പ്രണയത്തിലാണെന്ന് തുറന്നുസമ്മതിച്ച് ബില്‍ ഗേറ്റ്‌സ്; ടെന്നീസിലൂടെ അടുത്ത രണ്ടുപേര്‍

ബില്‍ ഗേറ്റ്‌സ്, പോള ഹുര്‍ദ് / ANI
ബില്‍ ഗേറ്റ്‌സ്, പോള ഹുര്‍ദ് / ANI

ഒടുവില്‍ ബില്‍ ഗേറ്റ്‌സ് തന്റെ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നു. 'ടുഡേ' ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പോള ഹുര്‍ദുമായുള്ള പ്രണയത്തെക്കുറിച്ച് അദ്ദേഹം ആദ്യമായി മനസ്സുതുറന്നത്. തന്റെ 'സീരിയസ് ഗേള്‍ഫ്രണ്ട്' എന്നാണ് ബില്‍ ഗേറ്റ്‌സ്, പോളയെ വിശേഷിപ്പിച്ചത്. 

പോളയെ ലഭിച്ചതില്‍ താനേറെ ഭാഗ്യവാനാണെന്നും ഈ ബന്ധം തങ്ങള്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 

2022 മുതല്‍ പല വേദികളിലും ഇരുവരെയും ഒരുമിച്ച് കണ്ടുതുടങ്ങിയിരുന്നു. 2023 തുടക്കത്തിലാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. അന്ന് പോളയുടെ വിരലില്‍ കണ്ട മോതിരമാണ് ആ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. അതിനുശേഷവും പല പരിപാടികളിലും അവര്‍ ഒരുമിച്ചെത്തി. ആനന്ദ് അംബാനിയുടെ വിവാഹത്തിനും ലോറന്‍സ് സാഞ്ചെസിന്റെ എന്‍ഗേജ്‌മെന്റ് പാര്‍ട്ടിയിലും ബ്രേക്ക്ത്രൂ പ്രൈസ് സെറിമണിയിലും ഇവരെ ഒരുമിച്ചുകണ്ടു. പാരിസ് ഒളിംപിക്‌സില്‍ ഗേറ്റ്‌സിനും ഗേറ്റ്‌സിന്റെ മകള്‍ക്കുമൊപ്പം പോളയുമുണ്ടായിരുന്നു.  

2021-ലാണ് മുന്‍പങ്കാളി മെലിന്‍ഡ ഫ്രഞ്ചുമായി ബില്‍ ഗേറ്റ്‌സ് വേര്‍പിരിഞ്ഞത്. ഒറാക്കിള്‍ സഹ സി.ഇ.ഒ. കൂടിയായിരുന്ന മാര്‍ക് ഹുര്‍ദ് ആയിരുന്നു പോളയുടെ ഭര്‍ത്താവ്. അദ്ദേഹം പിന്നീട് മരിച്ചു. 2019-ലാണ് മാര്‍ക്ക് മരിക്കുന്നത്. ടെന്നീസിനോടുള്ള പ്രിയമാണ് ബില്‍ ഗേറ്റ്‌സിനെയും പോളയെയും തമ്മില്‍ കോര്‍ത്തിണക്കിയത്. സന്നദ്ധപ്രവര്‍ത്തക കൂടിയാണ് പോള. ഇപ്പോള്‍ കോര്‍പ്പറേറ്റ്-ചാരിറ്റബിള്‍ ഇവന്റുകള്‍ ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അവര്‍.   

Content Highlights: microsoft co-founder bill gates confirms his relationship with paula hurd