടിയോളം ഉയരമുള്ള പെൺകുട്ടി വളരെ പെട്ടെന്നാണ് മലയാളികളുടെ ഹൃദയം കവർന്നത്. പൂജ ബത്ര എന്ന ബോളിവുഡ് നടി കേരളത്തിൽ ഏറെ പരിചിതയായതും അതിനുശേഷം തന്നെ. പൂജയുടെ അച്ഛൻ ആർമിയിൽ കേണലായിരുന്നു, അമ്മ മിസ് ഇന്ത്യ കോണ്ടസ്റ്റിലെ മത്സരാർഥിയും.
സ്‌കൂളിൽ പഠിക്കുമ്പോൾ അത്‌ലറ്റായിരുന്നു പൂജ. 200, 400 മീറ്റർ ഓട്ടമത്സരങ്ങളിൽ സജീവസാന്നിധ്യമായിരുന്നു ആ പെൺകുട്ടി. അതുകഴിഞ്ഞ് എം.ബി.എ പഠിച്ചു.
ഏകദേശം അതേ സമയത്താണ് മോഡലിങ്ങിലേക്കും സൗന്ദര്യമത്സരങ്ങളിലേക്കും കാലെടുത്തുവെക്കുന്നത്. ലിറിൽ സോപ്പിന്റെ പരസ്യത്തിലൂടെയാണ് പ്രശസ്തയായത്. അതുകഴിഞ്ഞ് ഫെമിന മിസ് ഇന്ത്യയിൽ പങ്കെടുക്കുകയും അതിൽ റണ്ണർ അപ്പ് ആവുകയും ചെയ്തു. പിന്നാലെ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് ഇന്റർനാഷണൽ സൗന്ദര്യമത്സരത്തിലും ഭാഗമായി. അതോടെ ഇന്ത്യയിലെ ഏറ്റവും ടോപ് മോഡലുകളിൽ ഒരാളായി പൂജ.
തമിഴിലൂടെയാണ് സിനിമയിലെത്തുന്നത്. 'ആസൈ' എന്ന സിനിമയിൽ അതിഥിവേഷത്തിലായിരുന്നു. അതുകഴിഞ്ഞ് 'വിരാസത്തി'ൽ അനിൽ കപൂറിന്റെ നായികയായി. പുറകെ സുനിൽ ഷെട്ടി, മിഥുൻ ചക്രവർത്തി, ഗോവിന്ദ, സഞ്ജയ് ദത്ത് തുടങ്ങിയവരുടെ സിനിമകളിലും പ്രധാനവേഷത്തിലെത്തി. തുടർന്ന് 'ചന്ദ്രലേഖ'യിൽ മോഹൻലാലിന്റെ നായികയായും 'മേഘ'ത്തിൽ മമ്മൂട്ടിയുടെ നായികയായും, 'ദൈവത്തിന്റെ മകനി'ൽ ജയറാമിന്റെ നായികയായും അവർ മലയാളത്തിലും വരവറിയിച്ചു. കരിയറിൽ മിന്നിത്തിളങ്ങി നിൽക്കുന്ന സമയത്താണ് പെട്ടെന്നൊരു നാൾ അവർ അപ്രത്യക്ഷയാവുന്നത്.
സോനു എസ്.അലുവാലിയ എന്ന ഡോക്ടറെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പോയതാണെന്ന് പിന്നീട് അറിഞ്ഞു. എന്നാൽ, ഒമ്പതുവർഷത്തിനുശേഷം വിവാഹമോചിതയായി പൂജ ബോളിവുഡിൽ തിരിച്ചെത്തി. ഹോളിവുഡിൽനിന്ന് പോലും അവസരങ്ങൾ ഏറെ വന്നിട്ടും, അഭിനയിക്കാൻ ഭർത്താവ് സമ്മതിച്ചില്ലത്രേ. അതിനെത്തുടർന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് വിവാഹമോചനത്തിൽ കലാശിച്ചത്. എന്നാൽ രണ്ടാം വരവിൽ മികച്ച കഥാപാത്രങ്ങളൊന്നും കിട്ടിയില്ല. 2021-ൽ 'സ്‌ക്വാഡ്' എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്.
നടൻ നവാബ് ഷായുമായുള്ള രണ്ടാം വിവാഹം 2019-ലായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും, സോഷ്യൽമീഡിയയിലൂടെ നിരന്തരം തന്റെ ആരാധകരുമായി സംവദിക്കാറുണ്ട് പൂജ.
Content Highlights: pooja batra became familiar to keralites after chandralekha