ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി; വധു സനാ ജാവേദ് പാക് സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരം

പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി. പാകിസ്താന്‍ അഭിനേത്രി സനാ ജാവേദാണ് വധു. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഷുഐബും വിവാഹമോചിതരാവാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് ഷുഐബ് വീണ്ടും വിവാഹം കഴിച്ചതായി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. അതിനുപിന്നാലെ സാനിയ ഷുഐബില്‍നിന്ന് വിവാഹമോചനം നേടിയിരുന്നുവെന്ന് സാനിയയുടെ പിതാവ് വ്യക്തമാക്കി. സാനിയയാണ് വിവാഹമോചനത്തിന് മുന്‍കൈ എടുത്തതെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടുന്നതിനായുള്ള ഖുല്‍ പ്രകാരമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
2010-ലാണ് ഷുഐബും സാനിയയും ഹൈദരാബാദില്‍വെച്ച് വിവാഹിതരായത്. വിവാഹശേഷം ദുബായിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. 2018-ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ടായി, ഇസാന്‍. കുറേ മാസങ്ങളായി ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഈയടുത്ത് സാനിയയുടെ പല പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടായിരുന്നു. അതിനൊപ്പം സനയുമായി ഷുഐബ് പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പരന്നു. അതിരുവരും നിഷേധിക്കുകയും ചെയ്തിരുന്നു.
വിവാഹവാര്‍ത്തകള്‍ പുറത്തുവന്നതോടെ ഷുഐബിനൊപ്പം തന്നെ സനാ ജാവേദും സാനിയ മിര്‍സയും ഗൂഗിള്‍ ട്രെന്‍ഡിങ്ങിലായി. പാക് ചാനല്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമായ പേരാണ് സനയുടേത്. സനയുടേത് രണ്ടാം വിവാഹമാണ്. പാക് ഗായകന്‍ ഉമൈര്‍ ജസ്‌വാളാണ് ആദ്യഭര്‍ത്താവ്. മൂന്നുവര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം, 2023-ലാണ് ഇവര്‍ വിവാഹമോചിതരായത്.
മോഡലിങ്ങിലൂടെയാണ് സന അഭിനയരംഗത്തേക്ക് എത്തുന്നത്. 2012-ലാണ് ആദ്യസീരിയലില്‍ അഭിനയിക്കുന്നത്. പിന്നീട് കുറേ സീരിയലുകളുടെ ഭാഗമായി. 1993-ല്‍ സൗദി അറേബ്യയിൽ ജനിച്ച സനയുടെ പഠനമെല്ലാം പാകിസ്താനിലായിരുന്നു.
മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടുള്ള സമീപനത്തിന്റെ പേരില്‍ സന പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നു. അന്നെല്ലാം പിന്തുണയുമായി കൂടെ നിന്നത് ഷുഐബാണ്. 'എനിക്ക് സനയെ കുറച്ചുകാലമായി അറിയാം. എന്റെ അനുഭവത്തില്‍ മറ്റുള്ളവരോട് ഏറ്റവും കരുണയോടെ പെരുമാറുന്ന ആളുകളിലൊരാളാണ് സന', എന്നാണന്ന് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായ് ചാമ്പ്യന്‍ഷിപ്പിലെ ടൂര്‍ണമെന്റോടുകൂടിയാണ് സാനിയ തന്റെ ഐതിഹാസികമായ ടെന്നീസ് കരിയറില്‍നിന്ന് വിരമിച്ചത്. ഇപ്പോഴും മകനൊപ്പം ദുബായിലാണ് അവര്‍ താമസിക്കുന്നത്. പാം ജുമൈറയിലെ വില്ലയില്‍നിന്ന്, കഴിഞ്ഞവര്‍ഷമാണ് ദുബായിലെ മറ്റൊരു ആഢംബരവസതിയിലേക്ക് മാറിയത്. മനോഹരമായ വീടിന്റെ ചിത്രങ്ങള്‍ അവര്‍ കുറച്ചുമുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിലും ആരാധകര്‍ ശ്രദ്ധിച്ചത് ഷുഐബിന്റെ അഭാവമാണ്.
Content Highlights: pak cricketer shoiab malik marries again