റിസ്വാന്റെ കിടിലന്‍ വീഡിയോ 40 കോടിയിലേക്ക്;മലപ്പുറംകാരന്‍ പയ്യന്റെ ഫ്രീകിക്ക് വെള്ളച്ചാട്ടത്തിലേക്ക്

മുഹമ്മദ് റിസ്വാന്‍ /instagram: riswan_freestyle
മുഹമ്മദ് റിസ്വാന്‍ /instagram: riswan_freestyle

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ വ്യൂവ്‌സ് ഉള്ള ഇന്‍സ്റ്റഗ്രാം റീല്‍ ഏതെന്ന് സെര്‍ച്ച് ചെയ്തുനോക്കൂ...മലപ്പുറത്തെ മുഹമ്മദ് റിസ്വാന്റെ ഇന്‍സ്റ്റഗ്രാം പേജിലേക്കാണ് നിങ്ങളെത്തുക. നാല്പത് കോടിയിലേക്ക് അടുക്കുകയാണ് റിസ്വാന്റെ ഒരു കിടിലന്‍ വീഡിയോ. 

മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിനിപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് തൊടുത്ത ഒരു ഫുട്‌ബോള്‍ ഫ്രീകിക്കാണ് വൈറലായത്. 'കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ തമാശയ്ക്ക് ചെയ്‌തൊരു വീഡിയോ ആണിത്. എടുക്കുമ്പോള്‍ അപ് ലോഡ് ചെയ്യുമെന്ന് പോലും കരുതിയിരുന്നില്ല. പിന്നെ തോന്നി ഇന്‍സ്റ്റയിലിടാമെന്ന്. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ രണ്ട് ലക്ഷം പേര് കണ്ടുകഴിഞ്ഞിരുന്നു. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും ഒരു മില്യണുമായി,'' റിസ്വാന്‍ പറയുന്നു. മുപ്പത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ, ഇപ്പോള്‍ 398 മില്യണ്‍ പേര്‍ കണ്ടുകഴിഞ്ഞു.    

റിസ്വാന്‍ ഇതുപോലുള്ള ഒരുപാട് റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ടെങ്കിലും, ഇതാണ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത്. അതോടെ നാട്ടിലെ താരമായി റിസ്വാന്‍. മലമുകളിലും കാറിനുമുകളിലും വെള്ളത്തിലുമെല്ലാം ഈ 21-കാരന്റെ ഫുട്‌ബോള്‍ വൈദഗ്ധ്യം കാണാം. പന്തുകൊണ്ട് മാത്രമല്ല, മൊബൈല്‍ ഫോണ്‍ കൊണ്ടും റിസ്വാന്‍ മനോഹരമായ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു. അസാധ്യമായ പന്തടക്കമാണ് റിസ്വാന്റെ പ്രത്യേകത. 

യൂട്യൂബിലൂടെ വിദേശതാരങ്ങളുടെ സ്റ്റൈലുകള്‍ കണ്ട് അനുകരിച്ചാണ് റിസ്വാന്‍ ഇതെല്ലാം പഠിച്ചത്. 

(ശ്രദ്ധിക്കുക: അപകടകരമായ പ്രകടനങ്ങളെ അനുകരിക്കാൻ ശ്രമിക്കരുത്)

Content Highlights: most viewed instagram reel- mohammed riswan