അമ്മയുടെ വസ്ത്രശാലയിൽ നിന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ്. അംബാസഡര്‍ പദവിയിലേക്ക്; ആരാണ് നിക്കി ഹേലി?

കഴിഞ്ഞദിവസം ന്യൂസ് വീക്കിലെ ശക്തമായ അഭിപ്രായ പ്രകടനത്തെത്തുടര്‍ന്ന് വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് ഐക്യരാഷ്രസഭയിലെ മുന്‍ യു.എസ് അംബാസഡര്‍ നിക്കി ഹേലി. യു.എസ്-ഇന്ത്യ ബന്ധം തകരാന്‍ അനുവദിക്കുന്നത് ഒരു 'തന്ത്രപരമായ ദുരന്തമായി' മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയ അവര്‍, ബന്ധം അടിയന്തരമായി മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ട്രംപും പ്രധാനമന്ത്രി മോദിയും തമ്മില്‍ നേരിട്ടുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് 'അടിയന്തര മുന്‍ഗണന' നല്‍കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ആരാണിവര്‍?
2004-ല്‍ സൗത്ത് കരോലിന ഹൗസ് ഓഫ് റെപ്രസന്റേറ്റീവായി 32-കാരിയായ ഒരു യുവതി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നു. 2005 മുതല്‍ 2010 വരെ സൗത്ത് കരോലിന ജനപ്രതിനിധിസഭയില്‍ 87-ാം ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു. അവിടുന്നങ്ങോട്ട് പച്ചപിടിച്ച രാഷ്ട്രീയജീവിതമായിരുന്നു നിമ്രത 'നിക്കി' രണ്‍ധാവ ഹേലിക്ക്. റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് നിക്കിയുടെ ആദ്യവരവ്. 2011-ല്‍ സൗത്ത് കരോലിനയിലെ ആദ്യത്തെ വനിതാ ഗവര്‍ണറും അമേരിക്കയിലെ രണ്ടാമത്തെ ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണറുമാവുന്നു.
പിന്നീട് 2017 ജനുവരി മുതല്‍ ഐക്യരാഷ്ട്രസഭയിലെ യു.എസ്. അംബാസഡര്‍ പദവിയിലേക്ക്. 2024-ലെ ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായും അവര്‍ മത്സരിച്ചു. അമേരിക്കന്‍ രാഷ്ട്രീയക്കാരിയും നയതന്ത്രജ്ഞയുമായ നിക്കി നിലവില്‍ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാള്‍ട്ടര്‍ പി. സ്റ്റേണ്‍ ചെയര്‍മാനായും എഡല്‍മാനിലെ ഇന്റര്‍നാഷണല്‍ പബ്ലിക് അഫയേഴ്സ് വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നു.
1972 ജനുവരി 20-ന് സൗത്ത് കരോലിനയിലെ ബാംബെര്‍ഗിലാണ് നിക്കി ഹേലി ജനിക്കുന്നത്. അച്ഛന്‍ അജിത് സിങ് രന്ധാവയും അമ്മ രാജ് കൗര്‍ രന്ധാവയും ഇന്ത്യയിലെ പഞ്ചാബില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരായിരുന്നു. വംശീയമായും സാംസ്‌കാരികമായും ഒറ്റപ്പെട്ട ഒരു ചെറിയ സമൂഹത്തിലാണ് ഹേലി വളര്‍ന്നത്.
പക്ഷേ കഠിനാധ്വാനവും വിദ്യാഭ്യാസവും അവള്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍ തുറക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് അവളുടെ മാതാപിതാക്കള്‍ അവളില്‍ സ്ഥിരോത്സാഹം വളര്‍ത്തി. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമല്ല, അമ്മയെ തന്റെ കട നടത്തിപ്പില്‍ സഹായിച്ചതും ഹേലിയുടെ ആദ്യകാല ജീവിതത്തെ സ്വാധീനിച്ചു. കടയിലെ ചെക്ക്ബുക്ക് ബാലന്‍സ് ചെയ്യുന്ന ഉത്തരവാദിത്തം ഒരു ആദ്യകാല പഠനാനുഭവമായിരുന്നു.
പിന്നീട് 1994-ല്‍ ക്ലെംസണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അക്കൗണ്ടിങ് ബിരുദം നേടി, തുടര്‍ന്ന് പൊതുസേവനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവര്‍ കുടുംബ ബിസിനസ്സിലേക്ക് മടങ്ങുകയും അതിനെ ഒരു മള്‍ട്ടി-മില്യണ്‍ ഡോളര്‍ കമ്പനിയാക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്തു.
1966-ലാണ് ഹേലി നാഷണല്‍ ഗാര്‍ഡ് ഓഫീസറായ മൈക്കല്‍ ഹേലിയെ വിവാഹം കഴിക്കുന്നത്. സിഖ്, ക്രിസ്ത്യന്‍ രീതിയിലുള്ള ഗംഭീരമായ വിവാഹം അവര്‍ നടത്തി. മക്കളായ റെനയും നളിനും രാഷ്ട്രീയത്തിന്റെയും സൈനിക ജീവിതത്തിന്റെയും കുടുംബ പാരമ്പര്യങ്ങളുടെയും തിരക്കിലാണ് അവരുടെ ബാല്യകാലം ചെലവഴിച്ചത്. നേതൃത്വത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളില്‍ പോലും, തന്റെ ശക്തിയായി കുടുംബത്തെ ഹേലി നിരന്തരം വിശേഷിപ്പിക്കുമായിരുന്നു.
ഒരു ഗവര്‍ണര്‍ എന്ന നിലയില്‍ നിക്കി സാമ്പത്തിക വികസനത്തിലും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലും ഇവര്‍ നല്ല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 2015-ല്‍ ചാള്‍സ്റ്റണ്‍ പള്ളി വെടിവയ്പ്പിനിടെ സ്റ്റേറ്റ് ഹൗസ് ഗ്രൗണ്ടില്‍ നിന്ന് കോണ്‍ഫെഡറേറ്റ് പതാക താഴെയിറക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ഉത്തരകൊറിയയ്ക്കെതിരായ ഉപരോധം, ഇറാന്‍ ആണവ കരാറിനെ വിമര്‍ശിക്കല്‍, ഇസ്രായേലിനുള്ള അചഞ്ചലമായ പിന്തുണ തുടങ്ങിയ പല വിഷയങ്ങളിലും അവര്‍ ശക്തവും അചഞ്ചലവുമായി ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. 'കാന്‍ട്ട് ഈസ് നോട്ട് എ ഓപ്ഷന്‍', 'വിത്ത് ഓള്‍ ഡ്യൂ റെസ്പെക്ട്' എന്നിവ നിക്കി ഹേലി എഴുതിയ രണ്ട് പുസ്തകങ്ങളാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: learn about nikki haley`s journey from south carolina governor to us ambassador to the un, her political stances, and family background.