കുംഭമേളയിലെ മൊണാലിസ; ആദ്യശമ്പളം കൊണ്ട് ഗേൾസ് സ്‌കൂൾ സ്ഥാപിക്കണമെന്ന് ആഗ്രഹം

മൊണാലിസ ഭോസ്ലെ / Instagram
മൊണാലിസ ഭോസ്ലെ / Instagram

2025-ൽ പ്രയാഗ് രാജിൽ വെച്ചുനടന്ന മഹാകുംഭമേളയിലൂടെ (maha kumbh mela 2025) ജീവിതം മാറിമറിഞ്ഞ പെൺകുട്ടിയാണ് മൊണാലിസ ഭോസ്ലെ (monalisa bhosle). അതിനുശേഷം നേരെ ബോളിവുഡിലേക്കാണ് മൊണാലിസ നടന്നുകയറിയത്. സനോജ് മിശ്ര സംവിധാനം ചെയ്ത 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന സിനിമയിലാണ് മൊണാലിസ അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. നായകനായെത്തുന്നത് നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവുവാണ്.

ഗാന്ധിഗിരി, ശശാങ്ക് എന്നീ സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് സനോജ് മിശ്ര. ഒട്ടേറെ നാളത്തെ പരിശീലനത്തിനുശേഷമാണ് മൊണാലിസ തന്റെ ആദ്യസിനിമ പൂർത്തിയാക്കിയത്.

ഇപ്പോൾ മൊണാലിസ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. സിനിമയിലെ അഭിനയത്തിന് തനിക്ക് ലഭിച്ച പ്രതിഫലം, ഒരു നല്ല കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നതാണ് ആ പെൺകുട്ടിയെ വ്യത്യസ്തയാക്കുന്നത്. മധ്യപ്രദേശിലെ തന്റെ ഗ്രാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി ഒരു ഗേൾസ് സ്‌കൂൾ തുറക്കണമെന്നതാണ് മൊണാലിസയുടെ ആഗ്രഹമെന്നും ഒരു റിപ്പോർട്ട് പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ പെൺകുട്ടികൾക്കുള്ള അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ മൊണാലിസയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് സ്വകാര്യ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിനുപകരം, സ്‌കൂൾ തുടങ്ങാനായി ധനസഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു.

സിനിമയുടെ ചിത്രീകരണം പൂർത്തിയായശേഷം, തന്റെ ജീവിതം മാറ്റിമറിച്ച പ്രയാഗ് രാജിൽ മൊണാലിസ വീണ്ടുമെത്തിയിരുന്നു. പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു. സനോജ് മിശ്രയുടെ സിനിമയ്ക്കുപുറമെ രണ്ട് തെലുഗുചിത്രങ്ങൾ, ഒരു ഹിന്ദിചിത്രം എന്നിവയിൽ അഭിനയിക്കാനുള്ള അവസരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.

2025-ൽ മഹാകുംഭമേളയിൽ മാലകളും രുദ്രാക്ഷങ്ങളും വിൽക്കാനെത്തിയതായിരുന്നു ആ 16-കാരി. അതിനിടെയാണ് യൂട്യൂബർമാർ ആ പെൺകുട്ടിയുടെ വീഡിയോകളും ചിത്രങ്ങളുമെടുക്കുന്നതും അത് വൈറലാകുന്നതും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Monalisa Bhosle gained fame after being discovered at the Maha Kumbh Mela in Prayagraj., She made her Bollywood debut in the film 'The Diary of Manipur', directed by Sanoj Mishra., She plans to use her first salary to fund a school for girls in her village in Madhya Pradesh