കുഞ്ഞുമുഖങ്ങൾ ഒപ്പിയെടുത്ത് റിൻഷ; മൊബൈല്‍ ഫോട്ടോഗ്രാഫറിൽനിന്ന് സംരംഭകയിലേക്ക്

#അശ്വതി ഉത്തമൻ
റിൻഷ
റിൻഷ

മകള്‍ ജനിച്ചശേഷം കോഴിക്കോടുകാരി റിന്‍ഷയ്ക്ക് ഒരു ആഗ്രഹം വന്നു. കുറച്ച് പടങ്ങള്‍ എടുക്കണം, അതും സ്വന്തം ഇഷ്ടത്തിനനുസരിച്ച്...

കൊടുവള്ളിയിലെ അധ്യാപക ദമ്പതിമാരുമായ അബ്ദുല്‍ റഹീമിന്റെയും റംല റഹീമിന്റെയും മകളായ റിന്‍ഷയ്ക്കും ഒമാനില്‍ വ്യവസായിയായ ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനും 2018-ലാണ് മകള്‍ ജനിക്കുന്നത്. അധികം താമസിയാതെ, ഫോണില്‍ മകള്‍ ഔഫ ഫിത്രിയുടെ ഫോട്ടോയെടുക്കുന്നത് റിന്‍ഷ ഒരു ശീലമാക്കിത്തുടങ്ങി. ഫോണിലെ പടങ്ങള്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ക്കും ഭര്‍ത്താവിനും കൂട്ടുകാര്‍ക്കുമെല്ലാം ഗംഭീര അഭിപ്രായം. അതോടെ റിന്‍ഷയും തന്റെ ഇഷ്ടം മനസ്സിലാക്കിത്തുടങ്ങി. 

ഒരു ക്യാമറ വാങ്ങണം, അതുകൊണ്ട് കുറച്ചധികം ഫോട്ടോ എടുക്കണം, ഫോട്ടോഗ്രാഫര്‍ ആവണം- റിന്‍ഷ മനസ്സില്‍ പറഞ്ഞു. നടക്കുമോ എന്ന് അറിയില്ലെങ്കിലും അതുവരെ ക്യാമറയെക്കുറിച്ചോ ഫോട്ടോഗ്രാഫിയെക്കുറിച്ചോ ഒരറിവുമില്ലായിരുന്ന റിന്‍ഷ ക്യാമറ കൈയിലെടുത്തു.

''ക്യാമറ വാങ്ങിയശേഷമാണ് ഓണ്‍ലൈനിലൂടെ ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതലായി പഠിക്കുന്നത്. ആദ്യമൊക്കെ ചെറിയ ചെറിയ ക്ലാസുകളില്‍ പങ്കെടുത്തു. പിന്നീടെല്ലാം യൂട്യൂബില്‍ നിന്നും സ്വന്തമായി പഠിച്ചെടുത്തു'' പറയുമ്പോള്‍ റിന്‍ഷയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ഒരു ചെറുചിരി വിടര്‍ന്നു. ഫോട്ടോഗ്രാഫിയുടെ വിവിധ ടെക്‌നിക്കുകള്‍ റിസര്‍ച്ച് ചെയ്ത് പതിയെപ്പതിയെ ഈ മേഖലയില്‍ അവള്‍ തന്റെ കാലുറപ്പിച്ചു. 

ബേസിലും കുടുംബവും 

ആദ്യം നവജാത ശിശുക്കളുടെ ഫോട്ടോയെടുത്ത് തുടങ്ങിയ റിന്‍ഷയുടെ ഫോട്ടോയുടെ മികവുകൊണ്ട് പിന്നീട് പലരും തേടിയെത്തി. മെറ്റേണിറ്റി ഷൂട്ടുകളും സെലബ്രിറ്റി ഷൂട്ടുകളും റിന്‍ഷ ചെയ്തുതുടങ്ങി. സിനിമാ നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, മിനിസ്‌ക്രീന്‍ താരം അശ്വതി ശ്രീകാന്ത് തുടങ്ങിയവരുടെ കുടുംബ ഫോട്ടോ എടുത്ത റിന്‍ഷ ഒരുപാട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിന്റെ ഫോട്ടോയും എടുത്തുകഴിഞ്ഞു. 

ന്യൂബോണ്‍ ഫോട്ടോഗ്രഫിയിലേക്ക്
കണ്ണെഴുതി പൊട്ടുതൊടുവിച്ച്, മുടി ചീകിക്കെട്ടി കണ്‍മണികളെ സുന്ദരീസുന്ദരന്‍മാരാക്കുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് റിന്‍ഷയുടെ മനസ്സില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ക്രിയാത്മക ഫോട്ടോകള്‍ ഇടംപിടിക്കുന്നത്. പുതിയ കാലത്തെ മാറുന്ന സൗന്ദര്യസങ്കല്‍പങ്ങള്‍ക്കൊപ്പം കുഞ്ഞുങ്ങളെ ഒരുക്കുന്നതിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് റിന്‍ഷ മനസ്സിലാക്കി. കുഞ്ഞുങ്ങളുടെ ഓരോ നിമിഷവും ക്യാമറയില്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ന്യൂജെന്‍ പാരന്റ്‌സ്. ഈയൊരു സാഹചര്യത്തില്‍ ന്യൂബോണ്‍ ഫോട്ടോഗ്രഫിയുടെ പ്രാധാന്യവും അവര്‍ മനസ്സിലാക്കി.

''ന്യൂബോണ്‍ ഫോട്ടോഗ്രഫി ഒരു ട്രെന്‍ഡ് ആയി മാറിയിട്ട് അധികകാലമൊന്നും ആയില്ല. ഇപ്പോഴും ഈ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വളരെ കുറവാണ്. ഫോട്ടോഗ്രാഫി ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഇതിലേക്ക് മാറാനും സാധിക്കില്ല. ദിവസങ്ങള്‍മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.'' 

കസിന്‍സിന്റെയും കൂട്ടുകാരുടെയുമൊക്കെ കുഞ്ഞുങ്ങളുടെ ചിത്രം എടുത്തായിരുന്നു റിന്‍ഷയുടെ ആദ്യത്തെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍. ''തുടക്കത്തിൽ ആരോടും പണം വാങ്ങാറില്ലായിരുന്നു. എനിക്കിത് നന്നായി ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം വന്നതിനു ശേഷമാണ് പണം വാങ്ങിത്തുടങ്ങിയത്. ആദ്യമൊക്കെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. കുഞ്ഞുങ്ങളെ പതുക്കെ കൈകാര്യം ചെയ്യും, ഫോട്ടോ എടുക്കും. തീരെ ചെറിയ കുട്ടികളാവുമ്പോള്‍ കുട്ടികളുടെ രക്ഷിതാക്കളുടെയും കൂടെ വരുന്നവരുടെയുമൊക്കെ ശ്രദ്ധ നമ്മളിലേക്കും പതിയും. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാവും. ആദ്യം നല്ല ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്.'' റിന്‍ഷയുടെ വാക്കുകള്‍.

അഞ്ചു ദിവസം മുതല്‍ 15 ദിവസം വരെ പ്രായമുള്ള കുട്ടികളുടെ ഫോട്ടോയാണ് റിന്‍ഷ അധികവും എടുക്കുന്നത്. കുഞ്ഞ് എത്ര ചെറുത് ആയിരിക്കുന്നുവോ, ചിത്രങ്ങള്‍ അത്രയധികം മനോഹരമാവുകയും ചെയ്യും, അവയ്ക്ക് ക്വാളിറ്റി വര്‍ധിക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു. മാത്രമല്ല ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ റെഡിയാക്കാനും എളുപ്പമാണ്. കുഞ്ഞുങ്ങള്‍ക്കു ചേരുന്ന വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത് റിന്‍ഷ തന്നെയാണ്. അതിനനുസരിച്ച് സ്റ്റുഡിയോയും സെറ്റ് ചെയ്യുന്നു. ചിലപ്പോള്‍ മാതാപിതാക്കള്‍ പറയുന്നതിനനുസരിച്ച് വസ്ത്രങ്ങള്‍ കസ്റ്റമൈസ് ചെയ്‌തെടുക്കാറുണ്ട്. കുഞ്ഞുങ്ങളുടെ പ്രായവും ഷൂട്ടിങ് ലൊക്കേഷനുമെല്ലാം നോക്കിയാണ് പണം നിശ്ചയിക്കുന്നത്. മാസത്തില്‍ 10 ഷൂട്ട് വരെയേ റിന്‍ഷ ചെയ്യാറുള്ളൂ. അതില്‍ കൂടുതല്‍ വന്നാല്‍ ക്യാന്‍സല്‍ ചെയ്യുകയാണ് പതിവെന്ന് അവര്‍ പറയുന്നു. എടുത്ത വര്‍ക്കുകള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കി നല്‍കുകയെന്ന ചിന്തയാണ് ഇതിന് പിന്നില്‍. 

ആദ്യമൊക്കെ കോഴിക്കോട് ജില്ലയില്‍ മാത്രമായിരുന്നു റിന്‍ഷയ്ക്ക് വര്‍ക്ക് ഉണ്ടാവാറുള്ളത്. എന്നാല്‍ ഇപ്പോള്‍ മലബാറിലെ എല്ലാ ജില്ലകളില്‍ നിന്നും ഇവരെത്തേടി ആളുകളെത്തുന്നു. സ്റ്റുഡിയോയിലേക്ക് വരാന്‍ സാധിക്കാത്തവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തുപോയി ചെയ്തുകൊടുക്കും. ന്യൂബോണ്‍ ഫോട്ടോഗ്രഫിയിലൂടെ സംരംഭകയുടെ റോളിലേക്ക് റിന്‍ഷ വളര്‍ന്നത് കഠിനപ്രയത്‌നത്തിലൂടെത്തന്നെയായിരുന്നു.  ഭര്‍ത്താവിന്റെയും കുടുംബക്കാരുടെയും ഭാഗത്തുനിന്നുള്ള പിന്തുണ വളരെയധികമാണെന്ന് പറയുന്നു ഈ സംരംഭക. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഒമാനിലാണ് റിന്‍ഷ. നാട്ടില്‍ അഞ്ചംഗങ്ങളുള്ള ഒരു ടീമിനെ അവര്‍ ഇതിനായി സെറ്റ് ചെയ്തിട്ടുണ്ട്. വര്‍ക്കിനായി ഇടയ്ക്കിടയ്ക്ക് റിന്‍ഷ നാട്ടിലെത്തുന്നുമുണ്ട്.  

Content Highlights: photographer rinsha, newborn photography, success story, kerala women life